പ്രവാസികൾക്ക് എപ്പോഴും പേടിയാണ്, സംശയമാണ്. സുരക്ഷിതത്വമില്ലായ്മയുടെ യുദ്ധക്കളമാണ് ഏതൊരു സാധാരണ പ്രവാസിയുടെയും ബോധ-ഉപബോധ മനസ്സ്. പ്രത്യേകിച്ചും ആഫ്രിക്കയിലാവുമ്പോൾ. പലവട്ടം പലയിടത്തും നോക്കണം. നമ്മളെ ആക്രമിക്കുന്നത് കണ്ടാലും ഒരില പോലും അനങ്ങില്ല!
ഇനി ഓർക്കേണ്ടത് അത്തരം ജീവിതപാഠങ്ങൾ കൂടിയാണ്. മരണം മുന്നിൽ കണ്ട ഒരു നിമിഷം ഉണ്ടായിരുന്നു.
താമസിക്കുന്ന ഇടത്തു നിന്നും ഒരു നാഴിക അകലെ ഒരു കുട്ടിക്ക് ട്യൂഷൻ എടുക്കാൻ പോകും വഴി ഏറെ വീടുകളുണ്ട്. പലതും പലരൂപത്തിലുള്ള സൗധങ്ങൾ തന്നെ. ഒരു അവധി ദിവസം അതിലേ പോകുംവഴി, ഒരു വീട്ടിനടുത്തു മൂന്നോ നാലോ ആളുകളെ കണ്ടു. തദ്ദേശവാസികൾ തന്നെ. ആകാംക്ഷയോടെ നോക്കിയപ്പോൾ ഗേറ്റിനടുത്തുള്ള ആൾ കൈകാട്ടി വിളിച്ചു. സംഗതി പിടികിട്ടി. കയ്യിൽ തോക്ക്!
ഓടാൻ നിവർത്തിയില്ല. ഇത്തരം മുഹൂർത്തങ്ങൾ ഗംഭീരങ്ങളാണ്, ആളെ അന്വേഷിച്ചുവരുന്ന പാഠങ്ങളാണ്. മിണ്ടാതെ അനുസരിക്കുക മാത്രമേ പറ്റുകയുള്ളു. പ്രതികരിക്കാൻ നിന്നാൽ നമ്മൾ ഇല്ലാതാവുമെന്നതിന് ഒരു സംശയവും വേണ്ട.
തോക്കിന്റെ മുന്നിലുള്ള അനുസരണ, ഒരു ഒന്നൊന്നര അനുസരണ തന്നെ!
വീടിന്റെ മുകളിലെ നിലയിൽ നിന്നും കരച്ചിൽ കേട്ടു. അനങ്ങിയില്ല. എന്റെ കയ്യിലെ റിസ്റ്റ് വാച്ച് അവരെടുത്തു. ഇനിയെന്ത് വേണം? തപ്പിനോക്കി, ഒന്നും കിട്ടിയില്ല. ഭാഗ്യം, ശാരീരിക പീഡനം ഒന്നുമുണ്ടായില്ല. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ, സൈക്കോളജിക്കൽ നീക്കം ഉണ്ടല്ലോ, ആദ്യം അടി. പിന്നെ സംസാരം. അതുണ്ടായില്ല.
തറയിൽ ഒരാൾ എന്നെ വെടിപ്പായി ഇരുത്തി. ഞാൻ ഇരുന്നുകൊടുത്തു. വെടിപൊട്ടുന്നില്ല. അതായിരുന്നു സമാധാനം. നമ്മൾ ശാന്തമായി, അവരെ പ്രകോപിപ്പിക്കാതെ ഇരിക്കുക. ഇതൊരു പാഠം തന്നെ.
പിന്നീട് ല്സോത്തോയിൽ അതുപകരിച്ചു.
“വരുമോരോ ദശ വന്നപോലെ പോം”.
എല്ലാം പെട്ടെന്നായിരുന്നു. ദാ, വന്നു. ദാ, പോയി!
കയ്യിൽ കിട്ടിയതെന്തൊക്കെയോ എടുത്ത് അവർ തിരക്കിട്ടു വീടിനുപുറത്തേക്ക് തലച്ചുമടുമായി പോയതിനു പിന്നാലെ ഞാൻ ഓടി, വീട്ടിനകത്തേക്ക്.
ഛന്നംഭിന്നമായി, കാട്ടാനക്കൂട്ടം കയറിയിറങ്ങിയതുപോലെ പലതും വലിച്ചുവാരി തറയിൽ. മേലുകീഴായി നിമിഷങ്ങൾ!
കരച്ചിൽ മുകളിലാണ്. പേടിച്ചു മൂളുന്ന മുയൽക്കുട്ടികളുടെ ഇടറുന്ന കരച്ചിൽ. ചാടിക്കയറി മുകളിലേക്ക്. എത്തുന്നില്ല. സ്വർഗത്തിൽ ഇതിലും വേഗത്തിൽ എത്താം!
എത്തി. ഹോ!
ഒരമ്മയും മകളും എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഗുജറാത്തി ഭാഷയിൽ വൃത്തിയായി കരഞ്ഞു. അന്നാണ് പഠിച്ചത്, കരച്ചിലിന്റെ ഭാഷ ഇന്റർനാഷണൽ ആണ്. പ്രത്യേകം പരിശീലനം കൂടാതെ പഠിക്കാം.
ഞങ്ങളുടെ വേദന ഒന്നായി ഒഴുകി. രണ്ടുപേരെയും രണ്ടു കൈകൾകൊണ്ട് ചേർത്തുപിടിച്ചു. ഞങ്ങളാകെ വിറയ്ക്കുന്നുണ്ടായിരുന്നു.
ആരൊക്കെയോ പടികയറി വരുന്ന ശബ്ദം. അയൽക്കൂട്ടം ഇരച്ചുകയറി. പലരും പലതും പറഞ്ഞു. പുറത്ത് പോയിരുന്ന കുടുംബനാഥൻമാരും വന്നു. രംഗം ശാന്തമായി. നഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി. നമുക്കിനി അവിടെ സ്ഥാനമില്ല. പോയ സമാധാനത്തിന്റെ കണക്ക് ഞാനും പറയാൻ നിന്നില്ല.
എന്റെ പേരുപോലും ആരും തിരക്കിയില്ല. അപരിചിതമായ ആയിടം പൂരം കഴിഞ്ഞ അമ്പലപ്പറമ്പുപോലെ അലങ്കോലമായി തോന്നി. ആരോടൊക്കെയൊ എന്തോ പിറുപിറുത്തു ഞാൻ പുറത്തിറങ്ങി.
മനസ്സ് ശാന്തമായിരുന്നു. തിരികെ നടന്നു വീട്ടിലെത്തി, ചന്ദ്രനോട് കാര്യം പറഞ്ഞു. ചന്ദ്രൻ ഒന്നു ചുഴിഞ്ഞുനോക്കി. ഒന്നും പറയാൻ പറ്റിയില്ല ചന്ദ്രനും. ജീവൻ നഷ്ടപ്പെട്ടില്ലല്ലോ എന്നും തോന്നിക്കാണും.
പിന്നെയും ആ വഴി പലവട്ടം നടന്നിരുന്നു. ഒന്നു സൂക്ഷിച്ചുനടക്കും. അത്രതന്നെ.
“അതു വെറുതേ, പ്രശ്നങ്ങൾക്കിടയിൽ നുഴഞ്ഞുകയറി, അവിടെക്കിടന്നു വെരകുന്ന ജനുസാണ്”, ഭാര്യ ഉമയ്ക്ക് എന്നെപ്പറ്റി നല്ല അഭിപ്രായമാണ്!
ഒന്നോർത്താൽ ല്സോത്തോ എത്ര സുന്ദരം, ശാന്തം, സുരഭിലം. ഏതു സമയത്തും ആത്മവിശ്വാസത്തോടെ നടക്കാം എന്നൊന്നും കരുതേണ്ട ആവശ്യം ഇല്ല. ആഫ്രിക്കയിലെ പ്രവാസികൾക്ക് ഇത്തരം അനുഭവങ്ങളുടെ കഥകൾ ഏറെ പറയാനുണ്ടാകും. ജീവിക്കുവാനുള്ള കഷ്ടപ്പാടിൽ ജീവൻ നഷ്ടമാകുമെന്ന പേടി നൈമിഷികമാണ്.
ഓർക്കാനേറെയുണ്ടല്ലോ. ന്യൂ കിസുമു വിലെ കുട്ടികൾ കൂടുതൽ ഊർജമുള്ളവരായിരുന്നു. പേടിപ്പിച്ചുനിർത്തിയാൽ മുള്ളുന്ന പിള്ളേരെ അടക്കിനിർത്താൻ ഞാൻ കഷ്ടപ്പെട്ടു. പുതിയ അധ്യാപകനായതിനാൽ അത്ര എളുപ്പവുമായിരുന്നില്ല. അധ്യാപകൻ എന്ന നിലയിൽ ഞാൻ സംതൃപ്തനുമായിരുന്നില്ല. എന്റെയും പഠനം തുടങ്ങുന്നതല്ലേയുള്ളു.
ചില കുട്ടികൾ എന്നെ കുറേ പഠിപ്പിച്ചു. ചാർളി, ക്രിസ്റ്റീന, സിപ്പോരാ, ജാക്ക്, മുറ്റൂണെ അങ്ങനെ ചില പേരുകൾ ഓർമ്മയിൽ ഉണ്ട്. മറക്കാൻ പറ്റാത്ത പേരുകളുള്ള ഈ കുട്ടികളുടെ ഇന്നത്തെ മുഖങ്ങളാണ് ഓർമ്മയിൽ ഇല്ലാത്തത്. സങ്കടം തന്നെ.
കിസുമു നഗരം ഒരു മിശ്ര സംസ്കാരം ഉൾക്കൊണ്ടതായി തോന്നിയിട്ടുണ്ട്. സാമ്പത്തികമായി ഉയർന്ന ജീവിതം നയിക്കുന്ന ഭാരതീയ വംശജരും അവരെ ആശ്രയിച്ചു കഴിയുന്ന തദ്ദേശീയരും ഒത്തൊരുമയോടെ തന്നെയാണ് കഴിഞ്ഞിരുന്നത്. അവരുടെ മനസ്സിൽ പരസ്പരവിശ്വാസവും സ്നേഹവും കടപ്പാടും ഉണ്ടായിരുന്നുവോ എന്നറിയില്ല. അങ്ങനെ ചുഴിഞ്ഞാലോചിക്കുന്ന കാലമായിരുന്നില്ല.
അവിടെ വീട്ടുജോലിക്ക് വരുന്നവർ കഠിനാദ്ധ്വാനികൾ ആയിരുന്നു എന്ന് നിസ്സംശയം പറയാം. ചെയ്യുന്ന പ്രവൃത്തികൾ ശ്രദ്ധയോടെ തന്നെ ചെയ്തിരുന്നു.
വിദ്യാഭ്യാസ സൗകര്യത്തിനായി അവിടെയുള്ള കുട്ടികൾ മിക്കവാറും ബന്ധുക്കൾക്കൊപ്പം താമസിക്കുന്നവരാണ്. പൊതുവെ വായനാശീലം ഉള്ളവരും സ്വതന്ത്രമനസ്ഥിതി ഉള്ളവരുമാണ് വിദ്യാർത്ഥികൾ. അറിയുവാനുള്ള ആവേശം അവരുടെ കറുത്ത മുഖത്ത് നക്ഷത്രദീപങ്ങൾ പോലെ തെളിഞ്ഞുകാണാം.
അവിടെയുള്ള വിദ്യാർത്ഥികളിൽ മുറ്റൂണെ കത്തെഴുതിയിരുന്നു, ല്സോത്തോയിലേക്ക് ഒരിക്കൽ, എന്തോ ചെറിയ സഹായത്തിനായി. പിന്നെ വിവരമൊന്നും ഇല്ല.
ന്യൂ കിസുമുവിലെ ജീവിതത്തിനിടയിലാണ് എയ്ഡ്‌സ് എന്ന മാരകരോഗം കെന്യയിലും കടന്നുവന്നത്. നാട്ടിൽവച്ചേ ഈ വൈറസിനെക്കുറിച്ചു കേട്ടിരുന്നു കേട്ടിരുന്നു. അറിവില്ലായ്മ കൊണ്ട് നല്ല പേടിയും ഉണ്ട്, എല്ലാവർക്കും.
സഹപ്രവർത്തകർ പൂച്ചമ്പൂച്ചം പറഞ്ഞു തുടങ്ങി. അതൊരു യാഥാർഥ്യമായി പലരുടെ മുന്നിലും പ്രത്യക്ഷമായി. ഉള്ളിൽ പേടിയുണ്ടായിത്തുടങ്ങി.
എയ്ഡ്‌സ് പടർന്നുതുടങ്ങിയിരിക്കുന്നു. മരണവാർത്തകളും. സ്കൂളിലെ വാച്ച്മാൻമാരിൽ ഒരാൾക്ക് അസുഖം ഉണ്ടായിരുന്നുവെങ്കിലും അയാൾ ശാന്തമായി നടന്നു. ലൈംഗികവൃത്തിയിൽ താല്പര്യം ഇല്ലാതായിത്തുടങ്ങി എന്നാതായിരുന്നു പലരെയും പോലെ അയാളുടെയും പ്രശ്നം.
അന്ന്, കെന്യയിലെ ചന്തകളിൽ HIV വൈറസിനെ അധീനതയിലാക്കാൻ ഒരു ഒറ്റമൂലി, ഗുളികപരുവത്തിൽ വില്പനയ്ക്ക് വന്നത് അന്തർദേശീയ വാർത്തയായി മാറി. ആ ഗുളിക നാവിനടിയിൽ വച്ചാൽ അലിഞ്ഞു ചേർന്നുകൊള്ളും. ലൈംഗികാവേശം കൂടിവരും, എന്നുവച്ചാൽ HIV പോസിറ്റീവ് ആവില്ലെന്നർത്ഥം!
കെന്യൻ സർക്കാർ ഒറ്റമൂലി നിരോധിച്ചുവെങ്കിലും കരിഞ്ചന്തയിൽ കിട്ടുമായിരുന്നു. അതുകൊണ്ടൊന്നും ഫലമുണ്ടായില്ല. ലൈംഗികബന്ധങ്ങളിലൂടെ Human Immuno Deficiency Virus (HIV) ആഫ്രിക്കയിൽ കൊടുങ്കാറ്റായി മാറി. മരണം പൂക്കുല തുള്ളി, കുടുംബങ്ങൾ അനാഥമായി. പണ്ഡിതനും പാമരനും കുബേരനും കുചേലനും മരണദേവതയുടെ മുന്നിൽ കീഴടങ്ങി.
വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് പല പഠനങ്ങളുണ്ടായി. ആഫ്രിക്കയിലാണ് HIV യുടെ ഉത്ഭവം എന്നു പല ശാസ്ത്രജ്ഞരും അംഗീകരിച്ചു.
അതിനിടയിൽ ഇലകൊഴിയുമ്പോലെ ജീവനും ജീവിതവും കൊഴിഞ്ഞു വീഴുന്നുണ്ടായിരുന്നു എങ്കിലും അതിന്റെ ഭീകരതയെക്കുറിച്ചൊരു ഗ്രാഹ്യം എനിക്കുണ്ടായിരുന്നത് ല്സോത്തോയിൽ വച്ചാണ്. അപ്പോഴേക്കും വൈറസ് ലോകമാകെ പടർന്നിരുന്നു.
കിസുമുവിന് പക്ഷെ പറയാൻ മറ്റൊരു കഥ ഉണ്ടായിരുന്നു. രാഷ്ട്രീയനേതാവും മന്ത്രിയുമായിരുന്ന റോബർട്ട് ഔക്കോയുടെ (Robert Ouko) കൊലപാതകം!
‘വ്യത്യസ്തമായ അനുഭവം, തോക്കിന് മുൻപിൽ പ്രാർത്ഥനയോടെ ഇരിക്കുന്ന അവസ്ഥ, ഒരു നിമിഷത്തെ കാടൻ ചിന്ത മതി അതിലൊന്ന് വിരലമർത്താൻ,,, ആശംസകൾ മാഷേ,,,
നന്ദി രാജേഷ്
ആഫ്രിക്കയിലെ അനുഭവ തീവ്രത ഓർമ്മക്കുറിപ്പിൽ … ഇനി അടുത്ത എപ്പിസോഡിനായുള്ള കാത്തിരിപ്പ്.. ഒരു ബുക്ക് ആണെങ്കിൽ ഒറ്റയിരുപ്പിന് വായിച്ചു തീർക്കുമായിരുന്നു..
സ്നേഹം സൺസീ, പ്രചോദനം ആണ് താങ്കൾ
ജീവിക്കാനുള്ള ഓട്ടത്തിനിടയിൽ ജീവനെക്കുറിച്ചുള്ള പേടി നൈമിഷികം
ശരിയാണ് മാഷേ
അനുഭവപാഠങ്ങൾ
ജീവിക്കുവാൻ വന്നയിടത്ത് ജീവനായി അപകടം പതിയിരിക്കുന്നു… എയ്ഡ്‌സിനെപ്പറ്റി പറഞ്ഞു തന്നല്ലോ…അത് കൊള്ളാം . കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നു.
അതെ, ജീവിക്കുവാനുള്ള ഓട്ടത്തിനിടയിൽ തോക്കിനു മുൻപിൽ നിന്നു കടമെടുത്ത ജീവൻ !
ജീവനെക്കുറിച്ചുള്ള പേടി നൈമിഷികം !
നല്ല പ്രയോഗം.
അതിനേക്കാൾ വ്യക്തതയുള്ള വിവരണം.
നന്നായിട്ടുണ്ട്.