
നൈറോബിയിൽ അധികം നാൾ ഉണ്ടായിരുന്നില്ല. എന്റെ ആദ്യത്തെ പോസ്റ്റിങ്ങ് മെറു എന്നൊരു നഗരത്തിലെ സ്കൂളിൽ ആയിരുന്നു.
മെറുവിലേക്കുള്ള ബസ്സിൽ യാത്രയാക്കി ഡിക്രൂസ് സാറും അദ്ദേഹത്തിന്റെ ഭാര്യ ഫ്ലോറിയും. വളരെ പ്രസന്നവാതിയായ ഒരു സ്‌ത്രീ ആയിരുന്നു ഫ്ലോറി. ഒരു സഹോദരിയെപ്പോലെ ആരുടേയും മനസ്സ് കീഴടക്കുന്ന വ്യക്തിത്വം ആയിരുന്നു അവർ. (ശ്രീമതി ഫ്ലോറി 2019 ഒക്ടോബർ 16നു മരിച്ചു. അവരുടെ ഓർമ്മയ്ക്കു മുൻപിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു).
അധ്യാപകനായി ചേരാൻ പോകുന്നത് കെ. ഡി. ഹണ്ട സെക്കന്ററി സ്കൂളിലേക്ക്. നൈറോബിയുടെ വടക്കുകിഴക്കായി മെറു എന്ന കൊച്ചുപട്ടണം സ്ഥിതിചെയ്യുന്നു. നൈറോബിയോളം പച്ചപ്പും നിരവധി വൃക്ഷക്കൂട്ടങ്ങളും തെളിനീരുറവകളും നീർച്ചാലുകളുടെ തെന്നിത്തെന്നിയുള്ള ഒഴുക്കും വല്ലാതെ കുളിരുള്ള പ്രഭാതങ്ങളുമാണ് ഓർമ്മയിൽ വരിക.
“ഓർമ്മകളുണ്ടായിരിക്കണം, അല്ലെങ്കിൽ ആതിര വരുന്നുവെന്നെങ്ങനെയറിഞ്ഞു നാം… “ (കക്കാട്)
ഇത്തരം ഓർമകളിലൂടെയാണ് നാം പുനർജീവിക്കുന്നത്.
മെറുവിൽ ഞാൻ ചെല്ലുന്നതും ഒരു മഴക്കാലത്താണ്. ചാറ്റൽ മഴ ഇടവിടാതെ പെയ്യുമ്പോൾ ഓർമ്മ വന്നത് നാട്ടിലെ കള്ളക്കർക്കിടത്തെയും ഇടവപ്പാതിയെയുമായിരുന്നു. നാട്ടിലെ മഴയും മെറുവിലെ മഴയും തമ്മിലുള്ള വ്യത്യാസം ഭൂപ്രകൃതിയിലും മനുഷ്യരുടെ പെരുമാറ്റത്തിലും കാണാം.
ഇടവത്തിൽ ഇടവഴി നീളെയാണ് മഴ, നാട്ടിൽ. പെയ്താൽ പെരിയാർ കരകവിയും, വീട്ടിൽ തിക്കിത്തിരക്കി വരുമായിരുന്നു വെള്ളം അക്കാലത്ത്.
മഴക്കാലം വറവുകാലം തന്നെയായിരുന്നു ഞങ്ങൾക്കും. മഴ പെയ്യണ വൈകുന്നേരങ്ങളിൽ കൂലിപ്പണി കഴിഞ്ഞു അപ്പൂപ്പൻ വീട്ടിലേക്കു വരുന്നത് ചുടുകപ്പലണ്ടിയുമായിട്ടാണ്. അതിനായി കാത്തിരിക്കുന്ന ഞങ്ങൾ എണ്ണിപ്പെറുക്കി തിന്നും കപ്പലണ്ടി. അമ്മ കട്ടൻകാപ്പിയും അനത്തിത്തരും.
പിന്നെ മൂടിപ്പുതച്ചു കഥയും കടംകഥയുമായിരിക്കും കുട്ടികൾ ഞങ്ങൾ.
അപ്പൂപ്പൻ ബീഡിവലിച്ചിരിക്കുമ്പോഴും ഈണത്തിൽ വിറയ്ക്കും.
വെറുതെയാണോ ചെറുശ്ശേരി എഴുതിയത്, “തീയ്ക്കും തന്നുള്ളിലെ തോന്നിത്തുടങ്ങിനാൻ
തീകായവേണമെനിക്കുമെന്ന്… “.
നാട്ടിൽ മകരമഞ്ഞാണ് കടുപ്പം. ഓർമ്മയുണ്ട്, ഏഴരവെളുപ്പിന് സൈക്കിൾ ചവിട്ടി മൈലുകൾ താണ്ടി കുട്ടികൾക്ക് ട്യൂഷൻ എടുത്തിരുന്ന വ്യഥയുടെ കാലവും. അത് എന്റെ ‘അച്ചുതണ്ട്’ എന്ന കഥയിൽ വിശദമായി എഴുതിയിട്ടുമുണ്ട്.
അന്നെല്ലാം മഴ പെയ്താൽ പുഴയറിയും. പുഴ അറിഞ്ഞാൽ തനിച്ചാവില്ല, മണ്ണറിയും, വീടറിയും, നാടറിയും. അന്ന് ഡാമുകൾ തുറക്കുന്ന വാർത്തകൾ പത്രങ്ങളിൽ നിറയും. ഇന്നും ഒരുമാറ്റവുമില്ലല്ലോ.
മുല്ലപ്പെരിയാറിനെ ഒരു രാഷ്ട്രീയവിഷയമായി അറിഞ്ഞതും മഴക്കാലങ്ങളിൽ ആണ്. പിന്നെ തെരഞ്ഞെടുപ്പ് വരുമ്പോഴും. വർഷങ്ങൾ കഴിഞ്ഞിട്ടും അതിനൊരു മാറ്റവുമില്ല. നാടെന്നും നാട് തന്നെ!
മെറുവിൽ ബസ്സിറങ്ങിയപ്പോൾ സ്ക്കൂളിന്റെ പ്രിൻസിപ്പൽ ഫിലിപ്പ് സാർ കാത്തുനിൽപ്പുണ്ടായിരുന്നു.
മധ്യവയസ്കൻ, ഭാര്യയും കുടുംബവും കൂടെയുണ്ട്. വളരെ പ്രസന്നരായ ദമ്പതികൾ.
ഫിലിപ്പ് സാർ അൽപ്പം ദൂരെ എനിക്കു താമസിക്കുവാനായി ഒരു നോർത്ത് ഇന്ത്യൻ കുടുംബത്തിന്റെ ഔട്ട്‌ഹൗസ് ഏർപ്പാടാക്കിയിരുന്നു.
അടുക്കള, സിറ്റ്ഔട്ട്, അറ്റാച്ഡ് ആയ കിടപ്പുമുറി. ഒരാൾക്ക് വേണ്ടത്ര സൗകര്യം ധാരാളം ഉള്ള ഭംഗിയുള്ള ചെറിയ വീട്.
പാല് കാച്ചി സ്വയം പാചകം ഉത്ഘാടനം ചെയ്തു. ഇഷ്ടമുള്ള ഭക്ഷണം ഇഷ്ടമുള്ള സമയത്ത് വച്ചുണ്ണാം. അവിടെ എല്ലാ ഇന്ത്യൻ പച്ചക്കറികളും സുലഭം. നാട്ടിൽ കിട്ടുന്നതിനേക്കാൾ ശുദ്ധമായത്. വിലയും കുറവ്. ആനന്ദലബ്ധിക്കിനിയെന്ത് വേണം!
സ്വതന്ത്ര സ്വപ്നസാമ്രാജ്യത്തിലെ മുടിചൂടാമന്നനായി ചുണ്ടിൽ ചെറുപുഞ്ചിരിയുമായി ഞാൻ കിടന്നുറങ്ങിയ മെറുവിലെ ആദ്യരാത്രി ഇപ്പോഴും ഓർക്കുന്നു,
“ഇതാ, ഒരു അദ്ധ്യാപകൻ ജനിച്ചിരിക്കുന്നു”. കോളേജിൽ ബിരുദാനന്തരബിരുദത്തിനു ഐച്ഛികം ബോട്ടണി ആയിരുന്നു. വീട്ടിലിരുന്നു മലയാളസാഹിത്യവും അരച്ചുകലക്കി കുടിച്ചു ബിരുദാനന്തരബിരുദവും നേടിയിരുന്നു. നാട്ടിൽവച്ചു കടന്നുപോയത് 30 വർഷം.
വിട്ടുപോന്നത് വ്യഥകളെയും സാമ്പത്തിക അരക്ഷിതാവസ്ഥയെയും പ്രതീക്ഷയുമായി കാത്തിരിക്കുന്ന ബന്ധങ്ങളെയും.
കൊണ്ടുവന്ന സൂട്ട്കേസ് തുറന്ന് അതിലെ സാമഗ്രികൾ പുറത്തെടുത്തു ഒതുക്കിവച്ചു.
എസ് എസ് എൽസി ബുക്കിനൊപ്പം ഓട്ടോഗ്രാഫിൽ തിളങ്ങുന്ന സൗഹൃദങ്ങൾ, സർട്ടിഫിക്കറ്റുകൾ മുന്നോട്ടുവയ്ക്കുന്നൊരു സ്വപ്‌നസാമ്രാജ്യം, ചില ചങ്കുഫോട്ടോകൾ ഇവയെല്ലാമാണ് ഇന്നും വിലപിടിച്ചതായി കൂടെ കൊണ്ടുനടക്കുന്നത്.
പഠിപ്പിക്കേണ്ടത് സയൻസ്. കണക്കും ചോദിച്ചുവാങ്ങി. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞിട്ട് സ്വയം പഠിച്ചെടുത്ത കണക്കുശാസ്ത്രം. ഏറ്റവും ഇഷ്ടമുള്ള വിഷയം. ഭാഷ ഒരു വിഷയം അല്ല, ജീവനാഡിയല്ലേ! അത് രക്തത്തിൽ അങ്ങനെ അലിഞ്ഞുകിടപ്പുണ്ട്.
സംഘർഷങ്ങളിൽനിന്നും മാറിനിൽക്കാൻ വായനയും പഠനവും എന്നും ഉപകരിച്ചു. അൽജിബ്രയിലെ ക്വാഡ്രറ്റിക് ഇക്വേഷൻ ഏറെ ഇഷ്ടമായിരുന്നു. അതിലെ പരാബോള പോലെ ആയിരുന്നു എന്റെ ജീവിതവുമെന്ന് അന്നും ഇന്നും കരുതുന്നു. അങ്ങനെയാണ് എന്റെ പ്രഥമ കവിതാസമാഹാരത്തിന് “പരാബോള” എന്ന പേര് വന്നതും.
മെറുവിലെ ജീവിതം വെറും മൂന്നുമാസം മാത്രമായിരുന്നുവെങ്കിലും അവിടെനിന്ന് പലതും അറിഞ്ഞു, പഠിച്ചു, ആസ്വദിച്ചു.
അവിടെയുള്ള മനുഷ്യർ പൊതുവെ പ്രസന്നമുഖരാണ്. അവരുടെ ചുരുണ്ട മുടിയും തവിട്ട് നിറവും വെളുത്ത ചിരിയും മനസ്സിൽ തങ്ങിനിൽക്കുമെന്നും. വായിക്കുവാനും പഠിക്കുവാനും നല്ല ഔൽസുക്യം കാണിക്കുന്ന കുട്ടികളായിരുന്നു അവിടെ ഉണ്ടായിരുന്നത്. വിടർന്ന കണ്ണുകളുമായി അവർ ക്ലാസ്സുകളിൽ അച്ചടക്കത്തോടെ ഇരിക്കും. പഠനം കഴിഞ്ഞാൽ അവരുടെ കണ്ണിൽ തെളിയുന്ന നക്ഷത്രങ്ങൾ ഒരു അധ്യാപകന് കിട്ടുന്ന പുണ്യമാണ്. ആയിരം ചോദ്യങ്ങളുമായി നിഴലുപോലെ പിന്നാലെ കൂടിയ മെറു വിദ്യാർഥികൾക്കൊപ്പം കുറച്ചുനാൾ എനിക്കും ജീവിക്കുവാൻ സാധിച്ചു എന്നത് എന്റെയും ഭാഗ്യം.
കാപ്പിക്കുരു ആദ്യകാലങ്ങളിൽ കൃഷിചെയ്തിരുന്ന ആഫ്രിക്കൻ നാടുകളിൽ മെറുവിനു ചരിത്രപരമായ പ്രാധാന്യം ഉണ്ട്. 1988 ൽ ഞാൻ കണ്ട മെറു വളരുന്ന ഒരു നഗരമായിരുന്നു.
ഓർമ്മയിൽ വരുന്ന മറ്റൊന്ന് പുതിയ ഭക്ഷണമായിരുന്നു. അവിടെ നിന്നാണ് ജീവിതത്തിൽ ആദ്യമായി ഫ്രഞ്ച് ഫ്രൈസും സോസേജും കഴിച്ചത്. അന്ന് ആദ്യമായി കുടിച്ച ഓറഞ്ചു ഫ്ലേവറിലുള്ള ഫാന്റയുടെ സ്വാദ് പിന്നീടൊരിക്കലും കിട്ടിയിട്ടില്ല.
പലതിന്റെയും ആദ്യങ്ങൾ അങ്ങനെയാണല്ലോ. ആദ്യപ്രണയം പോലെ അനശ്വരമാണ് എല്ലാ ആദ്യങ്ങളും. ആദ്യം ജോലിക്കു കയറിയ മെറുവിനോടും അതേ പ്രണയം തന്നെ ആയിരുന്നു.
മൂന്നുമാസം കഴിഞ്ഞപ്പോൾ ന്യൂ കിസുമു ഹൈസ്കൂളിലേക്ക് മാറ്റമായി. പോകാൻ എനിക്കും പറഞ്ഞുവിടാൻ മെറു സ്കൂളിനും സമ്മതമുണ്ടായിരുന്നില്ല. പക്ഷെ, പോകാതെ വയ്യല്ലോ. നമ്മുടെ ഭാവി പലപ്പോഴും തീരുമാനിക്കുക മറ്റുള്ളവരാവുമ്പോൾ ഒരു പൊങ്ങുതടിയുടെ നിസ്സംഗഭാവത്തിൽ സ്വീകരിക്കുകയേ നിവർത്തിയുള്ളു. ഓർമ്മ വന്നത് ഓഎൻവിയെ ആണ്.
“മൗനപാത്രങ്ങളില്‍ കാത്തുവച്ച മാധുര്യവും പേറി…” വീണ്ടും യാത്രയായി. കണ്ണീരുനിറഞ്ഞ ഒരു തീർത്ഥാടനമാണ് മനുഷ്യജീവിതം. തേടുന്നത് ദൈവത്തെയോ? അറിയില്ല.
എന്റെ ഗ്രാമീണ കന്യകയായ മെറുവിനോട് യാത്ര.
അഭിനവസുന്ദരി കിസുമു കാത്തിരിക്കുന്നു. വിടപറയുന്നു ഞാൻ!
മാഷേ മനോഹരമായ എഴുത്ത്. അനുഭവങ്ങൾ ഒന്നൊന്നായി പെറുക്കിവയ്ക്കുമ്പോൾ മാഷിന്റെ ക്ലാസ്സിലിരിക്കുന്ന ഒരു കുട്ടിയെപ്പോലെ തോന്നി 🥰🥰ആശംസകൾ 🙏
നല്ലെഴുത്ത് …അഭിനന്ദനങ്ങൾ സാർ