ട്രാൻസ്‌ഫർ

റോസിലി ടീച്ചർ സ്‌കൂൾ മാനേജരുടെ ഓഫീസിൽ ഒരു നട്ടുച്ചയ്‌ക്ക്‌ കയറിച്ചെന്ന്‌ വിനയം മുറ്റിയ ചെറുചിരിയോടെ ഒതുങ്ങി നിന്നു.

സിംഹാസനം പോലെയുള്ള കസാലയിൽ നിറഞ്ഞിരുന്ന്‌ വെളുത്തു തടിച്ച മാനേജരച്ചൻ കുശലം ചോദിച്ചു.

“സന്തോഷമായില്ലേ ടീച്ചറെ? ഭർത്താവിനെത്തന്നെ ഹെഡ്‌മാസ്‌റ്ററായി കിട്ടിയില്ലെ?”

ടീച്ചറുടെ മുഖം മങ്ങി. ചുറ്റും നോക്കിയശേഷം അവർ സ്വരം താഴ്‌ത്തി പറഞ്ഞു.

“അച്ചൻ എനിക്കൊരു ട്രാൻസ്‌ഫർ ശരിയാക്കിത്തരണം. വേറെ ഏതു സ്‌കൂളായാലും വിരോധമില്ലാ.”

അച്ചൻ അമ്പരന്നു;

“അതെന്താ ടീച്ചറെ?”

ഒന്നു മടിച്ചശേഷം ടീച്ചർ തുടർന്നു. “വീട്ടിലെ ഭരണംകൊണ്ടു തന്നെ പൊറുതി മുട്ടിയിരിക്കുകാ… ഇനി സ്‌കൂളിലും കൂടിയായാൽ…”

ടീച്ചർ തുടർന്നു; “തൊട്ടടുത്ത സ്‌കൂളിലേയ്‌ക്കായാലും മതി…അച്ചനു പുണ്യം കിട്ടും”.

വിവാഹസൗഭാഗ്യം നിഷേധിക്കപ്പെട്ട മാനേജരച്ചൻ കുലുങ്ങിച്ചിരിച്ചു. പിന്നെ രജിസ്‌റ്റർ നിവർത്തി വേക്കൻസിയുള്ള സ്‌കൂളുകൾ പരതി.

Generated from archived content: story2_aug7_07.html Author: vp_muhammadali

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here