ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച് – ഇരുപത്തി എട്ട്

This post is part of the series ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച്

Other posts in this series:

  1. ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച് : മുപ്പത്തി ഏഴ്
  2. ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വെച്ച്- 35
  3. ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വെച്ച്- 34
ല്സോത്തോയുടെ രാഷ്ട്രീയചരിത്രം രസകരമാണ്. വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന ഒരു രാഷ്ട്രീയമാണ് ഇവിടെയുള്ളത്.
1998 ലെ സംഭവങ്ങൾ പറയുംമുൻപ് ഇവിടത്തെ രാഷ്ട്രീയചരിത്രം വളരെ ചുരുക്കി പറയാനുണ്ട്.
സ്വതന്ത്ര ല്സോത്തോയുടെ ആദ്യത്തെ പ്രധാനമന്ത്രി സെഖോഞ്യാന മസെറിബാനി (Sekhonyana Maseribane) ആയിരുന്നു. അദ്ദേഹം കേവലം രണ്ടുമാസം മാത്രമേ ഭരിച്ചുള്ളൂ. പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ ലെബൂവ ജോനാഥൻ (Lebua Jonathan) എന്ന നേതാവ് സ്ഥാനം ഏറ്റെടുത്തു. 1959 ൽ രൂപംകൊണ്ട ബസോത്തോ നാഷണൽ പാർട്ടി (BNP) യുടെ നേതാവായിരുന്നു ഇദ്ദേഹം. 1965 മുതൽ 86 വരെ ഈ പാർട്ടിയുടെ കൊടിക്കീഴിൽ ഇദ്ദേഹം പ്രധാനമന്ത്രിയായി. 1979 ൽ നടന്ന തിരഞ്ഞെടുപ്പിൽ BNP ക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. അവർക്കെതിരെ മത്സരിച്ച ബസോത്തോലാൻഡ് കോൺഗ്രസ് പാർട്ടി (BCP) ക്കായിരുന്നു വിജയം. എങ്കിലും ഭരണം വിട്ടുകൊടുക്കുവാൻ BNP സമ്മതിച്ചില്ല. തുടർന്ന്, ജോനാഥൻ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും തുടർന്നു ഭരിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് സൗത്ത് ആഫ്രിക്കയുമായുള്ള ബന്ധം ഉലയുകയും ചെയ്തിട്ടുണ്ട്. 1986 ൽ പട്ടാളം ഭരണം ഏറ്റെടുത്തു. നീണ്ട പട്ടാളഭരണത്തിനുശേഷം 1993 ൽ ന്റ്സു മൊഖേറ്റ്ലെ (Ntsu Mokhehle) BCP യുടെ നേതൃത്വത്തിൽ നാടിന്റെ മൂന്നാമത്തെ പ്രധാനമന്ത്രിയായി. 1994 ലെ തെരഞ്ഞെടുപ്പിൽ BCP യ്ക്ക് ഭരണത്തുടർച്ചയും കിട്ടി. പ്രധാനമന്ത്രി അദ്ദേഹം തന്നെ.
1994 ൽ ആണെന്ന് തോന്നുന്നു അദ്ദേഹം ആകർഷകമായ ശമ്പളക്കയറ്റം അദ്ധ്യാപകർക്ക് കൊടുത്തു. അതിന്റെ പ്രയോജനം കിട്ടിയവരിൽ ഒരാളായിരുന്നു ഞാനും. ശമ്പളം കിട്ടിയപാടെ ഞാനും ഉമയും വലിയൊരു ഹോട്ടലിൽ പോയി ബുഫെ കഴിച്ച് ആഘോഷിച്ചു!
ല്സോത്തോയിൽ കേട്ടുകേൾവിയില്ലാത്ത ശമ്പളം ആണ് കിട്ടിയത്. നിർഭാഗ്യവശാൽ ഈ ശമ്പളം തെറ്റായ കണക്കുകൂട്ടലിൽ ആയിരുന്നു എന്ന് അന്നത്തെ വിദ്യാഭ്യാസമന്ത്രി പക്കാഡീഥാ മൊസിസീഡി (Pakalitha Mosisili) പ്രഖ്യാപിക്കുകയും രണ്ടുമാസത്തിനുള്ളിൽ ശമ്പളം പഴയതുപോലെ ആവുകയും ചെയ്തു. ഒരുമാതിരി മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ ആയതുപോലെ!
വന്നു, ദേഷ്യം! എല്ലാവർക്കും. അധ്യാപകർ ഘോരംഘോരം എതിർത്തു. എന്തുകാര്യം. ഞങ്ങൾ പഴേപോലെ ചന്തിയിലെ പൊടിയും തട്ടി പഠിപ്പിച്ചു
തുടങ്ങി. പിള്ളേരെങ്കിലും നന്നാവട്ടെ.
അടുത്ത പ്രധാനമന്ത്രി മൊസിസീഡി ആയിരുന്നു (1998). അപ്പോഴേക്കും BCP രണ്ടായി. ല്സോത്തോ കോൺഗ്രസ്‌ ഫോർ ഡെമോക്രസി (LCD) ആയിരുന്നു ഭരണകക്ഷി. 1998 ലെ തെരഞ്ഞെടുപ്പിൽ കള്ളത്തരം നടന്നു എന്ന ആരോപണം ഗുരുതരമായതിന്റെ പിന്നാലെ നാടാകെ സംഘർഷമായി. എതിർകക്ഷികൾ എതിർപ്പുമായി വന്നു. നാഥനില്ലാ കളരിയായി നാട്. സ്കൂളിൽ പോകാനും പേടിയായിരുന്നു. എന്നും രാവിലെ ജോലിക്കുപോകും മുൻപേ ഞാൻ പ്രിൻസിപ്പലുമായി സംസാരിക്കും, എല്ലാം സുരക്ഷിതമാണോന്നറിയാൻ. ഇലക്ഷൻ നടന്നത് 1998 മേയിലായിരുന്നു. LCD ഭരണമേറ്റെടുത്ത നാൾ തൊട്ടേ തുടങ്ങി സംഘർഷം. ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ സംഘർഷം രൂക്ഷമായി.
കടകളൊക്കെ നാട്ടുകാർ കൊള്ളയടിച്ചു തുടങ്ങി. വീട്ടിലിരുന്നു പലേ കാഴ്ചകളും കണ്ടു. ഉപ്പുതൊട്ട് കർപ്പൂരം വരെ തലച്ചുമടാക്കി പലരും പോകുന്നത് ഒരു കാഴ്ച തന്നെയായിരുന്നു. അവസരവാദികൾ വാഹനങ്ങളിലും എടുക്കാവുന്നതൊക്കെ കൊണ്ടുപോയി. (ഇയ്യിടെ, സൂമയെ ജയിലിൽ അടച്ചപ്പോൾ ഇതേ അവസ്ഥ സൗത്ത് ആഫ്രിക്കയിലും ഉണ്ടായിരുന്നത് ദേശീയ മാധ്യമങ്ങളിൽ വാർത്തയായിരുന്നുവല്ലോ).
പട്ടാളം ഒരു അട്ടിമറി ഉണ്ടാക്കും എന്ന തോന്നൽ എല്ലാവർക്കും ഉണ്ട്. അട്ടിമറി ഉണ്ടായാൽ സൗത്ത് ആഫ്രിക്കയ്ക്ക് കിട്ടേണ്ട വെള്ളം കിട്ടാതെയായാൽ Gauteng പ്രദേശം മൊത്തം ജലക്ഷാമം ഉണ്ടാകാം.
അതിനിടയിൽ ഭക്ഷണക്ഷാമവും കണ്ടുതുടങ്ങി. സെപ്റ്റംബറിലെ ഒരു സുപ്രഭാതത്തിൽ മസേറു കത്തിത്തുടങ്ങി. സുരക്ഷ ഒരു ഭീഷണിയായി മാറി. പേടിക്കാനില്ലെന്നു ഞങ്ങളോട് തദ്ദേശീയർ പറയുന്നുണ്ട്.
സെപ്റ്റംബറിലെ ആദ്യവാരത്തിൽ ബോട്സ്വാനയുടെ പട്ടാളം സൗത്ത് ആഫ്രിക്കയുടെ അനുവാദത്തോടെ ല്സോത്തോ ബോർഡർ കടന്നു.
ഇതിലെ രാഷ്ട്രീയത്തിനു രണ്ടോ മൂന്നോ വശങ്ങൾ ഉണ്ടാകാം. സൌത്ത് ആഫ്രിക്കയുടെ താല്പര്യം അവർക്ക് രക്ഷിക്കണമല്ലോ. പക്ഷേ ജനങ്ങൾ കഷ്ടപ്പെട്ടു.
പലേ മലയാളി കുടുംബങ്ങളും മസേരുവിൽ നിന്നും കൂടും കുടുക്കയുമായി രായ്ക്കുരാമാനം അതിരുകടന്നു. ഞങ്ങൾ കുറച്ചുപേരുണ്ട് കാത്തിരിക്കുന്നു. പരസ്പരം ഫോണിൽ വിവരങ്ങൾ തിരക്കുന്നു. ആകെ പരിഭ്രാന്തിയാണ്.
ഇന്ന് ഉക്രൈനിൽ നടക്കുന്നതുപോലെ ഒരു കൂട്ടപ്പലായനം! അനുഭവിച്ചറിയണം ഇത്തരം വേവുകൾ…
ഏതായാലും മലയാളിക്കുടുംബങ്ങൾ ഒരു തീരുമാനം എടുത്തു, അതിരുകടന്നു ലേഡിബ്രാന്റിൽ (Ladybrand) പോകാം. അന്ന് എന്റെ ഇളയ സഹോദരൻ ഈ നാട്ടിൽ വന്നതേയുള്ളു. നാടുമായി പരിചയപ്പെട്ടു, ചെറിയ ഒരു ജോലിയൊക്കെ തരപ്പെട്ടു വരുന്നു. അപ്പോഴാണ് നാട് കത്തുന്നത്. നമ്മുടെ നാട്ടിൽ കേട്ടുകേൾവി ഇല്ലാത്ത സംഭവങ്ങളാണ്.
ഏതായാലും സർട്ടിഫിക്കറ്റുകളെല്ലാം പെട്ടിയിലാക്കി മറ്റുള്ളവർക്കൊപ്പം ബോർഡറിൽ എത്തി ഞങ്ങളും. അവിടെയാണെങ്കിൽ ജനസമുദ്രം. ഏറെ സമയത്തിനുശേഷം ബോർഡർ കടന്നു. ആരും എവിടെയും രേഖകൾ പരിശോധിക്കുന്നേയില്ല. അതിർത്തി കടന്നാൽ സുരക്ഷയുണ്ട് എന്ന തോന്നലാണ് പലർക്കും.
ഞങ്ങളുടെ നേതാവ് ഡോക്ടർ ജ്യോതി നായർ ആണ് അദ്ദേഹത്തിനു വിപുലമായ സൗഹൃദവലയമുണ്ട്. അദ്ദേഹംവഴി ഒരു ഫാം ഹൌസിൽ താമസിക്കുവാനുള്ള അവസരം കിട്ടി. കൂടെ ഞങ്ങളുടെ സുഹൃത്തുക്കളായ തോമസ്, ജിജോ തുടങ്ങിയവരുമുണ്ട്. രാധയാണ് ഭക്ഷണത്തിന്റെ നേതൃത്വം ഏറ്റെടുത്തത്.
രണ്ടുദിവസം കഴിഞ്ഞപ്പോഴേക്കും എല്ലാം നോർമൽ ആകുന്ന ശുഭവാർത്തകൾ കേട്ടുതുടങ്ങി. അതിനിടയിൽ ജിജോ കുടുംബം തോമസ് കുടുംബവുമൊത്ത് ഡർബനടുത്തുള്ള അവരുടെ ബന്ധുവീട്ടിലേക്ക് പോയി. ഞങ്ങൾ മൂന്നുദിവസം കഴിഞ്ഞപ്പോൾ തിരികെ മസേറുവിൽ എത്തി. പേടിച്ചാണെങ്കിലും മുൻപോട്ടാവണം യാത്ര. ശ്രീനിവാസൻ കുടുംബവും പിന്നാലെയെത്തി.
അന്ന് എല്ലാവരും പരസ്പരം സഹായിച്ചിരുന്നു. താല്പര്യം ഉള്ളവർക്ക് സർക്കാർ ചിലവിൽ മുംബൈ വരെ പോകുവാനുള്ള ഏർപ്പാട് ചെയ്യാം എന്ന് ഇന്ത്യൻ എംബസിയും പറഞ്ഞു. ആരു പോകും? എങ്ങനെയെങ്കിലും പിടിച്ചുനിൽക്കണം എന്നുമാത്രമേ എല്ലാവർക്കും മനസ്സിലുള്ളൂ. അതുകൊണ്ടുതന്നെ എല്ലാവരും ഇവിടെത്തന്നെ തങ്ങി.
പൊതുവെ ഒരു അരക്ഷിതാവസ്ഥയുള്ള അന്തരീക്ഷം. രാഷ്ട്രീയമായി കലുഷമായ നാട്. ചർച്ചകൾ, അന്തർദേശീയനേതക്കളുമായി കൂടിക്കാഴ്ച്ചകൾ. അങ്ങനെ തിരക്കിട്ടൊരു രീതിയിൽതന്നെ കാര്യങ്ങൾ മുൻപോട്ട് നീങ്ങി.
Southern African Development Community (SADC) യുടെ നേതൃത്വത്തിൽ പ്രശ്നങ്ങൾ പരിഹരിക്കുവാനും ചില തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ കൊണ്ടുവരാനുമുള്ള ചർച്ചകൾക്ക് സൗത്ത് ആഫ്രിക്ക നേതൃത്വം വഹിച്ചു. അങ്ങനെ നമ്മുടെ രാജ്യസഭ പോലെയൊരു upper house പാർലമെന്റിൽ ഉണ്ടാക്കുവാനുള്ള ചർച്ചയും തുടങ്ങി. പാർലമെന്റ് സീറ്റുകളിൽ കിട്ടുന്ന വോട്ടുകൾക്കനുസൃതമായി ഓരോ രാഷ്ട്രീയപാർട്ടിക്കും upper house ലേക്ക് സീറ്റുകൾ വീതിക്കും (proportional representation of the nationalised political parties). ആകെയുള്ള 80 പാർലമെന്റ് സീറ്റുകൾക്ക് 40 സീറ്റുകൾ ആനുപാതികമായി വീതിച്ചു കൊടുക്കുന്ന രീതി എല്ലാ രാഷ്ട്രീയപാർട്ടികളും അംഗീകരിച്ചു. ആ ഒരു രീതിയാണ് ഇപ്പോൾ തുടർന്നുവരുന്നത്.
======

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleവീടാണ് ലൈബ്രറി പുസ്തകോത്സവം നടന്നു
Next articleതോൽവി
ഡോ. അജയ് നാരായണൻ: എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ ശ്രീ നാരായണന്റെയും ശ്രീമതി സുന്ദരത്തിന്റെയും മകൻ. സെയിന്റ് പോൾസ് കോളേജ് (കളമശ്ശേരി) ഭാരതമാതാ കോളേജ് (തൃക്കാക്കര), സെയിന്റ് ആൽബെർട്സ് കോളേജ് (എറണാകുളം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ് 1988 ൽ കെന്യയിൽ അധ്യാപകനായി ജോലി തുടങ്ങി. 1991ൽ ല്സോത്തോയിൽ കുടിയേറി, അധ്യാപകനായി ജോലി നോക്കി. സെയിന്റ് ഓഗസ്റ്റിൻ യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും എംഫിൽ, റോഡ്‌സ് യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും പി എച്ഡി. 2019ൽ ജോലിയിൽ നിന്നും വിരമിച്ച ശേഷം പ്രൈമറി വിദ്യാഭ്യാസത്തിൽ ദർഹം യൂണിവേഴ്സിറ്റി (യൂ കെ) യുമായി ഗവേഷണം (ipips ). താമസം മസേറു വിൽ (തലസ്ഥാനം നഗരി). ഭാര്യ, ഉമാദേവി, അധ്യാപിക. മകൾ ഭാവന, മെഡിക്കൽ ഡോക്ടർ (സൗത്ത് ആഫ്രിക്ക).

3 COMMENTS

  1. ആഫ്രികൻ രാജ്യത്തെ ഭരണതന്ത്രങ്ങളും , യുദ്ധഭീഷണികളിൽപ്പെട്ടുഴലുന്ന ജീവിതങ്ങളും
    പല അനുഭവക്കാഴ്ചകളിലൂടെ എഴുതിക്കാണിക്കുന്നുണ്ട്. തുടരുക ആശംസകൾ

  2. ആഫ്രിക്കൻ രാജ്യെത്തെ ജീവിത യാത്രയിലെ
    അവിടുെത്തെ ഭരണതന്ത്രങ്ങളും , യുദ്ധഭീഷണികളും
    പ്രതിസന്ധികളും എല്ലാം എഴുതിക്കാണിക്കുന്ന അനുഭവക്കാഴ്ചകൾ

    • അതേ മുകുന്ദൻ. ചരിത്രം അങ്ങനെയും ആണ്. ഇത്‌ അക്കാദമികതലത്തിൽ വിശദമായി പഠിച്ചിട്ടുണ്ട്. എന്റേത് വ്യക്തിപരമായ അനുഭവം, കാഴ്ചകൾ. One sided

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here