ഫോട്ടോഷോപ്പ്‌

 

നിശ്ചലദൃശ്യങ്ങളെ
ചട്ടിയിലാക്കുന്നു നാം
വിശ്രുതരായ
വിഭുജനത്തിൻ
ഭോഗത്തിനായ്‌!

കടകൾ കുടവയർ
തുറന്ന കക്കൂസുകൾ
അടഞ്ഞ അടുക്കള
തടിയൻ ചിറകുകൾ
എന്തെല്ലാം ഫയലുകൾ
എല്ലാമേ ചുഴലികൾ
ചരിത്രം, അടിവസ്‌ത്ര-
പ്പൊരുത്തം, നിശ്ചലത!

നിശ്ചല ദൃശ്യങ്ങളെ
മടുത്തു തുടങ്ങുമ്പോൾ
നിശ്ചയിച്ചതുപോലെ തെല്ല്‌
രൂപങ്ങൾ ചലിക്കുന്നു!

കൊഴുത്ത ചലച്ചിത്രം
മെലിഞ്ഞ ടെലിവിഷൻ
ശിശിരം, ചിരിക്കുന്ന
കംപ്യൂട്ടർ കൈയാമങ്ങൾ
സമസ്‌തം ചലിക്കുമ്പോൾ
നിശ്ചലരാകുന്നു നാം

സമഷ്‌ടിയോടെ സാദാ
കീശയിൽ പരതുന്നു!
ഒഴിഞ്ഞ തീപ്പെട്ടികൾ
പൊതിഞ്ഞു സൂക്ഷിച്ചൊരു
കിഴവി കണക്കെയീ
നാളുകളുരുകുന്നു!

Generated from archived content: oct_poem5.html Author: cs_jayachandran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here