ഒന്ന്
രസം അറിവതിനെ
അറിയവെ രസത്തിനക്കരെ
മഹാരസം
രണ്ട്
ദു:ഖം അറിവതിനെ
അറിയവെ ദുഃഖത്തിനക്കരെ
പരമസുഖം
മൂന്ന്
വിട്ടിറങ്ങാത്ത
വീട്ടിനെ പ്രതിയുള്ള
കപടഗൃഹാതുരത്വം
യാത്രയിലെ
ഭാരിച്ച ചുമട്
വീട്ടിനുള്ളിൽ
വാണിരിപ്പവന്
സ്വമേൽവിലാസം
ഒരു കടങ്കഥയല്ല
നാല്
ചുവരിലെ കണ്ണാടിയുടെ
അരാഷ്ട്രീയ നിലപാട്
വിചിത്രം തന്നെ
പച്ചയായി തുറന്നു കാട്ടുകയാണത്
ചുവപ്പിനെ മഞ്ഞയെ
നീലയെ പച്ചയെ
അഞ്ച്
ചെത്തിക്കളയുന്നവനെ ശില്പിയെന്ന്
വിളിച്ചോളൂ
കൂട്ടിച്ചേർക്കുന്നവനെ ചിത്രകാരനെന്ന്
വിളിച്ചോളൂ
കൂട്ടിച്ചേർക്കുന്നതിനെയൊക്കെയും
ഒരു ഭ്രാന്തനെപ്പോലെ
ചെത്തിക്കളയുന്നവനെ
എന്ത് നാമത്തിൽ
വിളിക്കും
ആറ്
കവി
സൃഷ്ടാവിനോടൊട്ടി നിൽപ്പവൻ
നിർവചനങ്ങളും ചിലപ്പോൾ
അവന് കവിത
…….കുരുടന് കാട്ടിയ
കണ്ണാടി മാതിരി
ഏഴ്
പരിമിതിയുടെ കറുത്ത ആഴം
അറിയാൻ
ഇണക്കത്തിൽ
ഒന്ന് തൊട്ടു നോക്കാം
അപരിമിതത്തെ
എട്ട്
കെട്ട ഇടം
കെട്ടിടം
കെട്ടിടത്തെ
വീടായി മാറ്റി
ഹൃദയങ്ങളെ
ഇന്റർലോക്ക് ചെയ്യുന്ന
നിർവ്വാണസൂത്രം
മനുഷ്യാ, നീ
ഓർമ്മക്കേടിന്റെ
കുപ്പയിൽ നിക്ഷേപിക്കരുതേ
ഒമ്പത്
കെട്ട ഇടം
കെട്ടിടം
കെട്ടിടം
ജപ്തി ചെയ്യപ്പെടാം
വീട്
കൊടുങ്കാറ്റിലൊ പേമാരിയിലൊ
നിലം പൊത്താം
എന്നാൽ ഇന്റർലോക്കിന്റെ ഇടം
എന്നന്നേക്കും വാണിരിക്കും.