
കേശവൻനായർ സാറും ഭാര്യ പ്രമീളച്ചേച്ചിയും ഞങ്ങളുടെ അയല്പക്കമായി വന്നത് 1989 ൽ ആണ് (കേശവൻ നായർ സർ 1994 മെയ് മാസം 24ന് അന്തരിച്ചു).
ന്യക്കുറുവിലെ ഹണ്ട മാനേജ്മെന്റ് സ്കൂളിലെ പ്രിൻസിപ്പൽ ആയിരുന്നു കേശവൻനായർ സർ. പ്രമീളചേച്ചി അടുത്തുള്ള പ്രൈമറി സ്കൂളിലെ അധ്യാപിക. മൂന്നു മക്കൾ, മിഥുൻ, അശ്വിൻ, പ്രിയങ്ക. പ്രമീളച്ചേച്ചി ഏറെ കഥകൾ പറയുന്ന ഒരു മഹതി ആയിരുന്നു. കേശവൻ സർ വളരെ നല്ല ഒരു വായനക്കാരനും.
ന്യക്കുറുവിൽ നിന്നും സ്ഥലം മാറി ഞങ്ങൾ ജോലി ചെയ്യുന്ന സ്കൂളിൽ വന്നു. അങ്ങനെ ഞങ്ങളുടെ അയൽവക്കമായി, അടുപ്പമായി.
വൈകുന്നേരങ്ങളിൽ ചില യാത്രകൾ, പിക്നിക്കുകൾ പതിവായി.
അവിടെ വീട്ടുവേലയ്ക്ക് നിന്ന ഒരു ആഫ്രിക്കൻ ഏടത്തി നല്ല സൂപ്പുണ്ടാക്കുമായിരുന്നു. ചോളം ഷുഗർ ബീൻസുമായി ചേർത്ത് നന്നായി വേവിച്ചതിൽ ഉള്ളിയും തക്കാളിയും ഉരുളക്കിഴങ്ങും ചേർത്ത് വീണ്ടും വേവിക്കും. ഇതിൽ അത്യാവശ്യം മുളകും ഉപ്പും ചേർത്ത് ഉള്ളി വറുത്തിടാം.
ഈ ഡിഷ് മാത്രം മതി, വയറ്റിൽ കിടന്നോളും. ചപ്പാത്തിയ്ക്കൊപ്പവും ജോറാകും. നല്ല സമീകൃതാഹാരമാണ് . കുട്ടികളെ പറ്റിക്കാനും കൊള്ളാം.
കിസുമുവിനെക്കുറിച്ചോർത്താൽ ഭക്ഷണങ്ങളിലെ ഇത്തരം പരീക്ഷണങ്ങളും മറക്കില്ല.
ഇങ്ങനെ അടിച്ചുപൊളിച്ചു സുഖിച്ചു ജീവിക്കുന്നതിനിടയിൽ കിസുമുവിൻറെ ജീവിതക്രമത്തിൽ ഒരു അഗ്നിപർവ്വതം പൊട്ടി. അത് കിസുമു നഗരത്തെ അടിമുടി ഉലച്ചു. ഒപ്പം കെന്യയുടെ രാഷ്ട്രീയ പരിസ്ഥിതിയെയും കുലുക്കി. പ്രവാസികളെ സംബന്ധിച്ച് നിലനിൽപ്പിനു ഭീഷണിയും ആയി. ഇത്തരം അവസ്ഥ ഏത് പ്രവാസിയെയും ഒന്നുപിടിച്ചു കുലുക്കും. ആഫ്രിക്കയുടെ രാഷ്ട്രീയ, സാമൂഹിക അന്തരീക്ഷത്തിൽ പ്രവാസികളെ പേടിപ്പിച്ചു പലതും നേടാം. ഇത്തരം അവസ്ഥകളിൽ ജീവിതം ഒരു ചൂതുകളിയാണ്.
റോബർട്ട് ഔക്കോ കെന്യൻ രാഷ്ട്രീയ സാമൂഹിക ലോകത്ത് തന്റെതായ ഒരു സവിശേഷ സ്ഥാനം നേടിയെടുത്ത നേതാവാണ്. കോളോണിയൽ കാലത്ത് ബ്രിട്ടിഷിന്റെ കീഴിലും തുടർന്ന് സ്വാതന്ത്ര്യത്തിനു ശേഷം ആദ്യപ്രസിഡന്റ് ജോമോ കെന്യാത്ത (Jo mo Kenyatta) യുടെയും അതിനുശേഷം മോയിയുടെ കീഴിലും സേവനമനുഷ്ഠിച്ചു.
കിസുമു കോൺസ്റ്റിറ്റുവൻസിയുടെ തെരഞ്ഞെടുക്കപ്പെട്ട നേതാവ്. 1990 ഫെബ്രുവരി മാസം ഒരു ദിവസം അദ്ദേഹത്തെ കാണാതായി. രണ്ടു ദിവസത്തിനകം അദ്ദേഹത്തിന്റെ കഷണങ്ങളാക്കിയ ശരീരഭാഗങ്ങൾ മുഹൊറോണി എന്ന ഗ്രാമത്തിലെ അദ്ദേഹത്തിന്റെ ഫാം ഹൗസിനടുത്തുള്ള കാട്ടിൽ കണ്ടെത്തി.
പാതി കത്തിക്കരിഞ്ഞ ശരീരം, തലയ്ക്കേറ്റ വെടിയുണ്ട, മുറിച്ചു മാറ്റിയ കാലുകൾ ഇങ്ങനെ വികൃതമായ ശരീരം. രാഷ്ട്രീയ ലോകം നടുങ്ങി. പല കഥകളും വൈറസ് പോലെ പരന്നു. കിസുമു അസ്വസ്ഥമായി. അക്രമം പലയിടത്തും തുടങ്ങി.
പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇതൊരു പരീക്ഷണഘട്ടമായിരുന്നു. കെന്യൻ സാമ്പത്തികലോകം തകർന്നു. പരസ്പരം വിശ്വാസം കുറഞ്ഞ ഒരു സമൂഹം, പേടിയോടെ കഴിഞ്ഞ നാളുകൾ.
ഈ സന്ദര്ഭത്തിലാണ് ചന്ദ്രന്റെ അമ്മാവൻ ഭാനു ശേഖർ ല്സോത്തോയിലെ മാമോഹാവു ഹൈസ്കൂളിൽ നിന്നും ഒരു അപ്പോയ്ന്റ്മെന്റ് ലെറ്റർ എനിക്കായി കൊടുത്തയച്ചത്.
കെന്യയുടെ സാമ്പത്തിക രാഷ്ട്രീയ സ്ഥിതി തകർന്നുകൊണ്ടിരിക്കുന്നു. ആ കാലത്തു തന്നെ സൗത്ത് ആഫ്രിക്കയിൽ അവസരങ്ങൾ കൂടിവരുന്ന ഘട്ടം. അങ്ങോട്ട് ആദ്യം പോയവരിൽ ഭാനുസ്സാറും ഉൾപ്പെടും. പലരും അത്തരം അവസരങ്ങൾക്ക് വേണ്ടി കൊതിച്ചു, ശ്രമിച്ചു. പക്ഷെ ഇന്ത്യൻ പൗരന്മാർക്ക് നേരിട്ടു സൗത്ത് ആഫ്രിക്കയിലേക്ക് കടക്കുവാൻ നമ്മുടെ സർക്കാർ അന്ന് അനുവദിച്ചിരുന്നില്ല.
സൗത്ത് ആഫ്രിക്കയിലെ അപ്പാർത്തേയ്ഡ് സർക്കാർ മണ്ടേലയേയും മറ്റു വിമോചനസമരത്തിൽ ഏർപ്പെട്ട നേതാക്കളെയും വർഷങ്ങളായി ജയിലിലടച്ചിരിക്കുകയാണ്.
അസ്വതന്ത്ര സൌത്ത് ആഫ്രിക്കയിലെ ഭരണാധികാരികളുടെ പോളിസി സ്വതന്ത്ര ഭാരതസർക്കാരിന് സ്വീകാര്യമായിരുന്നില്ല എന്നതിനാൽ അങ്ങോട്ട് നേരിട്ട് കടക്കുവാനും നമുക്ക് അനുവാദമില്ല.
ഇത്തരുണത്തിൽ, ല്സോത്തോ ഒരു മാർഗ്ഗം ആയിരുന്നു. ല്സോത്തോ ഒരു സ്വതന്ത്ര രാജ്യമായതിനാലും അവിടെയ്ക്കുള്ള വിസ കിട്ടാൻ എളുപ്പമായതിനാലും പല ആഫ്രിക്കൻ നാടുകളിൽ നിന്നും ല്സോത്തോയിലേക്ക് മലയാളി അധ്യാപകർ ഒഴുകി.
ആ നാട്ടിൽ, ലെരിബെ ജില്ലയിലെ മാമോഹാവു എന്ന കുഗ്രാമത്തിലെ ഒരു കത്തോലിക്കാസ്കൂളിൽ എന്നെ നിയമിച്ചുകൊണ്ടുള്ള ഒരു കത്താണ് ഭാനുശേഖർ അയച്ചുതന്നത്.
ല്സോത്തോയെപ്പറ്റി എനിക്ക് ഒന്നും അറിയില്ല. അറിയേണ്ട ആവശ്യവുമില്ല. എന്റെ പരമമായ ലക്ഷ്യവും സൗത്ത് ആഫ്രിക്ക ആയിരുന്നു. അന്ന് ഇന്റർനെറ്റ് ഇല്ലാത്തതിനാൽ ല്സോത്തോയെപ്പറ്റി അറിയാൻ തുടങ്ങിയത്, അവിടേയ്ക്ക് കെന്യയിൽ നിന്നും ചില അധ്യാപകർ പോയിത്തുടങ്ങിയപ്പോഴായിരുന്നു. പൊട്ടുംപൊടിയുമായി ചില കഥകൾ ഭാവനയുടെ മേമ്പൊടിയും ചേർത്ത് അറിഞ്ഞുതുടങ്ങി. സൌത്ത് ആഫ്രിക്ക എന്ന സ്വർഗം എന്റെ മനസിലും മുളച്ചത് അങ്ങനെയാണ്.
ഞാനും മാനസികമായി തയ്യാറെടുത്തു.
മനോഹരമായിട്ടുണ്ട് എഴുത്ത്,
കിസുമുവിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതി എന്നതാവും എല്ലാപേരുടേയും ചിന്ത,, തുടർന്നും വായിക്കുവാൻ കൗതുകം
സ്നേഹം രാജേഷ്
നല്ല അറിവു പകരുന്ന വിശദീകരണം. അഭിനന്ദനങ്ങൾ
സന്തോഷം ജ്യോതി
ഇന്നിത്തിരി മനസ്സിരുത്തി വായിക്കേണ്ടിവന്നൂ ട്ടോ. വായന
നല്ല അനുഭവമായിരുന്നു. 👌 ഇന്നത്തെ വിഭവം സൂപ്പും ഒത്തിരി ഇഷ്ടമായി😀
സത്യം പറഞ്ഞാൽ ആഫ്രിക്കയെ പറ്റി ഒന്നും കേട്ടിട്ടുമില്ല
വായിച്ചിട്ടുമില്ലാത്ത കൊണ്ട് ബാ മായന വളരെ ഉപകാരപ്രദമാകുന്നുണ്ട്. താങ്ക് യൂ🙏🏽
മാഷേ വളരെ നന്നായിരിക്കുന്നു ആശംസകൾ