എന്റെ പ്രീഡിഗ്രി പഠന കാലത്ത് എനിക്കൊരു കൂട്ടുകാരനെ കിട്ടിയിരുന്നു. എഫ് എ സിറ്റിയുടെ ദത്തു ഗ്രാമമായ മഞ്ഞുമ്മലിനെ തൊട്ടു കിടക്കുന്ന കളമശ്ശേരിയിൽ നിന്നും ഞങ്ങളുടെ കോളേജിൽ വന്നിരുന്ന അജയഘോഷായിരുന്നു ആ കൂട്ടുകാരൻ. എന്നേക്കാൾ രണ്ടു വർഷം സീനിയർ. എങ്ങനെ കണ്ടു, പരിചയപെട്ടു എന്നതോർമ്മയിലില്ല.
പക്ഷേ ഞങ്ങൾ നല്ല കൂട്ടുകാരായതും ഒരുപാടു കത്തുകൾ തമ്മിലയച്ചതും മൈഥിലി മഞ്ഞുമ്മൽ എന്നെഴുതിയാലും കത്ത് വീട്ടിലെത്തുന്ന രീതിയോളം കത്തുകൾ എഴുതിക്കൂട്ടിയതും ഓർമ്മയിലുണ്ട്.
എഴുപത്തേഴ് – എഴുപത്തിയെട്ട് കാലഘട്ടമാണ്. ആൺകുട്ടി പെൺകുട്ടിയോടു മിണ്ടുന്നതു പോലും തെറ്റിദ്ധരിക്കപ്പെടുന്ന കാലം. ആൺ സുഹൃത്തുക്കൾ വീടുകളിലേക്കു വരുന്നത് സ്വപ്നം പോലും കാണാനാവാത്ത പുരാതനകാലം.
എന്താന്നറിയില്ല, എന്റെ വീട്ടിൽ അച്ഛനും അമ്മയും പൊതുവെ ഗൗരവക്കാരനായ ചേട്ടനും ഒക്കെ എനിക്കീ വിലക്കുകൾക്കെതിരെ പച്ചക്കൊടി നാട്ടി.
അജയൻ വല്ലപ്പോഴും വീട്ടിൽ വന്നാൽ അമ്മ വാണിപ്പശുവിന്റെ പാലിൽ നല്ല സേമിയാ പായസ്സം വച്ചുവിളമ്പി ഞങ്ങളുടെ സൗഹൃദത്തെ ഊട്ടിയുറപ്പിച്ചു.
അജയന്റെ പുസ്തകശ്ശേഖരത്തിൽ നിന്നും എനിക്കായ് നല്ല പുസ്തകങ്ങൾ വായിക്കാൻ തന്നു. വായിച്ചതിനെപ്പറ്റി ചർച്ച ചെയ്തു.
പതിയെ എഴുത്തുകളിൽ മൈഥിലി സീതക്കുട്ടിയാവുകയും അത് പിന്നെ ചീതക്കുട്ടിയാവുകയും ചെയ്തു.
രാവിലത്തെ മുറ്റമടിയിൽ കൗമാരക്കാരി കല്യാണത്തെപ്പറ്റി സ്വപ്നം കാണുന്ന പണി കൂടി നടത്തുമായിരുന്നു.
മധുരക്കൊതിച്ചിയായതുകൊണ്ട് അമ്പലത്തിലെ ശാന്തിക്കാരനും പിന്നെ ഏതെങ്കിലും ബേക്കറിക്കാരനും ഒക്കെ ആയിരുന്നു എന്റെ സ്വപ്നത്തിലെ ജീവിത പങ്കാളി. എന്നിട്ടും
ഇത്രയും അടുപ്പമുള്ളൊരു കൂട്ടുകാരനെ കൂട്ടുകാരനായി തന്നെ മനസ്സിൽ പ്രതിഷ്ഠിച്ചു.
പഠനകാലം അവസാനിക്കെ എന്റെ ഓട്ടോഗ്രാഫിൽ അജയനെഴുതി,
“ശിഥിലതയേറിയ വീഥിയിലൂടെയീ ജീവിതം
മുന്നോട്ടടുക്കുമ്പോൾ
മൈഥിലീ പൊട്ടിച്ചിരിക്കുക.
നിൻ ചിരി വീഥിയിൽ പൊൻ വിളക്കായ് പ്രഭ ചൊരിയട്ടെ”.
“ചീതക്കുട്ടി ചിരിക്കുമ്പോൾ ഹൃദയമാണ് നിറയുന്നത്,
പിരിയുമ്പോൾ ആത്മാവും”.
അജയൻ തുടർപഠനത്തിനായി കോളേജു മാറിയപ്പോൾ പതിയെ എഴുത്തുകളുടെ എണ്ണം കുറഞ്ഞു. പരസ്പരം കാണൽ കുറഞ്ഞു.
കല്യാണത്തോടെ ഞാൻ ബാംഗ്ലൂരിലേക്ക് കൂടുമാറിയപ്പോൾ അജയനും എനിക്കും ഇടയിൽ ഒരു കടലോളം വലിയ വിടവു വന്നു.
പക്ഷേ ഒരിക്കലും മറന്നില്ല.
കാലം കടന്നുപോകെ സോഷ്യൽ മീഡിയകളുടെ വരവിൽ ഞാൻ എന്റെ കൂട്ടുകാരനെ തെരഞ്ഞു. കോളേജ് ഗ്രൂപ്പുകളിൽ സഹായം തേടി.
എല്ലായിടത്തും നിരാശ മാത്രം!
എം എസ്സി കഴിഞ്ഞ് അദ്ദേഹം കെനിയയിലേക്കു പോയെന്ന ഒരു കൊച്ചറിവിന്റെ സമാധാനത്തിലിരിക്കെ, കുറച്ചു വർഷങ്ങൾക്കു മുന്നേ എന്റെ ഒരു കൂട്ടുകാരി പറഞ്ഞു മൈഥിലീ ഞങ്ങളുടെ ബാച്ചിലുണ്ടായിരുന്ന അജയഘോഷ് ആത്മഹത്യ ചെയ്തു.
സത്യമാവല്ലേ ദൈവമേന്ന് ഉള്ളുരുകി ദൈവത്തെ വിളിച്ചെങ്കിലും ഓർമ്മ വരുമ്പോഴെല്ലാം പരേതാത്മാവിനു വേണ്ടി ഉള്ളുരുകി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
പ്രീഡിഗ്രി ക്ലാസ്സിലെ ഒരു ഒഴിവു ദിനമാണ്. രാവിലെ തന്നെ പ്രത്യേകിച്ചൊരു കാര്യവുമില്ലാതെ മനസ്സിലേക്കൊരു ചിന്ത കയറി വന്നു.
അജയന്റെ അച്ഛനെങ്ങാൻ ഇപ്പോൾ മരിച്ചാൽ ആ കുട്ടിയുടെ തലയിലേക്കാവില്ലേ ആ കുടുംബത്തിന്റെ ഉത്തരവാദിത്തം വരിക?
ഉച്ചയൂണു കഴിഞ്ഞു അന്നത്തെ പത്രവുമായി കിടക്കയിലേക്കു ചാഞ്ഞു.
ചരമക്കോളത്തിൽ കണ്ണുടക്കി.
ഇറ്റാപ്പിരിപ്പറമ്പിൽ നാരായണൻ അന്തരിച്ചു! എന്റെ ഉള്ളിലേക്ക് ഈ സന്ദേശം രാവിലെ തന്നെ എങ്ങനെ എത്തിച്ചേർന്നെന്ന് ഇന്നുമറിയില്ല.
അച്ഛൻ നഷ്ടപ്പെട്ട മൂത്ത മകൻ നന്നേ ചെറുപ്പത്തിലേ ഒരു പാട് ഭാരം ചുമന്നിട്ടുണ്ടാകാം. എന്നിട്ടും ജീവിതം ആസ്വദിക്കും മുന്നേ ആ ജീവനെ തിരിച്ചു വിളിച്ചതിന് ഞാൻ അന്ന് ഈശ്വരനോട് ഒരുപാടു കലഹിച്ചു.
അതെന്താ ചിലർക്ക് സങ്കടങ്ങൾ മാത്രം കൊടുക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.
കാർത്തികേയനെന്ന് രേഖകളിലുള്ള പൊന്നനെന്ന് ചെല്ലപ്പേരുള്ള എന്റെ ജീവിത പങ്കാളിയോട് ഈ കഥകൾ പറഞ്ഞ് പറഞ്ഞ് ഞാനദ്ദേഹത്തിന്റെ ചെവി തുളച്ചു.
ഒരിക്കൽ നാട്ടിൽ പോയപ്പോൾ ഞങ്ങൾ എറണാകുളത്തെ ലിസ്സി ആശുപത്രിക്കടുത്തുള്ള മെഡിക്കൽ ഷോപ്പുകളിൽ അജയന്റെ അനുജനെ തിരഞ്ഞു നടന്നു. ആ അനുജന്റെ പേരുപോലും ഓർമ്മയിലില്ലാഞ്ഞിട്ടുംമുപ്പത്തഞ്ചു കൊല്ലം മുന്നേ അവിടെ ഒരു മെഡിക്കൽ ഷോപ്പിൽ കണ്ടിരുന്ന ഓർമ്മയിലായിരുന്നു ആ തിരച്ചിൽ.
ചന്തക്കു പോയ പട്ടിയെ പോലെ തിരിച്ചു വീട്ടിലേക്കു വരുമ്പോൾ ഒന്നുറപ്പിച്ചു. ഇനി തിരയണ്ട.
ജീവിതം പലയിടങ്ങളിലേക്കു ഞങ്ങളെ പറിച്ചുനട്ടുകൊണ്ടേയിരുന്നു.
ഒടുവിൽ എത്തപ്പെട്ടത് ഷിമോഗ ജില്ലയിലെ ഭദ്രാവതിയിലുള്ള ലക്ഷ്മീപുരമെന്ന കൊച്ചു ഗ്രാമത്തിലേക്കാണു്. അവിടെ അടുത്തുള്ള ഇൻഡസ്ട്രിയൽ ഏരിയയിൽ ഞങ്ങൾ ഒരു ഫൗൺട്രി തുടങ്ങി.
കമ്പനിയിലേക്കുള്ള പോക്കുവരവിൽ കാണുന്നതൊക്കെ എഴുതി കൂട്ടുകാർക്കിട്ട് കൈയടി നേടിക്കൊണ്ടിരിക്കെ എന്റെ ബന്ധുവായ കൈഗയിലെ രാജീവ് എന്നെ ഗോവയിലെ ശ്രീമതി രാജേശ്വരിക്ക് പരിചയപ്പെടുത്തുന്നു. അങ്ങനെ ഞാൻ ‘ക്രിയേറ്റീവ് വിമൻ’ ഗ്രൂപ്പിലും അവിടന്നും ‘രചനാഭൂമിക’യിലും ‘ബാംഗ്ലൂർ കവി ക്കൂട്ട’ത്തിലും എത്തിപ്പെടുന്നു.
കമ്പനിയിൽ ആയിരത്തി മുന്നൂറിലധികം ഡിഗ്രി ചൂടിൽ ഫർണ്ണസ്സ് കത്തി അതിലേക്കിടുന്നതിനെയെല്ലാം ദഹിപ്പിച്ചു ദ്രവരൂപത്തിലാക്കുന്നത് കണ്ട് കണ്ണഞ്ചിനിൽക്കെ പതിയെ പതിയെ അതെന്റെ മനസ്സിനേയും ദഹിപ്പിക്കുന്നതറിഞ്ഞു. എന്താന്നറിയില്ല.
എന്റെ മനസ്സ് ഉരുകിയൊലിച്ചു പിന്നീടു തണുത്തുറഞ്ഞ ലാവ പോലെ കട്ടിപിടിച്ചുകിടന്നു. അതിൽ നിന്നും അക്ഷരങ്ങൾ ഒന്നും എണീറ്റു വന്നില്ല.
എത്ര ശ്രമിച്ചിട്ടും ഒരു വരി പോലും എഴുതാനായില്ല. ക്രമേണ ഞാൻ വായനയും കുറച്ചു. രചനാഭൂമികയിലും ബാംഗ്ലൂർ കവിക്കൂട്ടത്തിലും നൂറുകണക്കിന് കഥകളും കവിതകളും കുമിഞ്ഞുകൂടി.
ദീർഘകാലം കാണാഞ്ഞപ്പോൾ ഈ അരങ്ങിലൂടെ പരിചയപ്പെട്ട ഒന്നുരണ്ടു പേർ ഞാൻ ജീവിച്ചിരിപ്പുണ്ടോന്ന് തിരക്കി. സ്നേഹം പങ്കിട്ടു.
അങ്ങനെ രണ്ടു നാൾ മുന്നേ ലക്ഷ്മീപുരത്തെ തിരക്കിൽ നിന്ന് ഒരവധി എടുത്ത് ബാംഗ്ലൂരിലെ വീട്ടിലെത്തി.
തിരക്കുകൾ ഒഴിഞ്ഞപ്പോൾ വെറുതെ “രചനാഭൂമിക” യിലെത്തി.
ഏറ്റവും താഴേന്ന് മേലേക്ക് വായന തുടങ്ങി.
ഗാഥക്കുട്ടിയുടെ ‘മരണത്തിന് തീയിട്ടവൾ ‘ വായിച്ചു
അതിലെ എഴുതാപ്പുറങ്ങളെ മനസ്സിൽ വായിച്ചു കൊണ്ട് വീണ്ടും മേലേക്കു പോയി.
ഒരു പുഴ.കോം മാത്രം കണ്ണിൽ പെട്ടു. കെനിയയിൽ ആദ്യമായി എത്തിയ എഴുത്തുകാരന്റെ കഥ ആറാം ഭാഗമായിരുന്നത്.
വായന കഴിഞ്ഞപ്പോൾ വായനക്കാരുടെ അഭിപ്രായങ്ങൾ കാണാൻ തോന്നി.
അതും കണ്ട് കണ്ണുകൾ താഴേക്കു പോയി. അജയ് നാരായണന്റെ പരിചയപ്പെടുത്തലും ഫോട്ടോയും കണ്ടു. കളമശ്ശേരി എന്നു വായിച്ചപ്പോൾ പരിചയപ്പെടണം അയൽനാട്ടുകാരിയാണെന്നു പറയണംന്നു തോന്നി.
പഠിച്ച കോളേജുകളുടെ പേരിൽ കണ്ണുടക്കിയപ്പോഴേക്കും മനസ്സിൽ മഴവില്ലു വിരിഞ്ഞു. അജയഘോഷ് ഇ എൻ
ഇറ്റാപ്പിരിപ്പറമ്പിൽ നാരയണൻ മകൻ അജയഘോഷ്, അജയ് നാരായണനായിരിക്കുന്നു.
ഞാൻ ഫോണിൽ നിന്നും തലയുയർത്തി അന്തരീക്ഷത്തിലേക്കു നോക്കി.
ഞാൻ വിശ്വസിക്കുന്ന ആ അദൃശ്യശക്തി ഒരു കുസൃതിയോടെ കണ്ണിറുക്കിക്കാട്ടി ചോദിച്ചു. സമാധാനമായോ?
ഒരുപാടു കാലം മുന്നേ കൈമോശം വന്ന നിധി മനസ്സു തേടിനടന്നു മടുത്തത് യാദൃശ്ചികമായി കൺമുന്നിലേക്കെത്തിയ വിധം! ഇപ്പോഴും വിശ്വസിക്കാൻ പ്രയാസമാവുന്നു.
രചനാഭൂമികയെന്ന ഈ എഴുത്തുകാരുടെ തട്ടകത്തിൽ വലിയൊരു എഴുത്തുകാരി അല്ലാഞ്ഞിട്ടും ഞാൻ കയറി പറ്റിയത് ഇതിനായിരുന്നോ?
പത്താം ക്ലാസ്സിലെ ഓട്ടോഗ്രാഫിൽ ഞങ്ങൾ എഴുതുമായിരുന്നു, ‘വേൾഡ് ഈസ് റൗണ്ട് സോ വീ ക്യാൻ മീറ്റ് എഗേയ്ൻ’ന്ന്.
അതൊക്കെ സത്യമായല്ലോന്നോർക്കുമ്പോൾ…
പ്രിയ കൂട്ടുകാരൻ അജയനു സമർപ്പിക്കുന്നു സ്നേഹത്തിൽ ചാലിച്ച എന്റെ ഈ ഓർമ്മകുറിപ്പ്.
ഇതിത്രയും എന്റെ സ്വകാര്യ ജീവിതത്തിലെ ഒരേടു ഞാൻ പ്രിയ വായനക്കാരുമായി പങ്കിട്ടെന്നു മാത്രം.
ശ്രീ അജയഘോഷിലൂടെയാണു ഞാൻ പുഴ.കോംമിനെ അറിയുന്നത്. ആ പുഴയിലേക്കിറങ്ങി ചെന്ന് ഞാൻ കുളിച്ചു കയറിയത്. ഇരുണ്ട ഭൂഖണ്ഡത്തിലേക്ക് വലതുകാൽ വെച്ചു കയറിയ ഒരാളുടെ പത്തു നാൽപ്പതു വർഷക്കാലത്തെ അനുഭവങ്ങളുടെ ചൂടറിഞ്ഞുകൊണ്ടാണ്. ചൂടുമാത്രമായിരുന്നില്ലാല്ലോ. അതിൽ തണുപ്പും സന്തോഷവും സങ്കടവും ഒക്കെ ഇടകലർന്നൊഴുകിയ നാലു പതിറ്റാണ്ടുകൾ.
ആഫ്രിക്കയിലെ ല്സോത്തോയെന്ന സ്ഥലത്തെ പറ്റി ആദ്യമായറിഞ്ഞത് ഈ കുറിപ്പുകളിലൂടെയാണ്. അവിടത്തെ ജനങ്ങളെ, വീടിനെ, ഗ്രാമത്തെ സ്ക്കൂൾ വിദ്യാഭ്യാസത്തെ ഒക്കെ അടുത്തറിയാൻ പറ്റി.
ആത്മാർത്ഥതയും സ്നേഹവും ആത്മാർപ്പണവും കഠിനാദ്ധ്വാനവും കൈമുതലായുള്ള അജയൻ അവിടെ നിന്നും നേടിയെടുത്ത ജീവിത വിജയകഥകൾ പ്രവാസികൾക്കൊരു പ്രചോദനമാവും. തീർച്ച.
നല്ല വായന പകർന്ന ഓരോ അദ്ധ്യായവും പുത്തനറിവുകളുടെ ശേഖരമായിരുന്നു.
മനസ്സിനെ സ്പർശിച്ച ഒട്ടനവധി സന്ദർഭങ്ങൾ വായനക്കിടയിൽ ഉണ്ടായിരുന്നു.
അനുജന്റെ മൃതദേഹവുമായി തനിച്ചു യാത്ര ചെയ്യേണ്ടിവന്ന ഒരു ജേഷ്ഠന്റെ നോവ് വായനക്കാരിയെന്ന നിലയിൽ മാത്രമല്ല ആ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആൾ എന്ന നിലയിൽ പറഞ്ഞറിയിക്കാനാവാത്ത ഒരു വിങ്ങലായി മനസ്സിൽ ഇന്നും നിൽക്കുന്നു.
എന്റെ ചങ്ങാതി അജയന് എഴുത്തുവഴിയിൽ എല്ലാവിധ ആശംസകളും നേരുന്നു.
മൈഥിലി പ്രിയ സുഹൃത്തേ, നന്ദി സ്നേഹം. ഏറെ നാളുകൾക്ക് ശേഷം കണ്ടു. നല്ലൊർമ്മകൾ തന്നു
കൂട്ടുകാരനോട് എന്നും സ്നേഹം മാത്രം.