പ്രസിഡന്റ് ബുഷിന്റെ ചിരി ശ്രദ്ധിച്ചിട്ടുണ്ടോ? മുളച്ചുവരുന്ന ഒരു ചിരിയെ ചുണ്ടുകൾ അപ്പടി ചവച്ചിറക്കുന്നു. ഇത് പൊതുവെ അമേരിക്കയുടെ സ്‌മൈലിങ്ങ് ഫാഷനാണ്.
ഞങ്ങൾ ഒർലാന്റൊയിലെ ‘ഡിസ്‌നി വേൾഡ്’ മ്യൂസിയത്തിലെ ഒരു റാമ്പിലൂടെ ജനക്കൂട്ടത്തോടൊപ്പം നടക്കുകയായിരുന്നു. കൂട്ടത്തിൽ വളരെ ഞെരുങ്ങി ഒരമ്മ, യുവതിയായ മകളെ വീൽചെയറിൽ ഉരുട്ടിക്കൊണ്ടുപോകുന്നു. തണ്ടൊടിഞ്ഞ ആമ്പൽ മൊട്ടുപോലെ ഒരു പെൺകിടാവ്. അവളുടെ അരയ്‌ക്കു കീഴെ തളർന്നിരുന്നു. ഞാൻ പെൺകുട്ടിയുടെ മുഖത്തുനോക്കി. പെൺകുട്ടി മന്ദഹസിച്ചു, ഞാനും. ഇതുകണ്ട് പുറകെ വണ്ടിയുന്തുന്ന അമ്മയുടെ ചിരിപ്പൂ മനോഹരമായി വിടർന്നു. അമേരിക്കക്കാരുടെ പതിവു സമ്പ്രദായമനുസരിച്ച് അവർ തന്റെ ചിരിയെ വിഴുങ്ങാൻ ശ്രമിച്ചതേയില്ല. എന്തത്ഭുതം! ഞാൻ ഒന്നുകൂടി നോക്കി, ഇല്ല. അവർ ചിരിക്കുക തന്നെയാണ്! അബദ്ധമൊന്നും കാണിച്ച മട്ടില്ല.
Generated from archived content: essay1_jan19_07.html Author: p_valsala