ഇരുണ്ട ഭൂഖണ്ഡത്തിന്റെ മാറിൽ വലതുകാൽ വച്ച് – ഓർമ്മകളിലൂടെ…2

അനുഭവങ്ങൾക്കൊരു മുഖവുര ആവശ്യമാണോ എന്നറിയില്ല. വീണ്ടും ഓർമ്മകളിലേക്ക്…
അദ്ധ്യാപകവൃത്തിയിൽ നിന്നും 2019 ഡിസംബറിൽ (സെനെസ് ഹൈസ്കൂളിൽ മാത്രം 25 വർഷം) വിരമിച്ചതിനു ശേഷം, റിസർച്ചുമായി മുന്നോട്ടു പോകുവാനുള്ള തീരുമാനത്തിന്റെ ഭാഗമായി ipips (Durban University, UK) ന്റെ പ്രവർത്തനം ല്സോത്തോയിൽ ഇപ്പോഴും തുടരുന്നു.
ജോലിയിൽ നിന്നും വിരമിച്ചശേഷം, പ്രാദേശിക മാധ്യമങ്ങളിൽ ലേഖനങ്ങൾ എഴുതിത്തുടങ്ങി. എന്റെ ആഗ്രഹവും അതായിരുന്നു. വിദ്യാഭ്യാസത്തിൽ കൂടുതൽ ഗവേഷണം നടത്താം, ഒരഞ്ചു വർഷം കൂടി ഇവിടെ കഴിയാം. പിന്നെ നാട്ടിലേക്ക്. പറ്റിയാൽ ഗവേഷണം തുടരാം. ഇങ്ങനെയുള്ള ചിന്തകളുമായി മസേറുവിൽ (ല്സോത്തോയുടെ തലസ്ഥാന നഗരി) ഇരിക്കുന്നു.
അപ്പോഴേക്കും കൊറോണ ഒരു യാഥാർത്ഥ്യമായി കടന്നുവന്നു. ആരോഗ്യം പരിരക്ഷിക്കേണ്ടതിന്റെ ഭാഗമായി മസേറുവിലെ വീട്ടിലെ നാലുചുവരിനുള്ളിൽ ഒതുങ്ങിക്കൂടി. ഭാര്യ, ഉമ അധ്യാപികയായി മച്ചബേങ് ഇന്റർനാഷണൽ കോളേജിൽ ജോലി തുടർന്നു. അതിനടുത്തുതന്നെ, കോളേജ് അനുവദിച്ച വീട്ടിൽ താമസം. ഒരേയൊരു മകൾ, ഭാവന ഡോക്ടർ ആയി സൗത്ത് ആഫ്രിക്കയിലെ ക്ലെർക്സ്ഡോർപ് എന്ന നഗരത്തിൽ (മസേറു ബോർഡറിൽ നിന്നും ഏകദേശം 500 കി. മീ. അകലെ, നോർത്ത്-വെസ്റ്റ് പ്രൊവിൻസിൽ) ആണ് താമസം.
ജീവിതം സുന്ദരം, സുരഭിലം. യാത്രയായിരുന്നു ഒരു സ്വപ്നം.
പക്ഷേ കൊറോണ പറ്റിച്ചു. ലോകമാകെ തകിടംമറിഞ്ഞു. ഓരോ വെല്ലുവിളിയും അവസരവും കൂടിയാണ് എന്നതാണ് ഞാൻ പഠിച്ച പാഠം.
മഹാമാരികാലം, ലോക്ക്ഡൌൺ കാലം, വീട്ടിനുള്ളിൽ അടയിരിക്കുന്ന കാലം.
അപ്പോൾ കിട്ടിയ വരപ്രസാദമാണ് ഭാഷയോടുള്ള അഭിനിവേശം.
2020 ൽ ഭാഷാസാഹിത്യത്തിന്റെ മാസ്മരലോകത്തിലേക്ക് കടന്നുവന്നപ്പോൾ മലയാളപദങ്ങളും പ്രയോഗങ്ങളും മനസ്സിന്റെ അന്തരാളങ്ങളിൽ നിന്നും ‘വെള്ളത്തിൽ തിര തള്ളുന്നതുപോലെ’ കടന്നുവന്നു.
പുതിയമുഖം, രൂപം, ഭാവം! നിനവിലും കനവിലും സുന്ദരപദങ്ങൾ നൃത്തം വച്ചു.
ഭാഷ! ‘മലയാളഭാഷ തൻ മാദകഭംഗിയിൽ
മലർ മന്ദഹാസമായ് വിരിയുന്ന’ ചിന്തകൾ ഉറക്കം കെടുത്തി.
ജനിച്ചുവീണ മണ്ണിന്റെ സുകൃതമാവും. ഞാനും എഴുതിത്തുടങ്ങി, ആത്മവിശ്വാസത്തോടെ. ഈ ഒരു വികാരമായിരുന്നു മനസ്സിലുണ്ടായിരുന്നത്, ഓർമ്മകളെ അക്ഷരങ്ങളാക്കുമ്പോഴും.
ചിത്രവർണ്ണാങ്കിത ശില്പങ്ങൾ പോലെ അക്ഷരദേവതകൾ മുന്നിൽ പ്രത്യക്ഷമായപ്പോൾ  കൈകൂപ്പിനിൽക്കാനേ കഴിഞ്ഞുള്ളു.
ഇപ്പോൾ അറിയുന്നു, ദ്രവിഡാക്ഷരങ്ങൾ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. പരശുരാമൻ മഴുവെറിഞ്ഞു നേടിയെടുത്ത മണ്ണിന്റെ ചൂരുംചൂടും തൊലിപ്പുറത്തുമാത്രമല്ല, ആത്മാവിലും നിറഞ്ഞുകിടപ്പുണ്ട്.
കൃത്യമായിപറഞ്ഞാൽ, 2020 ഏപ്രിലിൽ മലയാളത്തിൽ കുത്തിക്കുറിച്ചു തുടങ്ങി. എന്തോ എഴുതി. നവമാധ്യമങ്ങളിലൂടെ വായിച്ചു. പലതും പല മാധ്യമങ്ങളിലൂടെ പങ്കുവച്ചു. മറ്റൊരു സ്വപ്നലോകത്തേക്ക് നടന്നുചെന്നപ്പോൾ, അതും ഒരു പ്രവാസലോകം തന്നെ ആയിരുന്നു.
അതിൽ, ഗൃഹാതുരത്വമുണർത്തുന്ന നാടിന്റെ ഓർമ്മകൾ വിളക്കു തെളിയ്ക്കുമ്പോലെ തെളിഞ്ഞുനിന്നു. അപ്പോഴൊന്നും ഓർത്തില്ല, ആഫ്രിക്കയെക്കുറിച്ച് എന്തെങ്കിലും എഴുതാനും നിയോഗം ഉണ്ടാവുമെന്ന്.
എഴുതേണ്ടത് എന്നെക്കുറിച്ചല്ല, ആവരുത് എന്നും നിർബന്ധമുണ്ട്. നടന്നുതീർത്ത വഴിത്താരകളെ, നാടുകളെ അവിടെക്കണ്ട മനുഷ്യരുടെ ജീവിതത്തെ എല്ലാം എന്റെ കാഴ്ചപാടിലൂടെ കാണാനുള്ള ഒരു ശ്രമം, ശ്രമകരമാണ്. ആഫ്രിക്കയെന്ന എന്റെ വളർത്തമ്മയെ അവരുടെ മനസ്സിനെ ഒരു ഭാരതീയൻറെ കണ്ണിലൂടെ കാണുക എന്നാൽ രണ്ടുചിന്താധാരകളെ ഒന്നായി ലയിപ്പിക്കുക എന്നുമാവാം.
ഒരു എളിയ ശ്രമം. എഴുതാൻ തുടങ്ങുമ്പോൾ, എന്തെഴുതണം എന്നറിയില്ല, എന്നിട്ടും തുടങ്ങാമെന്നു കരുതി.
ഞാൻ ജനിച്ചുവളർന്ന കാലഘട്ടത്തിലൂടെ, ചരിത്രത്തിലൂടെ, സംസ്കാരത്തിലൂടെ ഒരു യാത്ര മറ്റൊരു നാട്ടിലേക്ക്, അവരുടെ സംസ്കാരത്തിലേക്ക്, അവർ പാകിയ ചിന്താധാരയിലേക്ക് ഒരെത്തിനോട്ടം.
അതിനാണീ ശ്രമം.
എഴുതുന്നതിൽ പിഴ പറ്റാം, ആധികാരികമായ വിവരങ്ങൾ തുലോം കുറവാകാം. എഴുതുന്നത് പക്ഷേ, ചരിത്രമല്ലല്ലോ! എന്റെ അനുഭവത്തിന്റെ  വെളിച്ചത്തിൽ  ഞാൻ സൃഷ്ടിച്ചെടുത്ത ഒരു ചിത്രം, എന്റെ ആഫ്രിക്ക. അതിൽ നോവുന്ന കാഴ്ചകളുണ്ട്, ബന്ധങ്ങളുടെ തീവ്രതയുള്ള മനുഷ്യരുടെ ജീവിതമുണ്ട്,  ചരിത്രത്തിന്റെ പൊട്ടുംപൊടിയുമുണ്ട്.
മുപ്പത്തിമൂന്നു വർഷത്തെ പ്രവാസം സമ്മാനിച്ച അനുഭവങ്ങളുടെ അനുഭൂതികളുടെ ഭാണ്ഡവും പേറിയൊരു യാത്ര, വീണ്ടും!
എന്റെ ഈ യാത്ര ലളിതമായി പറഞ്ഞുതുടങ്ങുന്നു. ഇതിൽ ചരിത്രമുണ്ട്, ഭാവനയുണ്ട്, എന്റേതായ വ്യാഖ്യാനങ്ങളും ഉണ്ട്. എന്റെ ജീവിതവും ഉണ്ട്. ഒരു നിലവിളക്കു കത്തിക്കുംപോലെ അനുവാചകന്റെ മുന്നിലേക്കിതാ ഞാൻ വരുന്നു, എന്റെ ആഫ്രിക്കയെക്കുറിച്ചു പറയാൻ.
പ്രവാസജീവിതത്തിന്റെ തുടക്കത്തിൽ കണ്ട സ്വപ്നങ്ങളല്ല ഇന്നെന്റെ മനസ്സിൽ. യൗവനത്തിന്റെ കാമനകളും ധാർഷ്ട്യവും നിലപാടുകളുമല്ല ഇന്നത്തെ എനിക്കുള്ളത്. എന്നും പക്ഷെ തൊഴുതുനിന്നിരുന്ന ഒരേയൊരു പ്രതിഷ്ഠ വാഗ്ദേവി മാത്രം എന്നുറപ്പിച്ചു പറയാം.
അതുകൊണ്ട് ഒരു പ്രാർത്ഥനയേ ഉള്ളു,
‘നാവിൽ നീ നാദമായ് തീരേണം
ജീവന്റെ നാമ്പിൽ നീ
ജ്ഞാനത്തിൻ മുത്താകണം
അക്ഷയതേജസ്വിനീ നീയെന്നിൽ
അക്ഷരം ശാശ്വതമാക്കീടണം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleരാത്രിയിൽ വിരിയുന്ന കവിത
Next article2021 ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾക്ക് ഗ്രന്ഥങ്ങൾ ക്ഷണിച്ചു
ഡോ. അജയ് നാരായണൻ: എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ ശ്രീ നാരായണന്റെയും ശ്രീമതി സുന്ദരത്തിന്റെയും മകൻ. സെയിന്റ് പോൾസ് കോളേജ് (കളമശ്ശേരി) ഭാരതമാതാ കോളേജ് (തൃക്കാക്കര), സെയിന്റ് ആൽബെർട്സ് കോളേജ് (എറണാകുളം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ് 1988 ൽ കെന്യയിൽ അധ്യാപകനായി ജോലി തുടങ്ങി. 1991ൽ ല്സോത്തോയിൽ കുടിയേറി, അധ്യാപകനായി ജോലി നോക്കി. സെയിന്റ് ഓഗസ്റ്റിൻ യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും എംഫിൽ, റോഡ്‌സ് യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും പി എച്ഡി. 2019ൽ ജോലിയിൽ നിന്നും വിരമിച്ച ശേഷം പ്രൈമറി വിദ്യാഭ്യാസത്തിൽ ദർഹം യൂണിവേഴ്സിറ്റി (യൂ കെ) യുമായി ഗവേഷണം (ipips ). താമസം മസേറു വിൽ (തലസ്ഥാനം നഗരി). ഭാര്യ, ഉമാദേവി, അധ്യാപിക. മകൾ ഭാവന, മെഡിക്കൽ ഡോക്ടർ (സൗത്ത് ആഫ്രിക്ക).

2 COMMENTS

  1. ജനിച്ചുവളർന്ന മണ്ണിെനെക്കുറിച്ച് സംസാരിക്കുേമ്പോൾ അൽപമല്ലാത്ത ആവേശം വാക്കുകളിൽ കാണാം. ഒരേ ഇഷ്ടങ്ങളുടെ ആവർത്തനം സ്വാഭാവിക വിരസത സൃഷ്ടിക്കുമെങ്കിലും പിറന്ന മണ്ണിനോടുള്ള ഇഴക്കത്തിൽ അതു കാണാനാവില്ല. ഹൃദ്യമായ വരികൾ മാഷെ …. i
    പുതുവഴികളിലൂടെ പുതു തീരങ്ങളെത്തേടിയലയുന്ന മാഷിനു എല്ലാവിധ ആശംസകളും നേരുന്നു .🤩🙏♥️

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here