ഇന്നു നമ്മൾ ആരാണോ
അതൊരു വലിയ സത്യമാണ്
നിഷേധിക്കാനാവാത്ത
പരമമായ ഒരു സത്യം
ചിലരീസത്യത്തെ കൊഞ്ഞനം കുത്തി കൊണ്ടിന്നിൻ
കയ്പുനീരിൽ തൊടാതെ, അതിലൊട്ടും
മധുരം ചേർക്കുവാൻ ശ്രമിക്കാതെ
ഇന്നലെകളിലെ മധു നുകർന്നുകൊണ്ടേയിരിക്കുന്നിപ്പഴും
ഓർമ്മകളെ താലോലിച്ചുകൊണ്ടിരിക്കുന്നു
മറ്റു ചിലരോ ഇന്നന്യോന്യമറിയാതെ
ഇന്നത്തെ കുളിരിൽ കുളിരാതെ
മധുരങ്ങൾ രുചിക്കാതെയൊരു
നല്ല നാളേയ്ക്കായി പരക്കം പായുന്നു
സ്വരൂപിച്ചുകൂട്ടുന്നു വിഡ്ഢികൾ
ജീവിതത്തിൽ നിന്നെന്നേ കൊഴിഞ്ഞുപോയ
ഇലകളാണിന്നലെകളവ
തിരുത്തുവാനാകില്ല ഒരിക്കലും
തിരിച്ചുവരികയുമില്ല
നാളെയോ നമ്മുക്കന്യമാം ലോകം
അതിരുകൾക്കുമറിവുകൾക്കുമപ്പുറം
നാളെ എന്തെന്ന്, ആരെന്ന്
പണ്ഡിതനും പാമരനും ഒരുപോലജ്ഞാതം
ആകയാൽ ഇന്നിൻ സത്യമുൾകൊണ്ട്
കറുപ്പും വെളുപ്പുമുൾകൊണ്ട്
കറുത്തതിനെയൊക്കെയും വെളുത്തതാക്കികൊണ്ട്
കദനങ്ങളെയും കാന്തിയുളളതാക്കി
ആകുലതകളില്ലാതെ അങ്കലാപ്പില്ലാതെ
സസന്തോഷം ഇന്നിൽ വാഴുക കൂട്ടരേ.