ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച് – ഇരുപത്തിഏഴ്

This post is part of the series ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച്

Other posts in this series:

  1. ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച് : മുപ്പത്തി ഏഴ്
  2. ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വെച്ച്- 35
  3. ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വെച്ച്- 34
അന്നെല്ലാം, മൂന്നു വർഷത്തെ ജൂനിയർ സർട്ടിഫിക്കറ്റ് കോഴ്സ് (JC), രണ്ടു വർഷത്തെ Cambridge Overseas Schools Certificate (COSC) കോഴ്സ് എന്നിവയാണ് ഇവിടെ പ്രധാനം. ഈ സിസ്റ്റത്തെ 7+3+2 എന്നാണ് പറഞ്ഞിരുന്നത്. ആദ്യത്തെ എഴുവർഷം പ്രൈമറി വിദ്യാഭ്യാസഘട്ടമാണ്. അതിനുശേഷമുള്ള അഞ്ചുവർഷങ്ങളെ Form A – E എന്നും വിശേഷിപ്പിച്ചിരുന്നു.
മൂന്നുവർഷത്തെ JC കോഴ്സ് കഴിഞ്ഞാൽ Form D യിൽ ചേരാം. ഞങ്ങൾ Form D തുടങ്ങി, 1996ൽ. സ്കൂളിന്റെ ചിലവിൽ പ്രൈവറ്റ് ആയി അധ്യാപകരെ നിയമിക്കാൻ സാമ്പത്തികമായ കഴിവില്ല. അതുകൊണ്ട് പുതിയ അധ്യാപകർ സ്കൂളിൽ ഇല്ല. ഔദ്യോഗികമായി അനുവാദം കിട്ടിയാലേ പുതിയ അധ്യാപകർക്കുള്ള ഗ്രാൻറ്റും കിട്ടുകയുള്ളു. എന്നുവച്ചാൽ ഇപ്പോൾ സ്‌കൂളിലുള്ള അധ്യാപകർ പഠിപ്പിക്കുവാനുള്ള വിഷയങ്ങൾ എല്ലാം ഏറ്റെടുക്കണം.
നിയമപരമായി ഒരു അധ്യാപകന് ഒരാഴ്ചയിൽ മുപ്പത് പീരിയഡ്കൾ ഉണ്ടാകും. അൽപ്പം ഏറ്റക്കുറച്ചിലുകളോടെ. ആ വർഷം Form D തുടങ്ങിയതിനാൽ കൂടുതൽ ഭാരം എല്ലാവരും തലയിലേറ്റു. വേറെ നിവർത്തി ഇല്ലായിരുന്നു. ഞാൻ നാൽപ്പത് പീരിയഡ് ഏറ്റെടുത്തു. ഒരു ക്ലാസ്സിൽ മതപാഠവും പഠിപ്പിച്ചു. പ്രധാനമായും ബൈബിളിനെ ആധാരമാക്കി ഗുണപാഠങ്ങൾ കൊടുക്കണം. നല്ല പണിയായിപ്പോയി.
ഞാനാരാ മോൻ! ഗണിതശാസ്ത്രവും സയൻസുമാണ് എന്റെ മുഖ്യവിഷയം. എല്ലാം തലയ്ക്കകത്താണ് സംഭരിച്ചുവച്ചിരിക്കുന്നത്. ബൈബിൾ പഠിപ്പിക്കാൻ അത്രയുംപോരാ. ഗൃഹപാഠം നല്ലതുപോലെ ചെയ്യണം. ചെയ്തു, അല്ലാതെ നിവർത്തിയില്ലായിരുന്നു.
തിരക്കിട്ട ദിവസങ്ങൾ. സിലബസ് തീർക്കുവാൻ ശനിയാഴ്ചയും ക്‌ളാസ്സെടുത്തു. എല്ലാവരും തമ്മിൽ നല്ല സഹകരണം ഉണ്ടായിരുന്നു. അങ്ങനെ തിരക്കേറിയ 1996 ഒഴിഞ്ഞുപോയി.
1997 ൽ ഔദ്യോഗികമായി ഞങ്ങളുടെ സ്കൂൾ ഹൈസ്‌കൂളായി ഉയർന്നു. പക്ഷേ ദുരന്തങ്ങളായിരുന്നു ആ വർഷം ഞങ്ങളെ കാത്തിരുന്നത്. ഞങ്ങളുടെ കനൂനുവിന് പെട്ടെന്ന് ഒരസുഖം വന്നു, ആരോഗ്യം ഏറെ മോശമായി. ഏപ്രിലിൽ മരിച്ചു. ആ മരണം വല്ലാത്ത മാനസിക ആഘാതം ആയിരുന്നു എല്ലാവർക്കും.
അവന്റെ കുടുംബവും ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. എല്ലാം തുറന്നുപറയാവുന്ന ഒരു സുഹൃത്താണ് എനിക്ക് നഷ്ടമായത്. അവന്റെ ചടുലമായ ചിന്താശക്തി, ഏതിനും മുന്നിട്ടിറങ്ങുന്ന ആർജവം, പൂ പോലെ വിരിയുന്ന സ്നേഹം ഇതെല്ലാം ഇവിടെയുള്ളവരിൽ ഞാൻ വേറെ കണ്ടിട്ടില്ല.
ല്സോത്തോയ്ക്ക് ഒരു നല്ല അധ്യാപകനെ നഷ്ടമായി. ആ ഒഴിവിൽ, സ്കൂളിലെ ഡെപ്യൂട്ടി ന്റാറ്റെ മൊയ്ല്വ പ്രിൻസിപ്പൽ ആയി നിയമിതനായി. അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ആയി തിരഞ്ഞെടുത്തത് എന്നെ ആയിരുന്നു.
ജീവിതത്തിൻറെ മറ്റൊരു ഘട്ടം തുടങ്ങി. ഈ കാലഘട്ടത്തിൽ തന്നെ വളരെയേറെ ബിരുദധാരികൾ അധ്യാപകരായി ചേർന്നുതുടങ്ങിയിരുന്നു. ഒരു മത്സരം എവിടെയും കാണാം. തദ്ദേശീയർക്ക് എളുപ്പത്തിൽ കിട്ടാവുന്ന ജോലിയും അധ്യാപനം തന്നെ. ഡിപ്ലോമ നേടിയും ട്രെയിനിങ് കഴിഞ്ഞ അധ്യാപകരുടെ എണ്ണം കൂടിവരുന്നുണ്ടായിരുന്നു. ഇത്‌, പിൽക്കാലത്ത് തൊഴിലില്ലായ്മ സൃഷ്ടിക്കുന്നതിന്റെ ലക്ഷണംകൂടി ആകുന്നുണ്ട്. 90 കളിൽ പ്രിൻസിപ്പൽ ആകുവാൻ പ്രവർത്തി പരിചയം വേണമെന്നില്ലായിരുന്നു. ബിരുദധാരികൾ എണ്ണത്തിൽ കുറവായതിനാൽ യൂണിവേഴ്സിറ്റിയിൽ പരീക്ഷ എഴുതിക്കഴിയുമ്പോൾ തന്നെ അവരെ ഓടിച്ചിട്ടുപിടിച്ചു പ്രിൻസിപ്പൽ കസേരയിലിരുത്തുന്ന രീതിയും കണ്ടു. പ്രത്യേകിച്ചും ഉൾനാടൻ പ്രദേശങ്ങളിൽ അധ്യാപകരെ കിട്ടാനില്ലായിരുന്നു. എല്ലാ യുവാക്കൾക്കും നഗരിയിൽ ജോലി ചെയ്‌താൽ മതി.
ഒരിടയ്ക്ക്, ഇറങ്ങിയ പലേ ബിരുദധാരികളും അങ്ങനെ അധ്യാപകരോ പ്രിൻസിപ്പലോ ഒക്കെയായി മാറി. ഈ സുവർണ്ണാവസരങ്ങളെ ചിലരെങ്കിലും അവസരോചിതമായി പ്രവർത്തിച്ചു സ്‌കൂളുകളെ നല്ല നിലയിൽ എത്തിച്ചിട്ടുമുണ്ട്. അങ്ങനെ അവസരം ലഭിച്ച ഒരാളായിരുന്നു കനൂനുവും.
ഈ സാഹചര്യത്തിൽ, പ്രവാസികൾക്ക് ആ ഭാഗ്യം കിട്ടുമായിരുന്നില്ല. പ്രാദേശികവാദം മാത്രമല്ല കാരണം. വിദ്യാസമ്പന്നരുടെയിടയിലെ തൊഴിലില്ലായ്മയും അവസരമില്ലായ്മയും ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ കാലം.
ഈ അവസരം എന്നിൽ എങ്ങനെയോ വന്നുചേർന്നു. അതുകൊണ്ടുതന്നെ, എനിക്കു കിട്ടിയ സ്ഥാനക്കയറ്റം ഒരു ബഹുമതി തന്നെയായിരുന്നു.
അങ്ങനെ ഞങ്ങൾ ഒരു ടീം ആയി വർത്തിച്ചു. സ്‌കൂളിന് പ്രഥമമായ ആവശ്യം, അടിസ്ഥാനപരമായ കാര്യങ്ങളിൽ മാറ്റം വരുത്തുക എന്നതായിരുന്നു. വൈദ്യുതി, വെള്ളം, ഗ്യാസടുപ്പ് തുടങ്ങിയ പരിഷ്കാരങ്ങൾ വന്നു. റിസൾട്ട്‌ മെച്ചപ്പെട്ടു. കൂടുതൽ വിദ്യാർഥികൾ സ്‌കൂളിലെത്തി. അധ്യാപകരും വന്നുചേർന്നു.
ആയിടയ്ക്കുതന്നെ ഞങ്ങളുടെ സ്റ്റാഫിൽ ഒരു മലയാളിക്കുട്ടി, മിനിയും ജോലിക്ക് ചേർന്നു. മിനിയുടെ ഭർത്താവ് ജിജോ കുറച്ചുനാളായി ഇവിടെയുണ്ട്. (എനിക്കു മുൻപേ രാജി വച്ചു മിനി സസുഖം കുടുംബസമേതം വാഴുന്നു. സ്വസ്ഥം ഗൃഹഭരണം). ജിജോ, നല്ലരീതിയിൽ തന്നെ ബിസിനസുമായി കഴിയുന്നു. 90 കളിൽ ഇവിടേയ്ക്ക് വന്നു കടകളിൽ ജോലി ചെയ്തു, കഷ്ടപ്പെട്ടും കഠിനപ്രയത്നം ചെയ്തും ഉന്നതിയിലെത്തിയ ജിജോ, മലയാളികൾക്ക് ഒരു മാതൃകയും പ്രചോദനവുമെന്ന് ഞാൻ കരുതുന്നു. കാഞ്ഞിരപ്പള്ളിക്കാരൻ അച്ചായനാണ്. ആരെയും സഹായിക്കും, നല്ല മനുഷ്യൻ. എനിക്കും കുടുംബത്തിനും വേണ്ടപ്പെട്ടവൻ. ഇങ്ങനെ, ഇവിടെയുള്ള ഓരോ മലയാളിക്കും എത്രയോ കഥകളുണ്ടാകും, പറയാൻ. അതെല്ലാം ചരിത്രമാണ്, മലയാളി അന്യനാട്ടിൽ കഷ്ടപ്പെടുന്നതിന്റെ ചരിത്രം, ഉന്നതിയിൽ എത്തുന്നതിന്റെ ചരിത്രം. പലതും അറിയപ്പെടാതെ പോകുന്നു.
സുഹൃത്തുക്കളായി കഴിയുന്ന നാലു കുടുംബങ്ങളുണ്ടിവിടെ. ജിജോ-മിനി, കണ്ണൻ-ശോഭന, ശ്രീനിവാസൻ-രാധ പിന്നെ ഞങ്ങളും. എല്ലാ ബന്ധങ്ങൾക്കുമുള്ള ഏറ്റക്കുറച്ചിലുകളിലൂടെ തന്നെയാണ് ഞങ്ങളും കടന്നുപോയത്. അതൊരു ജൈവീകയാത്ര തന്നെയായിരുന്നു. ഞങ്ങൾക്ക് അവരെല്ലാവരും തരുന്ന സ്നേഹം, കരുതൽ സ്വന്തം ബന്ധുമിത്രാദികളിൽനിന്നും ഞങ്ങൾക്ക് കിട്ടിയിട്ടില്ല എന്നുറപ്പിച്ചുപറയാം. ഞങ്ങളിൽ രാധയുടെ വ്യക്തിത്വം എടുത്തുപറയേണ്ടതുമാണ്. ആർക്കെന്ത് സഹായം വേണമെങ്കിലും ആദ്യം ഓടിയെത്തുക രാധയുടെ അടുത്താണ്. ഇന്ത്യൻ അസോസിയേഷൻ തുടങ്ങിയ നാൾ മുതൽ ഇന്നുവരെ അതിലെ ഒരു അഭേദ്യഘടകമായി വർത്തിക്കുന്ന രാധയെ മാറ്റിനിർത്തിയാൽ ഇവിടെയുള്ള മലയാളികളുടെ ചരിത്രഗാഥ അപൂർണമാണ്. ഇവരെല്ലാം ചേർന്നതാണ് എന്റെ ഇവിടത്തെ മലയാളി അനുഭവം.
അങ്ങനെ ജീവിതം മുൻപോട്ടുപോകുമ്പോഴാണ് 1998 ല്സോത്തോയെ രാഷ്ട്രീയമായി തകിടം മറിക്കുന്നത്.

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleജയ്പൂർ സഹിത്യോത്സവത്തിന് തുടക്കം
Next articleഒരു ദേശം കഥ പറയുന്നു: അധ്യായം -അമ്പത്തിനാല്
ഡോ. അജയ് നാരായണൻ: എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ ശ്രീ നാരായണന്റെയും ശ്രീമതി സുന്ദരത്തിന്റെയും മകൻ. സെയിന്റ് പോൾസ് കോളേജ് (കളമശ്ശേരി) ഭാരതമാതാ കോളേജ് (തൃക്കാക്കര), സെയിന്റ് ആൽബെർട്സ് കോളേജ് (എറണാകുളം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ് 1988 ൽ കെന്യയിൽ അധ്യാപകനായി ജോലി തുടങ്ങി. 1991ൽ ല്സോത്തോയിൽ കുടിയേറി, അധ്യാപകനായി ജോലി നോക്കി. സെയിന്റ് ഓഗസ്റ്റിൻ യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും എംഫിൽ, റോഡ്‌സ് യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും പി എച്ഡി. 2019ൽ ജോലിയിൽ നിന്നും വിരമിച്ച ശേഷം പ്രൈമറി വിദ്യാഭ്യാസത്തിൽ ദർഹം യൂണിവേഴ്സിറ്റി (യൂ കെ) യുമായി ഗവേഷണം (ipips ). താമസം മസേറു വിൽ (തലസ്ഥാനം നഗരി). ഭാര്യ, ഉമാദേവി, അധ്യാപിക. മകൾ ഭാവന, മെഡിക്കൽ ഡോക്ടർ (സൗത്ത് ആഫ്രിക്ക).

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English