“ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച് – 21

 

 

 

 

 

 

 

മാമോഹാവുവിലെ ജീവിതം അങ്ങനെ തുടങ്ങിയ കാലഘഘട്ടത്തിൽ ആണ് ചന്ദ്രനും രമയും കെന്യയിൽനിന്നും അവസരങ്ങൾ തേടി സൗത്ത് ആഫ്രിക്കയിലേക്ക് വരാനുള്ള തീരുമാനം എന്നെ അറിയിച്ചത്. അമ്മാവൻ അവിടെ ഉള്ളതിനാൽ കാര്യങ്ങൾ എളുപ്പമാണ്. എങ്കിലും ല്സോത്തോ വഴിയേ പോകാൻ പറ്റുകയുള്ളു.

അവർ വന്നാൽ, എവിടെ താമസിക്കും എന്ന പ്രഹേളിക ഞാൻ എന്റെ പ്രിൻസിപ്പലിന്റെ മുൻപിൽ അവതരിപ്പിച്ചു. അങ്ങനെ അവർ സൗത്ത് ആഫ്രിക്കയിൽ പോകുന്നതുവരെ സ്കൂൾ വക ഒരു വീട്ടിൽ ഉറങ്ങുവാനുള്ള അനുവാദവും കിട്ടി. അത്രേം നല്ലത്.

എയർപോർട്ടിൽ നിന്നും അവരെ കൂട്ടിക്കൊണ്ടുവന്നു. കുറച്ചുദിവസങ്ങൾ അവിടെ തങ്ങിയതിനു ശേഷം അവർ സൌത്ത് ആഫ്രിക്കയിലേക്ക് യാത്രയായി, ഭാനുസാറിനൊപ്പം. സാർ എന്നോടും പ്രത്യേകം പറഞ്ഞു, അങ്ങോട്ട് വന്നാൽ ജോലി ശരിയാക്കാം എന്ന്.
ആകട്ടെ. തത്കാലം വലിയൊരു കടമ്പയുണ്ട്. ഡിസംബറിൽ വിവാഹം ഉറപ്പിച്ചാണ് പോന്നത്. നാട്ടിൽ എത്തണം, അതിനുള്ള വക കണ്ടെത്തണം.

ശമ്പളം കിട്ടിത്തുടങ്ങിയിരുന്നു. അന്നെല്ലാം Teaching Service Department (TSD) വഴിയാണ് അപ്പോയ്ന്റ്മെന്റ്, ശമ്പളം ഒക്കെ സർക്കാർ തരുന്നത്. അവിടെ പേര് രജിസ്റ്റർ ചെയ്യുമ്പോൾ പാസ്സ്പോർട്ടിലെ നീണ്ട വീട്ടുപേര് ഒരു പ്രശ്നമായി. പലരും വീട്ടുപേരായിരുന്നു sur name ആയി രജിസ്റ്റർ ചെയ്തിരുന്നത്.

വീട്ടുപേരിനു പകരം ഞാൻ എന്റെ അച്ഛന്റെ പേര് sur name ആക്കാൻ തീരുമാനിച്ചു, അങ്ങനെ നാരായണൻ എന്ന പേരിൽ ഇവിടെയുള്ള എല്ലാ രേഖകളിലും അറിയപ്പെട്ടു. ആ പേരിൽ അറിയുമ്പോൾ ഒരു സുരക്ഷാബോധം മനസ്സിൽ ഉണ്ടാകുന്നു, അഭിമാനവും.

ഇതിനിടയിൽ യാദൃശ്ചികമായി ഒരു സൗഹൃദം കിട്ടി, Fr. Schier. വിജയനുമായി ഒരു ദിവസം ലെരിബെ പട്ടണത്തിൽ പോയി അത്യാവശ്യം ഷോപ്പിംഗ് നടത്തിവരുമ്പോഴേക്കും സന്ധ്യയായി. ഇനി ടാക്സി കിട്ടാൻ എളുപ്പമല്ല.

അങ്ങനെ തിരക്കിപ്പിടിച്ചു ഒരു മിഷനിലെത്തി (Mount Royal Mission). അവിടെ കണ്ട ജർമൻ പുരോഹിതനായിരുന്നു Fr. Schier. അദ്ദേഹം, അന്നുരാത്രി അവിടെ കഴിയുവാൻ സമ്മതിച്ചു. അതൊരു തുടക്കമായിരുന്നു, ഒരാത്മബന്ധത്തിന്റെ തുടക്കം.

പിന്നെപ്പിന്നെ, ശമ്പളം കിട്ടുന്ന മാസാവസാനം അവിടെ തങ്ങും. ജർമ്മൻ കഥകൾ അദ്ദേഹവും ഭാരതീയകഥകൾ ഞാനും പറയും. നല്ല അഭിമാനബോധമുള്ള സമൂഹമാണ് ജർമനിയിലെ ജനങ്ങൾ.
രണ്ടാംലോകമഹായുദ്ധത്തിൽ പങ്കെടുത്ത അദ്ദേഹത്തിന്റെ അച്ഛനെക്കുറിച്ചുള്ള ചിലകഥകൾ അദ്ദേഹം പറയുമ്പോൾ, ഹിറ്റ്ലറെക്കുറിച്ച് അറിയാവുന്നതെല്ലാം പങ്കുവയ്ക്കും, കുത്തിക്കുത്തി കൂടുതൽ തിരയും.

അൽപ്പസ്വല്പം സ്വാതന്ത്ര്യം കാണിക്കാവുന്ന ഒരു ആദരവ് എനിക്കും എന്നോടൊരു വാത്സല്യം അദ്ദേഹത്തിനും ഉണ്ടായിരുന്നു. അതേ അടുപ്പം ഉമയോടും അദ്ദേഹം കാണിച്ചിരുന്നു. ലെരിബെയിൽ ഉമ കുറച്ചുനാൾ ജോലി ചെയ്തപ്പോൾ അദ്ദേഹത്തിന്റെ മിഷനിൽ ഒരു മുറി താമസിക്കുവാൻ തന്നത് വലിയ അനുഗ്രഹം തന്നെയായിരുന്നു.

ഇവിടെ വച്ചാണ് ഏറെ നല്ല ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കുവാനും ഇംഗ്ലീഷ് സിനിമകൾ കാണുവാനുള്ള അവസരം കിട്ടിയതും ശീലമായതും.

സ്റ്റീവ് ബിക്കോ എന്ന നേതാവിനെക്കുറിച്ച് ഡോണാൾഡ് വുഡ് എഴുതിയ ബിക്കോ, മണ്ടേലയുടെ ആത്മകഥ, cry my beloved country തുടങ്ങിയ സ്വാതന്ത്രസമര കഥകൾ, ഒപ്പം യൂറോപ്യൻ ക്ലാസ്സിക്കുകൾ ഇവയൊക്കെ വായിച്ചു കൂട്ടി.

കണ്ട സിനിമകളിൽ Sarafina, Sound Of Music, Cry Freedom, Fiddler on the Roof തുടങ്ങിയ ക്ലാസിക്കുകളും ഉണ്ടായിരുന്നു.

ഫാദർ ഷീയറെ കണ്ടതു മുതലാവാം എന്റെ ചിന്തയിലും അദ്ദേഹത്തിന്റെ സ്വാധീനം ഉണ്ടായിരുന്നു.

ല്സോത്തോ എന്ന നാടിനെക്കുറിച്ച്, തദ്ദേശീയരുടെ ആചാരങ്ങളെ കുറിച്ച്, വിദ്യാഭ്യാസത്തിന് ഇവർ കൊടുക്കുന്ന പ്രാധാന്യത്തെക്കുറിച്ച്, അങ്ങനെ പലതിലും എനിക്കുള്ള സംശയങ്ങൾ തീർത്തു തന്നതും അദ്ദേഹമാണ്.

ബസോത്തോ ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ ഇന്നും നിലനിന്നുപോരുന്നു എന്നത് കൗതുകം ജനിപ്പിക്കുന്നതുമാണ്. വിദ്യാഭ്യാസപരമായി എത്ര ഔന്നത്യത്തിൽ നിന്നാലും പരമ്പരാഗതമായ ആചാരങ്ങൾ വളരെ ഭയഭക്തിബഹുമാനത്തോടെ ഇവർ ആചാരിക്കുന്നു.

ജനനം, പ്രായപൂർത്തിയാകുക എന്ന അനുഷ്ഠാനം (initiation), വിവാഹം, മരണം, മരണാനന്തരശേഷക്രിയകൾ തുടങ്ങി മനുഷ്യജീവിതത്തിന്റെ എല്ലാ അവസ്ഥകളിലുമായി പടർന്നുകിടക്കുന്നു അവരുടെ ദൈനംദിനചര്യകൾ! ചില വിശ്വാസങ്ങൾ ശാസ്ത്രീയബോധമില്ലാതെയുമാണെന്ന മുൻവിധിയുമുണ്ട്. എന്നിരുന്നാലും, ഇവരുടെ വിശ്വാസപ്രമാണങ്ങളെ ഇളക്കുവാൻ ബ്രഹ്മനും സാധ്യമല്ല. ഇതെക്കുറിച്ചെല്ലാം ഏറെ എഴുതുവാനുണ്ട്.

എനിക്ക് വിശ്വസിക്കുവാൻ പ്രയാസമുള്ളതും അന്ധവിശ്വാസമെന്ന് പണ്ടേ പുച്ഛിച്ചു തള്ളിയതുമായ നാട്ടിലെ ആചാരങ്ങൾ, പരിഷ്കൃതലോകത്തിനു യോജിച്ചതല്ല എന്നു പ്രായത്തിന്റെ ചോരത്തിളപ്പിന്റെ അഹങ്കാരംകൊണ്ട് കരുതിയ നവയുഗവിശ്വാസപ്രമാണങ്ങളുടെ വക്താവാണല്ലോ ഞാനും! പ്രത്യേകിച്ചും, ചോര തിളയ്ക്കുന്ന പ്രായത്തിൽ, എല്ലാറ്റിനെയും നിസ്സാരവൽക്കരിക്കുന്ന ഭാവത്തിൽ, എന്റെ അറിവുമാത്രം മുൻപേ എന്ന ധാർഷ്ട്യത്തിൽ കഴിയുന്ന എനിക്കു അന്ധവിശ്വാസങ്ങളെ, അനാചാരങ്ങളെ, അനുഷ്ഠാനങ്ങളെയെല്ലാം ഒരു സഹതാപം കലർന്ന പുച്ഛം ഉണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. അഹങ്കാരം തന്നെ!

ജീവിതം തുടങ്ങിക്കഴിഞ്ഞു. മാമോഹാവു ജീവിതം പരിചയപ്പെട്ടുവന്നു. മുഖങ്ങൾ കണ്ടാൽ തിരിച്ചറിയാമെന്നുമായി. ഇനി നാട്ടിലേക്കുള്ള യാത്രയ്ക്കൊരുങ്ങണം. എളുപ്പമല്ല. അന്നെല്ലാം ഒരു മാസത്തെ ശമ്പളം തുച്ഛമാണ്. മൂന്നോ നാലോ മാസത്തെ ശമ്പളം വേണ്ടിവരും ഒരു ടിക്കറ്റ് വാങ്ങുവാൻ. അതുകൊണ്ട് തന്നെ മൂന്നുവർഷമെങ്കിലുമാകും പലർക്കും നാട്ടിൽ പോയിവരാൻ. അന്ന് മുംബൈ വഴിയേ നാട്ടിൽ വരാൻ സാധ്യമാകൂ. എന്നുവച്ചാൽ മസേറുവിൽ നിന്നും ഒരുമണിക്കൂർ ജോഹാനസ്ബർഗിലേക്കുള്ള ആകാശയാത്ര. അവിടെനിന്നും ഏതെങ്കിലും ഏറ്റവും വിലകുറഞ്ഞ രണ്ട് ഫ്ലൈറ്റുകൾ മാറിക്കേറി മുംബൈയിലേക്ക്. എത്യോപ്യൻ എയർവെയ്സ് ആണ് എന്നെപ്പോലുള്ളവർക്ക് അഭികാമ്യം. അഡിസ്അബാബയിൽ ഹാൾട് ഉണ്ട്. അപ്പോഴേക്കും ശരീരം ഒരു പരുവമായിക്കാണും. പിന്നെ മുംബൈ-കൊച്ചി യാത്ര. അതാണ് ഏറ്റവും ഉത്സാഹം. നാടെത്തിയല്ലോ!

ഇന്നത്തെകാലത്ത് എളുപ്പമാണ് യാത്ര. കൊച്ചിയിലേക്ക് കണക്ഷൻ ഫ്ലൈറ്റ്കൾ ധാരാളം. ഏറെ നാളായി മിഡിൽ ഈസ്റ്റ്‌ വഴിയേ പോകാറുള്ളു. പരമാവധി ഒരു ദിവസത്തെ യാത്ര. വർഷാവർഷം നാട്ടിൽ വരാൻ തുടങ്ങിയതും ഈ അടുത്തകാലത്താണല്ലോ.

=========

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleവരുവിൻ,വായിക്കുവിൻ,ദു:ഖം മാറ്റുവിൻ.
Next articleരണ്ടു കത്തികൾ
ഡോ. അജയ് നാരായണൻ: എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ ശ്രീ നാരായണന്റെയും ശ്രീമതി സുന്ദരത്തിന്റെയും മകൻ. സെയിന്റ് പോൾസ് കോളേജ് (കളമശ്ശേരി) ഭാരതമാതാ കോളേജ് (തൃക്കാക്കര), സെയിന്റ് ആൽബെർട്സ് കോളേജ് (എറണാകുളം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ് 1988 ൽ കെന്യയിൽ അധ്യാപകനായി ജോലി തുടങ്ങി. 1991ൽ ല്സോത്തോയിൽ കുടിയേറി, അധ്യാപകനായി ജോലി നോക്കി. സെയിന്റ് ഓഗസ്റ്റിൻ യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും എംഫിൽ, റോഡ്‌സ് യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും പി എച്ഡി. 2019ൽ ജോലിയിൽ നിന്നും വിരമിച്ച ശേഷം പ്രൈമറി വിദ്യാഭ്യാസത്തിൽ ദർഹം യൂണിവേഴ്സിറ്റി (യൂ കെ) യുമായി ഗവേഷണം (ipips ). താമസം മസേറു വിൽ (തലസ്ഥാനം നഗരി). ഭാര്യ, ഉമാദേവി, അധ്യാപിക. മകൾ ഭാവന, മെഡിക്കൽ ഡോക്ടർ (സൗത്ത് ആഫ്രിക്ക).

2 COMMENTS

  1. ഒരു പയ്യൻ ആഫ്രിക്കയിൽ ജീവിതപ്പടവുകൾ കയറുന്നത്.ഇമ്പമോടെ കാണുന്നു.

    ആചാരവൈവിധ്യങ്ങളറിയാൻ കാത്തിരിക്കുന്നു.
    അവസാനത്തെ. വാക്യത്തിൽ ‘നാട്ടിൽ വരാൻ തുടങ്ങിയതും’ എന്നല്ലേ വേണ്ടത്?

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English