പത്രപ്രവർത്തനം എന്ന തൊഴിലിൽ ഞാൻ യാദൃച്ഛികമായി എത്തിപ്പെട്ടതല്ല. ഒരു തൊഴിലിനെക്കുറിച്ച് ആലോചിക്കാൻ തുടങ്ങിയപ്പോൾ തൊട്ട് ഇതുതന്നെയായിരുന്നു മനസ്സിൽ-ശരിക്കു പറഞ്ഞാൽ 33 വർഷമായി ഞാൻ ഇതുമായി ഇടപെടുന്നു. എന്നും മടുപ്പില്ല. ഒരു തൊഴിലെന്ന നിലയിൽ ഞാനിതിനെ അഗാധമായി സ്‌നേഹിക്കുന്നു. സമൂഹവുമായി ഇതിനുളള ബന്ധമാകാം കാരണം. പത്രപ്രവർത്തനവും സാഹിത്യവും ഭാഷയുടെ ശക്തിയിലാണ് നിലനില്‌ക്കുന്നത്. രണ്ടും ഒന്നല്ല. ഭാഷ എന്ന പൊതുസാധർമ്മ്യം ഒഴിച്ച്, ഒന്നിനു മറ്റൊന്നിനോട് ഒരു പൊരുത്തവുമില്ല. ഈ വൈരുദ്ധ്യമാണ് ആദ്യം തിരിച്ചറിയേണ്ടത്. അല്ലെങ്കിൽ പത്രപ്രവർത്തകനിലെ എഴുത്തുകാരൻ മരിക്കുന്നു; അതുമല്ലെങ്കിൽ എഴുത്തുകാരനിലെ പത്രപ്രവർത്തകൻ മരിക്കുന്നു. ചിലപ്പോൾ രണ്ടും ഒരുമിച്ചു മരിക്കുന്നു. ഈ നാട്ടുനടപ്പിനെയാണ് ഒരു വെല്ലുവിളിയായി സ്വീകരിക്കേണ്ടത്.
Generated from archived content: news4_june7.html Author: uk_kumaran