ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച് – 23

അക്കാലത്ത് മാമോഹാവു സ്കൂളിന്റെ സ്ഥിതി പരിതാപകരമായിരുന്നു. നല്ല ലാബില്ല. കുട്ടികൾക്ക് പുറംലോകവുമായി വേണ്ടത്ര പരിചയവുമില്ല. ഉൾനാട്ടുപ്രദേശമല്ലേ. പക്ഷേ, അഭിമാനത്തോടെ പറയുവാൻ സാധിക്കും ഈ സ്കൂളിൽ പഠിച്ച എന്റെ ഒരു വിദ്യാർത്ഥി പിന്നീട് വ്യവസായമന്ത്രി ആയി. മറ്റൊരാൾ വിദ്യാഭ്യാസവകുപ്പിൽ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്മെന്റ്ൽ ഉന്നത ഉദ്യോഗസ്ഥനാണ്. ഇവിടെ അധ്യാപകരായ രണ്ടുപേർ അറിയപ്പെടുന്ന രാഷ്ട്രീയസേവകരായി. അതിലൊരാൾ മന്ത്രിയും. അവസരം, ഭാഗ്യം ഒപ്പം ആർജവത്തോടെ മുന്നോട്ടുപോകുവാനുള്ള മനസ്സുമുണ്ടെങ്കിൽ ഈ നാട് ആരെയും ചേർത്തുപിടിക്കും.
ഞാൻ അവിടെ എത്തിയശേഷം ഒരു സയൻസ് ക്ലബ്‌ തുടങ്ങി കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിച്ചു. ആദ്യമായി അവർ മത്സരത്തിൽ വിജയം വരിക്കുകയും മസേരുവിൽ വന്നു മത്സരത്തിൽ വീണ്ടും പങ്കെടുക്കുകയും ചെയ്തു. തലസ്ഥാന നഗരിയിൽ മത്സരത്തിനു വന്നത് കുട്ടികൾക്കിടയിൽ ഒരു മതിപ്പുണ്ടാക്കി.
1994 ജൂൺ വരെ ഞങ്ങൾ രണ്ടുപേരും മാമോഹാവുവിൽ തന്നെയായിരുന്നു. വേറെ മലയാളികൾ ആരുമില്ല, അവിടെ. കുഗ്രാമത്തിൽ തദ്ദേശീയരോടൊപ്പം ഞാനും ഉമയും മൂന്നുവർഷം ജോലിയുമായി കഴിഞ്ഞു. ആ കാലയളവിൽ ഉമയ്ക്കും ഒരു പരീക്ഷണഘട്ടമായിരുന്നു. അന്യനാട്ടിൽ, ചെറുപ്രായത്തിൽ ഒരു ധൈര്യത്തിന് ഒരാളെ വിശ്വസിച്ചിറങ്ങുക അത്ര എളുപ്പമല്ല. കേട്ടുകേൾവിയില്ലാത്ത നാട്, പോരാത്തതിന് ആഫ്രിക്ക! വന്നുചേർന്നതോ, ഒരു കുഗ്രാമത്തിൽ. ഉമ പക്ഷേ എല്ലാ പരീക്ഷണങ്ങളും ശക്തിയോടെ അതിജീവിച്ചു എന്നുറപ്പിച്ചു പറയാം. ആരോഗ്യം, വ്യക്തിഗത സംഘർഷങ്ങൾ, കുടുംബപരമായ പരീക്ഷണങ്ങൾ, സാമ്പത്തികപ്രശ്നങ്ങൾ, തുറന്നുപറയാൻ കൂടെ ആരുമില്ല. മലയാളം ഭംഗിയായി അറിയില്ല. ഇതെല്ലാം പക്ഷേ വെല്ലുവിളികളായി, അവസരങ്ങളായി മാറി. പിൽക്കാലത്തു, ഒരു ഇന്റർനാഷണൽ കോളേജിൽ പേരെടുത്ത അധ്യാപികയാകാൻ സഹായിച്ചു എന്നതാണ് ഞാൻ കാണുന്ന അനുഗ്രഹം. ഇതിനുമപ്പുറം, ഞങ്ങൾക്ക് മാർഗദർശിയായി മാറി എന്നതാണ് എന്റെയും മകളുടെയും ശക്തി.
നമുക്ക്, സ്‌കൂളിലേക്ക് വരാം. ഞങ്ങൾ ഇവിടേയ്ക്ക് വന്നുചേർന്ന കാലയളവിൽതന്നെ peace corps എന്ന ഒരു ഓർഗനൈസേഷൻ വഴി U S A-യിൽ നിന്നും ടോം ലിയോനാർഡ് വന്നു. കാനഡയിൽ നിന്നും മിഷേൽ തോംസണും പിന്നാലെ എത്തി,  മാമോഹാവുവിലേക്ക്. അങ്ങനെ ആഘോഷമായി ഞങ്ങൾ കഴിഞ്ഞുകൂടി. മിഷേൽ വഴി കാനഡയുടെ ചില ഓർഗനൈസേഷനുകളെ പരിചയപ്പെടുകയും സ്‌കൂളിനുവേണ്ടി ചില ഫണ്ടുകൾ ഒപ്പിക്കുകയും ചെയ്തതോടെ ഞാൻ ഒരു സംഭവം ആയി മാറി.
1992 ൽ തന്നെ സ്കൂളിലെ ഒരു സഹ അധ്യാപിക അവരുടെ പാട്രൺ ആയി എന്നെ തിരഞ്ഞെടുത്തു. അധ്യാപകവൃത്തിയിൽ ഏർപ്പെട്ട പുതുക്കക്കാർക്ക് (Beginner teachers) അവശ്യം വേണ്ടതായ പ്രൊഫഷണൽ ഗൈഡൻസിനായി മുതിർന്ന ഒരു അധ്യാപകനെ ഏർപ്പെടുത്തുന്ന സിസ്റ്റം (Induction Programme) യൂറോപ്പിന്റെ സംഭാവനയായി ല്സോത്തോയിൽ 1987 ൽ ആരംഭിച്ചിരുന്നു.
നാഷണൽ യൂണിവേഴ്സിറ്റി (NUL) യുടെ ഭാഗമായി യൂറോപ്പിലെ ചില യൂണിവേഴ്സിറ്റികളുമായി കൈകോർത്തു പ്രവർത്തിക്കുന്ന ഒരു മെഗാപ്രൊജക്റ്റിൽ, തുടക്കക്കാരായ അധ്യാപകരുടെ പ്രൊഫഷണലിസത്തിന്റെ മാറ്റുകൂട്ടുവാനുള്ള ഈ പ്രോജെക്ടിൽ സ്പെഷ്യൽ പരിശീലനത്തിനായി എന്നെയും തിരഞ്ഞെടുത്തത് ഒരു ഗമയായി ഞാനെടുത്തു. അതിന്റെ ഭാഗമായി ട്രെയിനിങ് അടക്കം ഒരുപാടു ക്രിയാത്മകമായ പ്രവർത്തനങ്ങളിലും പങ്കെടുക്കുവാൻ അവസരം കിട്ടി. ഈയൊരു അനുഭവം പിന്നീടെനിക്ക് ഗവേഷണത്തിനും ഏറെ പ്രയോജനവും ചെയ്തു.
അങ്ങനെയാണ് ഡോ. ജെറാർഡ് മാഥോട്ടിനെ (Gerard Mathot) പരിചയപ്പെടുന്നത്. ബുദ്ധിരാക്ഷസൻ, മിസ്റ്റർ പെർഫെക്ട്, വാദിച്ചാൽ വിട്ടുകൊടുക്കാത്ത അക്കാദമിക് അങ്ങനെ പലേ വിശേഷണങ്ങളുമുണ്ട് അദ്ദേഹത്തിന്! എന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ അദ്ദേഹം ഒരു മാതൃകയായിരുന്നു എന്നുറക്കെ പറയാം.
ഡോ. മാഥോട്ടിനെക്കുറിച്ച് ഏറെ പറയുവാനുമുണ്ട്. നെതർലൻഡിൽ ജനിച്ചു വളർന്ന അദ്ദേഹം 1967 ൽ ഘാനയിൽ എത്തി നാലുവർഷം കഴിഞ്ഞപ്പോൾ 1971 ൽ ല്സോത്തോയിൽ എത്തി. പിന്നെ അദ്ദേഹം വിദ്യാഭ്യാസത്തിലും മറ്റു പലേ തുറകളിലും ജൈത്രയാത്ര നടത്തി. ഈ നാട്ടിലെ പ്രൈമറി, സെക്കന്ററി, ടെറിഷ്യറി വിദ്യാഭ്യാസ തലങ്ങളിൽ കൃത്യമായ മാറ്റങ്ങൾ വരുത്താൻ അദ്ദേഹം വളരെയേറെ കഷ്ടപ്പെട്ടിട്ടുണ്ട്.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പലേ വർക്ഷോപ്പുകളിലും പങ്കെടുത്തുള്ള അദ്ദേഹവുമായുള്ള പരിചയം ഒരു ആത്മബന്ധമായി വളർന്നു. 1992 മുതലുള്ള ആ ബന്ധത്തിന്റെ വ്യാപ്തി പലേ രീതിയിൽ വളർന്നു വിശാലമായി. ഗുരുവായും സുഹൃത്തായും ജ്യേഷ്ഠസഹോദരനായും ഞങ്ങളുടെ ബന്ധം വളർന്നു.
ഒരുപാട് ട്രെയിനിങ്ങുകൾ അധ്യാപകർക്കുവേണ്ടി നടത്തുകയും പിന്നീടൊരുമിച്ചു വിദ്യാഭ്യാസപരമായ ഗവേഷണത്തിൽ ഏർപ്പെടുകയും ചെയ്തു (എന്റെ നേതൃത്വത്തിൽ ഉള്ള ഗവേഷണം അടുത്ത വർഷം എന്റെ ടീമിന് കൈമാറാനാണ് പ്ലാൻ).
ഡോ. മാഥോട്ടിന്റെ രീതികൾ വ്യത്യസ്തമാണ്. ചിലപ്പോൾ വിചിത്രവും. ഒരു യൂറോപ്യൻ സ്പർശത്തിനുമപ്പുറം തന്റെ ശരികളെ കാര്യകാരണസഹിതം വിശദീകരിച്ചും ഉറച്ചനിലപാടുകൾ, സത്യസന്ധതയുടെ അരക്കിട്ടുറപ്പിച്ചും തുറന്നു സംസാരിക്കുന്ന പ്രകൃതം. അതിന്റെ പൊട്ടുംപൊടിയും തൊട്ടെടുക്കുവാൻ എനിക്കും ഭാഗ്യമുണ്ടായിട്ടുണ്ട്. അതത്ര എളുപ്പവുമായിരുന്നില്ല.
കാര്യങ്ങൾ ചെയ്യുന്നതിൽ നല്ല വാശിയും സൂക്ഷ്മതയോടെ കാര്യങ്ങൾ ചെയ്യണം എന്ന നിലപാടും ഉണ്ട്. ചിലപ്പോൾ ഞാനും ചില കുസൃതികൾ കാട്ടും, തർക്കിക്കും. അതിന്റെ അന്ത്യം എപ്പോഴും, “ok, we shall agree to disagree and have it your way” എന്നു പറഞ്ഞുകൊണ്ട് എന്നെ എന്റെ പാട്ടിനുവിടും. വെറുതേ തകർക്കിക്കാൻ എനിക്കിഷ്ടമാണ്. അത് ഞങ്ങൾ ആസ്വദിക്കാറുമുണ്ട്.
ഞങ്ങളുടെ ആദ്യകാല പരിചയത്തിനുള്ളിൽ അദ്ദേഹം അമ്മയും അമ്മാവനുമൊപ്പം ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു. അങ്ങനെ ഒരു നല്ല വ്യക്തിബന്ധവും വികസിച്ചു.
രസകരമായ ഒരു സംഭവം ഓർമ്മയിലുണ്ട്. 1994 ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരു വർക്ഷോപ്പിൽ പങ്കെടുക്കുവാൻ, മാമോഹാവു ഹൈസ്കൂളിന്റെ പ്രതിനിധിയായി എന്നെ പറഞ്ഞയച്ചു. സ്കൂളിൽ നിന്നും ഏകദേശം 200 കിലോമീറ്റർ അകലെ, റോമ എന്ന, ചെറിയ പട്ടണത്തിലെ പേരുകേട്ട ഒരു സ്‌കൂളിലാണ് വർക്ഷോപ്പും താമസവും. ടാക്സികൾ മാറിക്കേറി അവിടെ എത്തിയപ്പോൾ ഏകദേശം ഉച്ചയായി! അപ്പോഴേക്കും ടീമുകൾ ഉണ്ടാക്കി വർക്ഷോപ് തകൃതിയായി നടക്കുന്നു. ഡോ. മാഥോട്ടിനെ കണ്ട്, എത്തിയ വിവരം അറിയിച്ചപ്പോൾ സുന്ദരമായ ചിരിയോടെ, ഗമയോടെ അദ്ദേഹം അറിയിച്ചു, ‘ഞാൻ അൽപ്പം വൈകിപ്പോയി. ടീം സെലക്ഷൻ കഴിഞ്ഞു. എണ്ണവും തികഞ്ഞു. ഇനി ആരേം എടുക്കില്ല’. പോരേ, പൂരം.
കയ്യിലുള്ള ഒരുമാതിരി അടവുകളെല്ലാം എടുത്തു, പൂഴിക്കടകൻ അടക്കം. ഒരു രക്ഷയുമില്ല! നല്ല അടുപ്പം ഉള്ളവരാണ്, പറഞ്ഞിട്ടെന്താ കാര്യം.
അറ്റകൈക്ക് ഞാൻ പറഞ്ഞു, “എനിക്കിനി തിരിച്ചുപോകാൻ ഏതായാലും പറ്റില്ല. മാമോഹാവിലേക്ക് എങ്ങനെ പോകാൻ സാധിക്കും, കൊടും തണുപ്പ്, ഉച്ചതിരിഞ്ഞു. സാറെനിക്ക് വർക്ഷോപ്പിൽ പങ്കെടുക്കാൻ അവസരവും തരില്ല. എനിക്കിന്നു തിരിച്ചുപോകാനും പറ്റില്ല. അതുകൊണ്ട് ഇന്ന് ഞാൻ താങ്കളുടെ വീട്ടിൽ കിടക്കുന്നു”. അടിപൊളി. അനുവാദം ചോദിച്ചില്ല, എന്റെ തീരുമാനം ആണ് ഞാൻ പറഞ്ഞത്. വീണു. അതിലദ്ദേഹം തലയും കുത്തി വീണു.
അദ്ദേഹത്തിന്റെ വീട്ടിൽ അങ്ങനെ ഞാൻ അതിഥിയായി ഒരു രാത്രി കഴിഞ്ഞു. ഇന്ന് എപ്പോഴും കയറിചെല്ലാവുന്ന ആ വീടിനു ഒരുപാടു പ്രത്യേകതകൾ ഉണ്ട്.
ഈ നാട്ടിലെ സാമ്പ്രദായ മാതൃകയിൽ നിർമ്മിച്ച കുടിലിന്റെ രൂപമാണ് വീട്. സൗരോർജം ഉപയോഗിച്ചാണ് വൈദ്യുതിയുൽപ്പാദിപ്പിക്കുന്നത്, സ്വന്തം ആവശ്യത്തിന്. ചൂടുവെള്ളവും അങ്ങനെ ലഭിക്കും. കൊടും തണുപ്പിലും വീടിനകത്തു സൂര്യപ്രകാശം ലഭിക്കും, രാത്രി തണുപ്പറിയുകയേയില്ല.
മസേറുവിലെ ഉൾപ്രദേശത്താണ് അദ്ദേഹം താമസം. മിക്കവാറും എല്ലാവരും അദ്ദേഹത്തെ അറിയുമെന്നതിനാൽ സുരക്ഷിതമാണ് ജീവനും ജീവിതവും. ഇവിടത്തെ സമൂഹത്തിനുവേണ്ടി നാല്പതോളം വർഷങ്ങളായി പല വലിയ കാര്യങ്ങളും ചെയ്യുന്നതിനാൽ ന്റാറ്റെ മാത്തോ (അങ്ങനെയാണ് ഇവിടെ അദ്ദേഹം അറിയപ്പെടുന്നത്) കുഞ്ഞുങ്ങൾക്ക് വരെ അഭികാമ്യനാണ്. ഒരു മനുഷ്യൻ എങ്ങനെ ജീവിക്കണം എന്നതിനു ഉത്തമ ഉദാഹരണമാണീ വ്യക്തി.
പലേ യൂണിവേഴ്‌സിറ്റികളിൽ നിന്നും, സൗഹൃദവലയങ്ങളിൽ നിന്നും ഈ നാട്ടിലെ പലേ പ്രോജക്ടുകൾക്കും ഫണ്ടുകൾ കൊണ്ടുവന്നു സുതാര്യമായി വളരെ കൃത്യതയോടെ വിജയകരമായി നടത്തി തദ്ദേശീയർക്ക് മാതൃകയായ ഈ വ്യക്തിയിൽ പ്രചോദനം പൂണ്ടവർ ഏറെ, ജീവിതം നേടിയവർ ഏറെ. എനിക്ക് അക്കാദമിക കാര്യങ്ങളിൽ മാതൃകയെങ്കിലും എല്ലാ കാര്യത്തിലും ആ യൂറോപ്യൻ രീതി എനിക്ക് സാധ്യമായിരുന്നില്ല. (ഭാരതീയചിന്താധാരയിൽ വളർന്ന ഞാൻ ഒരു പക്കാ മലയാളികൂടിയാണ് എന്നാണ് അന്നും ഇന്നും ഉമയുടെ നിരീക്ഷണം).
എന്നും അദ്ദേഹം എനിക്കു തുണയായി കൂടെ നിന്നു. അവിവാഹിതൻ. മിക്കവാറും എല്ലാം ഒറ്റയ്ക്ക് ചെയ്യും. പേരുകേട്ട വിദ്യാഭ്യാസവിചക്ഷണൻ. നല്ലതുപോലെ വയലിൻ വായിക്കും, പുസ്തകങ്ങളും വായിക്കും. ലോകചരിത്രത്തിൽ അറിവുണ്ട്. ല്സോത്തോയിലെ വിദ്യാഭ്യാസത്തിനു വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്ത വ്യക്തി.
ഞാൻ മുന്നിൽ നിന്നു പ്രവർത്തിച്ച അധ്യാപകർക്കായുള്ള പതിനഞ്ചോളം വർക്ഷോപ്പുകൾ, ഗവേഷണങ്ങൾ ഇങ്ങനെ വിദ്യാഭ്യാസപരമായ എല്ലാറ്റിലും അദ്ദേഹത്തിന്റെ കയ്യൊപ്പുമുണ്ട്.
അദ്ദേഹത്തിൽ നിന്നും പഠിച്ച പാഠങ്ങൾ ഏറെയാണ്. ഏതു സംരഭത്തിനും സുതാര്യതയാണ് പ്രധാനം. ഒപ്പം, കൂട്ടത്തിലുള്ളവരെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പ്രവർത്തികൾ ആവണം. ലക്ഷ്യം കൃത്യമായി പ്ലാൻ ചെയ്യുമ്പോൾ എക്സിക്യൂട്ട് ചെയ്യേണ്ടതും എങ്ങനെയെന്നറിയണം. തദ്ദേശീയരെ, അവരുടെ നന്മയെ മുന്നിൽ നിർത്തിവേണം പ്രവാസിയെന്ന നിലയിൽ പ്രവർത്തിക്കേണ്ടത്. വ്യക്തി ശാക്തീകരണത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന രീതി. മറ്റുള്ളവരെ വിശ്വാസത്തിൽ എടുത്താൽ മാത്രമേ പുരോഗതി ഉണ്ടാവൂ. അങ്ങനെ എന്തെല്ലാം പാഠങ്ങൾ, അനുഭവങ്ങൾ!
ഒന്നും എളുപ്പമായിരുന്നില്ല. ഉപജീവനത്തിനായി ആഫ്രിക്കയിൽ എത്തിയ ഒരു സാധാരണ മലയാളിക്ക് പ്രധാനം സാമ്പത്തിക സുരക്ഷ തന്നെയാണ്. മാസാമാസം കിട്ടുന്ന ശമ്പളത്തിനുമപ്പുറം ഒരു പ്രതിബദ്ധതയും ഒരു സാധാരണക്കാരന് ആരോടും തോന്നേണ്ട ആവശ്യവും ഇല്ല. ഒരു പ്രവാസി എന്നനിലയിൽ ചുരുക്കി ജീവിക്കുക, ചിലവ് കഴിഞ്ഞു, മിച്ചം വരുന്ന തുക നാട്ടിൽ എത്തിക്കുക. ഒരു വീട്, കുറച്ചു നീക്കിയിരുപ്പ്. റിട്ടയർ ആയാൽ സകുടുംബം ആരോഗ്യത്തോടെ ജീവിതം ആഘോഷിച്ചും “പണ്ട്, ആഫ്രിക്കയിലായിരുന്നപ്പോൾ…” എന്ന് ‘കാച്ചിൽ കൃഷ്ണപിള്ള’യെപ്പോലെയോ മൂത്തുനരച്ച ഏഡങ്ങത്തയേപ്പോലെയോ ഗീർവ്വാണം പറഞ്ഞും നടന്നാലുംമതി.
പക്ഷേ, വെല്ലുവിളികളെ അവസരങ്ങളാക്കി മുന്നോട്ടു പോകുന്നവന്റെ ജീവിതം ഒന്നുവേറെ തന്നെ. വെല്ലുവിളികൾ ഒരുപാടുണ്ടായിരുന്നു എനിക്കും. അപ്പോൾ അവയെ അവസരമാക്കിയെടുത്തു ഞാൻ, മറ്റാരേയുംപോലെ. ഇപ്പോൾ, ദാ ഇവിടെ വരെ എത്തി!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകാർട്ടൂൺ
Next articleഅറിയാതെ
ഡോ. അജയ് നാരായണൻ: എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ ശ്രീ നാരായണന്റെയും ശ്രീമതി സുന്ദരത്തിന്റെയും മകൻ. സെയിന്റ് പോൾസ് കോളേജ് (കളമശ്ശേരി) ഭാരതമാതാ കോളേജ് (തൃക്കാക്കര), സെയിന്റ് ആൽബെർട്സ് കോളേജ് (എറണാകുളം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ് 1988 ൽ കെന്യയിൽ അധ്യാപകനായി ജോലി തുടങ്ങി. 1991ൽ ല്സോത്തോയിൽ കുടിയേറി, അധ്യാപകനായി ജോലി നോക്കി. സെയിന്റ് ഓഗസ്റ്റിൻ യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും എംഫിൽ, റോഡ്‌സ് യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും പി എച്ഡി. 2019ൽ ജോലിയിൽ നിന്നും വിരമിച്ച ശേഷം പ്രൈമറി വിദ്യാഭ്യാസത്തിൽ ദർഹം യൂണിവേഴ്സിറ്റി (യൂ കെ) യുമായി ഗവേഷണം (ipips ). താമസം മസേറു വിൽ (തലസ്ഥാനം നഗരി). ഭാര്യ, ഉമാദേവി, അധ്യാപിക. മകൾ ഭാവന, മെഡിക്കൽ ഡോക്ടർ (സൗത്ത് ആഫ്രിക്ക).

7 COMMENTS

  1. എന്തെല്ലാം അനുഭവക്കാഴ്ചകളാണ് വായനയിൽ തെളിഞ്ഞുകാണുന്നത്. വായനക്കാർക്ക് ഓരോ ജീവിത പാഠങ്ങൾ . പ്രചോദനങ്ങൾ. നന്നാവുണ്ട് സാർ . ആശംസകൾ

  2. അജയ് മാഷിന്റെ വിവരണം മനോഹരം ഉപ്കാരപ്രദം. വെല്ലുവിളികൾ അഭിമുഖീകരിക്കാനും അവസരങ്ങളെ ഉപയോഗിക്കാനും ആഹ്വാനം ചെയുന്ന ഈ ലേഖനം എല്ലാവരും വായിക്കേണ്ടതാണ്‌.

  3. മടുപ്പില്ലാതെ വായിച്ചുപോകാൻ പറ്റുന്ന വിജ്ഞാനലേഖനങ്ങൾ അപൂർവ്വമാണു.
    അത്തരമൊരു ലേഖനമാണു ശ്രീ അജയ്‌നാരായണൻ സാറിന്റെ ഈ ലേഖനപരമ്പര.
    ആശംസകൾ

  4. അനുഭവകുറിപ്പുകളുമായി സാർ യാത്ര തുടരുമ്പോൾ വായനക്കാരും ആ യാത്രയിൽ പങ്ക് ചേർന്നു പോകുന്നു. കാരണം അത്രമേൽ ഹൃദ്യമാണ് ഈ എഴുത്തുകൾ വിരസതയില്ലാതെ ഒഴുക്ക് നിലനിർത്തുവാൻ ഓരോ പക്തിയിലും സാർ ഏറെ ശ്രദ്ധിക്കുന്നുണ്ട് എന്നത് വായനയ്ക്ക് ഏറെ പ്രയോജനം ചെയ്യുന്നുണ്ട്. ആശംസകൾ 😍😍🙏❤️

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English