ജനിച്ചുവളർന്ന നാട്ടിൻപുറത്തിന്റെ കാഴ്ചകളിലൂടെ,വായനക്കാരുടെ ചുമലിൽ കൈയിട്ടുനടക്കുന്ന എം.ടി. മഞ്ചാടിക്കുരു പോലെ സൂക്ഷിച്ചുവച്ചിരിക്കുന്ന സ്വപ്നങ്ങളുടെ തുണ്ടുകൾ നൽകുന്നു. ആ സ്വപ്നങ്ങളിലെ കണ്ണീരും നറുപുഞ്ചിരിയുമെല്ലാം നാം, വായനക്കാരെ പലപ്പോഴും നീറ്റാറുണ്ടെങ്കിലും അദ്ദേഹത്തോട് നാം ആവർത്തിച്ചു ചോദിച്ചുകൊണ്ടേയിരിക്കുന്നു, ആ സ്വപ്നങ്ങളുടെ ബാക്കി എവിടെ? അങ്ങനെ ഞാൻ, ആ എഴുത്തുകാരനോട് എത്രയോവട്ടം ആവശ്യപ്പെട്ടിരിക്കുന്നു, ആ സ്വപ്നത്തുണ്ടുകൾ എവിടെ? ആ സ്വപ്നങ്ങൾ തേടിയുള്ള യാത്രയാണ് ഈ കൊച്ചുകൃതിയിലൂടെ മുരളി നടത്തുന്നത്.. കക്കാട് പാടിയത് പോലെ സഫലമായ ഒരു യാത്ര.
( എസ് .ജയചന്ദ്രൻ നായർ അവതാരികയിൽ)
കലാകൌമുദിയിലും മലയാളം വാരികയിലുമായി മുരളി കുറിച്ചിട്ട എംടിയൻ ചിത്രങ്ങളുടെ പുസ്തകരൂപം. മലയാളിയുടെ പ്രിയ എഴുത്തുകാരനൊപ്പം ആ പുസ്തകങ്ങൾ പിറക്കാനിടയായ ദേശങ്ങളിലൂടെ, നിളയുടെ തടങ്ങളിലൂടെ, കണ്ണാന്തളിപ്പൂക്കൾ പിറന്ന പിറക്കാതെ പോകുന്ന കുന്നിൻ ചെരുവിലൂടെ നടന്ന് നടന്ന് ചോദിച്ച് ചോദിച്ച്, ഇടയ്ക്കിടെ ആ കഥാപാത്രങ്ങളെ കണ്ടുമുട്ടി, ഇടയ്ക്കിട ആ പുസ്തകങ്ങളിലേക്ക് തീർഥയാത്ര പോയി എഴുതിയ പുസ്തകം. ഇതൊരു നിരൂപണ ഗ്രന്ഥമല്ല, വായനക്കാരേയും കൂട്ടി എം ടിയുടെ ഹൃദയത്തിലേക്കും എം ടിയുടെ എഴുത്തിന്റെ ഹൃദയത്തിലേക്കും നടത്തുന്ന യാത്രയും അതിന്റെ വഴികളുമാണ് എന്നു പ്രസാധകർ .ലോഗോസ് ആണ് പുസ്തകം വായനക്കാരിൽ എത്തിക്കുന്നത്.