കഥാകൃത്ത് സി.വി.ശ്രീരാമന് ഇഷ്‌ടപ്പെട്ട അദ്ദേഹത്തിന്റെ കഥകളുടെ സമാഹാരമാണ് ‘എന്റെ പ്രിയകഥകൾ’. 1954 മുതൽ ഏഴുവർഷം ശ്രീരാമൻ ആന്തമാൻ-നിക്കോബാർ ദ്വീപുകളിലായിരുന്നു. അതും കാടുകളിൽ. ബംഗാളിലെ അഭയാർത്ഥി കേന്ദ്രങ്ങളിൽ നിന്ന് അവിടെ കുടിയേറിപ്പാർത്ത കുടുംബങ്ങളുടെ പ്രശ്‌നങ്ങളായിരുന്നു കൈകാര്യം ചെയ്‌തിരുന്നത്. ഇരുളിൽ വെളിച്ചം പകരാനുളള കഠിനശ്രമം. തിരിച്ച് നാട്ടിൽ വന്ന് 22 കൊല്ലത്തിനുശേഷം കഥാകൃത്ത് വീണ്ടും ആന്തമാനിലേക്കു പോകുന്നു. താൻ കൈകൊടുത്ത് ഉയർത്തിയവർ സംതൃപ്‌തർ. പക്ഷേ, ദുഃഖത്തിന്റെ കഥകളും കേൾക്കേണ്ടിവന്നു. ഒന്നിക്കലിന്റെയും വേർപിരിയലിന്റെയും കഥകൾ. സ്‌നേഹത്തിന്റെ ഒഴുക്കുത്ത്. മാനവികതയുടെ പൊരുൾ കണ്ടെത്തുന്ന നിമിഷങ്ങൾ. കാടിന്റെ ഇരുളിൽ ഞെരുങ്ങിവീണ ഒരു കാലഘട്ടത്തിന്റെ ജീവിത സ്‌പന്ദനങ്ങളുടെ സാന്നിധ്യമാണ് ഈ കഥകളിലൂടെ വായിച്ചറിയുന്നത്. സമാഹാരത്തിലെ എല്ലാ കഥകൾക്കും ഈ പശ്ചാത്തലമാണുളളത്. കഥാപാത്രങ്ങളുടെ ഹൃദയത്തിലാണ് ശ്രീരാമൻ തൊടുന്നതും. സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും കടപ്പാടുകളുടെയും ആത്മഭാവങ്ങൾ ചാരുതയോടെ, തീക്ഷ്‌ണതയോടെ ആവിഷ്‌കരിക്കുന്നു. ശ്രീരാമന്റെ കഥ പറയൽ രീതി ലളിതവും ഭാവസാന്ദ്രവുമാണ്.
പ്രസാഃ ഗ്രീൻ, വില ഃ 80 രൂ.
Generated from archived content: book3_july_05.html Author: erumely_parameswaranpilla