ഗ്രാമത്തില്‍ ആദ്യമായി ഇറച്ചിക്കോഴികളെ കൊണ്ടു വന്നത് ഇന്നത്തെ വേലായുധന്‍ മുതലാളിയാണ്. പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് പൊള്ളാച്ചിയില്‍ നിന്നും ഒരു ഡസന്‍ വെള്ളക്കോഴികളുമായി കൂട്ടു പാതയില്‍ ബസിറങ്ങിയ നീണ്ടു മെലിഞ്ഞ ആ ചെറുപ്പക്കാരനെ ഞങ്ങള്‍ ഇന്നും ഓര്‍ക്കുന്നു. ഇരു കൈകളിലും ആറു വീതം കോഴികളെ തലകീഴായി തൂക്കിയെടുത്തുകൊണ്ട് മൂപ്പര്‍ നേരെ കല്ലത്താണിയുടെ ചുവട്ടില്‍ ചെന്നിരുന്നതും, കിലോക്ക് പത്തുറുപ്പിക വച്ച് പന്ത്രണ്ടണ്ണത്തിനെയും ഇരുട്ടുന്നതിനു മുമ്പ് തൂക്കി വിറ്റ് ആറരക്കുള്ള മയില്‍ വാഹനത്തില്‍ കയറി സ്ഥലം വിട്ടതും ഇന്നലെയെന്നോണം ഞങ്ങളോര്‍ക്കുന്നു.
പിറ്റേന്ന് വാവട്ടമുള ഒരു കുട്ട നിറയെ കല പില കൂട്ടുന്ന കോഴികളുമായാണ് അയാള്‍ കൂട്ടു പാതയില്‍ എത്തിയത്.
മൂന്നാം വരവില്‍ അയാള്‍ക്ക് കല്ലത്താണിയെ ആശ്രയിക്കേണ്ടി വന്നില്ല. കുട്ടു മണിയേട്ടന്റെ ചായപ്പീടികയോടു ചേര്‍ന്നുള്ള കൊച്ചു മുറി അയാള്‍ക്കു വാടകക്കു കിട്ടി.
അക്കൊല്ലത്തെ കര്‍ക്കിടക സംക്രാന്തിയും വാവും കഴിഞ്ഞപ്പോള്‍ വാടകമുറിയുള്‍പ്പെടെയുള്ള കെട്ടിടം അയാള്‍ വിലക്കെടുത്തു. ഒന്നൊരക്കൊല്ലം കൊണ്ട് ഗ്രാമത്തിന്റെ കണ്ണായ സ്ഥലത്ത് പള്ളിക്കൂടത്തിന്റെ മാതൃകയില്‍ ഒരു കോഴിത്താവളം സ്ഥാപിക്കാനും അയാള്‍ക്കു കഴിഞ്ഞു. ഗ്രാമത്തിലെ ചെമ്മണ്‍ പാതകളിലൂടെ പൊടി പറത്തിക്കൊണ്ട് കോഴി വണ്ടികള്‍ വിശ്രമമില്ലാതെ ഓടിത്തുടങ്ങിയപ്പോള്‍ പല ബാങ്കു മാനേജരുമാരും അയാളുടെ സുഹൃത്തുക്കളായി. എന്തിനേറെ പറയുന്നു കോഴിക്കച്ചവടത്തിന്റെ പത്താം വാര്‍ഷികം അയാള്‍ ആഘോഷിച്ചത് മണിയന്‍ മൂത്താന്റെ മകളുടെ നൂറ്റമ്പതു പവന്റെ ആഭരണങ്ങള്‍ തൂങ്ങുന്ന കഴുത്തില്‍ മിന്നു കെട്ടി കൊണ്ടായിരുന്നു.
തുലാക്കൂറുകാരനായ വേലായുധന്‍ മുതലാളിയുടെ ജാതകത്തിലെ പതിനൊന്നില്‍ പരമോച്ചനായ ശനി അയാളെ പന പോലെ ഉയര്‍ത്തിക്കൊണ്ടേയിരുന്നു. ഗ്രാമത്തില്‍ പലയിടങ്ങളിലായും പത്തോളം കോഴിത്താവളങ്ങളുള്ള അയാള്‍ക്കു വേണ്ടി യാണ് പല ബാങ്കുകളും ബ്രാഞ്ചുകള്‍ തുടങ്ങിയിരിക്കുന്നതെന്ന് ഞങ്ങളില്‍ പലരും വിശ്വസിച്ചു.
ഒരു കയറ്റത്തിന് ഒരിറക്കവും ഉണ്ടാവണമല്ലോ. മൂത്താന്റെ മകളുടെ ജാതകദോഷം കൊണ്ടോ ചാരവശാല്‍ വേലായുധന്‍ മുതലാളിയുടെ ശനി മുഖം തിരിച്ചതുകൊണ്ടോ എന്തോ അയാളുടെ പതനം ഞങ്ങള്‍ക്കു കാണേണ്ടി വന്നു.
ഗ്രാമത്തില്‍ മറ്റു പലരും കോഴിക്കച്ചവടം തുടങ്ങുകയും ഇറച്ചിക്കോഴികളോട് ആളുകള്‍ക്ക് പൊതുവെ മടുപ്പ് തോന്നിത്തുടങ്ങുകയും ഹരിതസംഘങ്ങളുടെ നേതൃത്വത്തില്‍ പച്ചക്കറി കൃഷി വ്യാപകമാവുകയും ചെയ്തതോടെ വേലായുധന്‍ മുതലാളിയുടെ കോഴിത്താവളങ്ങള്‍ നിശബ്ദമായി തുടങ്ങി. അവസാനം എല്ലാം അടച്ചു പൂട്ടേണ്ടി വന്നപ്പോള്‍ ഇനിയെന്ത് എന്ന ചോദ്യത്തിനു മുന്നില്‍ ഒരുത്തരമില്ലാതെ ആടിയുലഞ്ഞു നില്‍ക്കുമ്പോഴാണ് കോഴി കടത്താന്‍ വാങ്ങിയ മുച്ചക്രവാഹനങ്ങളിലൊന്നിന്റെ ഡ്രൈവര്‍ ഒരു നിമിത്തം പോലെ മുതലാളിയുടെ മുന്നിലെത്തിയത്.
അടഞ്ഞു കിടക്കുന്ന കോഴിത്താവളങ്ങള്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകളാക്കിയാലോ എന്നൊരു നിര്‍ദ്ദേശം അയാള്‍ മുതലാളിയുടെ മുന്നില്‍ വയ്ക്കുകയായിരുന്നു.
പരിപാലനച്ചിലവില്ല കോഴിക്കച്ചവടത്തിലെ പ്രതിസന്ധികള്‍ ഒന്നും തന്നെയില്ല ആരുടേയും അനുവാദവും ആവശ്യമില്ല. എങ്കില്‍ ഒന്നു പരീക്ഷിച്ചു നോക്കിയാലോ എന്ന ചിന്ത മുതലാളിയുടെ തലക്കു പിടിച്ചു.
പിന്നെ താമസ്മുണ്ടായില്ല ഇറച്ചിക്കോഴികള്‍ എന്നെഴുതിയ ബോര്‍ഡുകളെല്ലാം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ എന്നായി മാറി. ബോര്‍ഡുകളിലെ തടിച്ച തൂവെള്ളക്കോഴികളുടെ ചിത്രം മായ്ക്കണോ എന്ന ആര്‍ട്ടിസ്റ്റിന്റെ ചോദ്യത്തിന് അതവിടെ നിന്നോട്ടെ എന്നായിരുന്നു വേലായുധന്‍ മുതലാളിയുടെ പ്രതികരണം. ഭാവനാ സമ്പന്നനായ ചിത്രകാരന്‍ അവയുടെ കഴുത്തില്‍ ബ്രൗണ്‍ നിറത്തിലുള്ള ഓരോ ടൈ വരച്ചു പിടിപ്പിച്ചുകൊണ്ട് ആ പ്രശ്നം ഭംഗിയായി പരിഹരിക്കുകയും ചെയ്തു.
കൃത്യം ജൂണ്‍ ഒന്നിന് ഗ്രാമത്തിലെ പത്തു കോഴിത്താവളങ്ങളും ഇംഗ്ലീഷ് സ്കൂള്‍കളായി മാറി. വെള്ളയും ബ്രൗണും നിറങ്ങളിലുള്ള ഉടുപ്പുകളണിഞ്ഞെത്തിയ കുട്ടികള്‍ കോഴിത്താവളങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി. ഗ്രാമവീഥികളിലൂടെ പഴയ കോഴി വണ്ടികള്‍ പുതിയ ഉല്പ്പന്നങ്ങളേയും കൊണ്ട് വായുവേഗത്തില്‍ പാഞ്ഞു തുടങ്ങി.
ഗ്രാമത്തിലെ കൂട്ടു പാതയില്‍ പക്ഷെ ഇറച്ചിക്കോഴികള്‍ എന്നെഴുതിയ ചൂണ്ടു പലക പഴ പ്രതാപത്തോടെ തന്നെ ഇന്നും നിവര്‍ന്നു നില്‍ക്കുന്നു. അതെടുത്തു മാറ്റണമെന്ന് വേലായുധന്‍ മുതലാളിക്കോ ഞങ്ങള്‍ക്കോ തോന്നിയിട്ടില്ല.