ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതു കാല്‍ വച്ച് -മുപ്പത്തി ഒന്ന്

 

 

 

 

 

 

 

ഡേവിഡ് നന്നായി മെലിഞ്ഞ പൊക്കമുള്ള ഒരാൾ. കിംബർ മെലിഞ്ഞു പൊക്കം കുറഞ്ഞവൾ. പ്രാഥമികമായ പരിചയപ്പെടലും സൽക്കാരവും കഴിഞ്ഞപ്പോൾ വൈകിട്ട് അഞ്ചുമണിയായി. എന്നാലൊന്നു ചുറ്റിക്കറങ്ങാം എന്ന അവരുടെ നിർദ്ദേശത്തിൽ ഉത്സാഹംപൂണ്ടു വിനുവും അവളുടെ ആന്റിമാരും കൂട്ടുപോകാനിറങ്ങി. എന്റെ മകൾക്ക് അന്ന് ഒൻപതുവയസ്സാണ്.

പുറത്തിറങ്ങി മനോഹരമായ മലനിരകളെ പ്രകീർത്തിച്ച് ഉത്സാഹത്തോടെ അവർ തിരികെയെത്തി. ഞങ്ങൾ വർക്ഷോപ്പിന്റെ കാര്യങ്ങൾ ചർച്ച ചെയ്തുകൊണ്ടിരുന്നു. ഉമ ഭക്ഷണം ഒരുക്കാനും തുടങ്ങി.

അതിനിടയിൽ ഉമ പരാതി പറഞ്ഞു, വാഷിംഗ്‌ബേസിൽ വെള്ളം കെട്ടിക്കിടക്കുന്നു.

ഓക്കേ, രാവിലെ നോക്കാം. ഇരുട്ടായല്ലോ. തല്ക്കാലം അത്താഴം ഒരുങ്ങട്ടെ. ഭക്ഷണം വിളമ്പുന്ന തിരക്കിനിടയിൽ വാതിലിൽ മുട്ടുകേട്ട് തുറന്നു. ഉമയുടെ പ്രിൻസിപ്പൽ ആണ്.

വാതിൽ തുറന്നതും, അദ്ദേഹത്തിനു പിന്നാലെ മൂന്നു മുഖംമൂടികൾ തള്ളിക്കയറി. കയ്യിലെ തോക്കുകൊണ്ട് ബ്രദർ മജോറോയുടെ തലക്കിട്ടു ആദ്യമവർ ഒന്നുകൊടുത്തു. എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലായില്ല. ഞങ്ങളെ എല്ലാവരെയും സ്വീകരണമുറിയിൽ ഇരുത്തി. രണ്ടുപേർ കാവൽ.

പേടിച്ചുപോയ ഡേവിഡ് തലയ്ക്കുപിറകിൽ രണ്ടുകയ്യുംവച്ചു സോഫയിൽ. കൂടെ കിംബർ. ഉമയും സഹോദരിമാരും മോളും ഒരു മൂലയിൽ ചുരുണ്ടുകൂടി. ഞാൻ ഒറ്റയ്ക്ക് അവരുടെ അടുത്ത് വേറെ ഒരു സോഫയിൽ. ബ്രദർ മജോറോ ചോര ഒലിപ്പിച്ചു വേറെ ഒരു മൂലയിൽ. ചിലപ്പോൾ അനുസരണയാണ് ബലം. ഒന്നും പറയാനില്ല.
കള്ളന്മാരിൽ മൂന്നാമത്തെ ആൾ അകത്തുപോയി കിട്ടാവുന്നതെല്ലാം എടുത്തു. ചിലവിനായി ഞാൻ കരുതിവച്ച പണവും ഡേവിഡ് യാത്രക്കായി കരുതിവച്ച പണവും വസ്ത്രങ്ങളും പിന്നെന്തൊക്കെയോ എടുത്തു. ഒപ്പം ഞങ്ങളുടെ സെൽഫോണുകളും. എല്ലാം നൊടിയിടകൊണ്ട് കഴിഞ്ഞു.

എല്ലാരും ഷോക്കിൽ ആയിരുന്നു. ഞങ്ങൾ പുറത്തുപോയി നോക്കും എന്ന ഊഹത്തിലാണ് അവർ അഴുക്കുപോകുന്ന പൈപ്പ് അടച്ചത്. പ്രകൃതിഭംഗി ആസ്വദിച്ചുവരുമ്പോൾ ഡേവിഡും കിംബറും ചില അപരിചിതരുമായി സൗഹൃദസംഭാഷണം നടത്തിയിരുന്നു. അതിന്റെ തുടർക്കഥ ആണ് ഈ സംഭവം. മിക്കവാറും മോഷണങ്ങൾ ഇങ്ങനെയൊക്കെ ആണുതാനും.

എട്ടിന്റെ പണി തന്ന് അവർ, “ദാ വന്നു, ദാ പോയി” എന്നമട്ടിൽ വിട്ടുപോയി. അവർ പോയതിനുപിന്നാലെ ആകെ അലങ്കോലമായ വീട്ടിനുള്ളിൽ, ഷോക്കിൽനിന്നും ഞങ്ങൾ പുറത്തുകടന്നു. മോള് വല്ലാതെ പേടിച്ചു. ഇനിയുമവർ വന്നാലോ?

മുറിവേറ്റ ബ്രദറിനു പ്രഥമശുശ്രൂഷ നൽകി. മേലാകെ ചോരയാണ്. അതിനിടയിൽ അയൽവക്കക്കാരെ വിളിച്ചുവരുത്തി. പോലീസിൽ അറിയിച്ചു. അവർ വന്നു തെളിവെടുപ്പും നടത്തി. ആ സംഭവം ഓർക്കുമ്പോൾ മനസ്സിൽ വരുന്ന കാഴ്ച, എന്റെ മോൾ, അവളുടെ സമ്പാദ്യമായ സ്കൂൾബാഗ് തോളിലിട്ട് നടക്കുന്നതു മാത്രം. എപ്പോഴും എവിടെയും പോകുമ്പോൾ കയ്യിൽ അവളുടെ ബാഗ് കാണും. ആരും കൊണ്ടുപോകാതിരിക്കുവാനാണ്. ഹൃദയഭേദകമായിരുന്നു ആ കാഴ്ച.

ല്സോത്തോയിൽ വന്ന രാത്രിയിൽ തന്നെയുള്ള ഭീകരാനുഭവം ഈ നാടിനെക്കുറിച്ചുള്ള ഡേവിഡിന്റെ അഭിപ്രായത്തെയും പിന്നീട് സ്വാധീനിച്ചു. ഡേവിഡ് എന്നോട് കൂടെക്കൂടെ ക്ഷമയും പറയുന്നുണ്ടായിരുന്നു. മൂന്നുപേർ അവരോട് വഴിയിൽവച്ച് വിവരങ്ങൾ ചോദിച്ചതും അവർ ഓർത്തെടുത്തു. ഇതിന്റെ ആഘാതം അദ്ദേഹത്തിൽ എന്നും ഉണ്ടായിരുന്നു. പിന്നീട് പലരോടും അദ്ദേഹം പറഞ്ഞിരുന്നു, “ല്സോത്തോ ഒട്ടും സുരക്ഷിതമായ നാടല്ല”.

നല്ല സംഘർഷം മനസ്സിലുണ്ടായിരുന്നു ഞങ്ങൾക്ക്. എങ്കിലും വർക്ഷോപ് ഭംഗിയായി നടന്നു. ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഓർമ്മ, വർക്ഷോപ്പിൽ പങ്കെടുക്കുവാൻ ബൂത്തബൂത്തയിൽ നിന്നും വന്ന ഈനോക്കിനെ കുറിച്ചാണ്. ആദ്യത്തെ ദിവസം കഴിഞ്ഞപ്പോൾ പരിചയപ്പെട്ട ഈനോക്ക് ചോദിച്ചു, ദൂരേന്ന് വരാൻ പ്രയാസം, ഞങ്ങളുടെ വീട്ടിൽ കിടക്കുവാൻ സാധിക്കുമോ എന്ന്. സോഫായിൽ കിടന്നോളാം. ഓക്കേ, സമ്മതിച്ചു. ഈനോക്ക് ഗുണരാജ ശ്രീലങ്കൻ ആണ്. ഭക്തിമാർഗ്ഗം. അവരുടെ ഒരു പള്ളിവക സ്കൂളിൽ അധ്യാപകനായി സേവനത്തിനു വന്നവൻ. ശ്രീലങ്കയിൽ നിന്നും UK യിൽ വന്നു എഞ്ചിനീയറിംഗിൽ ഡോക്ടറേറ്റ് കഴിഞ്ഞശേഷം തോന്നി ഇവിടെ രണ്ടുവർഷം നിൽക്കാമെന്ന്.

വളരെ നല്ല സ്വഭാവം, എപ്പോഴും ക്രിസ്തുവിനെക്കുറിച്ച് പറയും. ഞങ്ങളുമായി നല്ല ബന്ധം തുടർന്നു. ഞങ്ങൾ പിന്നീട് UK യിൽ പോയപ്പോൾ അവന്റെ വീട്ടിലാണ് താമസിച്ചത്. അപ്പോഴേക്കും അവന്റെ വിവാഹവും കഴിഞ്ഞിരുന്നു. പിന്നെടോരിക്കൽ രണ്ടാഴ്ചക്ക് ഒരു internship നായി മോൾ യൂകെയിൽ പോയപ്പോൾ അവരുടെ വീട്ടിലും താമസിച്ചിരുന്നു. ഇപ്പോൾ അവർ കാനഡയിലേക്ക് താമസം മാറ്റി.

അങ്ങനെ, നല്ലതും കേട്ടതുമായ ഒരു അനുഭവമായിരുന്നു ഈ വർക്ഷോപ് അനുഭവം ഞങ്ങൾക്ക് സമ്മാനിച്ചത്.
പുതിയ അനുഭവങ്ങളുമായി ഡേവിഡും കിംബറും യാത്രയായി, യൂകെയിലേക്ക്.

ഡേവിഡിന്റെ സ്വപ്നമായ AIMS ഇവിടെ സംഭവിച്ചില്ല. പിന്നീടൊരിക്കൽ ഒരു AIMS വർക്ഷോപ്പിന് കേപ്പ്ടൗണിൽ ഞാൻ പോയപ്പോൾ, അവിടെയും ഈ പരാമർശം ഉണ്ടായി. ആർക്കും താല്പര്യം ഇല്ലാത്ത ഒരു പ്രൊജക്റ്റ്‌ ആയി AIMS – Lesotho മാറി.
വർഷാദ്യത്തിലെ ദുരനുഭവം ഞങ്ങൾ മറക്കുവാൻ ശ്രമിച്ചു. ആ വർഷം വ്യക്തിപരമായി ഒട്ടും സുഖകരമായിരുന്നില്ല. ഇന്നും ഓർത്താൽ, ഒരു വിമ്മിഷ്ടമാണ്. പക്ഷേ, ആ അനുഭവം അതിജീവനത്തിന്റെ ഭാഗമായി എടുത്തു. പേടിച്ചെവിടെപ്പോകാൻ! ഇവിടെയുള്ള മിക്കവാറും പ്രവാസികൾക്ക് ഇത്തരം അനുഭവങ്ങൾ ഏറിയും കുറഞ്ഞും ഉണ്ട്. ഏതായാലും, ആ കാലവും കടന്നുപോയി.

ഡേവിഡുമായുള്ള എന്റെ സൗഹൃദം തുടർന്നു. ഇതേ വർഷം ജൂണിൽ കിംബർ മാത്രം വന്നു. അവർ ഒരു വർക്ഷോപ് കൂടി നടത്തി. ഒപ്പം AIMS ൽ നിന്നും പത്തോളം വിദ്യാർഥികളും. ഇവിടെയുള്ള വിദ്യാഭ്യാസവകുപ്പായിരുന്നു അതിനു നേതൃത്വം കൊടുത്തത്. അങ്ങനെ 2005 സംഭവബഹുലമായി കഴിഞ്ഞു.

വിദ്യാഭ്യാസവകുപ്പ് എന്നെയും ശ്രദ്ധിച്ചുതുടങ്ങി. കത്തോലിക്കാസഭയും. വർക്ഷോപ്പുകൾ നടത്തുക എന്ന താല്പര്യത്തെ ഞാനും താലോലിക്കുവാൻ തുടങ്ങി. മാത്‍സ്, സയൻസ് വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർക്കും ഏറെ താല്പര്യം ഉണ്ടായിരുന്നു.

സെനെസ് അതിനിടയിൽ വളർന്നു. ആയിരത്തിൽ താഴെ വിദ്യാർഥികൾ, ഇരുപത്തിയഞ്ചോളം അദ്ധ്യാപകർ അഞ്ചോളം വിഷയാധിഷ്ഠിത തലവന്മാർ. വർഷാവസാനം നല്ല റിസൾട്ട്‌. അങ്ങനെ സ്കൂൾ പുഷ്പിച്ചു.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleചലച്ചിത്ര- നാടക നടൻ കൈനകരി തങ്കരാജ് അന്തരിച്ചു
Next articleഒരു ദേശം കഥ പറയുന്നു – അധ്യായം -അമ്പത്തിയാറ്
ഡോ. അജയ് നാരായണൻ: എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ ശ്രീ നാരായണന്റെയും ശ്രീമതി സുന്ദരത്തിന്റെയും മകൻ. സെയിന്റ് പോൾസ് കോളേജ് (കളമശ്ശേരി) ഭാരതമാതാ കോളേജ് (തൃക്കാക്കര), സെയിന്റ് ആൽബെർട്സ് കോളേജ് (എറണാകുളം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ് 1988 ൽ കെന്യയിൽ അധ്യാപകനായി ജോലി തുടങ്ങി. 1991ൽ ല്സോത്തോയിൽ കുടിയേറി, അധ്യാപകനായി ജോലി നോക്കി. സെയിന്റ് ഓഗസ്റ്റിൻ യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും എംഫിൽ, റോഡ്‌സ് യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും പി എച്ഡി. 2019ൽ ജോലിയിൽ നിന്നും വിരമിച്ച ശേഷം പ്രൈമറി വിദ്യാഭ്യാസത്തിൽ ദർഹം യൂണിവേഴ്സിറ്റി (യൂ കെ) യുമായി ഗവേഷണം (ipips ). താമസം മസേറു വിൽ (തലസ്ഥാനം നഗരി). ഭാര്യ, ഉമാദേവി, അധ്യാപിക. മകൾ ഭാവന, മെഡിക്കൽ ഡോക്ടർ (സൗത്ത് ആഫ്രിക്ക).

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here