വെങ്കിടേശ്വരി.കെയുടെ കവിതാസമാഹാരം ‘കാടേറ്’ പ്രകാശനത്തിന് ഒരുങ്ങുകയാണ്. അച്ചടി മാധ്യമങ്ങളിലും ഓൺലൈനായും കവിതകൾ പ്രസിദ്ധീകരിച്ചിട്ടുള്ള കവിയുടെ ആദ്യ സമാഹാരമാണ് ഇത്. പുഴ.കോമും വെങ്കിടേശ്വരിയുടെ ഒന്നിലധികം കവിതകൾ വായനക്കാരിലേക്ക് എത്തിച്ചിട്ടുണ്ട്. പുസ്തകത്തിന് ആതിര മുരളീധരൻ, ജിഷ. സി. ചാലിൽ, കണ്ണൻ സിദ്ധാർഥ് എന്നിവർ എഴുതിയ കുറിപ്പുകൾ ചുവടെ വായിക്കാം.
ഒരുമ്പെട്ടിറങ്ങുന്ന കവിതകള്‍;
ആതിര മുരളീധരൻ
കവിതകൾ കുഴലൂതുന്ന മന്ത്രവാദിയെ
പ്പോലെ നിങ്ങളിലേക്കിറങ്ങി വരികയും
കവിത തെളിയ്ക്കുന്ന വഴിയിൽ നിന്ന് തിരികെ പോകാനാകാത്ത വിധം കുടുങ്ങിപ്പോകുകയും
ചെയ്യുന്ന അനുഭവത്തിലേയ്ക്കാണ് നിങ്ങളെടുത്തു ചാടുന്നതെന്ന് ഓർക്കണം. മനുഷ്യരെ തീണ്ടാത്ത മനസ്സുകൊണ്ടല്ല വെങ്കിടേശ്വരി കവിതയെഴുതുന്നത്. ഓരോ നോവും നീറ്റലും ചൂടും ചൂരും കവിതയ്ക്ക് ഇന്ധനമാക്കുകയാണിവിടെ.
മുറിവിനെക്കുറിച്ച് മധുരം ചാലിച്ചെഴുതാൻ ഈ കവി ശ്രമിക്കുന്നില്ല. ചോര കൊണ്ടവൾ പലതും അടയാളപ്പെടുത്തുന്നു…
പ്രണയിക്കുന്നത് ദൈവത്തോട് പ്രാർത്ഥിക്കുന്ന പോലാണെന്നും അങ്ങനെയാണ് ചിലർ നിരീശ്വര വാദികളാകുന്നതെന്നും പറഞ്ഞു വെക്കുന്നിടത്താണ് അവസാനിക്കാത്ത ഒരു കവിത വായനക്കാരൻ വായിച്ചു തുടങ്ങുന്നതുതന്നെ…
ഒരു കവിതയും ഒരു പൂർണ്ണവിരാമത്തിൽ അവസാനിക്കുന്നില്ലിവിടെ… കവി പറഞ്ഞു തീർക്കുന്നിടത്തു വായനക്കാരന്റെ നോവിനാക്കംകൂടുന്നു… കവിതകൾക്കിടയിൽനിന്ന് വിശപ്പിനെ വായിച്ചെടുക്കുമ്പോൾ വയറു കാഞ്ഞെന്ന് തോന്നിയേക്കാം… ഉപേക്ഷിക്കപ്പെടുന്നതിന്റെ നോവോർത്ത്‌ഞെട്ടിയേക്കാം… എല്ലാം കവിതകളുടെചെയ്തിയാണ്…
ആൺകുട്ടിയല്ലേന്നൊരു ചോദ്യത്തിൽ നിശബ്ദമാക്കപ്പെടുന്ന നിലവിളികളെ തുറന്നു വിടുന്നുണ്ടൊരിടത്ത്…
മുടി തൊട്ട്‌മൊല വരെ മുഴുത്ത തെറികളെന്ന്പെണ്ണിനെ വരച്ചിട്ടവർക്ക്‌നേരെ ഒരുമ്പെട്ടിറങ്ങുകയാണ് കവിതകൾ.
കാട് തിന്ന് ചാവുന്ന കടലുകൾ കാണാം
കല്ലെറിഞ്ഞ് കൊല ചെയ്യപ്പെട്ടവളുടെ മുറിവുകൾ നോക്കി സ്ഖലിക്കുന്ന ദൈവക്കുഞ്ഞുങ്ങളെ കണ്ടില്ലെന്ന് നടിക്കാനുമാവില്ല…
കവിതകൾ ഒരുമ്പെട്ട് കാടേറിത്തുടങ്ങുമ്പോൾ
കാണാതിരിക്കാനെങ്ങനെ കഴിയും.
കവിതയിലെ കലാപം;
ജിഷ. സി. ചാലിൽ
ആശയ തീവ്രതകൊണ്ടും ഭാഷാപ്രയോഗം
കൊണ്ടും ഉയർന്നു നിൽക്കുന്ന കവിതകളാണ് വെങ്കിടേശ്വരിയുടേത്. പ്രണയവും കാമവും ഭോഗവും കലഹവും പ്രതിഷേധവും കലാപവും… എന്നുവേണ്ട; മനുഷ്യമനസ്സിന്റെ എല്ലാ വികാരങ്ങളും അനുഭവ തീവ്രതയോടെ ‘കാടേറ്’ നമ്മുടെ മുന്നിൽ തുറന്നുകാട്ടുന്നു.
ഏകാന്തതയെ സ്നേഹിക്കുമ്പോഴും ഒറ്റപ്പെട്ടു പോകുന്നവരെക്കുറിച്ച് കവയിത്രി ആശങ്കപ്പെടുന്നു. നമ്മൾ കണ്ടും കേട്ടും അറിഞ്ഞും പരിചയിച്ച പ്രണയത്തിൽ നിന്ന് ദൂരെ നിൽക്കുന്ന ഒന്നാണ് ഇവിടത്തെ പ്രണയം. പ്രണയം സൃഷ്ടിക്കുന്ന
പ്രതിബദ്ധങ്ങളിൽനിന്ന് പുറത്തുചാടുന്ന
പെണ്ണിന് കവിത വിരിയുന്നു.
“നിന്നെ ഉപേക്ഷിക്കുന്നിടത്താണ്
പ്രിയപ്പെട്ടവനേ, എന്റെ കവിത
തുടങ്ങുന്നത്…
നീ കനപ്പെടുത്താത്ത നിമിഷങ്ങളിൽ കവിതവിരിയുന്നു.” എന്ന് കവയിത്രി സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.
“പ്രണയത്താൽ ശരീരം
നഷ്ടപ്പെട്ടവരുടെ
വനങ്ങൾക്കിടയിലൂടെയാണ്
സഞ്ചരിക്കുന്നത് എന്ന്
തിരിച്ചറിയുന്ന നിമിഷം
പകലിനെ ഭയപ്പെട്ടു തുടങ്ങുന്നു“.
പ്രണയം ചതിയുടേയും ഭയപ്പാടിന്റേയും മറുവാക്കാവുന്നു.
“പൂക്കളുള്ള, പൂമ്പാറ്റകളുള്ള
ആകാശത്തേക്ക്
നീയെന്നെ കൊണ്ടുപോയതേയില്ല”
എന്ന് പരിഭവിക്കുന്ന പ്രണയം,
“നിന്റെ മീശയ്ക്കും താടിയ്ക്കുമപ്പുറം
വേറെ ലോകമില്ലെന്ന് നീ
പ്രഖ്യാപിച്ച ദിവസം”
മുതൽ ഭയം നൽകിയ പ്രണയം, കീഴടക്കലിന്റെ പ്രണയം,
“ഇപ്പോൾ ചുമയ്ക്കുമ്പോൾ
കഫത്തിനും നിനക്കുമൊപ്പം
ചോരയും വരുന്നുണ്ടെ“ന്ന് ആശങ്കപ്പെടുകയും ആശ്വസിക്കുകയും ചെയ്യുന്നു.
“പ്രണയിക്കുന്നത്
ദൈവത്തോട്
പ്രാർത്ഥിക്കും പോലെയാണ്;
അങ്ങിനെയത്രേ; ചിലർ
നിരീശ്വരവാദികളാവുന്നത്”
എന്ന് പ്രണയത്തെ വാഴ്ത്തുകയും ചെയ്യുന്നു.
“നിന്റെ മരം എനിക്കു വേണ്ടി
മഴയും മലരും പെറാത്തതു കൊണ്ടാണ്
വെയിലു ചുംബിച്ച് ഞാൻ
നിഴലിന്റെ കൂടെ ഇറങ്ങിപ്പോയത്”
എന്ന് ധൈര്യപ്പെടുന്നുണ്ട് കവയിത്രി. പെൺമനസ്സിന്റെ ഉള്ളറകളിലേക്ക് ആഴ്ന്നിറങ്ങിയ സഞ്ചാരമാണ് വെങ്കിടേശ്വരിയുടെ എഴുത്തുകൾ.
‘ചോദ്യപേപ്പറുകൾ’ സ്ത്രീ വിമോചനത്തിന്റെ പാട്ടു കൂടിയാണ്. ഏതവസ്ഥയിലും ഏതവസരത്തിലും വിചാരണ ചെയ്യപ്പെടുന്ന പെൺവർഗത്തിന്റെ വേദനയും പ്രതിഷേധവും അതിൽ കാണാം.
“അവര് പിന്നെ
സാധാരണ മനുഷ്യർ
നടക്കണ വഴികളാക്കെ ഒഴിവാക്കി.”
അസാധാരണമായ വഴികളിലൂടെ തനിയെ നടക്കുന്നു. ശരിയുത്തരങ്ങളെക്കുറിച്ച് ഉത്കണ്ഠയില്ലാത്ത തലമുറക്ക് ചോദ്യം മാത്രം നൽകി അവർ നടന്നുനീങ്ങുന്നു.
‘ട്രൗസർ’ ഒരു കലാപമാണ്. മരം കേറാൻ കൊള്ളാത്ത പാവാട മാറ്റി അനിയന്റെ ട്രൗസർ ഇടുന്ന സുമത്യേച്ചി അപ്പന്റെ തല്ലു നൽകിയ അപമാനം കുളത്തിന്റെ പടവുകളിൽ അഴിച്ചുവച്ചു കുളത്തിന്റെ ആഴമളക്കുന്നു.
അതിന്റെ പിറ്റേന്ന് മുതൽ ഉടുപ്പ് പൊങ്ങി
യാൽ ചിരിക്കാൻ പറ്റാത്ത ഒരു പെൺ സമൂഹം പിന്നെയും ഉടലെടുക്കുന്നു. നീന്തൽ മറന്നുപോയ പെണ്ണടക്കങ്ങൾ വീണ്ടുമുണ്ടാവുന്നു.
ദൈവക്കുഞ്ഞുങ്ങൾ “എറിഞ്ഞു കൊന്ന പെണ്ണിന്റെ മുറിവുകളോർത്ത് പിന്നീടുള്ള എല്ലാരാത്രികളിലും സ്ഖലിക്കുന്ന സദാചാര” ത്തിനു നേരെ ചോദ്യശരമെയ്യാൻ കവിത മടിക്കുന്നില്ല.
“ഒറ്റയ്ക്കിരിക്കുന്ന പെൺകുട്ടിയുടെ
മുറിയിലേക്ക് കയറിച്ചെല്ലരുത് ….
അവൾക്കൊപ്പം നടക്കാനാവില്ലെങ്കിൽ
നിശ്വാസം കൊണ്ടു പോലും
അവിടത്തെ കാറ്റിനെ തൊടരുത്”
എന്ന് ‘പെൺമുറി’ വിലക്കുന്നു.
ഇവിടെ ഇങ്ങനെയൊക്കെയാവുമ്പോൾ “ഒരുമ്പെട്ടോള്” സടകുടഞ്ഞെഴുന്നേൽക്കുന്നു.
“മേലും മനസ്സും മാംസം കേറി
പോറിയവളേ…
തെറി കേറ്റി പൊള്ളിയവളേ…
നെന്റെ ഒറ്റക്കുത്തിന്
ചത്ത് മരവിപ്പിച്ചേക്കണല്ലേടീ;
ഓന്റെ ശ്വാസം കൊണ്ട്
ഒരുവളുടെ മേല് പോറാണ്ടരിക്കാൻ”
“ഒരുമ്പെട്ടോളേ…,” വിളി അഹങ്കരിച്ച് ചുമ
ക്കാൻ പെണ്ണ് തയ്യാറെടുക്കുന്നു. പടതയുടെ മുഖംമൂടിയണിഞ്ഞ ക്രൂരമായ സമൂഹത്തിന്റെ
പരിച്ഛേദമാണ് ‘ആൺകുട്ടി’.
അമ്മയിറങ്ങിപ്പോയ വഴിയിൽ പാമ്പിഴഞ്ഞു വരുന്ന കാഴ്ച അവന്റേതു മാത്രമായി ചുരുങ്ങുന്നു. വാസനിക്കുന്ന പൂക്കൾ നൽകി വേട്ടക്കാരൻ ഇരയെ ആകർഷിക്കുന്നു. ബാല്യ-കൗമാരങ്ങൾ അരക്ഷിതാവസ്ഥയിൽ പൊതിഞ്ഞു വെക്കേണ്ടിവരുന്ന ആശങ്ക കവിത ചർച്ച ചെയ്യുന്നു.
കാടിന്റെ വന്യതയിൽ പൂത്തുനിൽക്കുന്ന
പലതും പിച്ചിച്ചീന്തുന്ന മനുഷ്യ സമൂഹത്തോടുള്ള കലഹമാണ് ‘കാടേറ്’. വിശപ്പ് എന്ന സത്യത്തിനുമുന്നിൽ കീഴടങ്ങേണ്ടി വരുന്ന കാടിന്റെ
മക്കളുടെ വേദന നമ്മുടേത് കൂടിയാണ്.
“കടലോളം പെറുന്നപെണ്ണുങ്ങൾ “, “എലികളെ
ചുട്ടു തിന്നുന്ന കുഞ്ഞുങ്ങൾ.”
കവിത ഉയർത്തുന്ന ചോദ്യം വലുതാണ്.
“എന്റെ ശരീരം ചരിത്രപരമായി
വേട്ടയാടപ്പെട്ടവയുടെ
ചൂരും ചുമപ്പും വഹിക്കുന്ന
സ്മൃതി സ്മാരകമാകുന്നു.”
എന്ന് കവയിത്രി പറയുമ്പോൾ അത് മനുഷ്യവംശത്തെക്കുറിച്ചും കവിതയെക്കുറിച്ചും കാലത്തെക്കുറിച്ചുമൊക്കെയുള്ള സത്യമായി തിരിച്ചറിയപ്പെടുന്നു.
‘കാടേറ്’ ഒരു ഓർമപ്പെടുത്തലാണ്. സ്വാതന്ത്യത്തിന്റെ വിഹായസ്സിലേക്ക് പറന്നുയരാൻ കൊതിക്കുന്ന വര്‍ണ്ണശബളമായ ചിത്രശലഭത്തെ
നമുക്ക് എല്ലായിടത്തും കാണാം. പറയാനുള്ളത് ഉച്ചത്തിൽ പറയാൻ ധൈര്യം കാണിക്കുന്ന വരികളാണ് മുഴുവൻ. നിനക്ക് നീ തന്നെ ശക്തിഎന്ന് പെണ്ണിനോടും, അടച്ചിടപ്പെട്ട പ്രണയക്കൂട്ടിൽ നിന്നും ചിറകുവിരിച്ച് പറക്കാൻ പ്രണയിനികളോടും സർവ ശക്തിയുമെടുത്ത് പോരാടാൻ
മുറിവേറ്റവരോടും പറയുന്നുണ്ട് കവിത. ഒരിക്കലും അവസാനിക്കാത്ത കാവ്യ വേട്ടയിലേക്ക്വെങ്കിടേശ്വരി നടന്നു തുടങ്ങിയിരിക്കുന്നു.
കവിതയില്‍ കൊടുങ്കാറ്റൊളിപ്പിച്ചവള്‍;
കണ്ണൻ സിദ്ധാർഥ്
കവിതയിൽ കൊടുങ്കാറ്റൊളിപ്പിച്ച് വെച്ചിരിക്കുന്നു വെങ്കിടേശ്വരി. കാടിനെ നെഞ്ചേറ്റിയ, കടലിനെ കണ്ണിലൊളിപ്പിച്ച കവിയാണ് വെങ്കിടേശ്വരി. നിരന്തര ജാഗ്രതയും, സൂക്ഷ്മരാഷ്ട്രീയ ബോധവും കവിതയിൽ ഉടനീളം കാണാം. കാറ്റത്ത് അഴിച്ച് വിട്ട വാക്കുകൾ കുത്തിത്തറയ്ക്കുന്നുണ്ട്, അസ്വസ്ഥപ്പെടുത്തുന്നുണ്ട്. രാമായണക്കളി കേവലം ഒരു കവിതയ്ക്ക്അപ്പുറം ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തിയുള്ള ഒരു ചെരിഞ്ഞുനോട്ടമാണ്. പരിഹാസം വെങ്കിക്കവിതകളിൽ കുപ്പിച്ചില്ല് പാകിയ നിലം പോലെ കൂർത്തതാണ്, കവിതാ വഴിത്താരയിൽ ചോരപൊടിയുന്നു. പെണ്ണുങ്ങൾക്ക് ഉപ്പ് വറ്റിയ ഉണക്കമീന്റെ നാറ്റമാണെന്ന് അടുക്കളക്കകം തുറന്ന് കാട്ടി വെളിവാക്കുന്നുണ്ട് കവിതയിൽ. പ്രണയം കവിതയിൽ നെരിപ്പോടായി എരിയുന്നുണ്ട്. ഉമിയിൽ നീറുന്ന മനസ്സുകൊണ്ട് പ്രണയത്തെ വാക്കിനാൽ വരച്ചിടുന്നു വെങ്കി. ചാത്താ, ചാത്താന്ന് ഉളളാറ്റി ഉള്ളിലൊരുത്തി കെടപ്പുണ്ട് എന്ന് തുടങ്ങുന്ന ദ്രാവിഡ ദൈവത്തെ പെണ്ണിന്റെപോരിനോടും, ചോരയോടും ചേർത്തു മണക്കുന്നുണ്ട് ‘ചാത്തൻ’ എന്ന കവിതയിൽ. കോഴിച്ചോരയ്ക്കും, ചാരായത്തിനും പോരായ്ക വന്നാലും ബലിച്ചോരയായി തന്നെത്തന്നെ നിവർത്തിയിട്ട് കൊണ്ട് ദൈവവുമായുള്ള പോരുവിളി കവിതയിൽ ഉടനീളം നീർത്തിയിട്ടിരിക്കുകയാണ്.
ഒരു വശത്ത് ചാത്തനും, മറുവശത്ത് കവിയും രണ്ട് മുട്ടിപ്പലകയിൽ ഇരുന്ന് തർക്കം കൂടുന്നകാഴ്ച്ച, ഈ സമാഹാരത്തിലെ കവിതകളിൽ ഉടനീളം ഇങ്ങനെയൊരു തർക്കം കവി ആരൊക്കെയുമായോ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
വെങ്കിടേശ്വരിക്ക് കവിത വാക്കു കൊണ്ടുള്ള പോർവിളിയാണ്, വായിക്കുന്നവനെ പൊള്ളിക്കുന്ന ചക്കാലയാണത്. കേട്ടുനിൽക്കുന്നവനേയും വാക്കിന്റെ ചാവേറുകളിയിൽ ഒറ്റയ്ക്ക്
കൊടുങ്കാട്ടിലൂടെ കൂട്ടിക്കൊണ്ട് പോകുന്നഅവസ്ഥ. തിരിച്ചു വരേണ്ടത് അനുവാചകന്റെമാത്രം ആവശ്യമാകുന്നു, കവിക്ക് അത് നിർബന്ധമില്ലെങ്കിലും. അതൊരു ചുരുളിയാണെന്ന് വേണമെങ്കിൽ കൂട്ടിച്ചേർക്കാം… അകപ്പെടുത്തിക്കളയുന്ന, ഇനിയും കൊടുങ്കാറ്റഴിച്ച് വിടുന്ന കവിതകളുമായി വരിക. നില മറന്ന്, തല മറന്ന്, കാട് മറന്ന്, കടല് മറന്ന് വാക്കിന്
മൂർച്ച കൂട്ടുന്ന കവിതയുടെ യന്ത്രവുമായി ഇനിയും വരിക…
Click this button or press Ctrl+G to toggle between Malayalam and English