മതാന്ധതയുടെ ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്കു കടക്കാനുളള ഒരു മുസ്‌ലിം പെൺകുട്ടിയുടെ തീവ്രയാതനകളുടെ രേഖാചിത്രം. ഒടുങ്ങാത്ത ആത്മവേദനയോടെ കരൾ പിളർക്കുന്ന രോദനം എന്റെ പെൺകുട്ടിക്കാലത്തെ സാക്ഷി നിർത്താനുളള വിചാരണയാകുന്നു. സ്വാതന്ത്ര്യം പ്രാണവായുവായി കരുതുന്ന സർഗ്ഗധനയാണ് തസ്ലീമ നസ്രിൻ. പക്ഷേ ജനിച്ച നാൾ മുതൽ അവൾ അരുതുകളുടെ വേലിക്കെട്ടിലായിരുന്നു. മതാനുശാസനങ്ങളുടെ ചങ്ങലകൾ പൊട്ടിച്ചെറിയാൻ ശ്രമിച്ചപ്പോഴൊക്കെയും, അതവളെ കൂടുതൽ ആഘാതമേല്‌പിക്കുകയായിരുന്നു. അവൾ ഭയന്നു പിന്മാറിയില്ല. ബാല്യത്തിന്റെ നിഷ്‌കളങ്കത അവൾക്കു ശക്തി പകർന്നു. സ്‌നേഹത്തിന്റെയും മാനുഷികതയുടെയും പിൻബലത്തോടെ പെണ്ണിന്റെ അസ്‌തിത്വം പെൺകുട്ടി ഉയർത്തിക്കാട്ടി. എട്ടുംപൊട്ടും തിരിയാത്ത പെൺകുട്ടി അടുത്ത പുരുഷബന്ധുക്കളിൽനിന്ന് പീഡനം ഏൽക്കേണ്ടി വന്നപ്പോൾ ഉണ്ടായ മാനസികവിഭ്രാന്തി സ്‌ത്രീത്വത്തിന്റെ ആന്തരിക നീറ്റലായി മാറുന്നു. മത-സമുദായ വിലക്കുകളെ അതിജീവിച്ച് മുന്നേറുന്ന സ്‌ത്രീയുടെ ഇച്ഛാശക്തിയുടെ അക്ഷരസാന്നിദ്ധ്യം -അതാണ് ‘എന്റെ പെൺകുട്ടിക്കാലം.’
പ്രസാഃ ഇംപ്രിന്റ്, വില ഃ 125 രൂ.
Generated from archived content: book7_dec.html Author: erumely_parameswaranpilla