അങ്ങനെ, ഒരുപാട് ചരിത്രങ്ങൾ കെട്ടുപിണഞ്ഞുകിടക്കുന്ന ലോകം എത്ര ചെറുതാണ്!
‘അനന്തമജ്ഞാതമവർണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം!
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മർത്യൻ തൻ കഥയെന്തുകണ്ടു!’
അത്രേയുള്ളൂ ജീവിതം. ഇങ്ങനെ നമ്മുടെ നാടുമായി ആത്മബന്ധമുള്ള ആഫ്രിക്കയുടെ ദക്ഷിണഖണ്ഡത്തിലെ മലനാട്ടിലൊരു മൂലയ്ക്ക് ഞാനും കിടക്കുന്നു, കുടുംബവുമായി.
ഇടുക്കീലുള്ളൊരു മലയിറങ്ങുമ്പോലെ, മാസത്തിലൊരിക്കൽ ശമ്പളം കിട്ടുമ്പോൾ അന്നെല്ലാമൊരു മലയിറക്കമുണ്ട്, പരിഷ്കൃതനഗരത്തിലേക്ക്. ഒരു മാസത്തേക്കുള്ള പലവ്യഞ്ജനങ്ങളുമായി മിക്കവാറും പിറ്റേദിവസം തിരികെ ഞാനും ഉമയും മലകയറും.
അങ്ങനെ മലയിറങ്ങും നാളുകളിൽ അന്തിയുറങ്ങുന്നത് ഫാദർ ഷീയറുടെ മഠത്തിലാണ്. ആ ദിവസത്തിനായി ഞങ്ങൾ കാത്തിരിക്കും. അദ്ദേഹത്തിനും സന്തോഷമാണ്, കഥ പറയാനും കേൾക്കാനും. പിന്നെ തിരികെപ്പോകും, അടുത്ത മാസത്തെ വരവിനായി വേഴാമ്പൽപോലെ…
അങ്ങനെയുള്ള ഒരു ഗ്രാമത്തിലേക്കാണ് സെനസ് സെക്കന്ററി സ്കൂളിലെ പ്രിൻസിപ്പൽ ന്റൊവാനെ കനൂനു (Ntoane Kanono) ഒരു കൂട്ടം വിദ്യാർത്ഥികളുമായി കാട്സി അണക്കെട്ട് കാണുവാൻ വരുന്നതും അവിടെ ഒരു രാത്രി തങ്ങുന്നതും. പഴയ രീതി അനുസരിച്ച്, സ്കൂൾ വിദ്യാർഥികൾ ടൂർ നടത്തുമ്പോൾ ഇടത്താവളമായി ഏതെങ്കിലും ഒരു സ്കൂളിൽ രാത്രി തങ്ങും. മാമോഹാവു ഹൈസ്കൂൾ പറ്റിയ ഒരിടം തന്നെ ആയിരുന്നു. വന്നാൽ ആഘോഷം തന്നെ. കുട്ടികൾ പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും. കളികൾ, പാട്ടുകൾ, നൃത്തങ്ങൾ എല്ലാം ഉണ്ടാകും. ആൺകുട്ടികൾക്ക് സോക്കർ ആണ് പ്രധാനം. അതിഥികളെ സൽക്കരിക്കുവാൻ എല്ലാവർക്കും ഉത്സാഹമാണ്. അന്നേരം, സോഷ്യലൈസിങ് തകൃതിയായി നടക്കും.
പൊട്ടും പൊടിയുമായി ചില ശൃംഗാരകാമനകളും ഉണ്ടാകും. എല്ലാവർക്കുമുള്ള ഭക്ഷണം ആചാരപരമായി ആതിഥേയരുടെ ചുമതലയാണ്. ഇത്തരം ആഘോഷങ്ങൾ എനിക്കും ഇഷ്ടമായിരുന്നു. പുതിയ മുഖങ്ങൾ, ആശയങ്ങൾ, സംവാദങ്ങൾ… അങ്ങനെ ഓരോ അനുഭവങ്ങൾ.
തിരിച്ചുപോകുമ്പോൾ കനൂനു ചോദിച്ചു, “പോരുന്നോ”,
അദ്ദേഹത്തിന്റെ സ്‌കൂളിലേക്കുള്ള ക്ഷണമാണ്. ചെന്നാൽ ജോലിയുണ്ട്. തലസ്ഥാനനഗരിയാണ്. ഇല്ലെന്നുത്തരം പെട്ടെന്ന് പറഞ്ഞു. കാരണം ഒരു മാറ്റത്തെക്കുറിച്ച് ആലോചിച്ചിരുന്നില്ല. അവിടേയ്ക്ക് വന്നതല്ലേയുള്ളു. പിന്നെ അത് വിട്ടു. വർഷം 1992!
അതേ ഞാൻ പിന്നെ അദ്ദേഹത്തെ വീണ്ടും കണ്ടു, 1994 ജൂണിൽ. അന്നേരമായപ്പോഴേക്കും മാമോഹാവുവിൽ നിന്നും വിട്ടുപോരാനുള്ള തീരുമാനം എടുക്കുവാൻ വ്യക്തിപരമായ കാരണങ്ങളും ഏറെയുണ്ടായി. മലമുകളിലെ ശൈത്യം ഉമയുടെ ആരോഗ്യത്തെ വല്ലാതെ ബാധിച്ചിരുന്നു. കാര്യങ്ങൾ വേണ്ടതുപോലെ നടക്കുന്നില്ല.
ആ ജൂണിൽ സയൻസ് ഫെയറിനു കുട്ടികളെയുംകൊണ്ട് തലസ്ഥാനനഗരിയിൽ വന്നപ്പോൾ കനൂനുവും ഉണ്ടായിരുന്നു. അപ്പോൾ ഞാൻ ചോദിച്ചു, “വരട്ടെ?”
ഒന്നും ആലോചിക്കാതെ അദ്ദേഹം പറഞ്ഞു, വന്നോളൂ!
അതൊരു ബന്ധത്തിന്റെ തുടക്കമായിരുന്നു. മാറ്റത്തിന്റെ, ജീവിതത്തിന്റെ വേറൊരു ഘട്ടം.
രണ്ടു സ്‌കൂളുകളും കാത്തോലിക്കാ വിഭാഗത്തിന്റേതായിരുന്നതിനാൽ സ്ഥലമാറ്റം ഒരു പ്രശ്നമായിരുന്നില്ല. മാമോഹാവു സ്കൂളിലെ പ്രിൻസിപ്പലിനോട് വിഷയം അവതരിപ്പിച്ചു. അദ്ദേഹത്തിനും കാര്യങ്ങൾ അറിയാവുന്നതിനാൽ കാര്യങ്ങൾ സുഗമമായി.
പെറുക്കിയെടുക്കുവാൻ അധികമൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ മസേറുവിൽ എത്തിയപ്പോൾ ഒരു വാടകവീടു കിട്ടുംവരെ കനൂനുവിൻറെ വീട്ടിൽ താമസിച്ചു. അധ്യാപകർക്ക് താമസിക്കുവാൻ സെനെസിൽ വീടില്ല.
ഒരാഴ്ചയ്ക്കുള്ളിൽ ഏതായാലും വീടും ശരിയായി. രണ്ടു മുറികളുള്ള വീട്. മ-ലൈൻ (Line house) എന്നാണ് ഇത്തരം വീടുകൾ അറിയപ്പെടുന്നത്. അധികം സൗകര്യങ്ങളില്ല. കയറിചെല്ലുന്ന മുൻവശം ഒരു മുറിയാണ്. അവിടെയാണ് സാധാരണ അടുക്കളയൊരുക്കുക. അതുതന്നെയാണ് സ്വീകരണമുറിയും. ഒരു മേശയും അതിനു മുകളിൽ ഒരു ഗ്യാസ് സ്റ്റോവും ആണ് അടുക്കള. ഇടത്തരം വരുമാനമുള്ളവർക്ക് താങ്ങാവുന്ന പാകത്തിൽ വാടക. മറ്റു സൗകര്യങ്ങൾ എല്ലാം പുറത്തു തന്നെയുണ്ട്.
അങ്ങനെ നഗരജീവിതം തുടങ്ങി. നഗരം മറ്റൊരു ലോകമാണ്. കൂടുതൽ ഊർജമുള്ള മുഖം ഏതു നഗരത്തെയുംപോലെ ഈ തലസ്ഥാന നഗരിക്കുമുണ്ട്.
ആറുമാസത്തിനുള്ളിൽ ഉമയ്ക്ക് സെയ്ന്റ് ജോസഫ് ഹൈസ്കൂളിൽ ജോലി കിട്ടിയത് അനുഗ്രഹമായി. ഉമയുടെ സൗകര്യാർത്ഥം റോഡിനടുത്തു അൽപ്പംകൂടുതൽ സൗകര്യം ഉള്ള വീട് വാടകയ്ക്കെടുത്തു. 1995 ജൂലൈയിൽ ഞങ്ങൾക്ക് മകൾ ജനിച്ചു. ജീവിതത്തിൽ പുതിയ അർത്ഥങ്ങൾ തേടിയെത്തുന്നു.
ഈ അവസരത്തിലാണ് അധ്യാപകർ ശമ്പളകൂടുതലിനായി സമരം തുടങ്ങിയത്. ഏറെ വാർത്താപ്രാധാന്യം നേടിയ സമരമായിരുന്നു അത്. യുവാക്കളെല്ലാം ആർജ്ജവത്തോടെ വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിന് മുൻപിൽ മുദ്രാവാക്യങ്ങളുമായി തമ്പടിച്ചു. സെനേസിലെ അധ്യാപകരും സജീവമായി മുന്നിലുണ്ട്. കനൂനുവും ഡെപ്യൂട്ടി പ്രിൻസിപ്പൽ ബെനഡിക്ട് മൊയ്ല്വയും (Benedict Moiloa) സമരത്തിൽ സിന്ദാബാദുമായി മുന്നിൽ. എനിക്കും ഭയങ്കര ഉത്സാഹമായിരുന്നു. കനൂനു എന്റെ ഉറ്റചങ്ങാതിയാണ്. അവൻ പോകുന്നിടത്ത് നിഴലുപോലെ ഞാനും ഉണ്ട്.
സമരം പൊളിക്കുവാൻ ശമ്പളം കൊടുക്കുന്നത് നിർത്തിവച്ചു TSD. അതൊരു ഉഗ്രൻ നീക്കമായിരുന്നു. മാസാവസാനമാകുമ്പോൾ പട്ടിണിയെന്നു കരയുന്ന ചെറുപ്പക്കാരാണ് പലേ അധ്യാപകരും. എന്തിന്, ശമ്പളം കിട്ടിയ ആദ്യത്തെ ആഴ്ചയിൽ തന്നെ മിക്കവാറും പലരും കരഞ്ഞുതുടങ്ങും. കിട്ടാവുന്നിടത്ത് നിന്നെല്ലാം കടവും വാങ്ങുന്ന ഒരു രീതി ഇവിടെയുണ്ട്. കിട്ടിയാലൂട്ടി, അല്ലെങ്കിൽ ചട്ടി എന്ന നമ്മുടെ ജഗതി ശൈലി തന്നെ. അതിനു വലിയ മാറ്റമൊന്നും ഇന്നും ഇല്ല.
ഏതായാലും ആ സമരത്തീച്ചൂളയിൽ എനിക്കും രണ്ടുമാസം ശമ്പളം കിട്ടിയില്ല. എനിക്കു തോന്നുന്നു, അന്നത്തെ സമരത്തിൽ ശമ്പളം നഷ്ടപ്പെട്ട ഏക വിദേശി അദ്ധ്യാപകൻ ഞാനായിരുന്നു എന്നാണ്.
മാസാവസാനം വാടക ഒരു പ്രശ്നമായപ്പോൾ സഹായിച്ചത് ഞങ്ങളുടെ സുഹൃത്ത് മിഷേൽ ആയിരുന്നു. ഉമ അന്നേരം പ്രൈവറ്റ് ആയി ജോലി ചെയ്തിരുന്നതിനാൽ വരമ്പത്തായിരുന്നു കൂലി. സ്കൂളുകൾ അടച്ചിരുന്നതിനാൽ ജോലി ഇല്ല, ശമ്പളവും തഥൈവ!
സമരം വിജയമോ പരാജയമോ എന്ന് കൂലങ്കക്ഷമായി പല വിഭാഗങ്ങളും ചർച്ച ചെയ്തു. അധ്യാപകസമൂഹത്തെ വിഭജിക്കുവാൻ സാധിച്ചു എന്നതിനുമപ്പുറം വിദ്യാഭ്യാസത്തിൽ പുതിയ നിയമങ്ങൾ കൊണ്ടുവരാനും ഈ സമരം നിമിത്തമായി. അദ്ധ്യാപകനിയമനങ്ങൾ ഒന്നുകൂടി സിസ്റ്റമാറ്റിക് ആയി. ഒപ്പം സ്കൂൾ സെക്രട്ടേറിയറ്റുകൾ അദ്ധ്യാപകരെ ശുപാർശ ചെയ്യുവാനുള്ള ഒരു സമിതി മാത്രമായി മാറി. നിയമനങ്ങൾക്ക് ടീച്ചിങ് സർവീസ് കമ്മീഷൻ (TSC) രൂപീകരിക്കപ്പെട്ടു. അങ്ങനെ, ല്സോത്തോ വിദ്യാഭ്യാസസമ്പ്രദായത്തിൽ അടിമുടി മാറ്റങ്ങൾക്ക് നിമിത്തമായി ഈ സമരം.
ഈ മാറ്റങ്ങൾക്കെല്ലാം രാസത്വരകമായി വർത്തിച്ചതോ, മുൻപേ സൂചിപ്പിച്ച പള്ളികളുടെ നിലപാടുകളുമായിരുന്നു എന്നു ഞാൻ ഊഹിക്കുന്നു. ഏതായാലും, അധ്യാപകശാക്തീകരണം, ജോലി സുരക്ഷ എന്നിവയ്ക്ക് പുതിയ വ്യാഖ്യാനങ്ങൾ ഇത്തരം മാറ്റങ്ങളിലൂടെ ഉണ്ടായെന്നും പറയാം.
ഇതേ കാലഘട്ടത്തിൽ സ്വതന്ത്ര ദക്ഷിണാഫ്രിക്കയിൽ കൂടുതൽ അവസരങ്ങൾ തുറന്നു. സമരത്തിന്റെ പരിണിതഫലമായി അനേകം തദ്ദേശീയരായ അധ്യാപകർക്കും ജോലി നഷ്ടമായി. സമരം പരാജയപ്പെട്ടു എന്ന നിരാശയാൽ ജോലി ഉപേക്ഷിച്ചവർ ഏറെ. കിട്ടിയ അവസരത്തിൽ പ്രവാസികൾ അടക്കം പലരും ജോലിക്കായി ദക്ഷിണാഫ്രിക്കയിലേക്ക് ചേക്കേറിത്തുടങ്ങി.
1996 ൽ തന്നെ ഉമ ജോലി ചെയ്യുന്ന സ്കൂളിലെ പ്രിൻസിപ്പൽ ബ്രദർ മജോറോ (Br. Majoro) സ്കൂളിൽ തന്നെ വീട് അനുവദിച്ചതും അനുഗ്രഹമായി. അദ്ദേഹവുമായി ഞങ്ങൾക്ക് നല്ല സൗഹൃദം ഉണ്ടായിരുന്നു. എന്റെ നേതൃത്വത്തിൽ നടന്ന മിക്കവാറും എല്ലാ വർക്ഷോപ്പുകളും ഭാവിയിൽ അവിടെ വച്ചാണ് നടക്കുന്നത്. സ്കൂൾ പട്ടണത്തിനൊത്ത നടുക്കായതിനാൽ എല്ലാവർക്കും വരാനും പോകാനും നല്ല സൗകര്യം തന്നെ.
എന്റെ ജോലിസ്ഥലത്തേക്ക് ഞാൻ ടാക്സിയിൽ പോയാൽ മതി. ആയിടയ്ക്കു തന്നെ ഞങ്ങൾ ഒരു കാറും വാങ്ങി, ടൊയോട്ട കൊറോള. ജീവിതം സാമ്പത്തികമായി പച്ച പിടിക്കുന്നതിന്റെ ലക്ഷണത്തിന്റെ ആദ്യഭാഗമാണ് പ്രവാസികൾക്ക് കാർ. അത് ആഡംബരമല്ല, പ്രാഥമികമായ ഒരാവശ്യവുമാണ്. എനിക്കത് നേടുവാൻ അൽപ്പം വൈകി എന്നേയുള്ളു.