വിവാഹക്ഷണങ്ങളിൽ ‘ദയവായി ഉപഹാരങ്ങൾ ഒഴിവാക്കുക’ എന്നെഴുതാറില്ലേ? ഇനി സമ്മേളന സംഘാടകർ വിശിഷ്‌ടാതിഥികൾക്കും ശിഷ്‌ടാതിഥികൾക്കും അച്ചടിച്ച ക്ഷണമയക്കുമ്പോൾ കവറിങ്ങ് ലറ്ററിൽ ‘പ്രസംഗത്തിൽ ദയവായി അഭിസംബോധനകൾ ഒഴിവാക്കുക’ എന്നെഴുതിയാൽ നന്നായിരിക്കും. ഓർത്തു നോക്കൂഃ എത്ര പ്രാസംഗികരാണ് ഓരോ സ്‌റ്റേജിലും അണിനിരക്കുന്നത്! ചിലപ്പോഴത് സദസ്സിലേതിനേക്കാൾ കൂടും. (വേദി പൊട്ടിവീണിട്ടുവരെയുണ്ട്.) ഇവരോരോരുത്തരും സഹപ്രാസംഗികരെ വിശേഷണങ്ങളോടെ അഭിസംബോധന ചെയ്യാൻ മിനിമം പത്തുമിനുട്ടെങ്കിലും എടുക്കില്ലേ? ഇങ്ങനെയുളള എത്ര പത്തുമിനുട്ടുകളാണ് ‘ബഹുമാനപ്പെട്ട’ സദസ്യർ താങ്ങേണ്ടത്?
സ്‌റ്റേജിലെ സംബോധനയും ഒരു ‘അക്കമഡേഷ’നായിരിക്കുന്നുവെന്നതാണ് വിചിത്രമായ വസ്‌തുത-പ്രത്യേകിച്ചും ഗ്രൂപ്പുകളുടെ ഈ കാലത്ത്! പ്രസംഗിക്കുന്നയാൾ ആരുടെയെങ്കിലും പേരു വിട്ടുപോയാൽ അത് പ്രത്യേകം നോട്ട് ചെയ്യപ്പെടും! വേദിയിലാരിരിക്കുന്നുവെന്ന് അറിയുന്നവരല്ലേ സദസ്യർ? അപ്പോൾ ആരെയും പറഞ്ഞില്ലെങ്കിലെന്ത്? ശരിയാണ്-അഭിസംബോധന സദസ്സിന് ഹാനികരമെങ്കിലും വേദിയിലിരിക്കുന്ന ഓരോ മാന്യവ്യക്തിക്കും അത് രോമാഞ്ചം തന്നെ!
Generated from archived content: news2_june7.html Author: akbar_kakkattil