അമ്മ
നീളത്തിൽ
ചുളിവുകളില്ലാതെ
ഒരു വര വരച്ചു.
കുട്ടി കറങ്ങിത്തിരിഞ്ഞൊരു
വര, അതൊരു
വൃത്തമോ ത്രികോണമോ
ആകാം…
അമ്മ
ചതുരം കൊണ്ട്
വീട് വരച്ചു.
കുട്ടി മരത്തിലൊരു
ഊഞ്ഞാലിട്ടു…
കൊമ്പിൽ
കാക്കയെ വരച്ചു,
പൂമ്പാറ്റകളെ വരച്ചു…
അമ്മ
അടുക്കള വരച്ചു,
മിക്സി ഗ്രൈൻഡർ
ഫ്രിഡ്ജ് സ്വർണ്ണം
സമയപ്പട്ടിക…
കുട്ടിയ്ക്ക് വാശിയായി,
നിറങ്ങളെടുത്ത് കുടഞ്ഞിട്ട്
അവിടം മുഴുവൻ
ഓടിക്കളിച്ചു…
ഉരുണ്ട് മറിഞ്ഞ്
ദേഹം മുഴുവൻ
നിറം തേച്ചു…
പച്ചക്കളർപെൻസിൽ തട്ടി
മറിഞ്ഞു വീണു…
ചുവപ്പ്… മഞ്ഞ… നീല…
അനുസരണയില്ലെന്ന്
പറഞ്ഞ് അമ്മ
വര നിർത്തിപ്പോയി.
കുട്ടി
അമ്മ അവസാനിപ്പിച്ച
ബിന്ദുവിലേക്ക്
വലിഞ്ഞു കയറി
ഏന്തി നോക്കി…
ആകാശം… കടൽ… സൂര്യൻ…
നക്ഷത്രങ്ങൾ… ചിറകുകൾ…
കുട്ടി പിന്നെയും
വരച്ചു തുടങ്ങി..