This post is part of the series ഇരുണ്ടഭൂഖണ്ടത്തിന്റെ മാറില്‍ വലതു കാല്‍ വച്ച്
Other posts in this series:
- ഇരുണ്ടഭൂഖണ്ടത്തിന്റെ മാറില്‍ വലതു കാല്‍ വച്ച് -മുപ്പത് (Current)
- ഇരുണ്ടഭൂഖണ്ടത്തിന്റെ മാറില്‍ വലതു കാല്‍ വച്ച് – ഇരുപത്തിയൊന്‍പത്

തിരികെ ല്സോത്തോയിൽ എത്തിയശേഷവും നീലുമായി ആശയങ്ങൾ കൈമാറി. അങ്ങനെയാണ് ഡേവിഡ് മക്കെയ് (David John Cameron Mackay) എന്ന ശാസ്ത്രജ്ഞൻ ഞാനുമായി ബന്ധപ്പെട്ടത്.
കീ ബോർഡ് ഇല്ലാതെ കമ്പ്യൂട്ടർ ഉപയോഗിക്കുവാനുള്ള മാർഗ്ഗം ഡേവിഡ് അക്കാലത്ത് കണ്ടുപിടിച്ചിരുന്നു. ഇന്നത് പക്ഷേ, സാർവ്വത്രികമാണ്. പ്രഫസർ മക്കെ UK യിലെ കാലാവസ്ഥാവ്യതിയാനം വ്യാഖ്യാനിക്കുന്ന സർക്കാർ ഡിപ്പാർട്മെന്റ്ൽ ഉപദേശകനുമായിരുന്നു (Department of Energy and Climate change). ഉന്നത സ്ഥാനമാണ്.
അദ്ദേഹം ആയിടയ്ക്ക് “Without the Hot Air” എന്ന പ്രസിദ്ധമായ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട്, 2006 ഡിസംബറിലെ ക്രിസ്തുമസ് നാളുകളിൽ ഞാനും കുടുംബവും ഇംഗ്ലണ്ടിൽ പോയപ്പോൾ അദ്ദേഹത്തെ അവിടെവച്ചു കണ്ടതും മറക്കില്ല. വേദന തരുന്ന ഓർമ്മയാണ് ഡേവിഡ് ഇന്ന്. അദ്ദേഹം 2016 ഏപ്രിൽ 14 നു മരിച്ചു. ഇതേ മാസം ആണ് ഗവേഷണം പൂർത്തിയാക്കി ഞാൻ PhD നേടി, ബിരുദ സർട്ടിഫിക്കേറ്റ് ഏറ്റുവാങ്ങിയതും.
നമുക്ക് 2005 ലേക്കു വരാം. ഡേവിഡിന് AIMS മായുള്ള പ്രവർത്തനം തുടങ്ങുവാനും അധ്യാപകർക്കായി വർക്ഷോപ്പുകൾ നടത്തുവാനും ഇവിടെ അവസരം ഉണ്ടോ? അദ്ദേഹത്തിന്റെ ഇമെയിൽ വന്നു.
AIMS സൗത്ത് ആഫ്രിക്കയിൽ നേരത്തേതന്നെ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞിരുന്നു. അതിന്റെ വിശദമായ വിവരങ്ങൾ ഡേവിഡ് പങ്കുവച്ചു. AIMS ന്റെ ഭാഗമായാണ് വർക്ഷോപ് രൂപപ്പെടുത്തിയതും.
ഞാൻ മൊയ്ല്വയുമായി ആലോചിച്ചു. എന്റെ ഏതു കാര്യത്തിലും അദ്ദേഹവുമായി ചർച്ച ചെയ്യാറാണ് പതിവ്. കട്ടയ്ക്ക് കൂടെ നിൽക്കുന്ന മൊയ്ല്വയെക്കുറിച്ചേറെ പറയുവാനുണ്ട്. ഇ മെയിലിനു ഞാൻ മറുപടിയും പറഞ്ഞു, അവസരം ഉണ്ട്.
ഈ അവസരം ഒരു വെല്ലുവിളിയായി ഏറ്റെടുക്കുവാൻ ഞങ്ങൾ തീരുമാനിച്ചു. ബ്രദർ മജോറോ സെയ്ന്റ് ജോസഫ് സ്കൂളിൽവച്ചു വർക്ഷോപ് നടത്തുവാൻ അനുവാദം തന്നു. ചിലവ് ചുരുക്കലിന്റെ ഭാഗമായി ഡേവിഡിനും കൂടെ വരുന്ന പ്രഫസർ കിംബറിനും ഞങ്ങളുടെ വീട്ടിൽ താമസിക്കാം. ഞങ്ങളുടെ വീട്ടിൽ ഉമയുടെയും എന്റെയും സഹോദരിമാരും അന്നാളുകളിൽ ഇവിടെയുണ്ട്.
വർക്ഷോപ്പിന്റെ രൂപരേഖ ഡേവിഡുമായിട്ടാലോചിച്ചുണ്ടാക്കി . വിദ്യാഭ്യാസവകുപ്പിന്റെയും കത്തോലിക്കാസഭയുടെയും അനുവാദം വാങ്ങി. ഹൈസ്കൂൾ, പ്രൈമറി സ്കൂൾ എന്നു തരം തിരിച്ചു അധ്യാപകർക്ക് നാലുദിവസത്തെ വർക്ഷോപ്പിന് ഒരുങ്ങി. സർക്കാർ ഉദ്യോഗസ്ഥർ, യൂണിവേഴ്സിറ്റിയിലെയും ട്രെയിനിങ് കോളേജിലെയും അധ്യാപകരെയും ക്ഷണിച്ചു. എല്ലാം ഒരുങ്ങി. ഞാനും ഉത്സാഹത്തിലാണ്.
എല്ലാറ്റിനുമുള്ള വേദിയൊരുങ്ങി. ഞങ്ങളുടെ പ്രിൻസിപ്പാൽമാരും കൂടെയുണ്ട്. 2005 ജനുവരി മാസത്തിൽ മൂന്നു മുതൽ അഞ്ചു വരെയാണ് വർക്ഷോപ്.
ഒന്നാംതീയതി ഉച്ചയ്‌ക്കുശേഷമുള്ള ഫ്ലൈറ്റിലാണ് അവർ വരുന്നത്. ഉത്കണ്ഠാഭരിതനാണ് ഞാൻ.കൃത്യസമയത്ത് തന്നെ എയർപോർട്ടിൽനിന്നും ഞാൻ അവരെ സ്വീകരിച്ചു.
ആളൊരുങ്ങി, അരങ്ങൊരുങ്ങി.