കിസുമു ഭാഗത്തുനിന്നും ഉയർന്നുവന്ന ഒരു അത്യുന്നത നേതാവായിരുന്നു റോബർട്ട് ഔക്കോ. അദ്ദേഹത്തിന്റെ ഔന്നത്യം ആരെയൊക്കെയോ അസ്വസ്ഥരാക്കിയെന്ന വിധത്തിലാണ് വാർത്തകൾ കാട്ടുതീ പോലെ പടർന്നത്. അതുകൊണ്ടുതന്നെ ശാരീരികമായി അദ്ദേഹത്തെ ഇല്ലായ്മ ചെയ്യുവാനും മനസ്സുകൊണ്ട് ആഗ്രഹിച്ചിരുന്നവർ ഉണ്ടായിരിക്കാം.
ആ കൊലപാതകം ഒരു രാഷ്ട്രീയ കൊടുങ്കാറ്റായി പടർന്നു. ആ അവസരത്തിലാണ് ഞാൻ ല്സോത്തോയിലേക്ക് പറക്കുന്നത്. അത് പറയും മുൻപേ കിസുമുവിലെ മറക്കാത്ത മറ്റു അനുഭവങ്ങൾ കൂടി പറയേണ്ടതുണ്ട്.
കിസുമുവിലെ ജീവിതം ശാന്തസുന്ദരമായൊഴുകിയെന്ന് പറയണമെങ്കിൽ ഞാൻ വല്ല സ്വപ്നജീവി മാത്രമായിരിക്കണം. മനസ്സെപ്പോഴും ചിന്താപരവശമായിരുന്നു. എങ്കിലും അറിയുവാനും ആസ്വദിക്കുവാനും ഏറെ ഉണ്ടായിരുന്നു.
ന്യൂ കിസുമു ഹൈയിൽ പഠിപ്പിക്കാൻ ഒരു സിംഗ് കുട്ടി വന്നു. ചെക്കൻ വലിയ വീട്ടീന്ന് വന്നതാ. കിസുമുവിൽ അയാളുടെ ഒരമ്മാവൻ വലിയ ബിസിനസ്സ് ടൈക്കൂൺ ആണത്രേ! അവനും അതിലേക്കു മാറും. അതിനു വേണ്ടിയുള്ള ഒരുക്കത്തിന്റെ ഭാഗമാണ് ഈ അധ്യാപനവൃത്തി. ഭാഗ്യവാൻ!
ആ സൗഹൃദത്തിന്റെ ഭാഗമായി ബുർജി ഉണ്ടാക്കാൻ പഠിച്ചു (എന്ന് പറയാം).
മുട്ട പ്രധാന ചേരുവ ആയുള്ള ഒരു അടിപൊളി പഞ്ചാബി ഭക്ഷണം, ചപ്പാത്തിയുടെ കൂടെ ഒന്നാന്തരം.
ഉരുളക്കിഴങ്ങ് ചെറുതായി അരിഞ്ഞു ക്രിസ്പ്പി ആക്കി വറുത്തു മാറ്റും. വറുത്തു മാറ്റിവച്ചത് ഇടയ്ക്ക് കൊറിക്കാൻ വളരെ നല്ലത്.
പിന്നെ ഉള്ളി ചെറുതായി അരിഞ്ഞത് നന്നായി വഴറ്റി അതിൽ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ഇവ ചേർത്തു വഴറ്റി തങ്കവർണ്ണമാകുമ്പോൾ ഗരംമസാല, മഞ്ഞൾ, മുളകുപൊടി, ഉപ്പ് ഇത്യാദി ചേർത്ത് വഴറ്റും. ഈ കുഴമ്പിൽ നേരത്തേ അരിഞ്ഞു മാറ്റിവച്ച ചുവന്ന ഒരു തക്കാളി ഇട്ടു വീണ്ടും വഴറ്റും.
ഈ തിരക്കിൽ കൊച്ചുവർത്തമാനം മുടങ്ങരുത്. വേണമെങ്കിൽ ബീയറോ വിസ്കിയോ ആകാം. ഞാൻ ഫാന്റയിൽ ഒതുക്കി. സിംഗ് ബീയറിൽ തൊട്ടു. ചന്ദ്രൻ വിസ്കി ഓൺ റോക്ക്സ് ആയിരുന്നു.
അടുപ്പിൽ നിന്നും ഗുമുഗുമാന്ന് സുന്ദരമായ സുഗന്ധം നാസാരന്ധ്രം കടന്ന് ആത്മാവ് വരെ എത്തി. ആമാശയം പോലും കണ്ണു തുറന്നെത്തിനോക്കി.
വറുത്തു വച്ച ഉരുളക്കിഴങ്ങു കഷണങ്ങളും ഏതോ പഞ്ചാബി അച്ചാറും കൂട്ടിനു വന്നു.
ചേരുവ പാകമായപ്പോൾ അതിൽ കൊത്തമല്ലി അരിഞ്ഞിട്ടോ… ന്ന് ഒരു സംശയം ഇന്നും ബാക്കിയുണ്ട്. ഏതായാലും ഈ പാകത്തിൽ അൽപ്പം ഉപ്പിട്ട് കാത്തിരുന്നു. ഗ്ലാസുകളിലെ ദ്രാവകം അവരവരുടെ ആമാശയത്തിലേക്ക് ഒഴിക്കുവാൻ വേണ്ടത്ര താമസം.
ഇനി, മുൻപേ അടിച്ചുവച്ച മുട്ട ചട്ടിയിലേക്ക് സാവധാനം ഒഴിക്കണം. ചന്ദ്രനും സിംഗും തകൃതിയായി ഇളക്കലും വഴറ്റലും ഗ്ലാസ്സ് കാലിയാക്കലും, ഞാൻ കണ്ടോണ്ടിരിക്കലും.
അങ്ങനെ ബുർജി റെഡി ആയി. സംഭവം ഉഗ്രൻ, ചപ്പാത്തിയ്ക്കൊപ്പം ഒന്നാന്തരം.
അപ്പോൾ വറുത്തു മാറ്റിവച്ചതിൽ ബാക്കിയുള്ള ഉരുളക്കിഴങ്ങോ? ഓ, അത്! അത് നല്ല കട്ടിയുള്ള തൈരിൽ ഇട്ട്, ഇത്തിരി ഇഞ്ചിയും പച്ചമുളകും വഴറ്റിയത് അതിൽ ചേർത്തിളക്കി മൂപ്പിച്ചു പൊടിച്ച ഗരം മസാല തൂവി ഇളക്കിയിട്ട് വേണമെങ്കിൽ ചപ്പാത്തിയോടൊപ്പം കഴിക്കാം.
അങ്ങനെ ഇതെല്ലാം കഴിച്ചുകൊണ്ടിരുന്നപ്പോൾ സിംഗ് ബുർജിയുടെ പിന്നാമ്പുറം കഥയും പറഞ്ഞുതന്നു. ഇതിൽ കോഴിക്കഷണങ്ങളും വറുത്തിട്ടാൽ വേറൊരു സ്വാദിഷ്ടമായ വിഭവം ആകും.
തോന്നി, നല്ല ദേഷ്യം! അവന്റെ ഫ്രിഡ്ജിൽ പല വലിപ്പത്തിൽ കോഴികൾ അടയിരിക്കുന്നുണ്ടായിരുന്നു. അവനതു പറയേണ്ടായിരുന്നു. തന്നില്ലല്ലോ!
മൂക്കുമുട്ടെ ചപ്പാത്തിയും ബുർജിയും തട്ടി, പിന്നാലെ ഒരു ഹിന്ദി സിനിമയുടെ കാസറ്റ് ഇട്ടു. മാധുരി ആദ്യം അഭിനയിച്ച അബോധ് ആണെന്ന് ഓർമ്മ.
എല്ലാം കഴിഞ്ഞു വീട്ടിൽ വന്നു നന്നായി ഉറങ്ങി.
പിറ്റേദിവസം, പതിവുപോലെ ചന്ദ്രൻ അടുക്കളയിൽ പരീക്ഷിച്ചു, ബുർജി! ഇന്നും, ഇടയ്ക്ക് ഞാൻ ഉമയ്ക്കും മോൾക്കും ഉണ്ടാക്കി കൊടുക്കാറുണ്ട് ഇതേ സംഭവം. കൂടുതൽ ഇഷ്ടായത് തൈരിലിട്ട ഉരുളക്കിഴങ്ങ് തന്നെ.
അങ്ങനെ സിംഗിന്റെ സംവിധാനത്തിൽ നല്ല ഒരു സായാഹ്നം അങ്ങനെ കിട്ടി.
സിംഗിന്റെ സൗഹൃദം അധികം നാൾ നിന്നില്ല, അവൻ നൈറോബിയിലേക്ക് താമസിയാതെ പോയി.
ബുർജിയുടെ ഓർമ്മയും കുറച്ചു ഫോട്ടോകളും മാത്രം ബാക്കി.
മാഷ് സുന്ദരമായി എഴുതുംപോലെ പാചകം ഒരു കലയായി എടുത്താൽ മതി,,, വല്ലപ്പോഴും ഇഷ്ടപ്പെട്ടത് ഉണ്ടാക്കാനും, ഇഷ്ടപ്പെട്ടവർക്ക് കൊടുക്കാനും സാധിക്കുന്നത് സന്തോഷമാണ്
ഭക്ഷണം ഇഷ്ടം. നന്ദി, വായനയ്ക്ക് രാജേഷ്.
Robert Okko യും കിസുമുവും പുതിയ വിവരങ്ങൾ തന്നു അതിനേക്കാൾ ഉപരി കുട്ടി സിങ്ങിൻ്റെ ബൂർജി യുടെ പാചക വിദ്യയാണ് .എന്നെ ആകർഷിച്ചത്….
മിനി, വളരെ സന്തോഷം
നല്ല ഒഴുക്ക്.. നല്ലൊരു recipie യും കിട്ടി.