അമരഭൂപതി ധവളവർണ്ണൻ അരിശം പൂണ്ട് അമറി, ആരവിടെ? ദൃത്യൻ വിറച്ചുകൊണ്ട് പ്രവേശിച്ചു. സചിവോത്തമനെ വിളിക്ക്, ഉഗ്രമായ ആജ്ഞ. സചിവോത്തമൻ സന്നിഹിതനായപ്പോൾ അമരഭൂപന്റെ തിരുവാമൊഴിഃ സുദാമൻ നമ്മുടെ പ്രബല ശത്രു. അവനെ ഇനിയും വാഴാൻ അനുവദിച്ചുകൂടാ.
തിരുവുളളക്കേടുണ്ടാവരുത്. അവൻ ഈയിടെയായി അഹിതമായതൊന്നും…
പണ്ട് കലക്കിയ വെളളം തന്നെ ഇപ്പോഴും നമ്മുടെ നദികളിലൊഴുകുന്നു. പോരെങ്കിൽ അവൻ എണ്ണയിൽ കടുക് വറുക്കുന്ന മണം നമുക്കസഹ്യം.
കാറ്റിന്റെ ഗതി ഈ വഴിക്കല്ലല്ലോ.
കാറ്റിന്റെ ഗതികൾ ഇനി നമുക്ക് ഊഹിക്കാനോ പ്രവചിക്കാനോ ആവില്ലെന്ന് തെളിഞ്ഞു കഴിഞ്ഞില്ലേ?
അതുകൊണ്ട്, കല്‌പന എന്താണാവോ?
സുദാമന്റെ വീട്ടിൽ കടുകെത്രയുണ്ടെന്ന് കണക്കെടുക്കുക. അത് മുഴുവൻ നശിപ്പിക്കുക.
അന്വേഷകസംഘങ്ങൾ യാത്രയായി. അവർ തിരിച്ചുവന്ന് സമക്ഷത്തിൽ ബോധിപ്പിച്ചുഃ സുദാമന്റെ വീട്ടിൽ കടുകില്ല.
ഇല്ല. ഞാനത് വിശ്വസിക്കില്ല. അവന്റെ രഹസ്യഗുദാമുകളിലും ഭൂഗർഭ അറകളിലും കടുകിന്റെ വൻ ശേഖരമുണ്ടെന്ന് നോം അറിയുന്നു. അവന്റെ വീട് തല്ലിപ്പൊളിച്ച് തീ വെക്കുക. അവന്റെ ഗുദാമുകളും ഭൂഗർഭ അറകളും നശിപ്പിക്കുക. അവനെ ജീവനോടെയോ അല്ലാതെയോ പിടിച്ചുകെട്ടി കൊണ്ടുവരിക. അതുവരെ നമുക്ക് ഉറക്കമില്ല. അമരഭൂപതിയുടെ ആജ്ഞാപാലകന്മാർ അശ്വാരൂഢരായി സൈന്യസന്നാഹങ്ങളോടെ പൂർവ്വദിക്കിലേക്ക് കുതിച്ചു.
Generated from archived content: nov_story3.html Author: balakrishnan