ഇരുണ്ട ഭൂഖണ്ഡത്തിന്റെ മാറിൽ വലതുകാൽ വച്ച് – ഓർമ്മകളിലൂടെ…3

 

 

 

 

 

അന്ന്, വിദ്യാഭ്യാസം കഴിഞ്ഞെന്നു തോന്നിയ കാലം. എന്തുചെയ്യണം എന്നറിയാത്ത ഇരുണ്ടപകലുകളിൽ, നോവിന്റെ രാത്രികളിൽ ഒരു മോചനം എങ്ങനെ എന്നോർത്ത വ്യഥകളുടെ നാളുകളിൽ…

പ്രതിസന്ധികളിലൂടെ കടന്നുപോയ ഒരു ഭൂതകാലം അജയനുണ്ടായിരുന്നു! ഇന്നും ഓർത്താൽ വല്ലാത്തൊരു നോവ് ഇടനെഞ്ചിലൂടെ കൊള്ളിയാൻ പോലെ മിന്നിമായും.
“നാവടക്കൂ, പണിയെടുക്കൂ” എന്ന മുദ്രാവാക്യം തൂണിലും തുരുമ്പിലും നരസിംഹരൂപത്തിൽ പല്ലിളിച്ചു തുറിച്ചുനോക്കിയ കാലം. അറിയാതെയൊരു വിപ്ലവച്ചൂട് മനസ്സിൽ മുളപൊട്ടിയ കാലം. അസ്തിത്വത്തിന്റെ നിറവും നിറഭേദങ്ങളും എന്തെന്നറിയാതെ അർത്ഥം തേടി നടന്നൊരു യൗവനകാലം.
മനസ്സൊരു ക്ഷുഭിതമായ കടൽ തന്നെ ആയിരുന്നു. കര ഒരു മരീചികയും.
“അപാരതേ നിൻ വിജനമാം കരയിൽ
അലയുന്നു ഞാനാം പഥികൻ… “
ഹോ! വല്ലാത്ത ഉൾച്ചൂടിൽ കാമനകൾ ഉരുകിയൊലിച്ചു പതിച്ചത് പെരിയാറ്റിലെ ചുഴിമലരികളിൽ. അവളുടെ ആത്മാവിൽ ലയിച്ചില്ലാതാകാൻ കൊതിച്ചത് എത്രവട്ടം.
ഒരു ഒളിച്ചോട്ടം സാധ്യമായിരുന്നില്ല. എന്തിൽനിന്നും, ആരിൽനിന്നും ഒളിച്ചോടാൻ? സ്വയം മറന്നൊരു ഓട്ടം സാധ്യമായിരുന്നില്ല.
അജയൻ പകലുകളെ പേടിച്ചു. പരിചിതമുഖങ്ങളെ വെറുത്തു. സൗഹൃദങ്ങളെ അകറ്റി. നടപ്പാതകളെ മാറിനടന്നു. ചുറ്റിലും ദുർമുഖങ്ങളുടെ കേദാരം. എത്തിപ്പിടിക്കാൻ കരുതലിന്റെ ഒരു സ്പർശം പോലുമുണ്ടാകാത്ത കാലം.
കയ്യിൽ രണ്ടു ബിരുദാനന്തര ബിരുദങ്ങളുടെ സർട്ടിഫിക്കറ്റ് പുതുമ മാറാതെ ഉണ്ടായിരുന്നു. പല ചെറുപ്പക്കാരെയുംപോലെ, തൊഴിലില്ലാത്ത അവസ്ഥയെ പേടിച്ചു. എന്നിട്ടും ഏതു ജോലിയും ചെയ്യാൻ സാധിക്കുമായിരുന്നില്ല.
അതായിരുന്നു ആ കാലഘട്ടത്തിന്റെ പ്രത്യേകത. അടിയന്തരാവസ്ഥയുടെ കൊടുങ്കാറ്റൊന്നൊതുങ്ങിയതേയുള്ളു. രാഷ്ട്രീയാന്തരീക്ഷം കലങ്ങിമറിഞ്ഞ അവസ്ഥ. മോറാർജി ദേശായി മൂത്രം കുടിക്കുവാൻ ഉപദേശിച്ച കാലം. പിന്നാലെ, ഇന്ദിരഗാന്ധി വീണ്ടും അധികാരത്തിൽ കയറിയകാലം. ഒരുലക്ഷം യുവാക്കൾക്ക് ജോലി തരുമെന്ന് ആശ കൊടുത്തു നായനാർ മന്ത്രിസഭ കേരളത്തിൽ അധികാരത്തിൽ കയറിയ കാലം.
അന്ന്, “ജോലി തരൂ സർക്കാരേ” എന്ന് കേരത്തിലെ കോണ്ഗ്രസ് യുവാക്കൾ നായനാർ സർക്കാരിന് കത്തെഴുതി. ഒരു ലക്ഷം കത്തുകൾ! ചൂടോടെ ആ കത്തുകൾ തിരുവനന്തപുരത്തു നിന്നും ഇന്ദ്രപ്രസ്ഥത്തിലേക്ക് പറന്നു.
ഇതെല്ലാം കണ്ടുംകേട്ടും രാഷ്ട്രീയത്തെ വെറുത്തകാലം.
യൗവനം പ്രക്ഷുബ്ദമായ അവസ്ഥയിൽ ഒരു സ്ഥിരവരുമാനമുള്ള, അന്തസ്സുള്ള ജോലി എന്നത് ഒരു പ്രഹേളിക ആയിരുന്നു എന്നെപ്പോലുള്ള ഒരു മധ്യമവർഗ്ഗത്തിൽപെട്ട ഒരു യുവാവിന്.
വീട്ടിലെ അവസ്ഥ അതിലും ഭീകരം. സാമ്പത്തികമായി താഴെക്കിടയിൽ നിൽക്കുന്ന ഒരു കുടുംബത്തിന്റെ എല്ലാ ദുരന്തങ്ങളും നിഴലുപോലെ കൂടിയിരുന്നു.
നാലു ചുവരുകൾക്കുള്ളിൽ ശ്വാസത്തിനു വേണ്ടി പിടഞ്ഞരാത്രികൾ! പകലുകൾ മറ്റൊരു ലോകം തീർത്തു.
“അസതോ മാ സദ്ഗമയാ
തമസോ മാ ജ്യോതിർ ഗമയാ… “ എന്നെല്ലാം അഭിമാനംകൊണ്ട നിമിഷങ്ങൾ ഓർമ്മകളിൽ ഒടുങ്ങി.
“വെളിച്ചം ദുഃഖമാണുണ്ണീ,
തമസ്സല്ലോ സുഖപ്രദം… “ എന്നു മനസ്സിൽ പാടിനടന്ന കാലം.
എനിക്കും നിശ്ചയമുണ്ടായില്ല എന്താണ് എന്റെ ലക്ഷ്യം എന്ന്, ഏതാണ് എന്റെ തട്ടകം എന്ന്. അർദ്ധരാത്രിയിൽ പടിയിറങ്ങിപ്പോയ ബുദ്ധനെ മനസ്സിലായിത്തുടങ്ങി.
നാവടക്കാൻ പറഞ്ഞു. അടക്കാൻ മനസ്സില്ലായിരുന്നു. പണിയെടുക്കാനും പറഞ്ഞു. അഭ്യസ്തവിദ്യനായ അജയന് കൂലിപ്പണി എടുക്കാനും മനസ്സുണ്ടായില്ല. ഒന്നിനും മനസ്സുണ്ടായില്ല.
അങ്ങനെയിരിക്കുമ്പോഴാണ് മാഷിനെ കണ്ടത്, തന്നെ പ്രീ ഡിഗ്രി ക്കു സുവോളജി പഠിപ്പിച്ച തമ്പിസ്സാർ.
“അജയ്, എന്തുചെയ്യുന്നു ഇപ്പോൾ? “ സർ ചോദിച്ചു. ഒരു സാധാരണ കുശലം മാത്രം.
അതായിരുന്നു തുടക്കം. തമ്പിസ്സാർ ഒരു പുതിയ സ്വപ്നകവാടം തുറന്നുതന്നു. ഗുരു പിതാവിനെക്കാൾ ഉയർന്നതങ്ങനെയാണ്, ദൈവമായതും അങ്ങനെ. സ്വപ്നങ്ങൾ വീണ്ടും തളിർത്തു.
സ്വപ്‌നങ്ങൾ…
നിങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ നിശ്ചലം ശൂന്യമീലോകം…!
ആഫ്രിക്കൻ നാട്ടിലേക്കൊരു സ്വർഗ്ഗതുല്യമായ അവസരമാണ് എന്റെ ഗുരുവിലൂടെ എനിക്കു കൈവന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleവിശുദ്ധ കുപ്പായം
Next articleജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായുള്ള 2021-ലെ പട്ടിക പ്രസിദ്ധീകരിച്ചു
ഡോ. അജയ് നാരായണൻ: എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ ശ്രീ നാരായണന്റെയും ശ്രീമതി സുന്ദരത്തിന്റെയും മകൻ. സെയിന്റ് പോൾസ് കോളേജ് (കളമശ്ശേരി) ഭാരതമാതാ കോളേജ് (തൃക്കാക്കര), സെയിന്റ് ആൽബെർട്സ് കോളേജ് (എറണാകുളം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ് 1988 ൽ കെന്യയിൽ അധ്യാപകനായി ജോലി തുടങ്ങി. 1991ൽ ല്സോത്തോയിൽ കുടിയേറി, അധ്യാപകനായി ജോലി നോക്കി. സെയിന്റ് ഓഗസ്റ്റിൻ യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും എംഫിൽ, റോഡ്‌സ് യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും പി എച്ഡി. 2019ൽ ജോലിയിൽ നിന്നും വിരമിച്ച ശേഷം പ്രൈമറി വിദ്യാഭ്യാസത്തിൽ ദർഹം യൂണിവേഴ്സിറ്റി (യൂ കെ) യുമായി ഗവേഷണം (ipips ). താമസം മസേറു വിൽ (തലസ്ഥാനം നഗരി). ഭാര്യ, ഉമാദേവി, അധ്യാപിക. മകൾ ഭാവന, മെഡിക്കൽ ഡോക്ടർ (സൗത്ത് ആഫ്രിക്ക).

2 COMMENTS

  1. മാഷിന്റെ ഭൂതകാലത്തിലേക്കുള്ള തിരിഞ്ഞുനോട്ടം ഒരുതരത്തിൽ ഗുരുപൂജകൂടിയായി. നന്നായിട്ടുണ്ട് മാഷേ 🌹🌹അഭിനന്ദനങ്ങൾ

  2. ഒരു ചെറുകഥ വായിക്കുമ്പോലെ മനോഹരം ഈ ഓർമക്കുറിപ്പ്👍👍👍

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here