കുഞ്ഞുക്കവിതകൾ

ഹംപി

പയ്യന്നൂർ കുഞ്ഞിരാമൻ

ഹംപി

പമ്പയുടെ മനസ്സ്‌

ഇമ്പം കലരും ദൃശ്യം

കരിമ്പു പാടങ്ങൾക്കിടയിലും

കയ്പു കലർന്ന ജീവിതം

മറവി

മോഹനകൃഷ്ണൻ കാലടി

മറന്നുവച്ചു

കുട ഞാനെങ്ങോ,

മഴയും കൊണ്ടു

നടക്കുന്നു.

എന്തോ വച്ചു

മറന്നതുപോലെ

മഴയും പെയ്തു കുഴങ്ങുന്നു.

അന്തം

പി.ഐ ശങ്കരനാരായണൻ

നാടകാന്തം കവിത്വം

നഗരാന്തം ഗ്രാമം

ഇഹലോക നരകാന്തമോ?

ജീവൻ മുക്തി!

ഭക്തി

ശ്രീജിത്ത്‌ അരിയല്ലൂർ

സംഹരിച്ചില്ലിന്നേവരെ,

പൂമൂടലാൽ

ഞാനൊരു ശത്രുവെയും…

സംഹരിച്ചതൊക്കെയും

കൂർത്ത മുള്ളിനാൽ

കുത്തിനോവിച്ചു, നോവിച്ചു

തന്നെയെപ്പോഴും….!

ഹൃദയഭാഷ്യം

രാധാമണി അയിങ്കലത്ത്‌

പ്രണയം

ഹൃദയഭാഷ്യം

മൈസൂർ ജീവിശാല

ആദിത്യ ശങ്കർ

യുദ്ധം കഴിഞ്ഞു;

പതിവുപോലെ

ഉറ്റവരെല്ലൊം ബന്ധനത്തിൽ

പെർഫ്യൂം

പി. ഹരികുമാർ

ഞാനിവിടെയുണ്ട്‌.

നാട്ടാരേ, നോക്കുക!

വിപ്ലവം

കിളിമാനൂർ സത്യദേവൻ

നിങ്ങള്‌ കൊയ്യും വയലെല്ലാം

ഞങ്ങടതാണേ പൈങ്കിളിയേ!

സർപ്പം

ചെറിയാൻ കുനിയന്തോടത്ത​‍്‌

ഉയർത്തി നിൽക്കുന്നു മനുഷ്യ ജീവിതം

ഭയപ്പെടുത്തുന്ന കരാളമാം ഫണം

ജയിക്കുവാൻ സർപ്പമെതിർത്തു

ചീറിടാം

ഭയം മറന്നു ഞാൻ നടന്നു നീങ്ങവെ.

രേഖാചിത്രം

സാദിർ തലപ്പുഴ

ഇന്നുമേതെങ്കിലും രേഖാചിത്രവും

അതിനെങ്ങാനുമെൻ മുഖച്ഛായയും

സത്യമാ

പത്രമെത്തുമ്പോളാധിയാ

ആണി

മധു ആലപ്പടമ്പ്‌

ഇടിയേറ്റ്‌

തുളഞ്ഞു കയറുമ്പോൾ

ഓർത്തില്ല

ആയുസ്സു മുഴുവൻ

തറഞ്ഞിരിക്കണമെന്ന്‌!

ഹൈറേഞ്ച്‌

ആന്റണി മുനിയറ

സുഗന്ധറാണി കറുത്ത പൊന്നിനോടു

പറഞ്ഞു മലയിറങ്ങാൻ നേരമായി

നമുക്കുവേണ്ടി

കുത്തുപാളയെടുത്തവരെല്ലാം

കടാശ്വാസത്തിനായി

അപേക്ഷ നൽകിക്കഴിഞ്ഞു.

സാന്ത്വനം

ശുഭാമണി

ആരുമായിരുന്നില്ല

ഞാനാർക്കുമെ-

ന്നീറൻ ചൂടി

വിതുമ്പുന്ന കാറ്റിനോ-

ടാരുമാകേണ്ടതില്ലെന്നു

നിർവേദ മന്ത്രമോതി-

ത്തഴുകുന്നു കാലം!

ക്ഷീര വിപ്ലവം

ബി.എസ്‌ രാജീവ്‌

ഏട്ടിലെ പശു പുല്ലു തിന്നുന്നു

റോഡിലെ പശു

മിൽമാ കവർ തിന്നുന്നു.

പതനം

മണി കെ. ചെന്താപ്പൂര്‌

കുഷ്‌ഠമിപ്പോൾ മനസ്സിലാണല്ലോ

കഷ്ടമെന്നല്ലാതെ എന്തുചൊല്ലീടാൻ?

വിചിത്രം

രാജു പാമ്പാടി

കട പുഴകുന്നു ധർമ്മം,

കടലെടുക്കുന്നു സത്യം,

വഴി അടയ്‌ക്കുന്നു നീതി,

മിഴി മറയ്‌ക്കുന്നു ഭീതി;

നിറഞ്ഞു നിൽക്കുന്നു ജാലം,

മറഞ്ഞുപോകുന്നു കാലം!

ചെത്ത്‌

യാഷേൽ ഉരുവച്ചാൽ

കഴിഞ്ഞ ജന്മത്തിൽ അയാൾ

‘ചെത്തുതൊഴിലാളി’

ഈ ജന്മത്തിൽ അയാൾ

‘ചെത്തു’ തൊഴിലാളി.

എന്റെ സ്വപ്നം

ബാബു മാത്യു മുംബൈ

ഉറക്കത്തിലെന്നും സ്വപ്നത്തിൽ

ഞാൻ വെറും പരിചാരകൻ

അതിനാലുറങ്ങാതെ

രാജാവായി കിനാവു നെയ്യുന്നു.

ജീവിതം

എൻ.ജി ചന്ദ്രബോസ്‌

മുദ്രാങ്കിതമാം ഭാവം

മുഖാവരണമാക്കവേ

മിണ്ടുവാനൊന്നുമില്ലാത്തൊ

രിണ്ടലായെന്റെ ജീവിതം

Generated from archived content: poem1_dec21_07.html Author: innumasika

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here