കോടമഞ്ഞ് അതിരിട്ടു നില്‍ക്കുന്നതും പച്ചപ്പ് നിറഞ്ഞതുമായ മലമുകളിലെ ആ ഓല മേഞ്ഞ കെട്ടിടത്തിനു ചുറ്റും പകല്‍ സമയത്തും നല്ല തണുപ്പാണെന്ന് വൈശാഖന് തോന്നി. അയാളും രണ്ടു മൂന്നു സുഹൃത്തുക്കളും മാത്രമാണ് അപ്പോള്‍ അവിടെ ഉണ്ടായിരുന്നത്.
പുറത്ത് നിരത്തിയിട്ട മൂന്ന്‍-നാല് ബെഞ്ചും ഡസ്ക്കുമുണ്ട്. അവിടെയിരുന്നാല്‍ അങ്ങ് അകലെ തലയുയർത്തി നില്‍ക്കുന്ന മല നിരകള്‍ വരെ കാണാമെങ്കിലും അന്ന്‍ മഞ്ഞ് പലപ്പോഴും അവരുടെ കാഴ്ച മറച്ചു. കെട്ടിടത്തിനകത്ത് വാറ്റ് നടക്കുന്നു. ആവശ്യക്കാര്‍ക്ക് പിന്‍വശത്തുള്ള ചെറിയ ഹാളിലോ അല്ലെങ്കില്‍ പുറത്ത് മൈതാനത്തോ ഇരിക്കാം.
എന്നാ തണുപ്പാ അല്ലേ ? ഇവിടെ സീസണ്‍ തുടങ്ങിയാല്‍ ഇങ്ങനെയാ…………… പുറത്തിറങ്ങാന്‍ പറ്റില്ല. ഇന്നാ ഇത് പിടിപ്പിക്ക്. ഒന്നു ഉഷാറാകട്ടെ………. : ഒരു ഭാഗത്ത് തനിച്ചിരിക്കുകയായിരുന്ന വൈശാഖനോട് അകത്ത് നിന്ന്‍ ഒരു കുപ്പിയും രണ്ടു ഗ്ലാസുമായി പുറത്തേയ്ക്ക് വരുന്നതിനിടയില്‍ ജോണിക്കുട്ടി ചോദിച്ചു.
ചോദിക്കുന്നതിനിടയിലും അയാള്‍ വിറച്ചു കൊണ്ടിരുന്നു. കുപ്പി തുറന്ന്‍ അയാള്‍ തന്നെ രണ്ടു ഗ്ലാസിലും ഒഴിച്ചു. വെറുതെ നോക്കിയിരുന്നതല്ലാതെ വൈശാഖന്‍ ഒന്നും പറഞ്ഞില്ല.
നീ എന്താ ആലോചിക്കുന്നത്? നല്ല സൊയമ്പന്‍ സാധനമാ………… ജോസപ്പേട്ടന്‍റെ പുതിയ ഐറ്റം. ഇതൊന്ന്‍ അകത്തുചെന്നാല്‍ ഏതു ടെന്‍ഷനും പമ്പയല്ല അങ്ങ് ഹിമാലയം വരെ കടക്കും. പിന്നെ അങ്ങ് നാട്ടിലെത്തുന്നത് വരെ നീ ഒന്നുമറിയില്ല. പരമ സുഖം………….. : ഒരു ഗ്ലാസ് വൈശാഖന്‍റെ മുന്നിലേക്ക് നീക്കി വെച്ച് ജോണിക്കുട്ടി മറ്റേ ഗ്ലാസെടുത്ത് ഒറ്റ വലിക്ക് കുടിച്ചു. അതിനിടയില്‍ അകത്തു നിന്ന് ഒരു ജോലിക്കാരന്‍ ഒരു കുപ്പിയും ഒരു പ്ലേറ്റില്‍ മീന്‍ വറുത്തതും കൊണ്ടു വെച്ചു. ജോണിക്കുട്ടി ഒരു മീന്‍ കഷണം എടുത്ത് വായിലേക്കിടുന്നതിനിടയില്‍ അകത്തു നിന്ന് ഏതോ പഴയ ഹിന്ദി പാട്ട് കേട്ടു.
അതാ കോശിച്ചായനാ : ചിരിച്ചു കൊണ്ട് വൈശാഖനോട് അങ്ങനെ പറഞ്ഞ് ജോണിക്കുട്ടി അകത്തേക്ക് തിരിഞ്ഞു. അപ്പോള്‍ ഷാപ്പിന്‍റെ ഒരു വശത്ത് നിന്ന് കയ്യില്‍ ഗ്ലാസുമായി പാട്ടും പാടി കോശിച്ചായന്‍ പുറത്തേക്ക് വരുന്നത് കണ്ടു.
വൈശാഖനും ജോണിക്കുട്ടിയും കോശിച്ചായനും ഉറ്റ ചങ്ങാതിമാരും സഹപ്രവര്‍ത്തകരുമാണ്. മൂന്നാറിലെ ഒരു പ്ലാന്‍റേഷന്‍ കമ്പനിയിലെ ജീവനക്കാര്‍. ഇടക്കിടെ അവര്‍ ജോസഫേട്ടന്‍റെ ഷാപ്പില്‍ കൂടാറുണ്ടെങ്കിലും ആ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്.
വിവാഹം കഴിഞ്ഞ് പന്ത്രണ്ടു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം വൈശാഖന്‍ ഒരു അച്ഛനായത് അന്നാണ്. ഭാര്യ ഗായത്രി നാട്ടിലെ ഹോസ്പിറ്റലിലാണ്. ഇടയ്ക്കിടെ ഹോസ്പിറ്റലിലേക്ക് പോകാനുള്ള സൗകര്യം കണക്കിലെടുത്ത് വൈശാഖന്‍ തന്നെയാണ് അവളോടു ഇവിടെ നില്‍ക്കാതെ നാട്ടിലേക്ക് പോകാന്‍ പറഞ്ഞത്. അതനുസരിച്ച് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ വീട്ടുകാര്‍ വന്ന്‍ അവളെ കൊണ്ടു പോകുകയും ചെയ്തു. പക്ഷേ അത് വേണ്ടിയിരുന്നില്ലെന്ന് പിന്നീട് അയാള്‍ക്ക് തോന്നി. ഗായത്രി പോയതോടെ വൈശാഖന്‍ തീര്‍ത്തും ഒറ്റപ്പെട്ടു. വര്‍ഷങ്ങളായി ഊണിലും ഉറക്കത്തിലും കൂടെയുണ്ടായിരുന്നവള്‍ താല്‍ക്കാലികമായാണെങ്കിലും പെട്ടെന്ന് പോയ ശൂന്യത നികത്താന്‍ ഒരു പരിധി വരെ അയാളെ സഹായിച്ചത് ഈ കൂട്ടുകാരാണ്.
കമ്പനിയില്‍ ഒരാഴ്ചയായി മാനേജര്‍ ഇല്ലാത്തത് കൊണ്ട് സൂപ്പര്‍വൈസറായ വൈശാഖനായിരുന്നു ചാര്‍ജ്. പോരാത്തതിന് തോട്ടത്തില്‍ വിളവെടുക്കുന്ന സമയവും. അതുകൊണ്ട് പ്രസവം അടുത്തിട്ടും അയാള്‍ക്ക് നാട്ടില്‍ പോകാന്‍ കഴിഞ്ഞില്ല. പക്ഷേ താനൊഴിച്ച് ബാക്കിയെല്ലാവരും അവിടെ ഗായത്രിയുടെ അടുത്തുണ്ട് എന്നതായിരുന്നു അയാളുടെ ഏക ആശ്വാസം.
ആലുവയുടെ പരിസരത്ത് തന്നെയാണ് ഇരുവരുടെയും കുടുംബ വീടുകള്‍. ഏതാനും കിലോമീറ്ററുകളുടെ മാത്രം അകലം. വൈശാഖന്‍റെ കുടുംബവീട്ടില്‍ അനിയന്‍റെ കുടുംബവും ഇളയ അനിയത്തിയുമുണ്ട്. അമ്മ അവരുടെ കൂടെയാണ്. ജ്യേഷ്ഠന്‍ ബാഹുലേയനും കുടുംബവും പിന്നെ അച്ഛനും അമ്മയുമാണ് ഗായത്രിയുടെ വീട്ടിലുള്ളത്.
രാവിലെ തന്നെ നാട്ടില്‍ പോകാന്‍ നിശ്ചയിച്ചെങ്കിലും അന്നുച്ചവരെ സിറ്റിയില്‍ അപ്രതീക്ഷിതമായി ഹര്‍ത്താല്‍ വന്നത് വൈശാഖന്‍റെ പദ്ധതികളെ തകിടം മറിച്ചു. അപ്പോഴേക്കും ആദ്യം ബാഹുലേയന്‍റെയും പിന്നെ അമ്മയുടെയും ഒടുവില്‍ കുറച്ചുമുമ്പ് ഗായത്രിയുടെയും ഫോണ്‍ വന്നു. എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് ആ സന്തോഷ വാര്‍ത്തയെ കുറിച്ചാണ്. ഗായത്രി പ്രസവിച്ചു. അതും ഇരട്ടക്കുട്ടികള്‍. പെണ്‍കുട്ടികളാണ്. സന്തോഷം കൊണ്ട് വൈശാഖന്‍ ആകാശത്തോളം ഉയര്‍ന്നു പോയി. ഇത്ര നാളത്തെ കാത്തിരിപ്പിന് ഫലമുണ്ടായെന്ന് അയാളുടെ മനസ് പറഞ്ഞു.
വാര്‍ത്തയറിഞ്ഞപ്പോള്‍ തന്നെ ജോണിക്കുട്ടിയും കോശിച്ചായനും ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. വൈശാഖന്‍റെ ഏറെ നാളായുള്ള ദു:ഖവും വേദനയും അറിയാവുന്ന അവര്‍ക്ക് ഇപ്പോള്‍ അയാളുടെ ജീവിതത്തിലേക്ക് കടന്നുവന്ന സന്തോഷത്തിന്‍റെ വിലയും നന്നായറിയാം.
ഹര്‍ത്താല്‍ മൂലം കമ്പനിയില്‍ ജീവനക്കാരുടെ എണ്ണം കുറയുക കൂടി ചെയ്തതോടെ അസിസ്റ്റന്‍റ് സൂപ്പര്‍വൈസര്‍ ഷണ്‍മുഖവേലിനെ കാര്യങ്ങള്‍ ഏല്‍പ്പിച്ച് സുഹൃത്-സംഘം ജോസഫേട്ടന്‍റെ ഷാപ്പില്‍ ഒത്തുകൂടി. കുറച്ചു നാളായി സന്തോഷം വന്നാലും ദു:ഖം വന്നാലും അവര്‍ അങ്ങനെയാണ്.
ഉച്ചയ്ക്ക് രണ്ടുമണിക്ക് അടിവാരത്തു നിന്നുള്ള ബസ്സില്‍ വൈശാഖന്‍ നാട്ടിലേക്ക് തിരിക്കും. പ്ലാന്‍റേഷന്‍ വക ജീപ്പില്‍ അവിടം വരെ ഡ്രൈവര്‍മാര്‍ ആരെങ്കിലും കൊണ്ടുവിടും എന്നാണ് ഇതുവരെയുള്ള തീരുമാനം.
ഇച്ചായാ, നിങ്ങള്‍ അവിടെ കുറ്റിയടിച്ചിരിക്കാതെ ഇവിടെ വാ, ഇവിടെ വന്നിരിക്ക്…………….: അല്പം ശാസനാ സ്വരത്തില്‍ പറഞ്ഞ് ജോണിക്കുട്ടി വൈശാഖന്‍ ഇരിക്കുന്ന ബെഞ്ച് കാണിച്ചു കൊടുത്തു. അതോടെ പാട്ട് നിന്നു. അയാള്‍ പതുക്കെ അടുത്തേയ്ക്ക് വന്നു.
ഇയാള്‍ക്കിതെന്താ പറ്റിയത് ? എന്തോ കളഞ്ഞിട്ടു പോയ അണ്ണാനെ പോലെയാണല്ലോ ഇരിപ്പ്…….. : വൈശാഖനെയും അയാള്‍ തൊടാതെ വെച്ച ഗ്ലാസിനെയും നോക്കിക്കൊണ്ട് കോശിച്ചായന്‍ ചോദിച്ചു.
അവനു ടെന്‍ഷന്‍. ഭാര്യയെയും കൊച്ചുങ്ങളെയും കുറിച്ചോര്‍ത്ത്………….. : ജോണിക്കുട്ടി അടുത്ത ഗ്ലാസ് നിറച്ചു കൊണ്ട് പറഞ്ഞു.
ങേ കൊച്ചുങ്ങളോ ? അതെപ്പോ സംഭവിച്ചു ? : അതു കേട്ട് പുറത്തേക്ക് വന്ന ജോസഫേട്ടന്‍ അത്ഭുതത്തോടെ ചോദിച്ചു.അറുപതിന് മേല്‍ പ്രായമുണ്ട് അദ്ദേഹത്തിന്. അടുത്തിടെ ഭാര്യ മരിച്ചതോടെ തനിച്ചായ അദ്ദേഹത്തിന് രണ്ട് ആണ്‍മക്കളുണ്ടെങ്കിലും അവരുമായി അത്ര സ്വരച്ചേര്‍ച്ചയിലല്ല. തൊടുപുഴയിലും വാഗത്താനത്തും സ്ഥിരതാമസമായ അവര്‍ ഇങ്ങോട്ടോ അല്ലെങ്കില്‍ അദ്ദേഹം തിരിച്ചോ പതിവായി പോക്കുവരവുമില്ല.
കുട്ടികള്‍ ഇല്ലാത്തതായിരുന്നു വൈശാഖന്‍റെയും ഗായത്രിയുടെയും ഏറ്റവും വലിയ ദു:ഖം. അത് അവരെ അറിയാവുന്ന എല്ലാവര്‍ക്കും അറിയാം. സന്താനലബ്ധിക്കായി ഇരുവരും കാണാത്ത ഡോക്ടര്‍മാരോ ആശുപത്രികളോ ഇല്ല. അവസാനം ദൈവത്തിന്‍റെ വഴിയേ തിരിഞ്ഞെങ്കിലും അടുത്തകാലം വരെ നിരാശയായിരുന്നു ഫലം. പെട്ടെന്നാണ് ദമ്പതികളുടെ ജീവിതത്തില്‍ ശുക്രനുദിച്ചത്. അതോര്‍ക്കുമ്പോള്‍ തന്നെ വൈശാഖന്‍റെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറയും.
അതൊക്കെയുണ്ട് ചേട്ടാ………….. അതൊന്നു ആഘോഷിക്കാനല്ലേ ഞങ്ങള്‍ ഇപ്പോ ഇങ്ങോട്ടു വന്നത്. കുറച്ചു മുമ്പാ വിശേഷം അറിഞ്ഞത്. ബമ്പറല്ലെ പഹയന് അടിച്ചിരിക്കുന്നത്. ഇരട്ടക്കുട്ടികള്‍…………. തള്ളയും കൊച്ചുങ്ങളും നാട്ടില്‍ സുഖമായിരിക്കുന്നു…………..എന്നിട്ടും അവന്‍റെ വെപ്രാളം മാറിയിട്ടില്ല. അതു കണ്ടാല്‍ ലോകത്തിതാദ്യമാണെന്ന് തോന്നും. : ജോണിക്കുട്ടി സന്തോഷത്തോടെ പറഞ്ഞു.
സ്നേഹമുള്ളവര്‍ അങ്ങനെയാ ജോണിക്കുട്ടി………… ഭാര്യയുമായി തല്ലിപ്പിരിഞ്ഞു രണ്ടു സ്ഥലത്തായി നില്‍ക്കുന്ന നിനക്കൊന്നും അത് പറഞ്ഞാല്‍ മനസ്സിലാവില്ല, അല്ലേ വൈശാഖാ? അല്ല, എന്നിട്ട് ഇയാള്‍ നാട്ടില്‍ പോകുന്നില്ലേ? : ഒഴിഞ്ഞ കുപ്പി എടുക്കുന്നതിനിടയില്‍ ജോസഫേട്ടന്‍ വൈശാഖനെ നോക്കി ചോദിച്ചു.
കളി-ചിരികളുമായി നടക്കുമെങ്കിലും ജോണിക്കുട്ടിയുടെ വൈവാഹിക ജീവിതം താളപ്പിഴകള്‍ നിറഞ്ഞതായിരുന്നു. അത് വൈശാഖനെ പോലെ അപൂര്‍വം ചില സുഹൃത്തുകളോട് മാത്രമാണ് അയാള്‍ തുറന്നു സമ്മതിച്ചിട്ടുള്ളത്. കൂടുതല്‍ ഉയര്‍ന്ന ചുറ്റുപാടില്‍ നിന്ന് വന്ന ഭാര്യയും അതോടൊപ്പം അയാളുടെ ചില്ലറ ചുറ്റിക്കളികളുമാണ് ജോണിക്കുട്ടിയുടെ ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകള്‍ക്ക് കാരണമായി വൈശാഖന് തോന്നിയത്. അത് അയാള്‍ തുറന്നു പറയുകയും ചെയ്തിരുന്നു. പക്ഷേ അപ്പോഴേക്കും അവര്‍ തിരുത്താനാകാത്ത വിധം അകന്നു കഴിഞ്ഞിരുന്നു.
അതെങ്ങനെയാ? രണ്ടു മണി വരെ ഹര്‍ത്താലല്ലേ ? അതു കഴിയാതെങ്ങനെയാ പോകുന്നത്……………… ഇവിടെ ജോസപ്പേട്ടന് മാത്രം അത് പ്രശ്നമില്ലല്ലോ : കോശി പറഞ്ഞതില്‍ തനിക്കെതിരെയുള്ള ഒരു മുള്ളുണ്ടെന്ന് അദ്ദേഹത്തിന് തോന്നി.
ഉം. ഹര്‍ത്താലെന്നും പറഞ്ഞ് ഇങ്ങോട്ടു വരട്ടെ അവര്…………. ഏത് പാര്‍ട്ടിക്കാരാണെങ്കിലും മുദ്രാവാക്യം വിളിക്കാനും വാഹനങ്ങള്‍ തല്ലിപ്പൊളിക്കാനും ഒരു വീര്യം വേണമെങ്കില്‍ ഇവിടെ ജോസപ്പേട്ടന്‍റെ അടുത്തു തന്നെ വരണം……….. : ഇടപാടുകാര്‍ ആരൊക്കെയോ വരുന്നത് കണ്ട് അദ്ദേഹം ഒഴിഞ്ഞ കുപ്പിയുമായി മുന്‍ വശത്തേക്ക് പോയി. രാഷ്ട്രീയക്കാരാണ്. ഹര്‍ത്താലിനിടയ്ക്ക് വീര്യം അന്വേഷിച്ചു വന്നവരായിരിക്കുമെന്ന് വൈശാഖന് തോന്നി. അത് ശരിയുമായിരുന്നു. അകത്തു ചെന്ന്‍ ജോസഫേട്ടന്‍റെ കയ്യില്‍ നിന്ന് രണ്ടു കുപ്പി വാറ്റ് വാങ്ങിച്ചു കൊണ്ട് അവര്‍ പോയി.
————————-
വൈശാഖേട്ടാ, നമുക്ക് ആണ്‍കുട്ടി മതി കേട്ടോ. പെണ്‍കുട്ടിയായാല്‍ ഇന്ന്‍ എന്താ ചെലവ് ? സ്വര്‍ണ്ണത്തിന്‍റെ വിലയാണെങ്കില്‍ ഓരോ ദിവസവും കേറി കേറി വരുകയാ. ഓര്‍ക്കുമ്പോള്‍ തന്നെ പേടിയാകുന്നു…………. : പതിവ് ഹോസ്പിറ്റല്‍ ചെക്കപ്പ് കഴിഞ്ഞു വന്ന ഒരു രാത്രിയില്‍ അയാളുടെ നെഞ്ചില്‍ ചാരിക്കിടന്നുകൊണ്ട് ഗായത്രി പറഞ്ഞു.
നിനക്കിത് മാസം രണ്ടല്ലേ, ഗായി. അതോ വന്നയുടനെ നീ അവളെ കെട്ടിച്ചു വിടാന്‍ പോകുകയാണോ ? : കേട്ട മാത്രയില്‍ വൈശാഖന്‍ കളിയാക്കി.
എന്നാലും നമുക്കൊരു മുന്‍കരുതല്‍ വേണമല്ലോ. അല്ല, അവള്‍ എന്നു പറയാന്‍ വൈശാഖേട്ടന്‍ ഇപ്പോഴേ ഉറപ്പിച്ചോ പെണ്‍കുട്ടിയാണെന്ന്…………. ?: ഗായത്രി മുഖം ചരിച്ച് അയാളെ നോക്കിക്കൊണ്ട് ചോദിച്ചു.
അത് പെണ്‍കുട്ടി തന്നെയായിരിക്കും. എനിക്കുറപ്പാ………….. ഇന്നോ ഇന്നലെയോ അല്ല, നിന്നെ പോലൊരു മോള്‍ വേണമെന്നത് ഏറെ നാളായുള്ള എന്‍റെ ആഗ്രഹമാണ്. ഇവിടെ കിട്ടാവുന്ന ഏറ്റവും നല്ല വിദ്യാഭ്യാസവും മറ്റ് സൗകര്യങ്ങളും അവള്‍ക്ക് കൊടുക്കണം. ഞാന്‍ അവള്‍ക്കുള്ള പേര് വരെ കണ്ടു വച്ചിട്ടുണ്ട്. വൈഗ. എങ്ങനെയുണ്ട്? : ഗായത്രിയുടെ തോളില്‍ കൈ ചുറ്റിക്കൊണ്ട് അയാള്‍ ചോദിച്ചു.
കൊള്ളാം. അതൊരു പഴയ നദിയുടെ പേരല്ലേ ? : ഗായത്രി സംശയം ചോദിച്ചപ്പോള്‍ വൈശാഖന്‍ നിഷേധാര്‍ഥത്തില്‍ തലയാട്ടി.
അത് വോള്‍ഗ. ഇതൊരു പുരാതന രാജ്യത്തിന്‍റെ പേരാണ്. പക്ഷേ ഞാനീ പേര് തിരഞ്ഞെടുത്തത് അത് കൊണ്ടൊന്നുമല്ല. നമ്മുടെ രണ്ടുപേരുടെയും പേരിന്‍റെ ആദ്യ അക്ഷരങ്ങള്‍ ചേര്‍ത്താല്‍ മോളുടെ പേരായി. : വൈശാഖന്‍ പറഞ്ഞു.
പേരും അത് തിരഞ്ഞെടുത്ത വിധവും ബോധിച്ച മട്ടില്‍ ഗായത്രി അയാളെ നോക്കി ചിരിച്ചു. ആ കണ്ണുകളിലെ തിളക്കം കണ്ടപ്പോള്‍ സ്വപ്നത്തിലെ രാജകുമാരിയുടെ പേര് മാത്രമല്ല ആ രൂപം പോലും അയാള്‍ ഹൃദയത്തില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് ഗായത്രിക്ക് തോന്നി. ആ തോന്നല്‍ ശരിവയ്ക്കുമാറ് അവള്‍ക്കുള്ള കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും കൊണ്ട് ആഴ്ചകള്‍ക്കുള്ളില്‍ ആ വീടിന്‍റെ മുക്കും മൂലയും അയാള്‍ നിറച്ചു. ഇനിയെങ്ങാനും ആണ്‍കുട്ടിയായാലോ എന്ന ഗായത്രിയുടെ കുസൃതി ചോദ്യം പോലും വൈശാഖന്‍ വകവച്ചില്ല.
ഹേ മനുഷ്യാ……… നിങ്ങളുടെ സന്തോഷം ആഘോഷിക്കാനല്ലേ എല്ലാ തിരക്കുകളും മാറ്റി വെച്ച് ഞങ്ങള്‍ ഇങ്ങോട്ടു വന്നത്. എന്നിട്ടിപ്പോ ഒരുമാതിരി………..: കോശിച്ചായന്‍റെ ചൂടന്‍ ശബ്ദം വൈശാഖനെ സ്വപ്നലോകത്തു നിന്നുണര്‍ത്തി.
അച്ചായന്‍ വൈശാഖന്‍റെ മുന്നിലുള്ള ഗ്ലാസെടുത്ത് അയാളുടെ കയ്യില്‍ പിടിപ്പിച്ചു:
ഇന്നാ പിടി……………ഒറ്റ വലിക്ക് കുടിക്ക്. ഉം………….
വൈശാഖന്‍ അത് വാങ്ങി ഒരു നിമിഷം ആലോചിച്ചതിന് ശേഷം ഒറ്റ വലിക്ക് കുടിച്ചു. കോശിച്ചായന്‍റെയും ജോണിക്കുട്ടിയുടെയും മുഖം തെളിഞ്ഞു.
പാവം ഗായത്രി. എത്ര മാത്രം വിഷമിച്ചതാ അവള്‍………. : ഒരു പെഗ്ഗ് അകത്തുചെന്നപ്പോള്‍ വൈശാഖന്‍ മനസ് തുറന്നു. കാലിയായ അയാളുടെ ഗ്ലാസിലേക്ക് കോശിച്ചായന്‍ വീണ്ടും ഒഴിച്ചു.
പോട്ടെടാ, ഇപ്പോ എല്ലാം ശരിയായില്ലേ ? ഇനി ഏറിയാല്‍ കുറച്ചു മണിക്കൂറുകള്‍………..പിന്നെ നിനക്ക് അവരെ കണ്ണു നിറച്ച് കാണാമല്ലോ. നിന്നെ ഇന്നലെ തന്നെ വിടണമെന്ന് ഉണ്ടായിരുന്നു, എനിക്ക്. പക്ഷേ ഇന്നലെ ആ ആഡിറ്റര്‍ വന്നതോടെ എല്ലാ പ്ലാനിങ്ങും തെറ്റി……….. : ജോണിക്കുട്ടി സഹോദരതുല്യമായ വാല്‍സല്യത്തോടെ പറഞ്ഞു.
ഇനി ഇവിടെ വയ്യ. അത്യാവശ്യത്തിന് ഒരു ഹോസ്പിറ്റലോ സ്കൂളോ ഒന്നുമില്ലാത്ത ഇവിടെ എന്തു വിശ്വസിച്ചാ അവരെയും കൊണ്ടു വരുന്നത് ?എറണാകുളത്തെ നമ്മുടെ മാര്‍ക്കറ്റിങ് ഓഫീസില്‍ കിട്ടുമോ എന്നു നോക്കണം. അല്ലെങ്കില്‍ അവിടെ തന്നെ വേറെയെന്തെങ്കിലും. ഇവിടെ ഗായത്രി പെടുന്ന പാട് എനിക്കു മാത്രം അറിയാം……………… : രണ്ടാമത്തെ പെഗ്ഗ് സ്വല്പം നുണഞ്ഞുകൊണ്ട് വൈശാഖന്‍ തുടര്‍ന്നു.
അതൊക്കെ നമുക്ക് സാവകാശം ആലോചിക്കാം. നീ ആദ്യം അവരെ പോയി കാണ്. ബാക്കിയൊക്കെ പിന്നെ…………… : വറുത്ത മീന്‍ കഷണത്തില്‍ കൈവച്ചുകൊണ്ട് ജോണിക്കുട്ടി പറഞ്ഞു.
അല്‍പമകലെയുള്ള ബഞ്ചിലിരുന്ന് ചിലര്‍ മദ്യപിക്കുന്നു. രൂപ ഭാവങ്ങള്‍ കണ്ടപ്പോള്‍ തമിഴന്‍മാരായിരിക്കുമെന്ന് വൈശാഖന് തോന്നി.
ജോണിക്കുട്ടി വീണ്ടും ഗ്ലാസ് നിറയ്ക്കുന്നത് കണ്ടപ്പോള്‍ അയാള്‍ക്ക് നല്ല കപ്പാസിറ്റിയാണല്ലോ എന്ന്‍ വൈശാഖന്‍ ഓര്‍ത്തു. കോശിച്ചായന്‍ കുറെ നേരമായി പകുതി തീര്‍ന്ന ഗ്ലാസുമായി നിശബ്ദനായി ഇരിക്കുന്നു.
ഇച്ചായന്‍ ഫിറ്റായി. ഇനി അനങ്ങില്ല. താങ്ങിക്കൊണ്ടു പോകേണ്ടി വരും…………….. : കഴുത്ത് ഒടിഞ്ഞു തൂങ്ങി അദ്ദേഹം ഇരിക്കുന്നത് കണ്ട് ജോണിക്കുട്ടി ചിരിച്ചു.
ഇന്നിനി ഓഫീസിലേക്ക് കൊണ്ടു പോകണ്ട. അച്ചായനെ ക്വാര്‍ട്ടേഴ്സില്‍ ഇറക്കി വിട്ടാല്‍ മതി……………:
കോശിച്ചായനെ നോക്കിക്കൊണ്ട് വൈശാഖന്‍ പറഞ്ഞു. ഗ്ലാസ് കാലിയാക്കിയ അയാള്‍ കുപ്പിയില്‍ ബാക്കി വന്ന കുറച്ച് മദ്യം കൂടി അതിലേക്ക് കമഴ്ത്തി.
അതത്രേയുള്ളൂ. നിന്‍റെ ജീപ്പ് വരുമ്പോള്‍ ഈ ലഗേജും അതില്‍ എടുത്തിടാം. തിരിച്ച് വരുന്ന വഴിക്ക് ക്വാര്‍ട്ടേഴ്സില്‍ ഇറക്കിയാല്‍ മതിയല്ലോ. ലോറിയുടെ വരെ വളയം പിടിച്ച് തഴമ്പിച്ച മുരുകന് ഈ വെയ്റ്റൊക്കെ നിസാരമാണ്. എനിക്കു പക്ഷേ ഓഫീസില്‍ പോണം. പെട്ടെന്നെങ്ങാനും ഇന്‍സ്പെക്ഷനെന്നും പറഞ്ഞ് ആരെങ്കിലും വന്നാല്‍ അവിടെ ആരുമില്ലെങ്കില്‍ പുകിലാകും. ഈ ആഴ്ച ജനറല്‍ മാനേജറുടെ ഒരു വിസിറ്റിന് സാധ്യതയുണ്ടെന്ന് ഹെഡ് ഓഫീസില്‍ നിന്ന്‍ ഷെര്‍ലി ഇന്നലെ കൂടി പറഞ്ഞിരുന്നു………………. : തെല്ല് അസ്വസ്ഥതയോടെ ജോണിക്കുട്ടി പറഞ്ഞൊപ്പിച്ചു. മദ്യം തലയ്ക്കു പിടിക്കുന്നത് പോലെ അയാള്‍ക്ക് തോന്നി.
എന്തോ ശബ്ദം കേട്ടതും ഇരുവരും ഒരേപോലെ കോശിച്ചായന്‍ ഇരുന്ന ഭാഗത്തേയ്ക്ക് നോക്കി. ഛര്‍ദിച്ചു കൊണ്ട് അച്ചായന്‍ താഴെ വീണ ശബ്ദമാണ് അവര്‍ കേട്ടത്. ഞൊടിയിടയില്‍ അടുത്തെത്തിയ ഇരുവരും ചേര്‍ന്ന് അദ്ദേഹത്തെ വാരിയെടുത്തു. വൈശാഖന്‍ മുഖം പിടിച്ച് തിരിച്ചപ്പോള്‍ അച്ചായന്‍റെ വായില്‍ നിന്ന്‍ നുരയും പതയും വരുന്നത് കണ്ടു. വൈശാഖനും ജോണിക്കുട്ടിയും ആശങ്കയോടെ മുഖത്തോട് മുഖം നോക്കി. അല്‍പമകലെ ഇരുന്ന്‍ മദ്യപിക്കുകയായിരുന്ന തമിഴന്‍മാരും കുഴഞ്ഞു വീഴുന്നത് കണ്ടു.
കാഴ്ച മങ്ങുന്നത് പോലെ തോന്നിയപ്പോള്‍ വൈശാഖന്‍ അടുത്തുള്ള ഡസ്ക്കില്‍ മുറുകെ പിടിച്ചു. അതിനിടയില്‍ കോശിച്ചായന്‍ അവരുടെ കയ്യില്‍ നിന്ന്‍ വഴുതി താഴേക്കു വീണു.
ചതിച്ചല്ലോ എന്‍റെ കര്‍ത്താവേ…………………..
ബഹളം കേട്ട് ഓടിയെത്തിയ ജോസഫേട്ടന്‍റെ ശബ്ദം വൈശാഖന്‍റെ കാതുകളില്‍ ഒരു പെരുമ്പറ പോലെ മുഴങ്ങി.
ഹാഫ് ഡോര്‍ തുറന്ന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അലക്സാണ്ടര്‍ മണിമലയും നാല്പത് വയസ്സ് തോന്നിക്കുന്ന ഒരു അപരിചിതനുംഅകത്തേയ്ക്ക് വന്നപ്പോള്‍ ഡോക്ടര്‍ പ്രകാശ് തരകന്‍ മുഖമുയര്‍ത്തി നോക്കി. എന്നിട്ട് ഇരിക്കാനായി മുന്നിലുള്ള ഒഴിഞ്ഞ ഇരിപ്പിടങ്ങള്‍ ചൂണ്ടി കാണിച്ചു. ഇരുന്നതിന് ശേഷം ഇന്‍സ്പെക്ടര്‍ കൂടെ വന്നയാളെ ഡോക്ടര്‍ക്ക് പരിചയപ്പെടുത്തി.
ഇത് ബാഹുലേയന്‍. മിസ്റ്റര്‍ വൈശാഖന്‍റെ ബ്രദര്‍ ഇന്‍ ലാ ആണ്.
പ്രകാശ് തരകന്‍ നിസ്സംഗ ഭാവത്തോടെ തലയാട്ടി. അയാളുടെ മുഖത്തെ മ്ലാനത ബാഹുലേയനെ വല്ലാതെ ഭയപ്പെടുത്തി.
വൈശാഖന്‍ മൂന്നാറിലെ വ്യാജ മദ്യ ദുരന്തത്തില്‍ പെട്ടു എന്ന വാര്‍ത്ത അറിഞ്ഞയുടന്‍ അയാള്‍ നാട്ടില്‍ നിന്ന് തിരിക്കുകയായിരുന്നു. ഗായത്രിയെയും പ്രായമായ അച്ഛനമ്മമാരെയും ഇതുവരെ ഒന്നും അറിയിച്ചിട്ടില്ല. അല്പമെങ്കിലും സൂചനയുള്ളത് ബാഹുലേയന്‍റെ ഭാര്യ ജയശ്രിക്ക് മാത്രമാണ്.
ഇപ്പോള്‍ വൈശാഖന് എങ്ങനെയുണ്ട്, ഡോക്ടര്‍ ? : ആശങ്കകള്‍ക്ക് അറുതി വരുത്താനെന്ന വണ്ണം ബാഹുലേയന്‍ ചോദിച്ചു.
അത്……………കുറച്ചു ക്രിട്ടിക്കല്‍ ആണ്. കൂടെയുണ്ടായിരുന്ന ഒരു ജോണ്‍ കോശി ഉള്‍പ്പടെ മൂന്നു പേര്‍ ഇതിനകം മരിച്ചു. ജോണിക്കുട്ടി എന്നു പറയുന്ന ആളുടെ നില വളരെ സീരിയസ് ആണ്. വൈശാഖന്‍ സര്‍വൈവ് ചെയ്തു. പക്ഷേ…………….. : കയ്യിലുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് മടക്കിക്കൊണ്ട് ഡോക്ടര്‍ പ്രകാശ് തരകന്‍ പറഞ്ഞു. അയാള്‍ എന്തോ ഒളിക്കുന്നുണ്ടെന്ന് ബാഹുലേയന് തോന്നി.
ഡോക്ടറുടെ പതര്‍ച്ച കണ്ട സി.ഐ അലക്സാണ്ടര്‍ മണിമലയാണ് ബാക്കി പറഞ്ഞത്……………
മെഥനോള്‍ ചേര്‍ന്ന മദ്യമാണ് കഴിച്ചിരിക്കുന്നത്. ഹൈലി ഡെയിഞ്ചറസ് കെമിക്കല്‍. അത് ഉള്ളില്‍ ചെന്നാല്‍ എന്തും സംഭവിക്കാം…………..
അപ്പോഴും തന്‍റെ ചോദ്യത്തിന് ഉത്തരമായില്ലല്ലോ എന്ന മട്ടില്‍ ബാഹുലേയന്‍ ഇരുവരെയും മാറി മാറി നോക്കി. അത് മനസിലാക്കിയ ഡോക്ടര്‍ പ്രകാശ് തരകന്‍ എങ്ങനെയോ ധൈര്യം സംഭരിച്ചുകൊണ്ട് ബാക്കി പൂരിപ്പിച്ചു.
ഹീ ലോസ്റ്റ് ഹിസ് ഐസൈറ്റ് ഫോറെവര്‍ !!!
ഇടിവാളു പോലെയാണ് ആ വാക്കുകള്‍ ബാഹുലേയന്‍റെ നെഞ്ചില്‍ പതിച്ചത്. വിശ്വസിക്കാനാവാതെ അയാള്‍ ഡോക്ടറുടെ മുഖത്തേക്ക് തുറിച്ചു നോക്കി.
തലച്ചോറില്‍ നിന്ന് കണ്ണുകളിലേക്ക് ബ്ലഡ് സര്‍ക്കുലേറ്റ് ചെയ്യുന്ന ഞരമ്പുകള്‍ക്കാണ് ഡാമേജ് സംഭവിച്ചത്. മെഥനോള്‍ ഉള്ളില്‍ കടന്നാല്‍ സാധാരണ സംഭവിക്കുന്നതാണ്. ലോകത്തൊരിടത്തും അതിന് ചികില്‍സയില്ല. ഹീ ഷുഡ് ലിവ് ലൈക്ക് ദിസ് റ്റില്‍ ദി എന്‍ഡ് : പ്രകാശ് തരകന്‍റെ വാക്കുകള്‍ വല്ലാത്ത ഒരു നടുക്കത്തോടെയാണ് ബാഹുലേയന്‍ ശ്രവിച്ചത്. കുടുംബം മുഴുവനും പ്രത്യേകിച്ച് വൈശാഖനും ഗായത്രിയും വര്‍ഷങ്ങളായി കാത്തിരുന്ന്‍ തലേന്ന്‍ അവരുടെ ജീവിതത്തിലേക്ക് കടന്നുവന്ന കുഞ്ഞുങ്ങളെ കുറിച്ചോര്‍ത്തപ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ജീവിതകാലം മുഴുവന്‍ അവരുടെ കളിചിരികളും കൊഞ്ചലുകളും കേള്‍ക്കാന്‍ ഭാഗ്യമില്ലാതെ പോയ വൈശാഖനെ കുറിച്ചോര്‍ത്തപ്പോള്‍ ബാഹുലേയന് നെഞ്ച് പൊട്ടുന്നത് പോലെ തോന്നി. അതിനിടയില്‍ അലക്സാണ്ടര്‍ മണിമലയും ഡോക്ടറും പറഞ്ഞ ആശ്വാസവാക്കുകള്‍ അയാള്‍ കേട്ടതേയില്ല.
അപ്പോള്‍ അകത്ത് അത്യാഹിത വിഭാഗത്തില്‍ ബോധം വന്നും പോയുമിരുന്ന ഒരു യുവാവ് സ്ഥലകാല ബോധം വീണ്ടെടുത്ത് നാട്ടിലേക്ക് പോകാന്‍ വെമ്പല്‍ കൊള്ളുകയായിരുന്നു. തന്‍റെ ജീവിതം വര്‍ണ്ണാഭമാക്കാന്‍ മണിക്കൂറുകള്‍ക്ക് മുമ്പ് ഇരട്ടിമധുരമായി വന്ന രാജകുമാരിമാരെയും അവരുടെ അമ്മയെയും കാണാന്‍ അയാളുടെ ഹൃദയം തുടിച്ചു. അവരുടെ കിളികൊഞ്ചലുകള്‍ കാതില്‍ മുഴങ്ങിയെങ്കിലും കാഴ്ച മറയ്ക്കപ്പെട്ടത് ആ ചെറുപ്പക്കാരന് അസ്വസ്ഥത ഉണ്ടാക്കി. മുമ്പെപ്പോഴോ അയാളുടെ വിരല്‍പ്പാടുകള്‍ പതിഞ്ഞ പിഞ്ചു കുഞ്ഞിന്‍റെ രൂപത്തിലുള്ള ഒരു പാവക്കുട്ടി അന്നേരം ദിവാസ്വപ്നത്തില്‍ വന്ന്‍ ഇരുട്ടിന്‍റെ ആ പുതിയ തടവുകാരനെ നോക്കി ചിരിക്കുകയും തന്‍റെ അടുത്തേയ്ക്ക് മാടി വിളിക്കുകയും ചെയ്തു.