വീണ്ടും വായനയുടെ വസന്തമൊരുക്കി പുസ്തകോത്സവം ശനിയാഴ്ച ആരംഭിക്കും. ഈരാറ്റുപേട്ടയുടേയും പരിസര പ്രദേശങ്ങളിലേയും ആയിരക്കണക്കിന് വായനാസ്‌നേഹികള്‍ക്കായി പി.ടി.എംഎസ് ഓഡിറ്റോറിയത്തില്‍ ഈ മാസം 21 മുതല്‍ 24 വരെയാണ് പുസ്തകോത്സവം ഒരുക്കുന്നത്. ഈരാറ്റുപേട്ട നഗരസഭയും ,എന്റെ ഈരാറ്റുപേട്ട ഫേസ്ബുക്ക് കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് നാലിന് വൈക്കം മുഹമ്മദ് ബഷീര്‍ വേദിയില്‍ പ്രമുഖ കഥാകൃത്ത് സുഭാഷ് ചന്ദ്രന്‍ നിര്‍വഹിക്കും
പുസ്തകോത്സവത്തോടനുബന്ധിച്ച് രണ്ടാം ദിവസം നടക്കുന്ന പ്രവാസി സംഗമം സന്തോഷ് ജോര്‍ജ് കുളങ്ങര ഉദ്ഘാടനം ചെയ്യും. മാപ്പിളപ്പാട്ട് കലാകാരന്‍ ഫൈസല്‍ എളേറ്റില്‍ പങ്കെടുക്കും. തുടര്‍ന്ന് പ്രശസ്ത ഗസല്‍ ഗായകന്‍ മുഹമ്മദ് നിസാര്‍ അവതരിപ്പിക്കുന്ന ഗസല്‍ അരങ്ങേറും. ലത്തീഷ അൻസാരി , ഫസൽ കൊടുവള്ളി എന്നിവർ സംബന്ധിക്കും
യോഗത്തിൽ വിവിധ മേഖലയിൽ ശ്രദ്ധയാകർഷിച്ച പ്രവാസികളായ വ്യക്തിത്വങ്ങളെ ആദരിക്കും .
മൂന്നാം ദിനം ‘സോഷ്യല്‍മീഡിയയിലെ എഴുത്തുലോകം’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. വയലാര്‍ അവാര്‍ഡ് ജേതാവ് സജില്‍ ശ്രീധര്‍ ഉദ്ഘാടനം ചെയ്യും.
അവസാന ദിവസമായ 24ന് രാവിലെ സര്‍ഗസംഗമം നടക്കും. തുടര്‍ന്ന് ‘നവീകരിക്കപ്പെടേണ്ട ലൈബ്രറി സംസ്‌കാരം’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ 15 ഓളം ലൈബ്രറി ഭാരവാഹികള്‍ പങ്കെടുക്കും. സെമിനാര്‍ ലൈബ്രറി കൗണ്‍സില്‍ മീനച്ചില്‍ താലൂക്ക് പ്രസിഡന്റ് ജോണ്‍സണ്‍ പുളിക്കീൽ ഉദ്ഘാടനം ചെയ്യും.
വൈകീട്ട് നാലിന് നടക്കുന്ന സമാപനസമ്മേളനത്തില്‍ പ്രശസ്ത നോവലിസ്റ്റ് എസ് ഹരീഷ് മുഖ്യാതിഥിയാവും. വേദിയില്‍ ഈരാറ്റുപേട്ടയിലെ ഏഴ് എഴുത്തുകാരുടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും.
പുസ്തകോത്സവത്തിന് മുന്നോടിയായി നാളെ വിളംബര ജാഥയും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കേരളത്തിലെ എല്ലാ പ്രധാന പ്രസാദകരും പങ്കെടുക്കുന്ന പുസ്തകോത്സവത്തി്‌ന്റെ ഭാഗമായി ഫുഡ് ഫെസ്റ്റ്, കുട്ടികളുടെ കലാമത്സരങ്ങള്‍ എന്നിവയും ഉണ്ടാകും.