
മലമുകളിൽ ഒരു പള്ളി, ചെറിയ ആശുപത്രി, ഒരു പ്രൈമറി സ്കൂൾ, ഒരു ഹൈസ്കൂൾ. ഇതാണ് മാമോഹാവു എന്ന കുഗ്രാമം.
ഇവിടെയാണ് എന്റെ മൂന്നുവർഷങ്ങൾ കഴിഞ്ഞത്. 1991 ൽ തന്നെ താഴ്വരയിൽ പട്ടണത്തിൽ മറ്റൊരു സ്കൂളിൽ അധ്യാപകനായി വിജയൻ ജോലിയിൽ ചേർന്നു. ഇന്ന് വിജയൻ സകുടുംബം, സസന്തോഷം ഈ നാട്ടിൽ തന്നെയുണ്ട്. രണ്ട് ആൺകുട്ടികൾ ആണ് വിജയനുള്ളത്. പേരുകേട്ട ഒരു ഇന്റർനാഷണൽ സ്കൂളിലാണ് വിജയനും ഭാര്യ ഗിരിജയും ജോലി ചെയ്യുന്നത്. ആ സ്കൂളിന്റെ പുരോഗതിയിൽ അവരുടെ കയ്യൊപ്പുമുണ്ട്.
നമുക്ക് മാമോഹാവുവിലേക്ക് വരാം. ചുറ്റും മലനിരകൾ. താഴെ മഡീബ-മാട്സു (Maliba Matsu) എന്ന നദി. മഡീബ-മാട്സു എന്നുപറഞ്ഞാൽ അഗാധതയിലൂടെ ഒഴുകുന്ന നദി എന്നാണർത്ഥവും. ആഫ്രിക്കയിലെ ഏറ്റവും അഗാധമായ ഗർത്തങ്ങൾ ഉള്ളയിടമാണിവിടം. രണ്ടു കുന്നുകളെ ചേർത്തുള്ള മനോഹരമായ ഒരു പാലമുണ്ട്, അവിടെ നിന്ന് ഒരു കല്ലെറിഞ്ഞാൽ സമയമെടുത്താണ് താഴെ എത്തുകപോലും!
ഈ നദിയോട് ചേർന്നു മറ്റ്സൂക്കു, സെൻഖുന്യാനീ, സെൻഖു (Matsoku, Senqunyane, Senqu) എന്നീ നദികളിലെ വെള്ളം ശേഖരിച്ചാണ് കാട്സി (Katse) അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്.
മാമോഹാവു ഗ്രാമത്തിൽ നിന്നും ഏകദേശം 50 കിലോമീറ്റർ അകലെയാണ് കാട്സി അണക്കെട്ട്. ഞങ്ങൾ 1991 ൽ മാമോഹാവുവിലേക്ക് വരുമ്പോൾ അണക്കെട്ടിന്റെ നിർമാണപ്രവർത്തികൾ നടന്നുകൊണ്ടിരിക്കുന്നേയുള്ളു. നാടിന്റെ ഏറ്റവും വലിയ നിർമാണത്തിൽ ല്സോത്തോയുടെ കൂടെയുള്ളത് സൗത്ത് ആഫ്രിക്കയാണ്.
185 മീറ്റർ പൊക്കത്തിലാണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. ആഫ്രിക്കയിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ അണക്കെട്ടായ കാട്സിയോടൊപ്പം മൊഹാലെ അണക്കെട്ട് അടക്കം നാലോളം അണക്കെട്ടുകൾ വേറെയുമുണ്ട്.
ചെറിയ ഒരു ഗ്രാമമാണ് മാമോഹാവു. കൂടുതലും കാത്തോലിക്കാ മതവിഭാഗത്തിൽ പെട്ടവരാണ് ഇവിടെ ജീവിക്കുന്നവർ. കാർഷികവൃത്തിയിൽ ഏർപ്പെട്ട, സാമ്പത്തികമായി മധ്യവർഗ്ഗത്തിൽ പെട്ടവരുമായ കൂട്ടർ.
ബോർവെൽ (Borewell) ൽ നിന്നും ശുദ്ധജലം കിട്ടും. മിക്കവാറും പലേ കുന്നിൻചരുവുകളിൽനിന്നും ശുദ്ധജലം നീർച്ചാലായി ഒഴുകിവരും. ദൂരേന്ന് നോക്കിയാൽ വെള്ളിക്കൊലുസ്സണിഞ്ഞ ശൈലജ തന്നെ. ജനറേറ്റർ വച്ചാണ് മിക്കവാറും വീടുകളിൽ വൈദ്യുതി ലഭിക്കുക.
ഒരു ഗ്രാമത്തിൽ അപരിചിതർ വന്നയുടൻ അധികാരികളെ അറിയിക്കണം, ഈ നാട്ടിലെ ആചാരമാണ്! ഒരു ഗ്രാമത്തിൽ നിന്നും മറ്റൊരു ഗ്രാമത്തിലേക്ക് പലേ ആവശ്യങ്ങൾക്കായി ആളുകൾ വരുമ്പോൾ അവർ ആ ഗ്രാമത്തിന്റെ അതിഥികളാണ്. ഗ്രാമപ്രമുഖനെ അറിയിച്ചു ഔദ്യോഗികസമ്മതം വാങ്ങിയാൽ അവർക്ക് മറ്റുകാര്യങ്ങളിലേക്ക് കടക്കാം. ഇത്തരം പഴയ ആചാരങ്ങളിൽ സുരക്ഷ, സംവേദനം ഒപ്പം സൗഹൃദം തുടങ്ങിയവ അടങ്ങിയിട്ടുണ്ടല്ലോ.
സ്കൂൾ ശീതകാലാവധി തീർന്നിട്ടില്ല. അടുത്തെങ്ങും ആരെയും കണ്ടില്ല. ഞാനും വിജയനും കൂടെയുള്ള പെട്ടികളുമായി പള്ളിയുടെ അടുത്ത് ഭാനുസ്സാറിനെ കാത്തുനിന്നു.
“ഇപ്പം വരാം”, എന്ന് പതിവ് ശൈലിയിൽ പറഞ്ഞിട്ട് ഒരു മണിക്കൂർ കഴിഞ്ഞു ഭാനുസ്സാർ ഞങ്ങൾക്കായി അലോട്ട് ചെയ്ത ക്വാർട്ടേഴ്സിന്റെ താക്കോൽ എങ്ങനെയോ ഒപ്പിച്ചെടുത്തുകൊണ്ട് വന്നു.
അധികം സംസാരം ഇല്ല. പുള്ളീടെ പിറകേ നിഴലുപോലെ ഞാനും വിജയനും നടന്നു.
ഒരു കുടിലിന്റെ മുന്നിൽ ഞങ്ങൾ എത്തി. അദ്ദേഹം കതക് തുറന്നു. ഞാനും വിജയനും പരസ്പരം നോക്കി. ഞങ്ങൾക്കുള്ള ക്വാർട്ടേഴ്‌സ് ആണ് ഈ കുടിൽ! ഒന്നും പറയാനില്ല, വലതുകാൽ വച്ച് കയറി.
വൃത്താകൃതിയിലുള്ള ഈ കുടിൽ നിർമ്മാണരീതി പാരമ്പര്യാധിഷ്ഠിതമാണ്. മൊഖോറൊ (Mokhoro – Rondavel) എന്നു വിളിക്കുന്ന ഈ കുടിലിന്റെ മാതൃക മൺപുറ്റാണ്. പ്രകൃതിയോടെ ചേർന്നു നിൽക്കുന്ന നിർമ്മാണരീതി. പണ്ടുകാലത്തു കല്ലും മണ്ണും ചേർത്തൊരുക്കി മേൽക്കൂരയിൽ ഈറ്റയോ (lehlaka – reed) പുല്ലോ വിരിച്ചുണ്ടാക്കുന്ന ഈ കുടിൽ കാറ്റിനെയും ചൂടിനെയും തണുപ്പിനെയും നല്ലതുപോലെ തടഞ്ഞുനിർത്തും. അതുകൊണ്ടുതന്നെ ചൂടുകാലത്ത് മുറിക്കുള്ളിൽ കുളുർമ്മയും കൊടുംതണുപ്പിൽ ഉള്ളിൽ നേരിയ താപവും ഉണ്ടാകും. ഒറ്റവാതിൽ മാത്രം. കോണാകൃതിയിലാണ് മേൽക്കൂര. തറ ചെളി കൊണ്ട് മെഴുകി മിനുസ്സപ്പെടുത്തിയിരിക്കും. സംഭവം അടിപൊളി. പണ്ടൊരിക്കൽ, തേക്കടിയിലേക്ക് പോയപ്പോൾ കണ്ട ചെറ്റക്കുടിലുകളെ ഓർമ്മവന്നു. അന്നെല്ലാം, അതുകണ്ടു സഹതാപം പൂണ്ടുനിന്ന ഒരാളിതാ കുടിലിൽ താമസം തുടങ്ങുന്നു.
ഈ കുടിലുകൾക്ക് ഒരു ഒരു ചരിത്രമുണ്ട്.
ആചാരപരമായി ഒരു പുരുഷൻ കെട്ടിപ്പടുക്കുന്ന കുടുംബത്തിന് ഭാര്യമാരുടെ എണ്ണം അനുസരിച്ചുള്ള കുടിലുകളും അവർക്ക് വേണ്ടി വെവ്വേറെ അടുക്കളകളും ഒരേ മാതൃകയിൽ ഒരൊറ്റ പറമ്പിൽ നിർമ്മിക്കും. കുടുംബനാഥനു മാത്രമായി പ്രധാന കുടിലും ഉണ്ടാകും.
ഇന്നും മിക്കവാറും എല്ലാ ഗ്രാമപ്രദേശങ്ങളിലും മൊഖോറോ ഉണ്ട്. ഇതൊരു ആകർഷണമായതിനാൽ വിദേശസഞ്ചാരികൾക്ക് താമസിക്കുവാനും ഇന്ന് എല്ലാ സൗകര്യങ്ങളോടെയും പല ഹോട്ടലുകളും ഈ മാതൃകയിൽ മുറികൾ ഉണ്ടാക്കിയിട്ടുമുണ്ട്. മൊഖോറോ ആചാരത്തിന്റെയും അനുഷ്ഠാനത്തിന്റെയും ഒരു അഭിമാനചിഹ്നവും കൂടിയാണ് ഇവിടെയുള്ളവർക്ക്.
ഏതായാലും, കുടിലിൽ തലകുനിച്ചു കേറിയപ്പോൾ എന്റെ മനസ്സിലെ സ്വപ്‌നങ്ങൾ തകർന്നു. മഹത്തായ ഗോശ്രീ നഗരത്തിൽ നിന്നും തുടങ്ങി കെന്യൻ മുംബൈ എന്നുവിളിക്കുന്ന കിസുമുവും കടന്നു എത്തിയിരിക്കുന്നത് ഒരു ബാലികേറാമലയിൽ! ജീവിക്കുവാനുള്ള തത്രപ്പാടിൽ, ഒരു നാടിനെക്കുറിച്ച് ഒന്നുമേ അറിയാതെ എത്തിപ്പെട്ടല്ലോ!
ഇതൊന്നും കണ്ടു മനസ്സു കലങ്ങുവാനുള്ള അവസ്ഥയല്ല. ചുമതലകൾ ഏറെയുണ്ട്, മുന്നോട്ടുള്ള ജീവിതം സ്വയം വെട്ടിപിടിക്കണം.
തുടക്കം ഒന്നിൽ നിന്നാണ്, ഒന്നുമില്ലായ്മയിൽ നിന്നാണ്…