ഇരുണ്ട ഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച് – മുപ്പത്തി എട്ട്

 

 

 

 

 

 

2012 ലെ ഒരു കോൺഫറൻസിൽ വച്ചാണ് ടോണിയെ ആദ്യമായി കണ്ടത് (Dr. Antony Harries). ടോണിയുമായുള്ള എന്റെ സൗഹൃദം എനിക്കു പുതിയ അവസരങ്ങൾ നേടിത്തന്നു.

ടോണി വളരെ പ്രസന്നനായ ഒരു വ്യക്തിയാണ്. Durham University യിൽ പ്രൊഫസർ ആയി ജോലി ചെയ്യുകയും ഒപ്പം ചില പള്ളിവക സർവീസുകളും നടത്തുന്നു. നല്ല പാട്ടുകാരൻ. വിവാഹിതൻ.
2005 ൽ ആണ് ടോണി NUL ലെ പ്രഫസർ മൊലെറ്റ്സാനി (Prof. Moletsane) യുമായി Durham University യിൽ PGCE (Post Graduate Certificate in Education) ക്ക് പഠിക്കുന്നവർക്ക് വേണ്ടി ഒരു പദ്ധതി തുടങ്ങിയത്. വിദ്യാർഥികളിൽ തിരഞ്ഞെടുക്കപ്പെട്ടവർ ഇവിടെയുള്ള പ്രൈമറി സ്‌കൂളുകളിൽ ഒരു മാസത്തോളം വോളന്റീയർ ആയി പഠിപ്പിക്കുകയും ഒപ്പം Lesotho College of Education (LCE) സംഘടിപ്പിക്കുന്ന സെമിനാറുകളിൽ പങ്കെടുക്കുകയും ചെയ്യുന്നതുവഴി ഈ നാടുമായി ആത്മബന്ധം ഉണ്ടാക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.

2010 ൽ NUL, LCE, Durham University എന്നീ മൂന്നു സ്ഥാപനങ്ങളും ചേർന്നു ഒരു പദ്ധതി രൂപീകരിച്ചു (CURRICULUM DEVELOPMENT FOR EFFECTIVE AND RELEVANT TEACHER EDUCATION IN LESOTHO). ഇതിന്റെ ഭാഗമായി ടോണി ഒരു സ്ഥിരം സന്ദർശകനായി മാറിയിരുന്നു. ഈ ഘട്ടത്തിലാണ് അദ്ദേഹത്തെ ഞാൻ കണ്ടുമുട്ടിയത്. അദ്ദേഹത്തിന്റെ കീഴിൽ peer tutoring എന്ന ആശയം ഒരു പഠനമാർഗ്ഗമായി ചില സ്‌കൂളികളിൽ അവതരിപ്പിച്ചിരുന്നു.

ഇതേ കാലഘട്ടത്തിൽ ടോണി Director of Post graduate Studies and Director of Teacher Training ആയി Durham University യുടെ വിദ്യാഭ്യാസവകുപ്പിൽ സേവനം അനുഷ്ഠിച്ചു. ടോണി വഴി കുറേ PGCE വിദ്യാർഥികൾ ഇവിടേക്ക് വന്നപ്പോൾ അവരുടെ പ്രവർത്തനങ്ങൾ ഞാൻ coordinate ചെയ്തിരുന്നു. അതിപ്പോഴും തുടരുന്നു.

ടോണിയെ നന്ദിയോടെ, സ്നേഹത്തോടെ മാത്രമേ ഓർക്കുവാൻ കഴിയൂ. റോഡ്‌സ് യൂണിവേഴ്‌സിറ്റിയിലെ കോൺഫറൻസിൽ അദ്ദേഹത്തിന്റെ പ്രസന്റേഷൻ കണ്ടപ്പോൾ തോന്നി, ഇത്‌ ഞങ്ങളുടെ അധ്യാപകർക്കും പ്രയോജനം ചെയ്യും. അങ്ങനെയാണ് ഇടിച്ചുകേറി പരിചയപ്പെട്ടത്!
അപ്പോഴാണറിഞ്ഞത്, ടോണി ല്സോത്തോയിൽ ഗവേഷണം നടത്തിയിട്ടുണ്ട്. പ്രൈമറി വിദ്യാഭ്യാസതലത്തിൽ, Peer Learning വിഷയത്തെ മുൻനിർത്തി നാലഞ്ചുവർഷം ഇവിടെ പോക്കും വരവും ഉണ്ടായിരുന്നു. ഒരേ ക്‌ളാസിലെ കുട്ടികൾ പരസ്പരം പഠനത്തിൽ സഹായിക്കുന്ന ഒരു മാതൃകയാണ് peer learning. ആഫ്രിക്കൻ സംസ്കാരത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ് പരസ്പരസഹകരണം. അതുകൊണ്ട് ഈ മാതൃക ഇവിടെ പെട്ടെന്ന് ക്ലിക്ക് ചെയ്യും.

ടോണിയുമായുള്ള എന്റെ ബന്ധം വളരെ ദൃഢമായി വളർന്നു. ഇതേ തുടർന്ന് അധ്യാപകർക്കായി in-service training ഞങ്ങൾ പലവട്ടം ല്സോത്തോയിലെ പ്രൈമറി സ്കൂൾ അധ്യാപകർക്കുവേണ്ടി വിജയകരമായി നടത്തി.

ഗ്രഹാംസ് ടൗണിൽ വച്ചു നടന്ന കോൺഫറൻസിൽ വച്ചാണ് നോർമയെയും (Prof. Norma Boakes – Richard-Stockton University – New Jersey) കണ്ടത്. അവരുടെ സ്പെഷ്യാലിറ്റി ഒറിഗാമി കടലാസിൽ രൂപങ്ങൾ ഉണ്ടാക്കി ഗണിതശാസ്ത്രം പഠിപ്പിക്കുക എന്നതാണ്. പല വർണ്ണങ്ങളിലുള്ള ഒറിഗാമിക്കടലാസുകൾകൊണ്ട് നോർമ പലരൂപങ്ങൾ ഉണ്ടാക്കി അവതരിപ്പിച്ചപ്പോൾ ഞാൻ വീണു. ഇവരെ നമ്മുടെ നാടിനാവശ്യമുണ്ട്. മിക്കവാറും ല്സോത്തോയിലെ പ്രൈമറി സ്കൂളുകൾ ദാരിദ്ര്യാവസ്ഥയിലാണ്. അപ്പോൾ, അധികം മുതൽമുടക്ക് വേണ്ടാത്ത പഠനമാതൃകകൾ അവതരിപ്പിച്ചാൽ അതു നാടിന്റെ പഠനനിലവാരം ഉയർത്തും.

നോർമയ്ക്ക് രണ്ടുകുട്ടികൾ ഉണ്ട്. ഭർത്താവുമായി വേർപ്പിരിഞ്ഞാണ് ജീവിക്കുന്നത്.

ഒറീഗാമി ഉപയോഗിച്ചു പഠനമാതൃകകളിൽ ഗവേഷണം നടത്തുകയും പല നാടുകളിലും ഈ മാതൃകകളെ പഠനോപാധിയാക്കുവാൻ അവിടെയുള്ള അധ്യാപകർക്ക് ക്ലാസ് എടുക്കുകയും ചെയ്യുന്നു നോർമ.

രണ്ടുപേരോടും സംസാരിച്ചു. അവർക്ക് സമ്മതം, ഞങ്ങടെ കൊച്ചു നാട്ടിലേക്ക് വരാൻ. പക്ഷേ യാത്രക്കൂലി ഞാൻ ഒപ്പിക്കണം. നോക്കാം.
തിരികെ വന്ന്, എന്റെ പ്രിൻസിപ്പലിനോട് വിഷയം അവതരിപ്പിച്ചു. ഒരു പ്രശ്നവുമില്ല. എന്നാലിനി ഒരു പ്രൊജക്റ്റ്‌ രൂപപ്പെടുത്തി ഫണ്ട്‌ ഉണ്ടാക്കുവാനുള്ള വട്ടം കൂട്ടണം.

ഇനി വേണ്ടത് ഔദ്യോഗിക അനുവാദമാണ്. വിദ്യാഭ്യാസവകുപ്പും സമ്മതം തന്നു. പള്ളിയുടെ സമ്മതം കിട്ടാനും പ്രയാസം ഉണ്ടായില്ല. ടോണിയുമായും നോർമയുമായും ഇമെയിൽ വഴി നിരന്തരം സംവദിക്കുന്നുണ്ടായിരുന്നു. സെയ്ന്റ് ജോസഫ് സ്കൂളിൽ വച്ചുതന്നെ വർക്ഷോപ്. ഒബ്ലേറ്റ്സ് ഫണ്ടിങ്ങ് തരാമെന്ന് സമ്മതിച്ചു. പോരാത്ത കൊച്ചു ചിലവുകൾ തദ്ദേശിയരായ രണ്ടു കച്ചവടക്കാർ വ്യക്തിപരമായ ബന്ധത്തിൽ തന്നു. ഇവിടെയുള്ള വലിയൊരു ബാങ്കിൽ നിന്നും സ്റ്റേഷനറിയും അവരുടെ പേര് അച്ചടിച്ച സുന്ദരൻ കമ്പ്യൂട്ടർ ബാഗുകളും കിട്ടി.

2013 ജനുവരിയിൽ അങ്ങനെ മറ്റൊരു വർക്ഷോപ് നടത്തി. സംഭവം ഒരു വലിയ വിജയമായി. അതുകൊണ്ടുള്ള ഒരു പ്രയോജനം, ടോണിയും നോർമയും പിന്നീട് വന്നപ്പോഴെല്ലാം അവർ തന്നെ അവരുടെ ടിക്കറ്റ് എടുത്തു എന്നുള്ളതാണ്. താമസം, ഭക്ഷണം മാത്രം ഞാൻ ആലോചിച്ചാൽ മതി. പിന്നീട്, ടോണിയോടൊപ്പം ആറോളം വർക്ഷോപ് വിജയകരമായി നടത്തി. കൂടെ എന്നും എന്റെ പ്രിൻസിപ്പൽ മൊയ്‌ല്വ, മാഥോട്ട് എന്നിവരും സഹായത്തിനു എന്റെ കുറച്ചു പിള്ളേരും ഉണ്ടായിരുന്നു. ഇതോടൊപ്പം പറയേണ്ട രണ്ടുപേർ കൂടിയുണ്ട്. വിദ്യാഭ്യാസവകുപ്പിലെ ന്റാറ്റെ സെക്വാലാ (Vincent Sekoala) യും ന്റാറ്റെ മൊനേരിയും (Teboho Moneri). അവരോടൊക്കെ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

2014 ഓഗസ്റ്റിൽ ഉമയ്ക്ക് മച്ചബേങ് ഇന്റർനാഷണൽ കോളേജിൽ ജോലി കിട്ടി. ഞങ്ങൾക്കത് വളരെ അനുഗ്രഹമായിരുന്നു, പലതുകൊണ്ടും. കുടുംബസുഹൃത്ത് രാധയ്ക്കും ആ കോളേജിൽ അധ്യാപികയായി ജോലി കിട്ടിയതും സന്തോഷമായി. ഉമയ്ക്ക് സെയ്ന്റ് ജോസഫിൽ നിന്നും വീട് ഒഴിയണമായിരുന്നു. അങ്ങനെ ഞങ്ങൾ പുതിയ വീട്ടിൽ വാടകയ്ക്ക് താമസം തുടങ്ങി. തിരക്കിട്ട ജീവിതം.

ഉമയ്ക്ക് വെല്ലുവിളിയുണർത്തിയ പുതിയ വിദ്യാഭ്യാസരീതി ആയിരുന്നു IB സിസ്റ്റം. അതെല്ലാം തരണം ചെയ്ത് മുന്നേറി ഉമയും. ഒന്നിനും സമയം ഇല്ലാതായി. ഞാനും തിരക്കിലാണ്. ജോലി, പഠനം ഒപ്പം ടോണിയോടൊപ്പം വർക്ഷോപ്പുകൾ.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഐറിഷ് ഭാഷാ സംരക്ഷണത്തിന് നിയമം
Next articleഅയാൾ
ഡോ. അജയ് നാരായണൻ: എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ ശ്രീ നാരായണന്റെയും ശ്രീമതി സുന്ദരത്തിന്റെയും മകൻ. സെയിന്റ് പോൾസ് കോളേജ് (കളമശ്ശേരി) ഭാരതമാതാ കോളേജ് (തൃക്കാക്കര), സെയിന്റ് ആൽബെർട്സ് കോളേജ് (എറണാകുളം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ് 1988 ൽ കെന്യയിൽ അധ്യാപകനായി ജോലി തുടങ്ങി. 1991ൽ ല്സോത്തോയിൽ കുടിയേറി, അധ്യാപകനായി ജോലി നോക്കി. സെയിന്റ് ഓഗസ്റ്റിൻ യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും എംഫിൽ, റോഡ്‌സ് യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും പി എച്ഡി. 2019ൽ ജോലിയിൽ നിന്നും വിരമിച്ച ശേഷം പ്രൈമറി വിദ്യാഭ്യാസത്തിൽ ദർഹം യൂണിവേഴ്സിറ്റി (യൂ കെ) യുമായി ഗവേഷണം (ipips ). താമസം മസേറു വിൽ (തലസ്ഥാനം നഗരി). ഭാര്യ, ഉമാദേവി, അധ്യാപിക. മകൾ ഭാവന, മെഡിക്കൽ ഡോക്ടർ (സൗത്ത് ആഫ്രിക്ക).

1 COMMENT

  1. ജോലിയോടുള്ള ആത്മാർത്ഥതയും, സ്നേഹ ബന്ധങ്ങളുമൊക്കെ ജീവിതയാത്രയിലെ അനുഭവങ്ങളുടെ നേർരേഖങ്ങൾ നന്നായി എഴുതി ആശംസകൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English