വിറ്റുതുലയ്ക്ക്

ഓസോണ്‍ തുളകള്‍, ഹരിതഗൃഹപ്രഭാവം, ഹിമവല്‍ മലകളിലെ മഞ്ഞുരുക്കം.. മനുഷ്യന്‍ ചെയ്തുവച്ച എത്രയോ കടുപ്പത്തരങ്ങളുടെ ദുഷ്ഫലങ്ങള്‍. വസുന്ധര വിങ്ങിപ്പൊട്ടിക്കൊണ്ടിരുന്നെങ്കിലും മക്കളുടെ മുന്നില്‍ കരയാനുള്ള ജാള്യത്താല്‍ പിടിച്ചു നില്‍ക്കയായിരുന്നു. ഒടുവില്‍ നിവൃത്തികെട്ട് മഹാദുരന്തങ്ങളൊന്നും ഏശാത്ത ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു മുഖം തിരിച്ച് അവളൊന്നു കരഞ്ഞുപോയി. കാരണം അവിടത്തെ സന്തതികള്‍ക്കാണല്ലോ തന്നെ ഏറ്റവും ഹൃദയാര്‍ദ്രതയോടെ മനസിലാക്കാന്‍ കഴിയുക. കരഞ്ഞുകരഞ്ഞ് വസുന്ധര എപ്പോഴോ മയങ്ങിപ്പോയി. പെട്ടെന്നു ഞെട്ടിയുണര്‍ന്ന് മിഴികള്‍ തുറന്നുനോക്കിയപ്പോള്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നു വരുന്ന വലിയ പത്രവാര്‍ത്തകളാണ് കണ്ടത്.

എല്ലാ ഡാമുകളും നിറഞ്ഞുകവിഞ്ഞു. സംസ്ഥാനം നൂറുകോടി രൂപയ്ക്ക് വൈദ്യുതി വിറ്റു.

ഉറക്കപ്പേച്ച് ഉടന്‍ പരിതാപത്തിലേക്കു പതിച്ച അമ്മഭൂമി കണ്ണെടുക്കാനാകാതെ അങ്ങനെ ഉരുകി നിന്നു. പിന്നെ കടുത്ത വേദനയോടെ ശപിച്ചു. വിറ്റു തുലയ്ക്ക്. ശമനമില്ലാതെ കാലവര്‍ഷം കേരളത്തില്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്..

Generated from archived content: story2_sep5_13.html Author: kp_ramanunni

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here