ശിരസ്സില്ലാത്ത ശിരോവസ്ത്രം –
രൂപത്തിന്റെ മുൾക്കിരീടം വേണ്ട
നിഴലാകാം
ചുണ്ടിന്റെ പാപഭാരം ചുമക്കേണ്ട
മാറ്റൊലിയാകാം
വെളിച്ചത്തിന്റെ കുത്തല്‍ സഹിക്കേണ്ട
അന്ധകാരമാകാം
രക്തക്കറ പുരണ്ട കൈക്കോടാലിയാകേണ്ട
മരച്ചുറ്റികയുടെ നിലവിളികൾക്കിടയിലെ
സാന്ദ്രമൗനമാകാം
സ്വപ്നമാകാം
രാവിൽ ആരും കാണാതെ മതിൽ ചാടി മറിഞ്ഞു
ഒരു മെത്ത പങ്കിടാം
വിലക്കപ്പെട്ട കന്യകയുടെ പൂന്തോപ്പിൽ
വസന്തം വിരിയിക്കാം
വിജൃംഭിത പഞ്ചഭൂതപ്പൂവാകാം
പാതയാകാം
യാത്രാക്ലേശം ഒഴിവാക്കാം
മരീചികയാകാം
ഒരു മരുഭൂമിയിലേക്ക് നിന്നെ വശീകരിക്കാം
മൂന്ന് തെറ്റിൽനിന്നും ഒരു ശരി കണ്ടെത്താം
കമിഴ്ന്ന പഴക്കൊട്ടയാകാം
പിളർത്തപ്പെട്ട മാതളക്കനിയുടെ ശേഷിച്ച
തേനറകൾ പൂഴ്ത്തിവെക്കാം
പൗർണ്ണമിയാകാം
വെള്ളിപ്പരലുകൾക്കൊപ്പം ആറ്റിൽ പാപമുക്തരായ്
തത്തിക്കളിക്കാം
ഇലകളില്ലാത്ത കൊമ്പത്തെ പൂക്കുടന്നയാകാം
ഇളംകാറ്റിന്റെ കുസൃതിച്ചുംബനത്തിൽ പരിക്കേറ്റ്
വേരിന്റെ അടിവഴിയിലമരാം
മരിച്ചാലും കോലായിൽ ശ്വാസം വിടാതെ കിടന്നോളാം
മറവിയാൽ ആരെങ്കിലും വന്ന് മൂടുവോളം!