തനിക്കുള്ള വണ്ടി വരുന്നതും കാത്തു
കിടക്കുന്നു ബെഞ്ചിൽ കിഴവൻ സ്‌റ്റേഷനിൽ
അനുയാത്രയ്‌ക്കായിട്ടണഞ്ഞവരെല്ലാം
അവിടവിടെയായ്‌ച്ചിതറി, യക്ഷമം
വരുന്ന വണ്ടി തൻ സമയത്തെപ്പറ്റി
പരസ്‌പര പ്രവചനം നടത്തുന്നു!
കിടക്കുന്നു വൃദ്ധനൊരു പഴം ബഞ്ചിൽ;
ഇടയ്‌ക്കിടെ ദുഃഖം ത്രസിക്കുന്നു നെഞ്ചിൽ
കൊടുംമിരുളിന്റെ വിരിമാറിൽക്കൂടി
ഒടുവിലാവണ്ടി വരുന്ന മാത്രയിൽ
കയറിക്കൊള്ളണം തനിച്ചു താനതിൽ
കരുതിയിട്ടുണ്ടൊരിടം തനിക്കായ്!
ഇറങ്ങേണ്ടുമിടം അറിയാനും വയ്യ!
കരങ്ങളിൽലൊന്നും കരുതാനും വയ്യ!
അനന്തമാകുമോ തുടങ്ങുമീ യാത്ര?
അടുത്തൊരു നാട്ടിൽപ്പിടിച്ചിറക്കുമോ?
കുറെയേറെദൂരം കറങ്ങിയീവണ്ടി-
യൊരിക്കൽ കൂടി വന്നിവിടെയീ നാട്ടിൽ
പിരിഞ്ഞൊരീത്തന്നെപ്പിടിച്ചിറക്കുമോ?
പ്രിയജനം തന്നെ തിരിച്ചറിയുമോ?
വരുന്നതെപ്പോളീ നശിച്ച വണ്ടി?
പറയാനാരുണ്ടീതിരക്കിൽ
കൃത്യമായ്?
അറിയില്ലാർക്കുമാസമയം; സർവ്വരും
പരസ്‌പ്പരം നോക്കി വിരൽ മലർത്തുന്നു.
കരത്തിലെ വാച്ചിലിടയ്‌ക്കിടെ നോക്കി-
പ്പറഞ്ഞയയ്‌ക്കുവാൻ തിടുക്കം കൂട്ടുന്നോ?
കിടക്കുന്നൂ വ്യദ്ധനൊരു പഴം ബഞ്ചിൽ;
ഇടയ്‌ക്കിടെ ദുഃഖം
ത്രസിക്കുന്നു നെഞ്ചിൽ!
Generated from archived content: poem13_apr16_07.html Author: p_bhaskaran
Click this button or press Ctrl+G to toggle between Malayalam and English