സ്‌ത്രീ ശാക്തീകരണത്തിനും സ്‌ത്രീപക്ഷ ചിന്താഗതിക്കും പ്രാധാന്യമേറി വരുമ്പോഴും ഇതൊന്നും വകവയ്‌ക്കാതെ പുനത്തിലിന്റെ ‘കാമനി’മാർ ജാരന്മാരുമായി സല്ലപിക്കുകയാണ്. നല്ല ആണുങ്ങളെ മുഴുവൻ ഇഷ്‌ടപ്പെടുന്ന കാത്തയും ഭർത്താക്കൻമാരുടെ തോണികൾ കരയ്‌ക്കടുക്കുന്നതുവരെ ജാരന്മാരുമായി വിഹരിക്കുന്ന വലക്കാരത്തികളും ഡാൻസ് മാഷുമായി സല്ലാപം നടത്തുകയും സംസ്‌കൃതാദ്ധ്യാപകനുമായി അനുബന്ധത്തിലേർപ്പെടുകയും ചെയ്യുന്ന ശാരദയും ‘കാമപ്പൂക്ക’ളായി മാറുന്നു. അജിതയെ മനസ്സിൽ ധ്യാനിച്ച് ശവക്കുഴി മാന്തി സ്വന്തം ബാപ്പയുടെ വയറുകീറി വൈരമോതിരമെടുത്തു വിഴുങ്ങി ജീവനൊടുക്കുന്ന, ആൺവേഷം ധരിച്ച ഫാത്തിമയും (മേഘക്കൂടകൾ) എഴുത്തുകാരനെ സ്‌നേഹിച്ച് കേണലിനൊപ്പം സ്വയം മറയുന്ന ലില്ലി (കേണലിനെ കാണാനില്ല)യുമെല്ലാം തന്നെ പാരമ്പര്യ സങ്കല്പങ്ങൾക്കെതിരെ നടക്കുമ്പോൾ കന്യകമാരെക്കാൾ കാമിനിമാരെയാണ് പുനത്തിൽ ഇഷ്‌ടപ്പെടുന്നതെന്ന വാദം ശക്തിപ്പെടുന്നു. രതിയുടെ ഇത്തരം വൈചിത്ര്യങ്ങളിൽ മുങ്ങിത്താഴുമ്പോഴും ആസ്വാദ്യമായ ഒരു കഥാസന്ദർഭം മെനഞ്ഞെടുത്ത് അനുവാചകനെ അതിലൂടെ ആനയിക്കാൻ പുനത്തിലിനുളള കഴിവ് ഈ കൃതിയിലും കാണാം.
Generated from archived content: book2_july5_06.html Author: chandrasenan_mrithyamala