‘വരും ലക്കങ്ങളിൽ’
വരും ലക്കത്തിൻ സത്ത
വരുമ്പോൾ കണ്ടാൽ പോരേ?
‘ഇന്ന്’ തൻ തുച്ഛം ഭൂമി-
യീ വിധം പാഴാക്കാമോ?
വിശപ്പ്
പൊട്ടിയ സ്ലേറ്റിൽ
കുട്ടി എഴുതിഃ
വിശപ്പൊതുക്കാൻ
അക്ഷരമേത്?
കാലം
കാലം പെയ്തു നിറച്ചത്
മണ്ണിലോ, മനസ്സിലോ?
മാറ്റം
നിയമ വിധേയൻ
ഒരു ബോറൻ
നിയമ നിഷേധി
ഒരു ഹീറോ!
ഭാവി
നാളെ
മനുഷ്യനായി
ജീവിക്കുവാൻ
ഇന്ന് വായിക്കുക
ചിന്ത
ചിന്തയിലുയിർക്കുന്നു
ചിതയും ചിദഗ്നിയും
ചിന്തയിലാന്ധ്യം വന്നാൽ
ചിദഗ്നി ചിതാഗ്നിയാം
പരോൾ
ആരും നട്ടുനനയ്ക്കാതെ
വീണു കിളിർത്ത
കാത്തിരിപ്പ് വീണഴുകിയ
ഒരില.
പ്രണയം
ആദ്യത്തെ സമ്മാന-
മാരാരും കാണാതെ;
അന്ത്യമത് കവിള
ത്തെല്ലാരും കാണവേ!
നൊമ്പരം
പറയാതെ വരുന്ന
വിരുന്നുകാരനാണ് നൊമ്പരം
പോകാൻ മടി കാണിക്കും
കൂട്
കൂട്ടിനുള്ളിലെ ഏതു കോണിലാണ്
സ്വാതന്ത്ര്യം ഒളിച്ചുവച്ചിരിക്കുന്നത്?
കൂരിരുട്ട്
കണ്ണടച്ചെന്നും ഇരുട്ടാക്കി വാണവൻ
കണ്ണു തുറന്നപ്പോൾ കൂരിരുട്ട്.
വെളിച്ചം
കൂരിരുട്ടേ അധികകാലം
നിനക്ക് എന്നെ
കീഴ്പ്പെടുത്താനാവില്ല.
ഒരിക്കൽ ഞാൻ വെളിച്ചം
കണ്ടെത്തും…
മെല്ലെപ്പോക്ക്
ഒച്ചിന്റെ വേഗമാണെനിക്ക്
സുഖമുണ്ട്
ആരെയും ജയിക്കേണ്ടല്ലോ?
സമാധാനവും
പ്രണയം
പ്രണയച്ചൂടിൽ
വെന്തൊരു മനവും
പുതിയ വെളിച്ചം പരതില്ല.
വിപരീതം
നഷ്ടപ്പെടുത്തി നേടാനാണ്
വേശ്യകൾ പിറക്കുന്നത്.
നഷ്ടപ്പെടാതെ നേടാനാണ്
മോഷ്ടാവാകുന്നത്.
Generated from archived content: poem26_feb2_08.html Author: innu