ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച് – ഇരുപത്തിനാല്

This post is part of the series ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച്

Other posts in this series:

  1. ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച് : മുപ്പത്തി ഏഴ്
  2. ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വെച്ച്- 35
  3. ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വെച്ച്- 34

 

 

 

 

 

 

 

അങ്ങനെ മൂന്നുവർഷങ്ങൾ മാമോഹാവുവിൽ കഴിഞ്ഞുകൂട്ടി. അതിനിടയിൽ നല്ല ചില വ്യക്തിബന്ധങ്ങൾ ഉടലെടുത്തിരുന്നു. അതിലൊരാളാണ് ഫാദർ ഷീയർ.

ഫാദർ ഷീയർ ജർമ്മനിയിൽ നിന്നും ല്സോത്തോയിൽ വന്ന കാത്തോലിക്കാ പുരോഹിതനാണ്. ലെരീബെ നഗരത്തിലെ മൗണ്ട് റോയൽ എന്ന ഇടവകയിലെ പള്ളിവികാരി. അദ്ദേഹം നല്ലതുപോലെ സിസോത്തോ പറയും.

രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികൾ അനുഭവിച്ച ഒരു കുടുംബത്തിൽ ജനിച്ചു. ആ നാടിനെക്കുറിച്ചും നാട്ടാരെക്കുറിച്ചും വലിയ അഭിമാനിയാണ്. അദ്ദേഹമാണ് ആദ്യമായെന്നെ എ ജെ എന്നും ഉമയെ ഔമ എന്നും വിളിച്ചത്. എ ജെ എന്നത് പിന്നീട് എന്റെ വിളിപ്പേരായി മാറി, പാശ്ചാത്യസൗഹൃദങ്ങൾക്കിടയിൽ. അദ്ദേഹത്തിന്റെ മഠത്തിൽ കുറെയേറെ തവണ താമസിച്ചിരുന്ന ഞങ്ങളെ മക്കളെപ്പോലെയാണ് അദ്ദേഹം കരുതിയത്. അദ്ദേഹത്തിന്റെ മഠം മാമോഹാവുവിനും മസേറുവിനും മദ്ധ്യേ ആയതിനാൽ അദ്ദേഹത്തെ കാണാതെ ഞങ്ങൾ പോവില്ല. ഓരോ യാത്രയിലും ഞങ്ങളെ അദ്ദേഹം കൈനീട്ടി സ്വീകരിച്ചു.

1994 ൽ ഞങ്ങൾ മസേറുവിൽ സ്ഥിരം താമസമായപ്പോൾ ഒരു തവണ അദ്ദേഹം ഞങ്ങളെ സന്ദർശിച്ചു, 1995 ജനുവരിയിൽ. പിന്നെ കേട്ടത് അദ്ദേഹത്തിന്റെ മരണവാർത്ത ആയിരുന്നു. അന്തിക്കുർബാന വേളയിൽ പൊടുന്നനെ അദ്ദേഹം കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. പ്രാർത്ഥനയ്ക്കിടയിൽ, ദൈവസന്നിധിയിൽ ജീവൻ വെടിഞ്ഞ അദ്ദേഹം ഭാഗ്യമുള്ള പുണ്യവാനെന്നും ഞങ്ങളിൽ പലരും കരുതി.
അദ്ദേഹം പറഞ്ഞു തന്ന ചരിത്രഗാഥകൾ ഇന്നും മനസ്സിൽ പച്ചച്ചു നിൽക്കുന്നു. ആശ്രയം തേടിവരുന്നവരെ ഉപേക്ഷിക്കാത്ത മനസ്സുള്ള അദ്ദേഹത്തിൽനിന്നും ഏറെ പാഠങ്ങൾ പഠിച്ചും പ്രചോദനം കൊണ്ടുമാണ് ഞാനും ജീവിച്ചത് ഈ നാട്ടിൽ.

ആശ്രയം തേടിവരുന്നവരെ ഉപേക്ഷിക്കാത്ത മനസ്സുള്ള ഒരു നല്ല ആട്ടിടയൻ. എപ്പോഴും പ്രസന്നൻ. കൃത്യമായ വിവരണങ്ങളിലൂടെ കുർബാന വേളയിൽ പ്രസംഗിക്കുന്ന പുരോഹിതൻ. അദ്ദേഹത്തിന്റെ മരണം ല്സോത്തോയിലെ കാത്തോലിക്കാ സഭയ്ക്ക് ഒരു നഷ്ടം തന്നെയായിരുന്നു.

ഇരുപതു ലക്ഷം ജനങ്ങൾ മാത്രമുള്ള ഈ കൊച്ചു മലനാട്ടിലെ ഓരോ ഗ്രാമവാസിക്കും പരസ്പരം തമ്മിലറിയാം. വിസ്താരത്തിൽ നമ്മുടെ കൊച്ചു കേരളത്തേക്കാൾ അൽപ്പം ചെറുത്. ഒരു ഗ്രാമത്തിൽ നിന്നും മറ്റൊരു ഗ്രാമത്തിലേക്ക് സഞ്ചരിക്കുവാൻ പലരും കാൽനടയായോ കുതിരപ്പുറത്തോ യാത്ര ചെയ്ത നാളുകളിൽ ഭക്ഷണത്തിനും വിശ്രമത്തിനും നല്ല സമരിയക്കാരെ ആശ്രയിക്കേണ്ടിവരും. ഈ ഒരു ജീവിതരീതി കൊണ്ടാവാം, ബന്ധുക്കളും പരിചയക്കാരുമാണ് മിക്കവാറും പലരും. സ്നേഹം, ആദരവ്, ബഹുമാനം, കരുണ തുടങ്ങിയ സദ് വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ ഉച്ചനീചത്വഭാവമില്ല.

അയൽക്കൂട്ടവുമായി സ്വതവേ ഊഷ്മളബന്ധം സ്ഥാപിക്കുന്നു ഇന്നാട്ടുകാർ. അതുകൊണ്ടുതന്നെ, പരസ്പരം സഹായിക്കുവാൻ ഉത്സാഹം ഉള്ളവരുമാണിവർ. ഇവിടേക്ക് മതപ്രവർത്തനത്തിനു വന്ന പുരോഹിതന്മാർ ഈ രീതിയെ എളുപ്പം ഏറ്റെടുത്തതിന്റെയും കൂടി ഫലമാണ് ഈ നാട്ടിലെ ബഹുഭൂരിപക്ഷം ജനങ്ങളും സത്യക്രിസ്ത്യാനികളാണ്.

ഇവരുടെ സന്മനസ്സിന് ഉദാഹരണമായി എനിക്കു പറയാവുന്നത്, തൊണ്ണൂറുകളുടെ അന്ത്യത്തിൽ എയ്ഡ്‌സ് ഒരു മഹാമാരിപോലെ ഈ നാടിനെ പിടിച്ചുകുലുക്കിയ വേളയിൽ നിരവധി കുടുംബങ്ങളിലേയും മുതിർന്ന അംഗങ്ങൾ കൂണുപോലെ കൊഴിഞ്ഞുവീഴുന്നുണ്ടായിരുന്നു. അക്കാലങ്ങളിൽ ചില ഗ്രാമങ്ങളിലെ കുട്ടികളുടെ ദിനംപ്രതിയുള്ള കാര്യങ്ങൾ നോക്കിയിരുന്നത് ഗ്രാമത്തിൽ ശേഷിച്ച മുതിർന്നവരായിരുന്നു.

നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന മഹത് വചനം പ്രാവർത്തികമാക്കിയ ഈ ജനത ലാളിത്യത്തിന്റെയും ശുദ്ധിയുടെയും കാര്യത്തിൽ മുന്നിലാണ്. ഇവരുടെ ഇത്തരം സ്വഭാവവിശേഷങ്ങൾ പ്രാഥമികമായി ഞാനറിഞ്ഞതും ഫാദർ ഷീയർ, ഡോ. മാഥോട്ട് തുടങ്ങിയവരിൽനിന്നുമാണ്.

സോത്തോ വർഗ്ഗത്തിന്റെ സംസ്കാരവും ആചാരങ്ങളും തനിമയോടെ നിലനിർത്തുവാൻ ഇവർ കാണിക്കുന്ന ഔൽസുക്യം കൊണ്ടുതന്നെ അറിയണം. സ്‌കൂളുകളിലും മറ്റും ആഘോഷവേളകളിൽ ഇത്‌ പ്രകടമാണ്. തദ്ദേശീയരുടെ വാരാന്ത്യങ്ങൾ ഏറെ രസകരമാണ്. വെള്ളിയാഴ്ച തുടങ്ങും പാർട്ടി മൂഡ്. അത് ഞായറാഴ്ച വരെ നീളും. ഗ്രാമങ്ങളിൽ ചെറിയ പെട്ടിക്കടകളിൽ ലഹരി കലർന്ന ഒരു പാനീയം കിട്ടും. ജ്വാല (Joala) എന്ന് അവർ വിളിക്കുന്ന ഈ പാനീയം രാവിലെ മുതലേ കുടിച്ചു കിറുങ്ങി നാട്ടുവർത്താനോം പറയുന്ന കാരണവന്മാർ ഗ്രാമങ്ങളിലെ എല്ലാ മുക്കിലും മൂലയിലും കാണാം. ചെറുപ്പക്കാർ ബീയറടിച്ചു സോഷ്യലൈസ് ചെയ്തു നടക്കും.

ജ്വാല ഉണ്ടാക്കുക എന്നത് ദിവസങ്ങൾ നീണ്ട ഒരു പ്രക്രിയ ആണ്. ആഘോഷവേളകൾക്കായി പ്രത്യേകം ഒരുക്കണം. സ്വർഗം (Sorghum), ചോളം ഇതൊക്കെയാണ് സാധാരണ ഉപയോഗിക്കുന്ന അന്നജം. ഇതോടൊപ്പം ഗോതമ്പുപൊടിയും ചേർക്കും.

എളുപ്പത്തിനായി, പൊടിച്ച ധാന്യങ്ങളുടെ മിശ്രിതം തിളച്ച വെള്ളത്തിലിട്ടു കുറുക്കിയെടുക്കും. ഈ ചേരുവ ഒന്നായോ മിശ്രിതമായോ തിളച്ച വെള്ളത്തിലിട്ടിളക്കി യീസ്റ്റ് ഇട്ടു രണ്ടോ മൂന്നോ ദിവസങ്ങൾ മൂടിവയ്ക്കും. യീസ്റ്റിനുപകരം മുൻപുണ്ടാക്കിയതിന്റെ പിശിട് ഉണക്കിവച്ചത് വെള്ളത്തിലിട്ടു ഇളക്കിയത് ഇട്ടാലും മതി. ആവശ്യമെങ്കിൽ അൽപ്പം പഞ്ചസാരയും ചിലപ്പോൾ ചേർക്കാറുണ്ട്.

മൂന്നുദിവസം കഴിയുമ്പോൾ പതഞ്ഞുവരുന്ന മിശ്രിതം ലഹരി നുരയുന്നതാണ്. സ്വാദ് നോക്കിയാൽ അൽപ്പം പുളിയും ചവർപ്പും കാണും. ഇത്‌ നാടൻ രീതിയിൽ അരിച്ചെടുത്താൽ കുടിക്കാനുള്ള പരുവമായി. അരിച്ചുകിട്ടുന്ന കട്ടിയുള്ള പിശിട് ഒന്നൂടെ പിഴിഞ്ഞെടുത്തശേഷം അത് ഉണക്കാൻ വയ്ക്കും. അടുത്ത തവണ ഉപയോഗിക്കുവാൻ.

ഉപയോഗിച്ചു തുടങ്ങിയാൽ രണ്ടുദിവസം വരെ ഇത്‌ കേടുകൂടാതെ ഇരിക്കും. മൂടി തുറന്നാൽ പിന്നെ അതിന്റെ മത്ത് പിടിപ്പിക്കുന്ന ഗന്ധംകൊണ്ട്, ചക്കപ്പഴത്തിൽ ഈച്ച കൂടുമ്പോലെ ഓരോരുത്തരും വന്നു തുടങ്ങും. പ്രത്യേകിച്ചും ക്ഷണം വേണ്ട. നാട്ടാചാരമനുസരിച്ചു ആർക്കും എവിടെയും കേറിചെല്ലാം. നമ്മുടെ നാട്ടിലേതുപോലെ, വിളിക്കാത്ത സദ്യക്കുണ്ണാൻ പോകുന്നതിൽ കുറച്ചിലില്ല, മറിച്ച് അതൊരനുഗ്രഹവും ആചാരവുമാണ്. സാധാരണ കാരണവന്മാരും കാരണവത്തികളുമാണ് സഭ കൂടുക.

മരണവീട്ടിലും കല്യാണവീട്ടിലും എന്നുവേണ്ട ആള് കൂടുന്നിടത്തൊക്കെ ജ്വാല ഉണ്ടാകും. അത് നമ്മുടെ പിഞ്ഞാണം/ കോപ്പ പോലെയുള്ള പാത്രത്തിൽ കുടിച്ചങ്ങനെ ദിവസം കഴിയും.

അധികം പുളി പിടിക്കാതെ കുറുക്കിയെടുത്തതും ഉണ്ട്. അതിന്റെ പേര് മൊട്ടോഹോ (Motoho) എന്നാണ്. വിറ്റാമിൻ ഡീ കൂടുതലുള്ള ഈ പോഷകാഹാരം രാവിലെ കഴിക്കുവാൻ വളരെ നല്ലതാണ്.

ഇതിലും ഗംഭീരമാണ് ഇവരുടെ മാംസം ചുട്ടു തിന്നുന്ന രീതി (Brai). ഞങ്ങളും ഏറെ ആസ്വദിച്ച ഈ ഭക്ഷണം ഇപ്പോൾ നാട്ടിലും ഉണ്ടല്ലോ. കരിയുടെ ചൂടിൽ നല്ല പാകത്തിൽ ബീഫ്, മട്ടൺ, കോഴി, പോർക്ക്‌, സോസേജ് അങ്ങനെ പലതരം മാംസാഹാരങ്ങൾ ചുട്ടെടുത്ത് സാലഡുമായി ഒരു പിടി പിടിച്ചാൽ പിന്നെ ഇര വിഴുങ്ങിയ പാമ്പുപോലെ കിടക്കാം ഒരു ദിവസം മുഴുവൻ. തീറ്റയുത്സവം തന്നെ. നമ്മൾ പിന്നെ അതിൽ എരിവും ചേർത്തു കുളമാക്കും. ഒറിജിനൽ സ്വാദ് കളയും. ഇവിടെയുള്ളവർ പാകത്തിന് മസാല ചേർത്ത് മേൽഭാഗം പൊള്ളിച്ചെടുക്കുകയേയുള്ളു. പ്രത്യേകിച്ചും ബീഫ് ആകുമ്പോൾ ഉള്ളിൽ ചുവന്നിരിക്കണം! പക്ഷേ, കോഴിയാവുമ്പോൾ അങ്ങനെപോരാ. ഉള്ളിലേക്ക് ചൂട് ഇറങ്ങാൻ സമയം എടുക്കും. കഴിക്കാൻ താല്പര്യം ഉള്ളവർ ശ്രദ്ധിക്കുക, കോഴിച്ചിറകുകൾ പെട്ടെന്നു വെന്തുകിട്ടും. സ്വാദും കൂടുതലാണ്. കാലിനു വേവുകൂടും. ഇവിടെ അതിനുപറയുക drumstick എന്നാണ്. നമ്മുടെ മുരിങ്ങക്കോലിന് നമ്മൾ പറയുന്നതും അതേ പേര് തന്നെ!

പൊതുവെ ഈ നാട്ടിലെ ഭക്ഷണരീതി ലളിതമാണ്. അത്യാവശ്യം ഉപ്പും മസാലയും മതി. നമ്മളാണെങ്കിൽ മസാലയിൽ കുളിപ്പിച്ചുകിടത്തും! സ്വാഭാവികമായ സ്വാദ് അതേപടി അനുഭവിക്കുവാൻ താല്പര്യം ഇല്ലാത്തവരാകും നമ്മൾ.

ഭക്ഷണപ്രിയരെന്നതിൽ ബസോത്തോയ്ക്കൊപ്പം കിടനിൽക്കുന്നവരാണ് നമ്മളും. പഴേ നമ്പൂരിക്കഥകൾ വായിച്ചുള്ള ഓർമ്മയാണേ!

ഗംഭീരമായ അഭിമാനബോധം പ്രകടിപ്പിക്കുന്ന സോത്തോ സമൂഹത്തിന്റെ സാമൂഹ്യബോധവും ശ്ലാഘനീയം തന്നെ. ഈ നാടിന്റെ രക്ഷാധികാരിയും പരമാധികാരിയും രാജാവാണല്ലോ. അദ്ദേഹത്തിന്റെ കീഴിലാണ് മന്ത്രിസഭ. നമ്മുടെ രാഷ്ട്രപതിയുടെ കർത്തവ്യമാണ്, ഔദ്യോഗികപരമായി അദ്ദേഹം നിർവഹിക്കുന്നത്. ബ്രിട്ടീഷ് രാജ്ഞിയുടെ അതേ അധികാരമെന്നും പറയാം.
രാജാവിനോടുള്ള നാട്ടുകാരുടെ കൂറും ഭക്തിയും കിടപിടിക്കുന്നത്, നമ്മുടെ സീ വീ രാമൻപിള്ളയുടെ പ്രസിദ്ധ കഥാപാത്രം അനന്തപത്മനാഭന്റെ പ്രച്ഛന്നവേഷമായ ഭ്രാന്തൻ ചാന്നാൻ പറയുമ്പോലെ, “അടിയൻ ലച്ചിപ്പോം”എന്ന മട്ടിലാണ്.

നാടിനെയും നാട്ടാരെയും വിട്ടൊരു കളിയില്ല ഇവിടത്തുകാർക്ക്. അതുകൊണ്ടുതന്നെ, സൗത്ത് ആഫ്രിക്കയ്ക്കു പൂർണ ഭരണ സ്വാതന്ത്ര്യം ലഭിച്ചപ്പോൾ, പത്താമത്തെ പ്രൊവിൻസ് ആയി ല്സോത്തോയെ മാറ്റണം എന്ന ഒരു ചിന്ത മുളയിലേ നുള്ളിക്കളഞ്ഞവരാണ് ഇവിടത്തുകാർ. അതിനുപകരം, ബൂവർ (Boer War) യുദ്ധത്തിൽ ല്സോത്തോവിന് നഷ്ടമായ സമതലപ്രദേശങ്ങൾ (Aliwal North, Clocolan തുടങ്ങിയവ) തിരികെ കിട്ടണം എന്ന മറുവാദവും ഉണ്ടായി. ഏതായാലും രണ്ടും നടന്നില്ല. രാജാവ് ദൈവം തന്നെ.

ആനുബന്ധികമായി പറയട്ടെ, കേപ്പ് നഗരത്തിലെ ഗവർണർ ഹാരി സ്മിത്ത് 1850ൽ നിർമ്മിച്ച ചെറുനഗരമാണ് അലിവാൽ നോർത്ത്. അതിനും മുൻപ് സ്മിത്ത് ഇന്ത്യയിൽ സേവനം അനുഷ്ട്ടിക്കുമ്പോൾ, പഞ്ചാബിലെ സിഖ് യുദ്ധത്തിൽ (Aliwal war – 1846) വിജയിച്ചശേഷം അദ്ദേഹം സൗത്ത് ആഫ്രിക്കയിലേക്ക് വന്നു.

അലിവാൽ യുദ്ധം വിജയിച്ചതിന്റെ കെട്ട് വിടും മുൻപേയാകും സ്മിത്ത് ഇങ്ങോട്ടു പോന്നത്. ആ ഓർമ്മയ്ക്കായി ഇങ്ങു ദക്ഷിണാഫ്രിക്കയുടെ മാറിൽ, ഓറഞ്ചുനദിക്കരയിൽ (Orange River) കണ്ട മനോഹര ഭൂപ്രദേശത്തിന് അലിവാൽ നോർത്ത് എന്നും അദ്ദേഹം പേരിട്ടു. എന്താല്ലേ!

അഞ്ചുവർഷം തുടർച്ചയായി (2011-16) ഞാൻ റോഡ്‌സ് യൂണിവേഴ്‌സിറ്റിയിലേക്ക് പോയിരുന്നതും ഓറഞ്ചുനദിയും അലിവാൽ നോർത്ത് നഗരവും കടന്നാണ്. സുന്ദരമായ ഈ പ്രദേശം കാണുമ്പോൾ ദേഷ്യം തോന്നും, ഞങ്ങടെ ല്സോത്തോയുടെ ഭാഗമായ നല്ല താഴ് വാരത്തെ കയ്യടക്കിയ ദക്ഷിണഭൂമി…

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപുതുതായിത്തുടങ്ങിയ ലൈബ്രറിക്ക്  പുസ്തകങ്ങൾ സംഭാവന ചെയ്യാം
Next article“അമലയാള” സദസ്സിനു വന്ദനം!
ഡോ. അജയ് നാരായണൻ: എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ ശ്രീ നാരായണന്റെയും ശ്രീമതി സുന്ദരത്തിന്റെയും മകൻ. സെയിന്റ് പോൾസ് കോളേജ് (കളമശ്ശേരി) ഭാരതമാതാ കോളേജ് (തൃക്കാക്കര), സെയിന്റ് ആൽബെർട്സ് കോളേജ് (എറണാകുളം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ് 1988 ൽ കെന്യയിൽ അധ്യാപകനായി ജോലി തുടങ്ങി. 1991ൽ ല്സോത്തോയിൽ കുടിയേറി, അധ്യാപകനായി ജോലി നോക്കി. സെയിന്റ് ഓഗസ്റ്റിൻ യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും എംഫിൽ, റോഡ്‌സ് യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും പി എച്ഡി. 2019ൽ ജോലിയിൽ നിന്നും വിരമിച്ച ശേഷം പ്രൈമറി വിദ്യാഭ്യാസത്തിൽ ദർഹം യൂണിവേഴ്സിറ്റി (യൂ കെ) യുമായി ഗവേഷണം (ipips ). താമസം മസേറു വിൽ (തലസ്ഥാനം നഗരി). ഭാര്യ, ഉമാദേവി, അധ്യാപിക. മകൾ ഭാവന, മെഡിക്കൽ ഡോക്ടർ (സൗത്ത് ആഫ്രിക്ക).

2 COMMENTS

  1. നാടൻ രുചികൾക്കൊപ്പം വിജ്ഞാനവും .
    നല്ല എഴുത്ത് ഇഷ്ടമായി

  2. പതിവു പോലെ രസകരമായിട്ടു വായിച്ചു തീർത്തു.
    നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്നല്ലേ.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here