ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച് – ഇരുപത്തിആറ്

This post is part of the series ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച്

Other posts in this series:

  1. ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച് : മുപ്പത്തി ഏഴ്
  2. ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വെച്ച്- 35
  3. ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വെച്ച്- 34

 

 

 

 

 

 

 

നവനൂറ്റാണ്ടിനു മുൻപുള്ള കാലം. ല്സോത്തോ ആധുനിക കാലഘട്ടത്തിലേക്ക് പിച്ചവച്ചു നടക്കുന്നു. ഡിജിറ്റൽ യുഗത്തിന്റെ ആരംഭമാണ്. ഈ നാട്ടിലേക്ക് സെൽഫോണുകൾ വരാറാവുന്നതേയുള്ളു. ചില സ്‌കൂളുകളിൽ പുരോഗമനത്തിന്റെ ഭാഗമായി കമ്പ്യൂട്ടർ വന്നു തുടങ്ങിയെന്ന് പറഞ്ഞു കേൾക്കുന്നു.

ല്സോത്തോയിലെ സ്കൂൾ വിദ്യാഭ്യാസ തലത്തിൽ ഒരു സ്കൂളിന്റെ വിജയപരാജയങ്ങൾക്കുള്ള പ്രധാനഘടകം അതിന്റെ തലപ്പത്തുള്ള മേധാവികളാണ്. സാമ്പത്തികവശം കൂടിയുള്ളതിനാൽ മാനേജറും പ്രിൻസിപ്പലും ഒരേ വിധം ചിന്തിച്ചില്ലെങ്കിൽ ഏതൊരു സ്‌കൂളും തകർന്നുപോകും., അല്ല, അങ്ങനെ തകർന്ന ചരിത്രവും ഉണ്ടേയ്! അതേ സമയം, സാമർഥ്യം ഉള്ള ഒരു വ്യക്തി സ്കൂളിന്റെ തലപ്പത്തു വന്നാൽ നടത്തിപ്പ് ഭംഗിയാകും.

ഞങ്ങളുടെ മുൻപിൽ അവസരങ്ങളും വെല്ലുവിളികളും ഏറെയുണ്ടായി. ഏറ്റവും കഠിനമായ പാതയെന്നത്, ആധുനികകാലഘട്ടത്തിന്റെ ആവശ്യമായ ടെക്നോളജി ഇവിടെയ്ക്കും കൊണ്ടുവരിക എന്നതാണ്.

ഇതെല്ലാം അറിഞ്ഞുതന്നെയാണ് ഞങ്ങൾ പുതിയ ഉത്തരവാദിത്തം ഏറ്റെടുത്തത്. എന്നെ സംബന്ധിച്ചിടത്തോളം പുതിയ സ്കൂൾ, പുതിയ ജീവിതം, പുതിയ അവസരങ്ങളൊക്കെയാണ് മുന്നിൽ. എല്ലാറ്റിലും പുതുമയുണ്ട്, അത് ഏറെ ആസ്വദിക്കുന്നു. സെനെസ്സിൽ ജോലിക്ക് ചേർന്ന നാളിൽ (1994), ആ സ്കൂളിന്റെ പ്രായം പത്തുവർഷം. എട്ട് അധ്യാപകർ, മുന്നൂറിൽ താഴെ കുട്ടികൾ. കനൂനു എന്നെക്കാൾ ഇളപ്പം. ഞങ്ങൾ പെട്ടെന്നുതന്നെ ചങ്ങാതികളായി. അദ്ദേഹത്തിന്റെ ഡെപ്യൂട്ടി അൽപ്പം പ്രായം ചെന്ന ആളാണ്‌. സരസനുമാണ്. ഞങ്ങൾ എട്ട് അധ്യാപകരും ഒരു കുടുംബം പോലെ കഴിഞ്ഞു.

അന്ന് സ്കൂളിൽ വെള്ളമോ വൈദ്യുതിയോ ഇല്ല. കുഴൽ കിണറിൽനിന്നും വെള്ളം ചാമ്പി എടുക്കണം. ചിലപ്പോഴെല്ലാം അടുത്തുള്ള നീർചോലയിൽനിന്നും കൊണ്ടുവരണം. കുട്ടികൾക്ക് ഉച്ചഭക്ഷണം ഉണ്ട്. അതിനുള്ള വിറകൊരുക്കണം. മൂന്നു കാലുള്ള ഇരുമ്പിന്റെ വലിയ കലത്തിലാണ് പാകം ചെയ്യൽ. ഇടയ്ക്ക് നളപാകവുമായി ഞാനും കളത്തിലിറങ്ങും, സഹായിക്കാൻ.

അവിടെ പാകം ചെയ്യുന്ന നാടൻ സൂപ്പ് അടിപൊളിയാണ്. ചേരുവ അധികമില്ല. ഉരുളക്കിഴങ്ങ്, തക്കാളി, ഉള്ളി ഇത്രമാത്രം. അതെല്ലാം ഉപ്പിട്ട് വേവുമ്പോൾ അൽപ്പം സ്‌പൈസ് ചേർത്ത് കൂട്ടത്തിൽ എണ്ണയുമിട്ട് വാങ്ങിവയ്ക്കും. നമ്മുടെ രീതിയിൽ കടുകു വറുക്കുകയോ ഉള്ളി മൂപ്പിക്കുകയോ ഒന്നുമില്ല. ഉച്ച ഭക്ഷണമായി ഞാൻ കൊണ്ടുപോകുന്ന ചോറിനു കറിയായി ചിലപ്പോൾ ആ സൂപ്പ് ആണ് കഴിക്കുക.

ഒരിടയ്ക്ക് നമ്മുടെ നാടൻ രീതിയിൽ ഉള്ളി വഴറ്റി അൽപ്പം മസാല മേമ്പൊടി ചേർത്തിട്ട് ഈ സൂപ്പ് ഉണ്ടാക്കി.
എല്ലാവരും അടിപൊളി എന്നു പറഞ്ഞു എങ്കിലും പിന്നീട് എന്നെ അടുക്കളയുടെ ഏഴയലത്തു പോലും കയറിയില്ല, അരസികർ!

അക്കാലങ്ങളിൽ, നാട്ടിലെ പച്ചക്കറി കിട്ടാകനിയാണ്. കറിവേപ്പില ചേർത്തുകഴിക്കാൻ കൊതിയുണ്ടായിട്ട് എന്തുകാര്യം. കിട്ടാൻ പ്രയാസമുള്ളതാണ് പലേ നാടൻപച്ചക്കറികളും മറ്റുകൂട്ടുകളും. ക്യാബേജ്, കാരറ്റ്, വഴുതന, ഉരുളക്കിഴങ്ങ് തുടങ്ങിയവ ചവറുപോലെയുണ്ട്. നമ്മുടെ നാടൻ പയറൊക്കെ ഇന്നും ഇവിടെ നട്ടുപിടിപ്പിക്കുന്നുണ്ട് ഞങ്ങളിൽ ചിലർ. ഇക്കാലത്തു മിക്കവാറും എല്ലാതരം പച്ചക്കറികളും ഇവിടെ ഇറക്കുമതിയുമുണ്ട്. ഇയ്യിടെ ആയി മട്ടയരിയും കിട്ടുന്നു. പോരേ!

ഗതകാലസ്മരണയിലേക്കൂളിയിട്ടിറങ്ങട്ടെ. സ്കൂളിലെ അടുക്കളയിൽ, അടുപ്പിൽ കത്തിക്കുവാൻ വിറകില്ലാത്ത ദിവസങ്ങളിൽ കുട്ടികളുമൊത്ത് മലകയറുമെന്ന് പറഞ്ഞല്ലോ. വിറകുമായി ആഘോഷത്തോടെ, ആർപ്പുവിളിയോടെ തിരികെവരും. പൊന്മല വേറെ കേറേണ്ട. പുണ്യം തന്നെ. ഇപ്പോഴോർത്താൽ… രസകരമായ ഓർമ്മകൾ.

വൈകിവരുന്ന കുട്ടികൾക്കുള്ള ശിക്ഷയും ഇതൊക്കെയാണ്. ഒന്നുകിൽ വെള്ളം ചാമ്പണം, അല്ലെങ്കിൽ ചുള്ളിക്കമ്പുകൾ പെറുക്കണം, അതുമല്ലെങ്കിൽ സ്റ്റാഫ്‌ റൂം അടിച്ചുവാരി വൃത്തിയാക്കണം. അവസാനം പറഞ്ഞ ശിക്ഷ പലേ സ്‌കൂളുകളിലും ഇന്നുമുണ്ട്.

ഞാൻ കണ്ട തദ്ദേശീയരായ ബിരുദധാരികളിൽ ഏറ്റവും ബുദ്ധിയും സാമർഥ്യവും ഉള്ള ചെറുപ്പക്കാരനായിരുന്നു കനൂനു. സുന്ദരമായ മുഖം, എപ്പോഴും പ്രസന്നം. ദേഷ്യം വന്നാലാരെയും അടുപ്പിക്കില്ല. ആവശ്യമുണ്ടായാൽ തെറ്റുചെയ്ത കുട്ടികളെ പ്ലാസ്റ്റിക് ചൂരൽ കൊണ്ടു ചന്തിയിൽ നല്ലതുപോലെ അടിക്കും. അതിന്റെ വേദന അനുഭവിച്ചർക്കറിയാം. എങ്കിലും, കുട്ടികൾക്ക് നല്ല സ്നേഹം, ബഹുമാനം എല്ലാമാണ്.

അധ്യാപകസമരത്തിന്റെ ഫലമായിട്ടാണോ എന്നറിയില്ല, സ്കൂൾ അഡ്മിനിൽ ഒരു അധികാരവികേന്ദ്രീകരണം വേണമെന്ന ചിന്ത വിദ്യാഭ്യാസവകുപ്പിലുണ്ടായി. ഒരുപക്ഷേ, അധ്യാപകരുടെ നേതൃത്വവികസനത്തിന്റെ ഭാഗമായും കൂടിയാകും., സ്‌കൂളികളിൽ വിഷയാധിഷ്ഠിത തലവന്മാരെ (Head of Department) നിയമിക്കണമെന്ന തീരുമാനവും സർക്കാരിൽനിന്നും ഉണ്ടായി. പ്രിൻസിപ്പൽമാർക്ക് ഈ തീരുമാനം എന്തോ, അത്രകണ്ടു സ്വീകാര്യമായിരുന്നില്ല. അധികാരം പങ്കുവയ്ക്കുവാൻ ആർക്കാണ് ഇഷ്ടം!

സെനെസിനും ഒരു HOD ഗ്രാൻഡ് അനുവദിച്ചുകിട്ടി. ഔദ്യോഗികമായ ആ സ്ഥാനം എനിക്കാണ് കിട്ടിയത്. അങ്ങനെ ല്സോത്തോയിലെ തൊഴിൽപരമായ ആദ്യത്തെ ഉദ്യോഗക്കയറ്റം ലഭിച്ചു, 1996ൽ.
താമസം പട്ടണത്തിൽ ആയതിനാൽ പതുക്കെ മലയാളിക്കുടുംബങ്ങളെയും കൂടുതലായി അറിഞ്ഞുതുടങ്ങി.

അന്നാളുകളിൽ നൂറോളം മലയാളികൾ മസേറുവിൽ മാത്രമായിട്ടുണ്ടായിരുന്നു. മിക്കവാറും പലരും അധ്യാപകർ തന്നെ. ചുരുക്കം ചിലർ മറ്റു തലങ്ങളിൽ ജോലി ചെയ്യുന്നവരായും ഉണ്ടായിരുന്നു. കുറച്ചുനാളുകളായി, അവരിൽ പലരും ഇവിടെ ഉണ്ട്. അക്കൂട്ടത്തിൽ ഡോക്ടർമാർ, എഞ്ചിനീയർമാർ, അക്കൗണ്ടന്റുകൾ, സീഎക്കാർ അങ്ങനെ പല തുറകളിലുമായി ഉന്നത നിലയിൽ ഉള്ളവരാണ്. ഞങ്ങളുടെ തലമുറയിൽ പെട്ടവരിൽ ചിലർ ഈ നാട്ടിലെ ഇന്ത്യൻ ബിസിനസ്സുകാർക്ക് വേണ്ടി ജോലി ചെയ്യുന്നുമുണ്ട്. അധ്യാപകരായിരുന്നു പക്ഷേ, കൂടുതലും. വിശേഷദിവസങ്ങളിൽ ഒരുമിച്ചുള്ള ആഘോഷവും മറ്റു വിദേശ നാടുകളിലെപ്പോലെ പതിവായിരുന്നു. അവയിൽ ഓണമാണ് പ്രധാനം.

1996 ൽ തന്നെ ഞങ്ങൾ സെനെസിനെ ഹൈസ്‌കൂളാക്കി ഉയർത്തുവാനുള്ള നീക്കവും തുടങ്ങി. കെട്ടിടം ഇല്ല എന്നതായിരുന്നു മുഖ്യപ്രശ്നം. കെട്ടിടവും കുട്ടികളും ഉണ്ടെങ്കിലേ വിദ്യാഭ്യാസവകുപ്പ് അനുവാദം തരികയുള്ളു. അന്നേരം കൂടുതൽ അധ്യാപകരെയും നിയമിക്കാം. ഹൈസ്കൂൾ എന്നനിലയിൽ പ്രിൻസിപ്പൽ, ഡെപ്യൂട്ടി എന്നവർക്ക് ഉയർന്ന തസ്തിക, ഒത്താൽ ഒരു HoD പോസ്റ്റും കൂടിയുണ്ടാകും. പക്ഷേ കെട്ടിടത്തിന് ഫണ്ട്‌ ഇല്ല!

ഏതായാലും ഒരു കൈ നോക്കാം. ഫണ്ട്‌ ഉണ്ടാക്കുവാനുള്ള വെല്ലുവിളി ഞാൻ ഏറ്റെടുത്തു. എന്തിനും തയ്യാറായി ന്റാറ്റെ മൊയ്ല്വയും. ഞങ്ങൾ കളത്തിൽ ഇറങ്ങി, കയ്യിലൊരു രശീതിയുമായി നടന്നു, മസേറു മൊത്തം. അഞ്ചു ലോട്ടി മുതൽ അമ്പത് ലോട്ടി വരെ പിരിഞ്ഞുകിട്ടും, ഓരോ കടയിലും പോയാൽ. അന്ന് ഒരു ലോട്ടിയ്ക്ക് പത്തു ഇന്ത്യൻ രൂപയാണ് മൂല്യം (ഇന്നത് അഞ്ചുരൂപയായി ഇടിഞ്ഞു). ലോട്ടിയും സൗത്ത് ആഫ്രിക്കൻ റാന്റും ഒരേ മൂല്യമാണ്, അന്നും ഇന്നും എന്നും. കാരണം സൗത്ത് ആഫ്രിക്കയുടെ നേതൃത്വത്തിലാണ് ല്സോത്തോയുടെ സാമ്പത്തിക നിയന്ത്രണവും (Common Monetary Area). അതുകൊണ്ടുതന്നെ ഇന്നാട്ടിൽ ആർക്കും റാൻഡും ലോട്ടിയും ഉപയോഗിക്കാം. ല്സോത്തോയുടെ അതിരുകളിൽ ഉള്ള സൗത്ത് ആഫ്രിക്കൻ പട്ടണങ്ങളിലും ഞങ്ങളുടെ ലോട്ടി ഉപയോഗിക്കും. അതുകൊണ്ട് തന്നെ അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രകളും സുഗമമാണ്.

അങ്ങനെ ഞങ്ങൾക്ക് മോശമല്ലാത്ത തുക പിരിഞ്ഞുകിട്ടിയെങ്കിലും അത് തറ കെട്ടാനേ തികയൂ. അണ്ണാറക്കണ്ണനും തന്നാലാവും വിധം എന്ന് ഞങ്ങൾ. ഇനിയെന്ത് ചെയ്യും? കനൂനു രക്ഷാകർത്താക്കളെ വിളിച്ചുകൂട്ടി വിഷയം അവതരിപ്പിച്ചു. ഞങ്ങളുടെ കുട്ടികളുടെ രക്ഷകർത്താക്കൾ ചുറ്റിലുമുള്ള ഗ്രാമത്തിൽ ജീവിക്കുന്ന മധ്യമവർഗ്ഗമോ സാമ്പത്തികമായി അതിലും താഴ്ന്നവരോ ആണ്. ചിലർ സൌത്ത് ആഫ്രിക്കൻ ഖനികളിൽ ജോലി ചെയ്യുന്നു. ചിലർ കർഷകരുമാണ്. മറ്റുചിലർ കൂലിവേലയുമായി നിത്യവൃത്തിക്ക് പാടുപെടുന്നു.

കാര്യങ്ങൾ വിശദമായി അവതരിപ്പിച്ചു. ചിലർ സിമന്റ് ബ്ലോക്കുകൾ തരാമെന്നു സമ്മതിച്ചു. കുറച്ചുപേർ ചെറിയ തുക സംഭാവനയും തന്നു. പോരാത്തതിന് കുട്ടികൾക്കായി ചെറിയ പെട്ടിക്കട തുടങ്ങി, അതിലെ വരുമാനം കെട്ടിടഫണ്ടിലേക്ക് സ്വരുകൂട്ടാനും തീരുമാനിച്ചു. ചിപ്സ്, സോഡ, മിഠായി, സോസേജ് അങ്ങനെ പിള്ളേരെ മയക്കാനുള്ള സാമഗ്രികളുമായി ഞാൻ പണിതുടങ്ങി.

അങ്ങനെ കെട്ടിടം ഉയർന്നുതുടങ്ങി. ഇതേ കാലയളവിൽ, മുൻപേ പരിചയം ഉണ്ടായിരുന്ന കനേഡിയൻ സുഹൃത്തുക്കൾ വഴി കുറേ ഷെൽഫുകൾക്കുള്ള ഫണ്ടും കരസ്ഥമാക്കി.

ഇനി ഔദ്യോഗികമായ തീരുമാനം വേണം, ഒപ്പം പഠിപ്പിക്കുവാൻ കുട്ടികളും.

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleചൂട്
Next articleമടക്കയാത്ര
ഡോ. അജയ് നാരായണൻ: എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ ശ്രീ നാരായണന്റെയും ശ്രീമതി സുന്ദരത്തിന്റെയും മകൻ. സെയിന്റ് പോൾസ് കോളേജ് (കളമശ്ശേരി) ഭാരതമാതാ കോളേജ് (തൃക്കാക്കര), സെയിന്റ് ആൽബെർട്സ് കോളേജ് (എറണാകുളം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ് 1988 ൽ കെന്യയിൽ അധ്യാപകനായി ജോലി തുടങ്ങി. 1991ൽ ല്സോത്തോയിൽ കുടിയേറി, അധ്യാപകനായി ജോലി നോക്കി. സെയിന്റ് ഓഗസ്റ്റിൻ യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും എംഫിൽ, റോഡ്‌സ് യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും പി എച്ഡി. 2019ൽ ജോലിയിൽ നിന്നും വിരമിച്ച ശേഷം പ്രൈമറി വിദ്യാഭ്യാസത്തിൽ ദർഹം യൂണിവേഴ്സിറ്റി (യൂ കെ) യുമായി ഗവേഷണം (ipips ). താമസം മസേറു വിൽ (തലസ്ഥാനം നഗരി). ഭാര്യ, ഉമാദേവി, അധ്യാപിക. മകൾ ഭാവന, മെഡിക്കൽ ഡോക്ടർ (സൗത്ത് ആഫ്രിക്ക).

3 COMMENTS

  1. അധ്യാപനം എന്നത്‌ പഠിപ്പിക്കൽ മാത്രമല്ല , പഠിക്കൽ കൂടിയാണു എന്ന് പഠിപ്പിക്കുന്ന അനുഭവക്കുറിപ്പ്‌.
    നല്ല രീതിയിൽ പറഞ്ഞുപോകുന്നു. അഭിനന്ദനങ്ങൾ. 👌🏻❤️👍

    ഒരു ചെറിയ നിർദ്ദേശം :
    ഇത്തരം നൊസ്റ്റാൾജിക്‌ അനുഭവകഥകൾ എഴുതുമ്പോൾ ചരിത്രപുസ്തകം തയ്യാറാക്കുന്നതുപോലെ
    കാലസ്നുഗതമായ കാര്യവിവരണം എഴുതുന്നതിനിടയിൽ നാടകീയമായ കുറേ നുറുങ്ങ്‌ കഥകളുംകൂടി ഇട്റ്റയ്ക്കിടയ്ക്ക്‌ എഴുതിച്ചേർക്കുകയാണെങ്കിൽ , മറ്റൊരുവാക്കിൽ പറഞ്ഞാൽ , അത്തരം കഥകളിലൂടെ ചരിത്രം പറയാൻ ശ്രമിച്ചാൽ വായിക്കാൻ കൂടുതൽ രസം തോന്നും.

  2. വളരെ നന്നായ് അജയ് അഭിനന്ദനങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here