ഇരയും പിന്നെ കുറെ മാന്യന്മാരും

 

shadow life

അവള്‍ക്ക് നന്നായി വിശക്കുന്നുണ്ട്. പാവാട മുറുക്കികെട്ടി വിശപ്പിനെ മറികടക്കാന്‍ ശ്രമിച്ചു കൊണ്ട് അവള്‍ നടക്കുകയാണ്. പശിയകറ്റാനായി  ഒരു ജോലിക്കു വേണ്ടി അവള്‍ പലേടത്തും അലഞ്ഞതാണ്. പക്ഷേ പള്ള നിറച്ചുണ്ട് ഏമ്പക്കം വിട്ട മുതലാളിമാരാരും അവളുടെ കണ്ണുകളിലെ വിശപ്പിന്‍റെ  തീവ്രതയിലേക്ക് നോക്കിയതേയില്ല. അവളുടെ മുഖത്തെ ദൈന്യഭാവമൊട്ടും കണ്ടതുമില്ല.പക്ഷേ അവര്‍ കണ്ടു . മറ്റു പലതും. അവളുടെ മുഖത്തിനു താഴെ പലയിടത്തുമായി അവരുടെ നോട്ടം ഇഴഞ്ഞു നടന്നു.ഒരു ഉപാധി വെച്ചുകൊണ്ട് അവര്‍ അവള്‍ക്ക് ജോലിയും ഭക്ഷണവുമെല്ലാം വാഗ്ദാനം ചെയ്തു.അവരുടെ കാമത്തിന്‍ വിശപ്പ്  ശമിപ്പിക്കുവാന്‍ അവളൊന്ന് സഹകരിക്കണം.അതിനവള്‍ക്ക് ഒട്ടും താത്പര്യമില്ലാതിരുന്നതുകൊണ്ട് എല്ലായിടത്തു നിന്നും അവള്‍ക്ക് നിരാശയോടെ പടിയിറങ്ങേണ്ടി വന്നു. പിന്നെ പിച്ചതെണ്ടി ജീവിക്കാന്‍  ശ്രമിച്ചപ്പോഴും  കണ്ണുകള്‍ അവളെ പിന്തുടരുന്നുണ്ടായിരുന്നു.

വിശന്നു തളര്‍ന്ന്‍ അവളാകെ കോലം കെട്ടു. മുടി കൊഴിഞ്ഞു. കണ്ണുകള്‍ കുഴിഞ്ഞു.മേനിയാകെ മെലിഞ്ഞൊട്ടി. അധരങ്ങള്‍ വരണ്ടു. ഇതൊക്കെയാണെങ്കിലും അവളുടേതും ഒരു സ്ത്രീ ശരീരം ആയിരുന്നു.

അങ്ങനെ ഒരുദിവസം അതു സംഭവിച്ചു.കീറച്ചേല കൊണ്ട് മറച്ച  ഷെഡ്ഡിനുള്ളില്‍ വിശന്നു തളര്‍ന്ന്‍ കിടന്നുറങ്ങുകയായിരുന്നു അവള്‍. അപ്പോഴാണ്  ആര്‍ത്തി  മൂത്ത ഒരു പറ്റം മനുഷ്യചെന്നായ്ക്കള്‍ അവളുടെയടുത്തെത്തിയത്. ഒരു ദയാദാക്ഷണ്യവുമില്ലാതെ അവര്‍ അവളുടെ കോലം കെട്ട ശരീരത്തെ കടന്നാക്രമിച്ചു. അവളുടെ മുടികുത്ത് ഉലഞ്ഞു. മടികുത്ത് അഴിഞ്ഞു.  അലമുറകള്‍ നേര്‍ത്ത് നേര്‍ത്ത് ഇല്ലാതായി.കാരിരുമ്പിന്‍റെ ശക്തിയുള്ളയാ  കഠിനഹൃദയരോട്  ചെറുത്തു നില്ക്കാനുള്ള ശേഷി ആ പാവത്തിന് ഇല്ലാതായിപോയി.

ഇത്രയും നാളും ഒരു നിധി പോലെ  അവള്‍ കാത്തു  സൂക്ഷിച്ചിരുന്ന അവളുടെ മാനം തകര്‍ന്നുടഞ്ഞു. അതവളെ തീരാസങ്കടത്തിലാക്കി.അവളുടെയാ സങ്കടം ആവശ്യത്തിന് എരിവും പുളിയും ചേര്‍ത്ത് പിറ്റേന്ന്  മാധ്യമങ്ങള്‍ ഒരു ചൂടുള്ള  വിഭവമെന്ന പോല്‍ ജനങ്ങള്‍ക്കു മുന്നില്‍ എത്തിച്ചു. അവരത് ആവോളം ആസ്വദിച്ചു.അതേപിന്നെ അവളെ കാണുമ്പോള്‍ ആളുകള്‍ അടക്കം പറഞ്ഞു.”ദാ പോകുന്നു, ക്രൂരമാനഭംഗത്തിനിര ആയവള്‍.”

അതോടെ സമൂഹം അവള്‍ക്കൊരു ചെല്ലപ്പേരും ഇട്ടുകൊടുത്തു. “ഇര”.അവളെ ഇരയാക്കിയവര്‍ അപ്പോഴും മാന്യന്മാര്‍ തന്നെ. അവള്‍ ചിന്തിച്ചു. വിശപ്പും ദാഹവും മറികടന്ന് താന്‍ കാത്തു സൂക്ഷിച്ച തന്‍റെ ചാരിത്ര്യം തകര്‍ന്നു തരിപ്പണമായി. ഇനി താന്‍ എന്തിനു വേണ്ടി വിശപ്പും ദാഹവും സഹിക്കണം. അവളെ ഇരയാക്കിയവര്‍ എറിഞ്ഞു കൊടുത്ത നാണയതുട്ടുകള്‍ കൊണ്ട് അവള്‍ വയറു നിറയെ ഭക്ഷണം കഴിച്ചു.മറ്റൊരു വഴിയുമില്ലാത്തതുകൊണ്ട് പലര്‍ക്കും ഇരയായി നിന്നുകൊടുത്തു തന്നെ അവള്‍ ജീവിച്ചു. തന്നെ തേടിയെത്തിയ വിരുന്നുകാരെ ആരേയും അവള്‍ നിരാശപ്പെടുത്തിയില്ല. അപ്പോള്‍ ആളുകള്‍ അവളെ നോക്കി വിളിച്ചു “വേശ്യാസ്ത്രീ”.

കാലം കുറച്ചങ്ങനെ കഴിഞ്ഞു പോയി. അപ്പോഴാണ് അവളൊരു കാര്യമറിയുന്നത്. തന്‍റെ വിരുന്നുകാരില്‍ ആരോ ഒരാള്‍ നാണയതുട്ടുകള്‍ക്ക്  പുറമെ  തനിക്കൊരു  സ്നേഹസമ്മാനം കൂടി  തന്നിരുന്നുവെന്നും  ആ സ്നേഹസമ്മാനം തന്റെ   ഉദരത്തിൽ  വളർന്നുകൊണ്ടിരിക്കയാണെന്നും. താനും ഒരമ്മയാകാൻ  പോവുകയാണ്.ഏതൊരു  സ്ത്രീയേയും  പോലെ  തുടിക്കുന്ന ഒരു  മാതൃഹൃദയം  തന്റെയുളളിലും  ഉണ്ട്. എന്താ  അതങ്ങനെ  പാടില്ലയെന്നുണ്ടോ. തന്റെ  വയറ്റിലുളള  കുഞ്ഞിന്റെ പാതി  താനാണ്.  മറ്റേപാതി ആരാണെന്ന്  തനിക്കു  തന്നെ അറിയില്ലെങ്കിൽ പോലും.അതുകൊണ്ട്  ഈ കുഞ്ഞിനെ  താൻ  പൊന്നുപോലെ  വളർത്തും .

അങ്ങനെ  അവൾ  പ്രസവിച്ചു. നിർഭാഗ്യമെന്നു പറയട്ടെ  അതൊരു  പെൺകുഞ്ഞായിരുന്നു. തന്റെ  കുഞ്ഞിന്റെ  മുഖത്ത്   വിടർന്നു നില്ക്കുന്ന  പാൽപുഞ്ചിരി  കാണുമ്പോള്‍  അവൾ തന്റെ  സകല  സങ്കടങ്ങളും   മറന്നു. ആ പുഞ്ചിരി  എന്നെന്നും  നിലനില്ക്കുന്നതിനായി, തന്റെ  കുഞ്ഞിന്റെ  എല്ലാ ആഗ്രഹങ്ങളും  നന്നായി  നിറവേറ്റുന്നതിനായി   അവൾ തന്റെ  തൊഴിലിൽ കൂടുതൽ  വ്യാപൃതയായി. പക്ഷേ  കാലം  കഴിയുന്തോറും  അവളുടെ  വിരുന്നുകാർക്ക്  അവൾ  വിളമ്പികൊടുക്കുന്ന  സദ്യയിൽ തൃപ്തിയില്ലാതായി.  അവരുടെ  നോട്ടം  വളർന്നുകൊണ്ടിരിക്കുന്ന  അവളുടെ  കുഞ്ഞിനു നേർക്കായി.  അതിനെ  നോക്കി അവർ  അയവിറക്കാൻ  തുടങ്ങി.  തന്റെ  പൊന്നോമനയുടെ  മുഖത്തെ  പുഞ്ചിരി  പയ്യെ  പയ്യെ  മാഞ്ഞില്ലാതാകുന്നതും പകരം  ആ  മുഖത്ത്  ഭീതിയുടെ  കരിനിഴൽ  പടരുന്നതും  അവളറിഞ്ഞു. അതനുവദിച്ചു കൂടാ. തന്റെ  പൊന്നുമകൾ   എന്നെന്നും  ചിരിച്ചു  തന്നെ  കാണണം. അവളൊരിക്കലും  സങ്കടപ്പെടാൻ  പാടില്ല.

ഒരു ദിവസം  വെറും  ഒൻപത്  വയസ്സ്  മാത്രം പ്രായമുളള  തന്റെ  കുഞ്ഞിനു  ചുറ്റും  ആർത്തി  മൂത്ത  നരരൂപം  പൂണ്ട  ഒരുപറ്റം   കരിവണ്ടുകൾ   വട്ടമിട്ടു  പറക്കുന്നത്  അവൾ  കാണാനിടയായി.  തന്റെ  കുഞ്ഞിന്റെ  സന്തോഷത്തെ  തല്ലികെടുത്താൻ  വന്ന  അവറ്റകളെ എല്ലാറ്റിനേയും  ഒന്നൊഴിയാതെ  അവൾ  തലയ്ക്കടിച്ചു കൊന്നു.  അപ്പോഴതാ,  ദൂരെ  നിന്നും  വേറെയും  കാമപിശാച്ക്കൾ  തന്റെ  കുഞ്ഞിനെ  ലക്ഷ്യമാക്കി  ഓടിയടുക്കുന്നു.  അവറ്റകളെയും  താൻ  കൊന്നാലും  തന്റെ  മകളുടെ  ജീവിതം  തച്ചുടയ്ക്കാൻ  മറ്റു  ചിലർ എത്തുമെന്ന്  അവൾക്കറിയാമായിരുന്നു. തന്റെ  കുഞ്ഞിന്റെ  ജീവിതം  എന്നെന്നും   സന്തോഷം നിറഞ്ഞതായിരിക്കണം.  അതിനെന്താണൊരു പോംവഴി.  അവൾ തലപുകഞ്ഞാലോചിച്ചു.

അന്ന്‍  വൈകുന്നേരം  അവള്‍ തന്‍റെ  കുഞ്ഞിനെ തന്നോട്‌ ചേര്‍ത്തിരുത്തി  വാത്സല്യപൂര്‍വ്വം  കഞ്ഞിയൂട്ടി. പിന്നെ തന്നോട് ചേര്‍ത്തുകിടത്തി അതിന്‍റെ നെറുകെയില്‍ തലോടികൊണ്ട് താരാട്ടുപാടിയുറക്കി.

പിറ്റേന്ന്  ഒന്നുമറിയാതെ  വീണ്ടും പുലരിയെത്തിയപ്പോള്‍  അവള്‍ കണ്ടു. ജനലിന്‍ വിടവിലൂടെ അരിച്ചിറങ്ങിയ പുലരിയുടെ പൊന്നിന്‍ സ്പര്‍ശത്താല്‍ വിരിഞ്ഞു നില്‍ക്കുന്ന ചെന്താമര പോലെയുള്ള ആ കുഞ്ഞു മുഖത്ത് പൂര്‍ണ്ണചന്ദ്രനുദിച്ച പോലെ തിളങ്ങിനില്‍ക്കുന്ന ആ മന്ദസ്മിതത്തെ.അതുകണ്ട്  സന്തോഷം കൊണ്ട് ഒരു മുഴുഭ്രാന്തിയെപ്പോലെ അവള്‍ പൊട്ടിപ്പൊട്ടി ചിരിച്ചു. പിന്നെ ചേതനയറ്റ ആ പിഞ്ചുശരീരത്തെ കെട്ടിപ്പിടിച്ച് അലമുറയിട്ട് പൊട്ടികരഞ്ഞു.ഒച്ചയും ബഹളവും കേട്ട് ഓടിക്കൂടിയ  നാട്ടുകാര്‍ അതുകണ്ടപ്പോള്‍ അവളെ നോക്കി വിളിച്ചു. “ഭ്രാന്തി”.

കയ്യില്‍ വിലങ്ങണിയിച്ച്, പൊലീസ്‌ വാഹനം അവളെയും കൊണ്ട് കടന്നുപോയപ്പോള്‍  നോക്കി നിന്നവരൊക്കെ പറഞ്ഞു. ” അവളൊരു കൊലപാതകിയാണ്‌. ബലവാന്മാരായ ആറു പേരെയാണ് അവള്‍ ഇരുമ്പ് പാര കൊണ്ട് തലയ്ക്കടിച്ച് കൊന്നത്. പോരാഞ്ഞിട്ട് സ്വന്തം കുഞ്ഞിനെ  കഞ്ഞിയില്‍ വിഷം ചേര്‍ത്തും കൊന്നു. അങ്ങനെ അവള്‍ക്ക് അഞ്ചാമത്തെ പേരും വീണു. അപ്പോഴും അവളെ ഒരു പിച്ചക്കാരിയാക്കിയവര്‍ക്കും, ഇരയാക്കിയവര്‍ക്കും, വേശ്യാസ്ത്രീയാക്കിയവര്‍ക്കും പിന്നെ അവളെയൊരു ഭ്രാന്തിയാക്കിയവര്‍ക്കും കൊലപാതകിയാക്കിയവര്‍ക്കും സമൂഹത്തില്‍ പേര് ഒന്നേയുള്ളൂ. “മാന്യന്മാര്‍”

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English