റിപ്‌വാൻവിങ്ക്‌ൾ
ഇക്കരെ നിന്ന് കടത്തുതോണിക്കു കൂവി. പുഴ മുറിച്ചു കടന്നുവന്നത് മണൽ ലോറി. വാ കാർന്നോരേ, അക്കരെ കടത്താം, ഉറങ്ങിപ്പോയോ, കാലം ഒഴുകിപ്പോയോ?
പ്രതികാരം
ദാഹിച്ചു വലഞ്ഞ അധഃകൃത ബാലന് കിണർ ദാഹജലം നൽകി. അശുദ്ധിയാരോപിച്ച്, സവർണ്ണർ ബാലന്റെ കണ്ണുകൾ ചൂഴ്‌ന്നെടുത്തു.
രഹസ്യം
ഒരു പൂവിന്റെ ആയുസ് ഒരു സ്പർശത്തിന്റെ നെടുവീർപ്പിലാണ്.
ഭ്രൂണഹത്യ
ഞാൻ അച്ഛനേക്കാൾ ബുദ്ധിമതിയും അമ്മയേക്കാൾ സുന്ദരിയുമായിരുന്നു. എന്നിട്ടും അവരെന്നെ…
കഥയറിയാത്തവൻ
കഥയിൽ ചോദ്യമില്ലെന്നും ചോദ്യത്തിൽ കഥയില്ലെന്നും ആരു പറഞ്ഞു? കഥയറിയാത്തവൻ.
കുതിച്ചു ചാട്ടം
ഭൂമി തുരന്നു തീർന്നപ്പോൾ മനുഷ്യപ്പുഴുക്കൾ അന്യഗ്രഹങ്ങൾ തേടി ആകാശത്തേയ്‌ക്കുയർന്നു.
നഗരം
ആകാശത്തിന്റെ കൊമ്പുടക്കിയ ഒരു പാവം കാട്ടുമൃഗം!
ഫെമിനിസം
അയാൾ ഓണത്തെക്കുറിച്ചോർത്തു. അവൾ ബോണസിനെക്കുറിച്ചും. അയാൾ പൂവിളിയെക്കുറിച്ചും അവൾ ഡിസ്‌കൗണ്ടിനെക്കുറിച്ചും. അവസാനം അയാൾ അവളുടെ ചിന്തയ്‌ക്കു സമ്മതം നൽകി. അവൾ അയാളെ ഫെമിനിസ്‌റ്റ് എന്നു പുകഴ്‌ത്തി.
നന്ദി ഗോഡ്‌സേ
നന്ദി ഗോഡ്‌സേ
വലിയ മുറിവുകളിൽ
നിന്ന് രക്ഷിച്ച നീ തന്ന
ചെറിയ മരണത്തിന്
പോളിസി
ചെന്നായുടെ തൊണ്ടയിൽ കുടുങ്ങിയ എല്ല് എടുത്തു കൊടുക്കുന്നതിനു മുൻപ് കൊക്ക് ലൈഫ് ഇൻഷുറൻസ് പോളിസിയെടുത്തു.
Generated from archived content: essay4_sep3_07.html
Click this button or press Ctrl+G to toggle between Malayalam and English