തികച്ചും വ്യക്തിപരമായ ഒരു ദുരന്തം ഞാൻ ഇവിടെ പറയുന്നതിന് കാരണം, ഏതൊരു പ്രവാസിക്കും ഉണ്ടാകാവുന്ന ഒരു അനുഭവം ആയതിനാലും, ഈ നാട്ടിലെ രീതി വിവരിക്കുവാനും ഒപ്പം, കരുതലുള്ള ഒരുകൂട്ടം സ്നേഹങ്ങളോടൊപ്പം നിന്ന് ഇത്തരം അനുഭവങ്ങളെ എങ്ങനെ നേരിടാം എന്ന് കാണിക്കുവാനുമാണ്. ഇവിടെ പരാമർശിക്കുന്നത് തികച്ചും വ്യക്തിപരമായ അനുഭവം ആണ്, എങ്കിലും എന്റെ ആഫ്രിക്കൻ ജീവിതത്തിന്റെ ഭാഗമാണ്.
ഒരു കരപറ്റാൻ നാട്ടിൽ നിന്നും ഇവിടെ വന്ന എന്റെ ഏക സഹോദരൻ, അനിൽ (ശിവദാസൻ) ഹൃദയസ്തംഭനം മൂലം 2008 ഏപ്രിൽ 14 നു വിഷുനാളിൽ മരിച്ചു. അവൻ കുറച്ചു വർഷങ്ങളായി ഇവിടെയൊരു കമ്പനിയിൽ ജോലി ചെയ്യുന്നു. പച്ചപിടിച്ചു വരുന്നേയുണ്ടായിരുന്നുള്ളൂ. നാട്ടിലാണ് അവന്റെ കുടുംബം. എന്റെ മകളുടെ അതേ പ്രായമുള്ള ഇരട്ടകൾ, ദീപുവും ദീപ്തിയും.
അതൊരു വിഷമസന്ധി തന്നെയായിരുന്നു. അവൻ സ്വന്തം വീടുവച്ചതിനു ശേഷമാണ് പെട്ടെന്ന് മരണം സംഭവിച്ചത്.
അപ്രതീക്ഷിതമായി ഉണ്ടായ ഈ സംഭവത്തിന്റെ ഷോക്കിൽ എന്തുചെയ്യണം എന്നറിയില്ലായിരുന്നു. ഇവിടെയുള്ള മലയാളികൾ മുൻകയ്യെടുത്തു ഓരോന്നായി ചെയ്തു. വീണ്ടും പറയുന്നു, അതുമായി ബന്ധപ്പെട്ട വ്യക്തിപരമായ ചില വിവരങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നത്, പ്രവാസി എന്ന നിലയിൽ ഞാൻ അനുഭവിച്ച വ്യഥയെ എടുത്തുകാട്ടാനല്ല. മറിച്ച്, Middle east ലേതുപോലെ അത്ര കടുപ്പമല്ല ഇവിടെ മരണവുമായുള്ള ഔദ്യോഗികമായ അനുഭവങ്ങൾ എന്നു വ്യക്തമാക്കുവാൻകൂടിയാണ്.
ആഫ്രിക്കൻ കാഴ്ചകൾ ഇവിടെയുള്ളവരുടെ ജീവിതാനുഭവങ്ങൾ കൂടിയാണല്ലോ. ഏപ്രിൽ 14 തിങ്കളാഴ്ച വിഷുദിവസം. എല്ലാവരും പതിവുപോലെ ജോലിക്കുപോയി. ശിവദാസൻ വേറെ ഒരു വീട്ടിലാണ് താമസം. വിഷു ആയതിനാൽ തലേദിവസം വന്ന് മകൾക്ക് കൈനീട്ടം കൊടുത്തു പോയേ ഉള്ളു. രാവിലെ ഓഫീസിൽ പോയിരുന്നു. അവിടെ വച്ച് നാട്ടിൽ ആരോടോ ഫോണിൽ സംസാരിക്കുയായിരുന്നു. പെട്ടെന്നാണ് അസുഖം വന്നത്. അവർ അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ, വിഫലമായി ആ ശ്രമം…
ഞാൻ സ്കൂളിൽ അസംബ്ലിയിൽ പങ്കെടുക്കുമ്പോൾ സ്കൂളിലെ പ്രിൻസിപ്പൽ വിളിച്ചു, ഉടൻ ആശുപത്രിയിൽ പോകാൻ. സഹോദരന് സുഖമില്ല. പോകും വഴി ഉമയെ വിളിച്ചുപറഞ്ഞു, ഉമയെയും കൂട്ടി ആശുപത്രിയിൽ എത്തി.
അവിടെ, കണ്ണൻ, ജിജോ, ഷിനോജ് തുടങ്ങി കുറേ പേർ കലങ്ങിയ കണ്ണുകളോടെ…
മനസ്സിലായി…
പേടിച്ചു, നമ്മൾ ഒറ്റയ്ക്ക് നേരിടേണ്ട ഒരു സന്ദിഗ്ദ്ധനിമിഷം അപ്രതീക്ഷിതമായി എന്നെ പിടിച്ചുകുലുക്കി.
ആദ്യം അറിയിക്കേണ്ടത് വീട്ടിലാണ്. അറിയിച്ചു. ശിവദാസന്റെ ഭാര്യവീട്ടിൽ അറിയിക്കുവാനുള്ള ചുമതല അളിയനെ ഏല്പിച്ചു. ഞാൻ എങ്ങനെ പറയും, എന്ത് പറയും.
പ്രതീക്ഷയോടെ അന്യനാട്ടിലേക്ക് പോയ ഒരാൾ. ജ്യേഷ്ഠൻ ഉണ്ടെന്ന ആശ്വാസം. അതിനെയെല്ലാം തട്ടിത്തെറിപ്പിച്ചുവേണം അവരുടേതായ എല്ലാം തട്ടിപ്പറിച്ച വിധിയെ പഴിച്ചുംകൊണ്ട് അറിയിക്കുവാൻ. ഈ ദുഃഖവാർത്ത എങ്ങനെ പറയും…
ഇവിടെ വെല്ലുവിളികൾ ഏറെയുണ്ട്. കരഞ്ഞിരിക്കാൻ സമയമില്ല. കഴിവതും വേഗം നാട്ടിലെത്തിക്കണം, സത്യവുമായി പൊരുത്തപ്പെടണം.
മരണം എന്നും എന്നെ വല്ലാത്തൊരു മാനസികാവസ്ഥയിൽ എത്തിക്കാറുണ്ട്. അത്തരം വാർത്തകളുമായി ബന്ധപ്പെട്ട ഒന്നിലും ഞാൻ നേരിട്ടിടപെടാറില്ല. അച്ഛൻ മരിച്ചപ്പോൾ ഒരു വല്ലാത്ത സംഘർഷം അനുഭവിച്ചതാണ്. ആ അനുഭവം ചന്ദനത്തിരി എന്ന കഥയിൽ പറഞ്ഞിട്ടുണ്ട്.
ഇവിടെ പക്ഷേ, ഇത് വ്യക്തിപരമായ ഒരു ഉത്തരവാദിത്തമാണ്. മനസ്സൊരുങ്ങിയേ പറ്റൂ. കഴിവതും വേഗം നാടെത്തണം. അവന്റെ മൃതദേഹവും എത്തിക്കണം.
ഒരുക്കങ്ങൾ തുടങ്ങി. കൂടെ താങ്ങായി ഇവിടെ സുഹൃത്തുക്കളുണ്ട്. എല്ലാറ്റിനും ഓടിനടക്കാൻ, നിയമത്തിന്റെ ഓരോ നൂലാമാലകളെ അഴിച്ചുമാറ്റി മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള പരിശ്രമം അവർ തുടങ്ങി.
ആദ്യം വേണ്ടത് ആശുപത്രിയിൽനിന്നുമുള്ള സർട്ടിഫിക്കറ്റ് ആണ്. പകർച്ചവ്യാധി ഒന്നുമുണ്ടായില്ല എന്ന് രേഖയിൽ ഉണ്ടാകണം. കിട്ടി.
അതുമായി തൊട്ടടുത്തുള്ള funeral service ൽ പോയി. അടുത്തപ്പടി അവരുടെ സഹായത്തോടെയാണ് വേണ്ടത്. അവിടെ അവർ embalming എന്ന പ്രക്രിയ ചെയ്തതിന്റെ രേഖ തരും. ഒരു നാട്ടിൽ നിന്നും മറ്റൊരു നാട്ടിൽ എത്തുവാൻ അത് അത്യാവശ്യമാണ്.
ആശുപത്രിയിൽ നിന്നും Death certificate മായി പോലീസിൽ ചെന്ന് പ്രവാസി എന്ന് ഒരു രേഖ വാങ്ങണം. അതുമായി മുനിസിപ്പാലിറ്റി ഓഫീസിൽ ചെന്നാൽ ഔദ്യോഗികമായ മരണസർട്ടിഫിക്കറ്റ് കിട്ടും. ഇത് ശരിയായാൽ funeral service ൽ നിന്നും കിട്ടിയ embalming സർട്ടിഫിക്കറ്റ്, ആശുപത്രിയിൽനിന്നും കിട്ടിയ രേഖകളും പാസ്പോർട്ടുമായി ഇന്ത്യൻ എംബസിയിലേക്ക് പോകണം. മസേരുവിൽ നിന്ന് ഉദ്ദേശം 600 കിലോമീറ്റർ അകലേക്ക് ഡ്രൈവ് ചെയ്ത്, അവരോട് വിവരം പറഞ്ഞു അവരുടെ രേഖകൾ വാങ്ങണം.
ഇതെല്ലാം മൃതശരീരം നാട്ടിലെത്തിക്കുവാനുള്ള രേഖകൾ ആണ്. ഒപ്പം, പാസ്പോർട്ട് ക്യാൻസൽ ചെയ്യും. ഇങ്ങനെ ക്യാൻസൽ ചെയ്ത പാസ്പോർട്ട് ഉണ്ടെങ്കിലേ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാൻ അനുവാദമുള്ളൂ.
ഇതെല്ലാം രായ്ക്കുരാമാനം ചെയ്തുകിട്ടി. ഞങ്ങളുടെ ഒരു സുഹൃത്ത് സുധാകരനും ജിജോയും അർദ്ധരാത്രി യാത്ര ചെയ്ത് പ്രിട്ടോറിയയയിൽ പോയി പിറ്റേദിവസം എല്ലാ രേഖകളുമായി ബുധനാഴ്ച അവർ തിരികെയെത്തി. ടിക്കറ്റും ഓക്കേ ആയി. അന്നു രാത്രി യാത്ര തിരിക്കണം, ജോഹാന്നസ്സ്ബർഗിലേക്ക്, അനിയന്റെ മൃതദേഹവുമായി, ഒറ്റയ്ക്ക്. അല്ല, ഡ്രൈവർ ഉണ്ട് കൂടെ.
യാത്ര തിരിക്കുംവരെ കാര്യങ്ങൾ ഓടിനടന്നു ചെയ്യാൻ അനവധിപേരുണ്ടായിരുന്നു. ബിജു കോര, കണ്ണൻ, അനി തുടങ്ങിയ സുഹൃത്തുക്കൾ വിവിധ കാര്യങ്ങൾക്കായി സഹായിച്ചു.
എന്റെയും ഉമയുടെയും പ്രിൻസിപ്പൽമാരും മിക്കവാറും എന്നും വിവരങ്ങൾ തിരക്കുന്നുണ്ടായിരുന്നു.
ആചാരപരമായി, അനുഷ്ഠാനപരമായി, സാംസ്കാരികമായി തദ്ദേശീയർ മരണത്തെ, മരിച്ച ആളുകളുടെ ബന്ധുക്കളെ സഹായിക്കും. അവിടെ പ്രവാസി എന്നോ തദ്ദേശീയരെന്നോ വ്യത്യാസവുമില്ല. ശിവദാസനാണെങ്കിൽ, എനിക്കുള്ളതിലും വലിയ ഒരു സുഹൃത് വലയം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ, മരണമറിഞ്ഞു മൂന്നുദിവസങ്ങളിലായി വളരെയേറെ പരിചയക്കാർ വന്നുകൊണ്ടേയിരുന്നു.
അതിനിടയിൽ നാട്ടിലെ ചില കസിൻസ്ന്റെ വിളിയും വന്നുകൊണ്ടിരുന്നു. ഒരു വിശദീകരണത്തിനുള്ള മാനസികാവസ്ഥയും ആയിരുന്നില്ല. കഥകളും വ്യാഖ്യാനങ്ങളും ഉണ്ടായിക്കാണും. ഞങ്ങളുടെ ശ്രദ്ധയും വേവലാതിയും അതായിരുന്നില്ല.
വിവരങ്ങൾ കോർഡിനേറ്റ് ചെയ്യാൻ എന്റെ ഇളയ സഹോദരിയുടെ ഭർത്താവിനെ ചട്ടം കെട്ടി. അദ്ദേഹത്തോട് മാത്രം ഞാൻ വിവരങ്ങൾ അറിയിച്ചു. അവിടെയും രേഖകൾ കിട്ടുവാനും മറ്റുകാര്യങ്ങൾക്കുമായി അവർ ഓടിനടന്നു.
നാട്ടിലെത്തുംവരെയുള്ള സകല കാര്യങ്ങൾക്കും സാമ്പത്തികമായി നല്ല ബാധ്യതയാവും. സന്ദർഭത്തിനൊത്തുയർന്ന മലയാളി സമൂഹം പിരിവെടുത്തു. ശിവദാസൻ ജോലിചെയ്ത കമ്പനിയുടെ ഉടമസ്ഥനും സഹായിച്ചു, അവന്റെ ശരീരം നാട്ടിലെത്തിക്കുവാനുള്ള എല്ലാകാര്യങ്ങൾക്കും.
സുഹൃത്തുക്കളായ ജിജോയും ബിജുവും രാപ്പകൽ ഓടിനടന്നു. വെറും മൂന്നുദിവസം കൊണ്ട് കാര്യങ്ങൾ ഒരുമാതിരിയാക്കി. അങ്ങനെ യാത്രയ്ക്കൊരുങ്ങി.
ബുധനാഴ്ച അർദ്ധരാത്രി. സുധാകരൻ funeral service center ൽ രാത്രിയിൽ കാത്തുനിന്നു. ഞാൻ ഉമയോടൊപ്പം യാത്രക്കുള്ള ഒരുക്കത്തോടെ വന്നു.
ഉമ നാട്ടിലേക്ക് വരേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചു. നാട്ടിൽ എത്തുന്നതുവരെ ഇവിടെ വിവരങ്ങൾ coordinate ചെയ്യാൻ ഉമ ഇവിടെത്തന്നെ വേണം. നാട്ടിൽ മോഹൻ ഉണ്ട്. മോഹനും ഉമയും വിവരങ്ങൾ പരസ്പരം അറിയിക്കും. അത് ഏറെ പ്രയോജനം ചെയ്തു, നാട്ടിൽ എത്തുംവരെ.
അനുജന്റെ മൃതശരീരവുമായി funeral service ന്റെ വാഹനത്തിൽ കൂടെയുള്ള ഡ്രൈവറുമൊത്ത് യാത്ര! ജൊഹാനാസ്ബർഗിലെ ഇന്റർനാഷണൽ എയർപോർട്ടിലേക്ക്.
അവിടെ, ആദ്യം മൃതദേഹം വഹിക്കുന്ന ശവപ്പെട്ടി തൂക്കിനോക്കി, കടലാസുകൾ കൈമാറി കാർഗോയിൽ വിട്ടേച്ചുപോരണം. Funeral service ന്റെ ഡ്രൈവറിനു ഇതെല്ലാം അറിയാം. അയാൾ എല്ലാം വേണ്ടതുപോലെ ചെയ്തു, എനിക്കു വേണ്ട രേഖകൾ വാങ്ങി കയ്യിൽ വച്ചുതന്നു. ഇനി എന്നെ departure സെക്ടറിലേക്ക് കൊണ്ടുചെന്നാക്കിയാൽ അയാൾക്ക് തിരിച്ചുപോകാം. അതെല്ലാം യാന്ത്രികമായി നടന്നു.
അവിടെയെത്തി, ഞാൻ ഇറങ്ങി. ഡ്രൈവർ എന്നെ ഒന്നു നോക്കി. നിശബ്ദം. ആ വണ്ടി പോകുന്നത് ഒരു നിമിഷം നോക്കിനിന്നു, ഞാനും.
ജീവിതത്തിൽ ഇത്തരം അനുഭവങ്ങൾ ഒറ്റയ്ക്ക് നേരിടാൻ ആർക്കും ഇടവരരുത് എന്നുമാത്രമേ എന്നും പ്രാർത്ഥനയുള്ളു…
തിങ്കളാഴ്ച തുടങ്ങിയ ഓട്ടമാണ്. ആലോചിച്ചിരിക്കാൻ സമയമില്ല. ഇമ്മിഗ്രേഷൻ കഴിഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിക്കാണ് ഫ്ലൈറ്റ്. ടേക്ക് ഓഫ് ചെയ്യാൻ തുടങ്ങി, പിന്നെ നിന്നു. വിമാനം അനങ്ങുന്നില്ല. കുറച്ചുകഴിഞ്ഞ് അറിയിപ്പ് വന്നു. ചെറിയ ഒരു പ്രശ്നം തീർക്കുന്നു, സമയം എടുക്കും.
എന്നുവച്ചാൽ, എന്നെ സംബന്ധിച്ചിടത്തോളം മറ്റൊരു പ്രതിസന്ധിയാണ്.
ദുബായിൽ നിന്നും കണക്ഷൻ ഫ്ലൈറ്റ് കിട്ടില്ല എന്നുറപ്പായി. അനുജനെ വഹിച്ചുകൊണ്ടൊരു യാത്രയാണ്. നാട്ടിൽ ബന്ധുക്കൾ എല്ലാ ഫോർമാലിറ്റിയുമായി കാത്തുനിൽക്കും. നാട്ടിൽ എത്തുംവരെ വല്ലാത്ത ചിന്തകൾ ആയിരുന്നു മനസ്സിൽ.
കയ്യിലെ ഫോണിൽ സൗത്ത് ആഫ്രിക്കൻ നമ്പർ ഉണ്ടായിരുന്നു. എയർ ടൈം തീർന്നു. ഡർബനിലുള്ള എന്റെ സുഹൃത്ത് രവി നായ്ക്കരെ വിളിച്ചു കാര്യം പറഞ്ഞു. അവൻ റീചാർജ് ചെയ്തു. അവൻ ഉമയെ വിളിച്ചും കാര്യം പറഞ്ഞു. ദുബായിൽ നിന്ന് തോമസ്, സഗീർ എന്നിവർ നിരന്തരം ഉമയെ വിളിച്ചു തിരക്കുന്നുണ്ടായിരുന്നു. ഫ്ലൈറ്റ് ഡിലേ ആണെന്ന വിവരം ഉമ മോഹനെ അറിയിച്ചു.
ഇത് മറ്റൊരു മനസ്സംഘർഷവും നാട്ടിൽ ഉണ്ടാക്കി എന്ന് പിന്നീടറിഞ്ഞു. അവർക്കറിയില്ല നമ്മൾ നേരിടുന്ന അവസ്ഥ. ഞങ്ങൾ എത്തുന്ന ദിവസം കണക്കുകൂട്ടി ശവസംസ്കാരം വെള്ളിയാഴ്ച നടത്തുവാനുള്ള ഏർപ്പാടും പത്രവാർത്തയുമെല്ലാം അവിടെ ചെയ്തിരുന്നു. നമ്മുടെ നിയന്ത്രണത്തിലില്ലാത്ത കാര്യം. ഇതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. അങ്ങനെ, ദുബൈയിൽ എത്തി.
ദുബായ് എയർപോർട്ടിൽ വിവരം അറിയിച്ചു, അവർ എല്ലാ സഹായവും ചെയ്തു തന്നു. മാനുഷികമായ പരിഗണന കൊണ്ട്, ഒരു ഫോൺ കാൾ അവർ അനുവദിച്ചു. ഉമയെ വിളിച്ചു വിവരം പറഞ്ഞു. ഉമ നാട്ടിൽ എല്ലാവരെയും അറിയിക്കും. ദുബായിലെ രണ്ടു സുഹൃത്തുക്കളെയും ഉമ അറിയിച്ചു വിവരം.
രാത്രി ആണ് കണക്ഷൻ ഫ്ലൈറ്റ്, കൊച്ചിയിലേക്ക്. രാവിലെ കൊച്ചിയിൽ എത്തും. എനിക്ക് വിശ്രമിക്കുവാൻ ഹോട്ടൽ മുറി എയർപോർട്ട് ഉദ്യോഗസ്ഥർ ഒരുക്കിയിട്ടുണ്ട്. ക്ഷീണം ഉണ്ട്, ഉറക്കം ഇല്ല.
പണ്ട് ല്സോത്തോയിൽ താമസിച്ചിരുന്ന സുഹൃത്ത് തോമസ്സും ഭാര്യ ബിജിയും കാണുവാൻ വന്നു. ഉമ വിളിച്ചിരുന്നു. അവർ വഴി എന്റെ ബാല്യകാല സുഹൃത്ത് സഗീറിനെയും ബന്ധപ്പെട്ടു. അവനും വന്നു. അവരെല്ലാം വന്നത് ആശ്വാസമായി. 1991ൽ നാടുവിട്ടതിൽപിന്നെ സഗീറിനെ കാണുന്നത് അന്നായിരുന്നു എന്നാണോർമ്മ. തോമസ് ഞങ്ങളുടെ നാട്ടിൽ കുറച്ചുവർഷങ്ങൾ ഉണ്ടായിരുന്നു. ശിവദാസനെ അറിയും രണ്ടുപേരും.
രാത്രിയിൽ ഫ്ലൈറ്റ് കയറി, കൊച്ചിയിലേക്ക്. അവിടെ എത്തിയാൽ എല്ലാം ബന്ധുക്കൾ നോക്കിക്കൊള്ളും. ഇറങ്ങിയപ്പോൾ, കയ്യിലുള്ള എല്ലാ രേഖകളും കൈമാറി മോഹന്. മോഹൻ വേണ്ടതുപോലെ ചെയ്തു. കൂടെ, ശിവദാസന്റെ ഭാര്യാസഹോദരന്മാരും ഉണ്ട്.
അവരെയെല്ലാം സഹായിക്കുവാൻ എയർപോർട്ടിലെ ചില സുഹൃത്തുക്കളുമുണ്ടായിരുന്നു, ഒരു താങ്ങായി. പക്ഷെ അവന്റെ കുടുംബത്തോട് എന്തുപറയും…
എന്തുപറയാൻ!
എല്ലാം നോക്കിനിന്നു.
ഈ അനുഭവം ഇത്രയും വിശദമാക്കുന്നതിനു കാരണമുണ്ട്. അറിഞ്ഞിടത്തോളം, ഔദ്യോഗികരേഖകൾ ലഭിക്കുവാനും മൃതശരീരം നാട്ടിൽ എത്തിക്കുവാനും ഈ നാട്ടിൽ, മറ്റു പ്രവാസികളെപ്പോലെയുള്ള കഷ്ടപ്പാടുകൾ ഇല്ല എന്നു പറയുവാനാണ്. കാരണം, മരണസംബന്ധിയായ കാര്യങ്ങളിൽ സഹതാപത്തോടെ കഴിവതും വേഗം രേഖകൾ തയ്യാറാക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കും. കൂടെ നിൽക്കാൻ സുഹൃത്തുക്കളുമുണ്ട് ഇത്തരം സന്ദിഗ്ദ്ധഘട്ടത്തിൽ. വായിച്ചറിഞ്ഞിടത്തോളം എനിക്കു തോന്നുന്നു, മറ്റുനാടുകളിൽ ഇത്തരം സന്ദർഭങ്ങളെ തരണം ചെയ്യുവാൻ പ്രയാസമാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയ നേതാക്കളുടെയെല്ലാം സഹായം വേണ്ടിവരും. ഇവിടെ ഞങ്ങൾക്ക് ആ ഒരു പ്രതിസന്ധി ഇല്ല. ഇടപെടലുകൾ ഇല്ലാതെ തന്നെ കാര്യങ്ങൾ നടന്നു. അതിനു നന്ദി പറയേണ്ടത് ഇവിടെയുള്ള സുഹൃത്തുക്കളോടാണ്. ബിജു, ജിജോ, സുധാകരൻ എന്നീ സുഹൃത്തുക്കളെ നന്ദിയോടെ ഓർക്കുന്നു. ബിജുവിന് രാഷ്ട്രീയമായ ബന്ധങ്ങളും ഉണ്ടായിരുന്നതിനാൽ, എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ അദ്ദേഹം അതു നേരിടുമായിരുന്നു.
ഈ കാര്യങ്ങളൊന്നും നാട്ടിലുള്ളവരോട് പറയുവാനുള്ള സാഹചര്യമോ മനസ്സാന്നിധ്യമോ ഉണ്ടായിരുന്നില്ല. അത്രമാത്രം തിരക്കിലായിരുന്നു മൂന്നുദിവസങ്ങൾ നീങ്ങിയത്.
എന്ന് നാട്ടിൽ എത്തും എന്ന് കൃത്യമായി അറിയിച്ചു, ബാക്കിയെല്ലാം അവിടെ എത്തിയതിനുശേഷം മാത്രം തീർക്കാവുന്നതേയുള്ളു.
മറ്റു ദേശങ്ങളിലെല്ലാം, പ്രത്യേകിച്ചും Middle East ൽ മരണം നടന്നാൽ ബന്ധുക്കൾ ചിലപ്പോൾ മാസങ്ങളോളം കാത്തിരിക്കേണ്ടിവരും. പ്രിയപ്പെട്ടവരുടെ മൃതദേഹം കാണുവാൻ, ആചാരത്തോടെ സംസ്കരിക്കുവാൻ. മരണം എപ്പോഴും ദുഃഖമാണ്, ദുരന്തമാണ്.
ല്സോത്തോയിലെ ആചാരമനുസരിച്ചു, കുടുംബത്തിലെ മുതിർന്ന ഒരംഗം മരണം അന്വേഷിച്ചുവരുന്ന അതിഥികളെ സ്വീകരിച്ചു മരിച്ച വ്യക്തിയെക്കുറിച്ച് പറയണം. പിരിയുംമുൻപ് അല്പം അതിഥികൾക്ക് അൽപ്പം വെള്ളം കൊടുക്കണം. ഇവിടെ ആലോ (Aloe – കറ്റാർ വാഴ) എന്ന ഒരു കള്ളിച്ചെടിയുണ്ട്. ഇവിടെ ധാരാളം കാണുന്ന അതിന്റെ ഇല മുറിച്ചു വെള്ളത്തിൽ ഇട്ടു ആ വെള്ളം കൈ കഴുകാൻ കൊടുക്കുന്ന ഒരാചാരം ഉണ്ട്. പ്രാദേശിക വൈദ്യശാസ്ത്രത്തിൽ കറ്റാർ വാഴയ്ക്ക് പ്രമുഖസ്ഥാനമുണ്ട്. അതുകൊണ്ടുതന്നെ മരണനാന്തര ചടങ്ങുകളിൽ ഇത് ഉപയോഗിക്കാറുണ്ട്.
രാധയും മിനിയും ശോഭനയും കൂടെ നിന്ന് എല്ലാം ചെയ്തു. രാധ സിസോത്തോ നല്ലതുപോലെ കൈകാര്യം ചെയ്യുന്നതിനാൽ ബസോത്തോ വരുമ്പോൾ അവർക്കൊപ്പം പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. ഏറെ ആദരവോടെയും നന്ദിയോടെയുമാണ് ഇവരെയെല്ലാം ഓർക്കുക.
=========
അജയ , എയർപോർട്ടിൽ കൂടപ്പിറപ്പിന്റെ അനക്കമറ്റ ശരീരവുമായി ഒറ്റക്കായി പോയ ആ സന്ദർഭം കണ്ണൂ നിറച്ചു. 2016 ലാണെന്നു തോന്നുന്നു അജയനെ തേടിയുള്ള എന്റെ യാത്രയിൽ (അപ്പോഴേക്കും അനിലിന്റെ പേരു മറന്നു പോയിരുന്നു ] എറണാകുളം ലിസ്സി ആശുപത്രിക്കടുത്തുള്ള മെഡിക്കൽ ഷോപ്പുകളിൽ ഞങ്ങൾ കയറിയിറങ്ങിയത്. 2008 ലേ നമ്മെ വിട്ടു പോയ ഒരാളെയാണല്ലോ ന്നോർത്തപ്പോൾ വല്ലാത്ത വിഷമം തോന്നുന്നു.