ഇരുണ്ട ഭൂഖണ്ഡത്തിന്റെ മാറിൽ വലതുകാൽ വച്ച് – ഓർമ്മകളിലൂടെ….. 7

കിസുമു. കെന്യയിലെ ബോംബെയാണ് കിസുമു നഗരം. ഒരുപാട് ഇന്ത്യക്കാർ താമസിക്കുന്ന ഇടം. ബ്രിട്ടീഷുകാരുടെ കാലത്ത് കൂലിവേലയ്ക്കായ് കൊണ്ടുവന്നവർ. വടക്കേഇന്ത്യയിലെ ഗുജറാത്തി, പഞ്ചാബി, ഹിന്ദി സെക്ടറുകളിൽനിന്നുമാണ് ഭൂരിപക്ഷം.
1963 ൽ കെന്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ പല ഇന്ത്യക്കാരും ബ്രിട്ടീഷ് പാസ്സ്പോർട്ടിൽ, അതിന്റെ സുരക്ഷയിൽ ജീവിച്ചു. ചിലർ ഇന്ത്യയിൽ താമസിച്ചുവെങ്കിലും ബ്രിട്ടീഷ്കാരുടെ പെൻഷൻ അനുഭവിച്ചു. എങ്കിലും വളരെയധികം വടക്കേ ഇന്ത്യൻ വംശജർ കെന്യയിൽ തുടർന്നു. വ്യവസായത്തിന് വളക്കൂറുള്ള, പുരോഗമനം ആവശ്യമുള്ള നാട്ടിൽ സാമ്പത്തികപുരോഗതിക്ക് അവിടെ ജീവിക്കുന്ന മറുനാട്ടുകാരെയും കെന്യയ്ക്ക് വേണമായിരുന്നു.
അവസരങ്ങളുടെ വെള്ളിവെളിച്ചം അവിടെ സ്ഥിരതാമസമാക്കിയ ഭാരതീയരുടെ മേലാകെയും പതിഞ്ഞു. ഭാരതീയസംസ്കാരത്തിന്റെ തണലിൽ, ആഫ്രിക്കൻ മണ്ണിൽ വളർന്ന വടവൃക്ഷങ്ങളായി മാറി പല വ്യവസായസംരംഭങ്ങളും.
ക്ഷേത്രങ്ങളും ഗുരുദ്വാറുകളും തീയറ്ററുകളിൽ കളിക്കുന്ന ഹിന്ദി സിനിമകളും മതിയായിരുന്നു ഇന്ത്യൻ ജീവിതരീതികളെ നിലനിർത്താൻ.
ഓർക്കുന്നു, കിസുമുവിലെ സിനിമാടാക്കീസിൽ വച്ചാണ് ഞാൻ തേസാബ് എന്ന ഹിന്ദി സിനിമ ആസ്വദിച്ചത്. മാധുരി ദീക്ഷിത്തും അനിൽ കപൂറും സ്‌ക്രീനിൽ നിറഞ്ഞാടിയപ്പോൾ തീയേറ്ററിൽ ആഘോഷമായിരുന്നു.
കിസുമു ഒരു ഇന്ത്യൻ നഗരം തന്നെ.
കിസുമുവിൽ മാനേജ്മെന്റ് വക വീടുണ്ടായിരുന്നു. അവിടെ ചന്ദ്രനും. ചന്ദ്രന്റെ നാട് പന്തളം. “കണ്ടാലോ സുന്ദരൻ എന്റെ തോഴൻ” എന്നുറപ്പിച്ച് ഏതുപെണ്ണും കണ്ണടച്ചുപാടുന്ന ചാന്ദ്രഭാവം.
അങ്ങനെ, ചന്ദ്രനൊപ്പം വെപ്പും തീനും, കൊച്ചുകൊച്ചു യാത്രകളും അത്യാവശ്യം നല്ല വഴക്കുകളും വേണ്ടത്ര കഥകളുമായി മൂന്നുവർഷം, ഒരുമിച്ചു കഴിഞ്ഞു. പ്രായംകൊണ്ടും അധ്യാപനവൃത്തിയിൽ ഔദ്യോഗികമായും പിന്നെ കെന്യയിലെ ജീവിതാനുഭവങ്ങൾ കൊണ്ടും സീനിയോരിറ്റിയുണ്ട് ചന്ദ്രന്. അതിന്റെ ഗമയും കൂടും. എന്നോടുള്ള കരുതലോർത്താൽ കണ്ണുമാത്രമല്ല മനസ്സും നീരണിയും. എനിക്കു ബാധകേറുന്ന ദിവസങ്ങളിൽ എല്ലാം തട്ടിക്കുടഞ്ഞിറങ്ങും ഞാൻ. അതൊരു യാത്രയായിരുന്നു. ബുദ്ധയാത്ര!
അത്തരം നിമിഷങ്ങളിൽ ഞാനെന്റെ വത്മീകത്തിലിരിക്കും, സ്വപ്നം കാണും, കഥകൾ മനസ്സിലുരുവിടും. ആകാശം വെൺമേഘത്താളുവിരിക്കും, കണ്ണുകൾ നാരായമാകും.
പിന്നെ മിണ്ടാതെ തിരികെ വീട്ടിലെത്തും. അവിടെ ചന്ദ്രനുണ്ട്, ഒരു നക്ഷത്രത്തിരിയുമായി. ആ കരുതലിനെന്തൊരു പ്രകാശം!
മെറു പോലെയല്ല കിസുമു. ചൂടുകാലത്ത് 40 ഡിഗ്രി സെന്റിഗ്രേഡ് വരെയാകും. മഴയും അതികഠിനം.
കിസുമു ഒരു പഠനക്കളരി ആയിരുന്നു എനിക്ക്. കൗതുകത്തിന്റെ ആരംഭഘട്ടം കഴിഞ്ഞു. ഇനി യാഥാർഥ്യങ്ങളുടെ കല്ലും മുള്ളും ചവിട്ടിയുള്ള പാതയാണ് മുന്നിൽ. ഇവിടെയുള്ള വിദ്യാർത്ഥികളുടെ വായനാതാല്പര്യംവും ഭാഷാചാതുരിയും ശ്ലാഘനീയം തന്നെ. അതും എനിക്ക് പ്രചോദനം തന്നു.
ഇവിടെ വച്ചാണ് ഇംഗ്ലീഷ് പുസ്തകങ്ങളിൽ മുങ്ങാംക്കുളിയിട്ടു തുടങ്ങിയത്. പുതിയഭാഷ പഠിക്കാൻ വായന അത്യാവശ്യം. ബ്രിട്ടീഷ് ലൈബ്രറി അടുത്തുതന്നെയുണ്ട്.
വായിച്ചുതുടങ്ങി. കോനൻ ഡോയിൽ, അഗത ക്രിസ്റ്റി, ബെസ്റ്റ് സെല്ലേഴ്‌സ് ആയ ജെഫ്രി ആർച്ചർ, സ്മിത്ത്, ഗ്രിഷം, ഷെൽഡൺ തുടങ്ങി ക്ലാസ്സിക്കുകളിലേക്ക് പോയി. ഡൂമാസ്, ബെക്ക്, ചീനു അച്ചേബെ, ഡിക്കൻസ്, ബ്രോന്റി സഹോദരികൾ അങ്ങനെ പലരെയും വായിച്ചു.
മൂന്നുവർഷങ്ങൾ! വായനയുടെ സുവർണകാലമായിരുന്നു. പ്രവാസജീവിതത്തിലെ പഠനകാലം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleചെറു കവിതകള്‍
Next articleമിഴികൾ മന്ത്രിക്കുന്നു
ഡോ. അജയ് നാരായണൻ: എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ ശ്രീ നാരായണന്റെയും ശ്രീമതി സുന്ദരത്തിന്റെയും മകൻ. സെയിന്റ് പോൾസ് കോളേജ് (കളമശ്ശേരി) ഭാരതമാതാ കോളേജ് (തൃക്കാക്കര), സെയിന്റ് ആൽബെർട്സ് കോളേജ് (എറണാകുളം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ് 1988 ൽ കെന്യയിൽ അധ്യാപകനായി ജോലി തുടങ്ങി. 1991ൽ ല്സോത്തോയിൽ കുടിയേറി, അധ്യാപകനായി ജോലി നോക്കി. സെയിന്റ് ഓഗസ്റ്റിൻ യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും എംഫിൽ, റോഡ്‌സ് യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും പി എച്ഡി. 2019ൽ ജോലിയിൽ നിന്നും വിരമിച്ച ശേഷം പ്രൈമറി വിദ്യാഭ്യാസത്തിൽ ദർഹം യൂണിവേഴ്സിറ്റി (യൂ കെ) യുമായി ഗവേഷണം (ipips ). താമസം മസേറു വിൽ (തലസ്ഥാനം നഗരി). ഭാര്യ, ഉമാദേവി, അധ്യാപിക. മകൾ ഭാവന, മെഡിക്കൽ ഡോക്ടർ (സൗത്ത് ആഫ്രിക്ക).

6 COMMENTS

  1. നല്ലെഴുത്ത് മാഷേ, കിസുമുവിൻ്റെ ഏകദേശ രൂപം പ്രതിപാദിച്ചിട്ടുണ്ട്,, നല്ല ഭാഷാപ്രയോഗം, ആശംസകൾ

  2. നല്ല ഒഴുക്കുള്ള ശൈലി. പുതിയ സ്ഥലങ്ങളെക്കുറിച്ച്‌ അറിയാൻ താൽപ്പര്യമുണ്ട്‌.

  3. നല്ല രചന- മനോഹരം . .. .. ജിസുമുവിൽ എത്തിയത് പോലെ…. ഇനിയും ധാരാളം എഴുതൂ…

Leave a Reply to അജയ് നാരായണൻ Cancel reply

Please enter your comment!
Please enter your name here