എനിക്ക് കരയണമെന്നൊന്നും തോന്നിയിരുന്നില്ല. വെറുതെ കൈകാലുകളിളക്കി അമ്മയുടെ മടിയിൽ ഞാൻ കിടക്കുകയായിരുന്നു. വണ്ടിക്കുളളിൽ വെളിച്ചമില്ലാത്തതിനാൽ അമ്മയുടെ മുഖം മങ്ങലോടെയേ എനിക്ക് കാണാൻ കഴിയുമായിരുന്നുളളൂ. എവിടെയോ വണ്ടി നിറുത്തി അമ്മ എന്നെയും കൊണ്ട് ഇറങ്ങി നടന്നു. മങ്ങിയ വെളിച്ചത്തിൽ കുറെദൂരം അമ്മ നടന്നിട്ടുണ്ടാകണം. കൈകളിൽ നിന്ന് എടുത്ത് അമ്മ എന്നെ കിടത്തുമ്പോൾ ഞാൻ വെറുതെ ചുറ്റും കണ്ണോടിച്ചു. അമ്മ കരുതിയിരുന്ന പ്ലാസ്‌റ്റിക് കവറിന്റെ ഉപയോഗം ഇപ്പോഴാണ് എനിക്ക് മനസ്സിലായത്. അത് നിവർത്തി എന്നെ അതിനുളളിലാക്കിയാണ് അമ്മ കിടത്തിയത്. കൈയിലിരുന്ന ചെറിയ ടവ്വൽ ഒരു പുതപ്പുപോലെ എന്റെമേൽ ഇടുകയും ചെയ്‌തു. പാലുനിറച്ച കുപ്പി മറന്നുപോകാതെ അമ്മ എന്റെ തലയ്‌ക്കൽ വച്ചപ്പോൾ എനിക്കെന്തോ ആശ്വാസം തോന്നി. കൈയിലിരുന്ന കുറിപ്പ് ഭദ്രമായി കുപ്പിക്കടിയിലായി മടക്കിവയ്‌ക്കാനും അമ്മ മറന്നില്ല. ആ കുറിപ്പിൽ എന്റെ ‘ബർത്ത് ഡേ’ അമ്മ എഴുതിയിട്ടുണ്ടാകുമെന്ന് ഞാൻ ഊഹിച്ചു. അമ്മ നടന്നു മറഞ്ഞു കഴിഞ്ഞതിനുശേഷമാണ് എനിക്ക് കരയണമെന്നു തോന്നിയത്. ഉറക്കെ കരയുന്നതിന്റെ ആവശ്യകതയെക്കുറിച്ച് തന്നെ താൻ ബോധവാനായത്. തൊളള തുറന്ന് സർവ്വശക്തിയുമെടുത്ത് ഞാൻ ഉറക്കെ കരയുവാൻ തുടങ്ങി.
Generated from archived content: story1_june7.html Author: kr_hari