തെരഞ്ഞെടുപ്പ്,
ഞാൻ വരുന്നുണ്ട്.
എനിക്ക് വേണ്ടി സദ്യയൊരുക്കാൻ
കശാപ്പുകൾ തുടങ്ങിയിട്ടുണ്ട്.
രണ്ട് മൂന്ന് മനുഷ്യന്റെ ഇറച്ചിയും,
അവരുടെ ചോരയും,
ആ കുടുംബത്തിന്റെ കണ്ണീരും കൂട്ടിക്കുഴച്ച്
ഒരൊറ്റച്ചെമ്പിൽ പതപ്പിച്ചെടുത്ത
ഇറച്ചിപ്പായസം.
മണ്ടൂസുകളായ കുറേ ഇരുകാലികൾ,
നിങ്ങളുടെ വിരലുകളിൽ
അടയാളം പതിപ്പിക്കാൻ
എന്നും ഞാനെത്താറുണ്ട്.
ഞാൻ വരാതെ,
തൊണ്ട പൊട്ടിച്ച് നിങ്ങൾ ജയ് വിളിച്ച
സ്ഥാനാർത്ഥികൾക്ക്,
അധികാരമുറപ്പിച്ചിരിക്കാൻ കഴിയില്ല.
അതിനായി രാഷ്ട്രീയ
ഫാമിൽ വളർത്തിയെടുക്കുന്ന
ഇറച്ചി മനുഷ്യരാണ് നിങ്ങൾ.
ഭരണക്കസേരക്ക് കീഴിലെ
മണ്ണിന് വളമായി നിങ്ങളെ വളർത്തുന്നവർ,
അവസരങ്ങളെ ആധിപത്യമാക്കുന്നു.
ഒരു മനുഷ്യൻ കൊല്ലപ്പെട്ടതിൽ
പ്രതിഷേധിച്ച ആരെയും കണ്ടില്ല.
വഴി തടഞ്ഞവരില്ല.
എറിഞ്ഞു തകർത്തവരില്ല.
ഒരു പ്രവർത്തകന്റെ കൊലപാതകത്തിൽ
പ്രതിഷേധിക്കുന്നു, വഴി മുടക്കുന്നു.
ഇനി ഞാൻ ചോദിക്കട്ടെ………..
ഇവിടെ മനുഷ്യരില്ലേ………?
ഈ കൊല്ലപ്പെട്ടവരൊക്കെ
മനുഷ്യർ തന്നെയല്ലേ……….?
അവന്ന് വേണ്ടി തെരുവിലിറങ്ങാൻ
ഇവിടാരുമില്ലേ…………?
കൊടിയുടെ വടി പിടിക്കാത്ത,
മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കാത്ത
ശരിയെന്ന് തോന്നിയവന്ന്
മാത്രംവോട്ട് നൽകുന്ന,
അടിയാന്മാരല്ലാത്ത ആളുകളുടെ കൂട്ടം
മാത്രം മതി മലയാള മണ്ണിന്.
അടുക്കള മുതൽ അന്താരാഷ്ട്രം വരെ
ഞാൻ നിങ്ങളോടൊപ്പമുണ്ട്. പക്ഷേ…….
അടിമകളായ നിങ്ങളെയല്ല,
ഞാനിഷ്ടപ്പെടുന്നത്.
ധിഷണാശാലികളായ മനുഷ്യരെയാണ്.