കിറ്റാലെയിലെ രാത്രി എനിക്കു സമ്മാനിച്ച പാഠം വലുതാണ്. ഏതു നാട്ടിലും നമുക്ക് സഞ്ചരിക്കാം, എവിടെയും നല്ല മനുഷ്യരുണ്ട്. പകരം ഒന്നും ആഗ്രഹിക്കാതെ അവർ നമുക്കു കൂട്ടിരിക്കും, ചങ്ങാത്തം പങ്കുവയ്ക്കും.
എന്നു കരുതി എവിടെയും എപ്പോഴും സഞ്ചരിക്കുവാനുള്ള അതിസാമാർഥ്യവും പറ്റില്ല. പേടിക്കേണ്ടയിടങ്ങളും ഉണ്ടല്ലോ.
നല്ല കള്ളൻ, തപ്പിയിട്ട് ഒന്നും കിട്ടിയില്ലെങ്കിൽ മിണ്ടാതെ പോകും. ഇവിടെ ഉള്ള കള്ളന്മാരോട് കഥ പറഞ്ഞും പിടിച്ചു നിൽക്കാം. എപ്പോഴും അത് സാധ്യവുമല്ല. മറിച്ചുള്ള അനുഭവങ്ങളും ല്സോത്തോയിലും സൌത്ത് ആഫ്രിക്കയിലും ഉണ്ടായിട്ടുമുണ്ട്.
പൊതുവെ ആഫ്രിക്കൻ വർഗ്ഗക്കാരെ പേടിയാണ് നമ്മുടെ നാട്ടുകാർക്ക്. അപരിചിതമായ ഭാഗങ്ങൾ ഒഴിവാക്കിയേ നടക്കുവാൻ പാടുള്ളു. എല്ലാം കൊണ്ടും സൂക്ഷിച്ചു വേണം പെരുമാറാൻ. അതു ശരിയാണ് താനും.
വല്ലാത്ത അനുഭവങ്ങൾ ഉണ്ടു താനും. എങ്കിലും, ഏതുനാട്ടിലും മനുഷ്യരുടെ ഇടയിൽ കാണും വിധമുള്ള സ്വഭാവവൈജാത്യങ്ങളേ ഇവിടെയുമുള്ളു. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. അത്ര തന്നെ.
പിന്നീടുള്ള ജീവിതപാച്ചിലുകൾക്കിടയിൽ അധ്യാപകർക്കായി ഏറെ വർക്ഷോപ്പുകൾ മസേറുവിൽ സംഘടിപ്പിക്കുകയും, അന്യനാടുകളിൽ കോൺഫറൻസുകൾ പങ്കെടുക്കേണ്ട അവസരങ്ങളിൽ വിവിധ രാജ്യങ്ങളിൽനിന്നും വന്നവരുമായി ഇടപഴകുകയും ഒരേ മുറിയിൽ താമസിച്ചു സൗഹൃദം പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
അതെല്ലാം പാഠങ്ങൾ തന്നെ. ഈ പാഠങ്ങൾ തന്നെയാണ്, “ലോകമേ തറവാട് “ എന്ന ഭാവത്തിലും ഉള്ളത്.
എളുപ്പത്തിൽ അന്യദേശക്കാരുമായി ഇടപഴകുവാൻ ഇത്തരം അനുഭവങ്ങൾ സഹായിച്ചു. എന്റെ ഔദ്യോഗിക ജീവിതത്തിൽ ഈ അനുഭവങ്ങൾ മുതൽക്കൂട്ടായിരുന്നു. അതിനൊപ്പം ചേർത്തുവായിക്കേണ്ടതാണ് സൂരിയുമായുള്ള പരിചയം.
ആ സൗഹൃദത്തിന്റെ പരിണാമം രസകരമാണ്. കിസുമുവിൽ സുലഭമായ തിലാപ്പിയ മത്സ്യം ചന്തയിൽ നിന്നും വാങ്ങി നന്നായി വറുത്തു, പൊതിഞ്ഞു ഞാൻ കൊടുത്തയച്ചു, പോസ്റ്റൽ വഴി ടർക്വെലിലേക്ക്.
ഒരു മാസം കഴിഞ്ഞപ്പോൾ സൂരി എഴുതി, “അജയ് അയച്ച മീൻ കിട്ടി. മീനല്ലേ എന്ന് കരുതി സുഹൃത്തുക്കളും അജയ് തന്നതല്ലേ എന്നുകരുതി ഞാനും കഴിച്ചു”.
സൂരി ഇന്ന് ഭാര്യ ഷീലയ്ക്കൊപ്പം സുഖവിശ്രമജീവിതം നയിക്കുന്നു.
സ്നേഹത്തിന്റെയും കരുതലിന്റെയും സമ്മർദ്ദത്തിൽ മനുഷ്യർ ചില നീക്കുപോക്കുകൾക്ക് തയ്യാറാക്കുമ്പോൾ ബന്ധം ദൃഢമാകുന്നു. കെന്യ വിട്ടപ്പോൾ പല ബന്ധങ്ങളുടെയും തുടർച്ച കൈമോശം വന്നു. എങ്കിലും ഇന്ന് ഏറെ എഴുതുന്നതിനാൽ ചില പഴയ സൗഹൃദങ്ങൾ ബന്ധങ്ങൾ തിരഞ്ഞുവന്നിട്ടുണ്ട്. എന്റെ ഭാഗ്യം തന്നെ.
അതിലൊരാളാണ് പ്രമീളചേച്ചി.
നല്ല അനുഭവങ്ങൾ സർ
എല്ലാ നാട്ടിലും നല്ലവരും, പേടിക്കേണ്ടവരുമായ ജനങ്ങൾ കാണും ഓരോ നാട്ടിലും കിട്ടുന്ന സൗഹൃദം ‘നാട് മറുമ്പോൾ നഷ്ടപ്പെടുമെങ്കിലും ഓർമയിൽ നിലനിർത്തുന്നത് നല്ല മനസിൻ്റെ ഉടമയായതുകൊണ്ടാണ്
ആശംസകൾ മാഷേ
താങ്കളുടെ വിദേശ ജീവിതാനുഭവങ്ങൾ വായിച്ചു
ലളിതവും ഭംഗിയുമാർന്ന ആഖ്യാനം.
താങ്കളുടെ, എല്ലാം ശുഭകരമാവട്ടെ എന്ന സ്വതസിദ്ധനിലപാടും സൗഹൃദമനോഭാവവും
ഓരോ വരിയിലും തെളിഞ്ഞുകാണുന്നു.
ഈ യാത്ര അവ്സാനിക്കാതിരിക്കട്ടെ എന്ന്
ആശംസിക്കുന്നു