ഹോട്ടൽത്തൊഴിലാളി, ലോറി ക്ലീനർ, നൈറ്റ് വാച്ച്‌മാൻ, ബിൽ കലക്ടർ, പിയർലെസ് ഏജന്റ്, ട്യൂട്ടോറിയൽ മാഷ്, പത്രാധിപർ, പരസ്യസിനിമാ സംവിധായകൻ – പടച്ചവനേ, ഞാൻ ചെയ്ത ജോലികളൊക്കെ എഴുതിത്തീരാൻ ഒരുപാട് പേജ് വേണം. പത്രാധിപന്റെ ജോലിയൊഴിച്ച് മറ്റ് പണികളെടുക്കുമ്പോഴൊക്കെ ഞാൻ സ്ഥലത്തുണ്ടാവാറില്ലെന്നതാണ് വാസ്തവം. വേറെ ഏതോ ലോകത്താണ്. കെ.എൽ.സി. 1068 ലോറിയിലെ ക്ലീനർ പണിക്കിടയിൽ ഞാൻ ഞാനല്ലാതായപ്പോഴൊക്കെ മമ്മൂക്ക എന്ന ഡ്രൈവർ (എന്റെ ബന്ധു) ക്ഷമിച്ചു. അദ്ദേഹം സുഖമില്ലാതെ ഒരാഴ്‌ച കിടന്നപ്പോൾ ബദലായി ഒരു ഡ്രൈവർ ചാർജ്ജെടുത്തു. ഒരു ദിവസം മൂപ്പര് വണ്ടി ന്യൂട്ടറിൽ നിന്ന് ഫസ്‌റ്റ് ഗിയറിലിട്ടു. ആക്സിലേറ്റർ ആഞ്ഞുചവിട്ടി. വണ്ടി വലിയ വാക്കാൽ നിലവിളിച്ചതല്ലാതെ ഒരിഞ്ച് അനങ്ങിയില്ല. ഉദ്ദേശം അരമണിക്കൂർ നേരത്തെ ശ്രമത്തിനു ശേഷം മൂപ്പര് വണ്ടിയിൽ നിന്നിറങ്ങി. ആകെയൊന്നു നോക്കിയപ്പോൾ പിൻ ടയറിൽ വെച്ച അട ശിഹാബുദ്ദീൻ എന്ന പൊട്ടൻ ക്ലീനർ എടുത്തു മാറ്റിയിട്ടില്ല! ലോകത്തിൽ ഇത്രയേറെ തെറിവാക്കുകൾ ഉണ്ടെന്നു എനിക്കന്നു മനസിലായി. ഇഷ്ടപ്പെടാത്ത ജോലിയെടുക്കേണ്ടിവരുന്നതിനേക്കാളും നിർഭാഗ്യം വേറെ ഉണ്ടാകുമോ? അത്തരം നിർഭാഗ്യവാന്മാരാണ് കേരളത്തിൽ ഏറെ.
Generated from archived content: essay3_july5_07.html Author: shihabudheen_poythum_kadavu