കാലങ്ങളായുള്ള ദേശാടനം കഴിഞ്ഞു
മതി വളര്‍ന്നു മനം തളര്‍ന്നു
സന്ധ്യയ്ക്കു കൂടണയുവാന്‍ കൊതിക്കും
പറവകളെപ്പോല്‍ ഞാനും കൊതിച്ചീടുന്നു
അന്തിക്കു പെറ്റനാടിന്‍ കൂടണയുവാന്‍
എന്തൊക്കെയോ കാണുവാന്‍ കൊതിച്ചിട്ട്,
എന്തൊക്കെയോ കേള്‍ക്കുവാന്‍ കൊതിച്ചിട്ട്,
ഏറെയാശയോടെ കൂടണയുന്നു ഞാന്‍
ആണ്ടുകള്‍ക്കു മുമ്പു നടന്ന പഴയ
ഇടവഴികളൊന്നുമേയെങ്ങും കാണാനില്ല
ആ പഴയ പാടവരമ്പുകളുമില്ല
പ്ലാവിന്‍ ശിഖരത്തിലിരുന്നു പാട്ടു പാടുന്ന
പനന്തത്ത ഇവിടെയെങ്ങുമില്ല
പാടങ്ങളില്ല പായല്‍ പുതക്കാത്ത കുളങ്ങളില്ല
ഓളങ്ങളൂഞ്ഞാലാടും പുഴകളുമില്ല
പൂക്കളുമില്ല , പുലരിക്കുയിരുമില്ല
ആകാശത്തിനിന്നു നീലിമയില്ല
കണ്‍കളില്‍ സ്നേഹ തിളക്കവുമില്ല
ആലിന്‍തറയിൽ ചങ്ങാതിക്കൂട്ടങ്ങളില്ല
ഒത്തുകൂടാന്‍ ആര്‍ക്കും സമയവുമില്ല
പിന്നെയുള്ളതെന്തെന്നോ കൂട്ടരെ
ശ്വസിക്കാനുണ്ട് കറുത്ത വിഷവാതകം
കുടിക്കാനുണ്ട് പല നിറങ്ങളില്‍
പതഞ്ഞുപൊങ്ങും വിഷക്കോളകള്‍
കഴിക്കാനുണ്ട് വിഷം തിന്നു
പള്ള വീര്‍ത്ത വിഷപ്പഴങ്ങള്‍
പാര്‍ക്കാനുണ്ട് കാടും മേടും ചുട്ടെരിച്ചാ-
ചിതയില്‍ കെട്ടിപൊക്കിയ മഹാസൗധങ്ങള്‍
ഒന്നാമനാവണമേവര്‍ക്കുമെന്തിലുമതിനായി
ഒന്നു മറ്റൊന്നിനെയേതുവിധേനയും
ഒതുക്കുന്ന കാഴ്ചകളുണ്ട്
കൊടിയ രോഗങ്ങളിലുമന്നം തേടുന്ന
പട്ടിണിക്കോലങ്ങള്‍ ഒരുവശത്ത്
മറുവശത്തോ വാരി വാരി കൂട്ടിയിട്ടും
മതിയാവാതെ നെട്ടോട്ടമോടുന്ന കുബേരവര്‍ഗ്ഗം
രോഗവും ദാരിദ്ര്യവുമല്ലാതെ
ദുരിതങ്ങള്‍ വേറെയുമുണ്ട്
കെട്ടുപോകുന്ന നന്മയും ക്ലാവു പിടിച്ച ത്യാഗവും
ചിതലരിച്ച ചിന്തയും ഏറുന്ന കുബുദ്ധിയും
അറ്റുപോകുന്ന കുടുംബബന്ധങ്ങളും
അകലുന്ന ചങ്ങാതിയുമെല്ലാം
ഇന്നിന്‍റെ ദുരിതങ്ങള്‍ തന്നെ
ഈ ദുരിതങ്ങള്‍ക്കെന്നെങ്കിലും
അന്തമുണ്ടാകുമെന്ന
വ്യര്‍ത്ഥമാം പ്രതീക്ഷയും………