ആത്മഹത്യ

ഏറെ വർഷങ്ങൾക്കുശേഷം ആദിമ മനുഷ്യൻ ദൈവത്തെ സമീപിച്ചു. ദുഃഖം ഘനീഭവിച്ച ആഗതന്റെ മുഖത്തുനോക്കി ദൈവം ചോദിച്ചു.

“എന്തേ നീ മടങ്ങി വന്നു? നിനക്ക്‌ എല്ലാം ഞാൻ തന്നു. ഭൂമി, ആകാശം, വെളിച്ചം, അഗ്‌നി, ജീവജാലങ്ങൾ, ഭാര്യ, കുഞ്ഞുങ്ങൾ… നീ ചോദിച്ചതെല്ലാം. ഈ വരവിന്റെ ഉദ്ദേശ്യം?”

“സേർ”, ആദിമ മനുഷ്യൻ മുരണ്ടുഃ “ഒരു സമ്മാനം ഞാനന്ന്‌ മനഃപൂർവം എടുക്കാതെ പോയി.”

​‍്‌“അതെന്തേ? എന്തു വേണമെങ്കിലും നിനക്ക്‌ എപ്പോഴും എടുക്കാമല്ലോ. എല്ലാം നിനക്കു വേണ്ടിയുളളതാണ്‌. എല്ലാം…” ഈശ്വരൻ.

ആദിമ മനുഷ്യൻ ദൈവത്തിന്റെ ഗോഡൗണിൽനിന്ന്‌ ഒരു സാധനം തിരഞ്ഞു പിടിച്ചു കൊണ്ടുവന്നു. ദൈവം ചോദിച്ചുഃ

“ഇതെന്തു സാധനം? സങ്കീർണ്ണമാണെന്നു തോന്നുന്നല്ലോ ഇത്‌?”

“സേർ,” മനുഷ്യൻ പറഞ്ഞു. “ഇത്‌ ആത്മഹത്യ. ഒറ്റപ്പെട്ട മനുഷ്യന്‌ അങ്ങയുടെ ഈ സമ്മാനം കൂടിയേ തീരു… ക്ഷമിക്കണം സേർ, ഞാനിതെടുക്കുന്നു.”

ആദിമ മനുഷ്യൻ അതുമായി നടന്നകലുമ്പോൾ ദൈവം മുറുമുറുത്തുഃ

“എനിക്കറിയാമായിരുന്നു ഒരിക്കൽ ഇതെടുക്കാൻ നീ വരുമെന്ന്‌.”

Generated from archived content: story_athmahatya.html Author: pk_sreenivasan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here